മുഹമ്മദ് ഷമിയോട് ബിസിസിഐ ചെയ്തത് നീതികേടോ? താരത്തിന് മുന്നില്‍ ഇനിയെന്ത്

Published : Oct 16, 2025, 11:14 AM IST
 Mohammed Shami

Synopsis

ഏകദിന ലോകകപ്പില്‍ നിന്ന് രണ്ട് വർഷം എത്തുമ്പോള്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മൂന്ന് ഫോർമാറ്റുകളുടേയും പട്ടികയെടുത്താല്‍ മുഹമ്മദ് ഷമി എന്ന പേര് മായ്ക്കപ്പെട്ടിരിക്കുന്നു

അയാള്‍ സമ്മാനിച്ച ലോകകപ്പ് രാവുകള്‍ മറക്കാനാകുമോ. രോഹിത് കൊതിച്ചപ്പോഴെല്ലാം വിക്കറ്റുകള്‍ വർഷിച്ച അസാധാരണ സ്പെല്ലുകള്‍ ഓർമയില്ലെ. മുന്നിലെത്തുന്ന ബാറ്റിങ് നിരകളൊന്നും അയാള്‍ക്ക് ഒന്നുമായിരുന്നില്ല. ബാറ്റർമാരുടെ പ്രതിരോധത്തെ പിളര്‍ത്തിയ, എഡ്ജുകളെ നിരന്തരം പരീക്ഷിച്ച വേഗപ്പന്തുകള്‍. രണ്ട് വർഷങ്ങളുടെ ദൂരത്തിനിപ്പുറം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മൂന്ന് ഫോർമാറ്റുകളുടേയും പട്ടികയെടുത്താല്‍ ആ പേര് മായ്ക്കപ്പെട്ടിരിക്കുന്നു. മുഹമ്മദ് ഷമിയോട് ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റും സെലക്ടർമാരും നീതികേട് കാണിച്ചോ.

ഓരേ ഒരു ഷമി

2013ല്‍ ഇന്ത്യക്കായി ആദ്യം പന്തെടുത്തപ്പോള്‍ മുതല്‍ ഇങ്ങോട്ട് വിവിധ ഫോർമാറ്റുകളിലായി ടീമിലെ സ്ഥിരസാന്നിധ്യമായിരുന്നു ഷമി. ഫെർഫെക്റ്റ് സീം പൊസിഷനും ലൈനും ലെങ്തും സ്ഥിരതയോടെ നിലനിർത്തുന്ന താരം, ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ബൗളര്‍ക്ക് ഏറ്റവും അനിവാര്യമായ ചിലതാണ് മേല്‍പ്പറഞ്ഞത്. ഇതെല്ലാം കൈവശമുള്ള ഷമി അവസാനമായി ഒരു ടെസ്റ്റ് കളിച്ചത് 2021-23 സൈക്കിളിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെയാണ്, 2023 ജൂണില്‍.

പിന്നീട് ഷമിയെത്തേടി ആ ഐതിഹാസിക ജഴ്സിയെത്തിയിട്ടില്ല. അതിന് മുഖ്യസെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞ കാരണമിതായിരുന്നു. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി ഒരുപാട് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിക്കാത്ത താരമാണ് ഷമി. ഷമിക്ക് എന്ത് ചെയ്യാൻ കഴിയുമെന്നത് വ്യക്തമാണ്, പക്ഷേ മത്സരങ്ങള്‍ കളിക്കാതെ നിര്‍വാഹമില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ കേവലം 64 മത്സരങ്ങളില്‍ നിന്ന് 229 വിക്കറ്റുകള്‍ പേരിലുള്ള ഷമി എന്ത് തെളിയിക്കണമെന്നാണ് ആരാധകരുടെ സംശയം. ഇത് തന്നെയാണ് മറ്റ് ഫോര്‍മാറ്റിലേക്ക് വരുമ്പോഴും ഉയരുന്ന ചോദ്യം.

ഏകദിന ലോകകപ്പ് ചരിത്രമെടുത്താല്‍ ഷമിയോളം മികച്ച സ്ട്രൈക്ക് റേറ്റും ശരാശരിയുമുള്ള മറ്റൊരു പേസറില്ല, സാക്ഷാല്‍ ഗ്ലെൻ മഗ്രാത്ത് പോലും പിന്നിലാണ് ഇക്കാര്യത്തില്‍. 18 മത്സരങ്ങളില്‍ നിന്ന് 55 വിക്കറ്റുകള്‍, മറ്റൊരു ഇന്ത്യൻ പേസര്‍ക്കും അവകാശപ്പെടാനില്ലാത്ത കണക്കുകള്‍. അവസാനം പ്രത്യക്ഷപ്പെട്ട രണ്ട് സുപ്രാധാന ടൂര്‍ണമെന്റുകള്‍ 2023 ഏകദിന ലോകകപ്പും 2025 ചാമ്പ്യൻസ് ട്രോഫിയും. ലോകകപ്പിലെ ടോപ് വിക്കറ്റ് ടേക്കര്‍. ചാമ്പ്യൻസ് ട്രോഫിയില്‍ അഞ്ച് കളിയില്‍ നിന്ന് 9 വിക്കറ്റും അതും പരിക്കിന് ശേഷമുള്ള മടങ്ങിവരവില്‍.

പക്ഷേ, ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയുടെ ടീം പ്രഖ്യാപനമുണ്ടായപ്പോഴും ഷമിയുണ്ടായില്ല. ജസ്പ്രിത് ബുമ്രയുടെ അഭാവത്തില്‍ ഓസ്ട്രേലിയയില്‍ പരിചയസമ്പന്നനായ ഷമി ഇന്ത്യയ്ക്ക് ഗുണകരമാകുമായിരുന്നു. ഓസീ പിച്ചുകളില്‍ 22 വിക്കറ്റുകള്‍ ഷമി നേടിയിട്ടുമുണ്ട്. പക്ഷേ, ഷമിക്കപ്പുറം ഇന്ത്യ ചിന്തിച്ചുതുടങ്ങിയെന്ന സൂചനകളാണ് സെലക്ടര്‍മാര്‍ നല്‍കുന്നത്. ഹര്‍ഷിത് റാണയുടെ സ്ഥിരസാന്നിധ്യം തന്നെ 2027 ഏകദിന ലോകകപ്പ് കണ്ടുള്ള നീക്കമാകാം. എന്നാല്‍, ഷമി ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അത് പന്തുകൊണ്ടും അല്ലാതെയും പ്രകടമായി.

രഞ്ജി ട്രോഫിയില്‍ ഉത്തരാഖണ്ഡിനെതിരെ ബംഗാളിനായി 14.5 ഓവറില്‍ 37 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍. ആ മൂന്ന് വിക്കറ്റുകളെടുത്തത് കേവലം നാല് പന്തുകള്‍ക്കിടെയായിരുന്നു. ഷമിയുടെ ഫിറ്റ്നസിനെ ചൊല്ലിയുള്ള ആശങ്കകള്‍ ദീര്‍ഘകാലമായി തുടരുന്ന ഒന്നാണ്. കാലിന് ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷം ശാരീരിക ക്ഷമത പൂര്‍ണമായും വീണ്ടെടുക്കാൻ ഷമിക്ക് കഴിഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫിക്ക് മുന്നോടിയായി ടീം മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, രഞ്ജിയിലെ സാന്നിധ്യം കൊണ്ട് അത്തരം ആശങ്കകള്‍ക്കും ഷമി ഫുള്‍സ്റ്റോപ്പിടുകയാണ്.

ടീമിലേക്കുള്ള തിരഞ്ഞെടുപ്പ് എന്റെ കൈകളിലല്ല. ശാരീരികക്ഷമതയാണ് പ്രശ്നമെങ്കില്‍ ഞാൻ ഒരിക്കലും ബംഗാളിനായി കളിക്കുമായിരുന്നില്ലല്ലോ. രഞ്ജി ട്രോഫി കളിക്കാനാകുമെങ്കില്‍ 50 ഓവര്‍ ഫോര്‍മാറ്റും കളിക്കാനാകും, ഷമി പറഞ്ഞുനി‍ര്‍ത്തി. ശാരീരിക ക്ഷമതയിലും അല്ലാതെയും അപ്ഡേറ്റ് കൊടുക്കുകയും അപ്ഡേറ്റ് ചോദിക്കുകയും ചെയ്യേണ്ടത് തന്റെ ഉത്തരവാദിത്തമല്ലെന്നും ഷമി വ്യക്തമാക്കി. ഇവിടെ ഷമിക്ക് എതിരായി സംഭവിച്ച മറ്റ് ചില ഘടകങ്ങള്‍ക്കൂടിയുണ്ട്. ഷമിക്ക് മാത്രമല്ല രോഹിതും കോഹ്ലിയും അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ക്ക്.

മുന്നിലെ വെല്ലുവിളികള്‍

35 വയസാണ് ഷമിക്ക് പ്രായം. 2027 ഏകദിന ലോകകപ്പെത്തുമ്പോള്‍ 37 പിന്നിടും. ഇന്ത്യൻ ക്രിക്കറ്റിന്റെ രണ്ട് ഇതിഹാസ മുഖങ്ങളായ രോഹിതിനും കോഹ്ലിക്കും പോലും ഉറപ്പുള്ള ഒരു കസേര ഏകദിന ടീമില്‍ നിലവിലില്ല. രോഹിതിനും കോഹ്ലിക്കും അപ്പുറം പുതിയൊരു തലമുറയെ ലോകകപ്പിനായി ഒരുക്കാനാണ് സെലക്ടര്‍മാര്‍ ആഗ്രഹിക്കുന്നതും. എന്നാല്‍, രോഹിതും കോഹ്ലിയും സ്ഥിരതയോടെ പ്രകടനങ്ങള്‍ പുറത്തെടുത്താല്‍ അവസരവുമുണ്ടാകും. ഇത് തന്നെയാണ് ഷമിയുടെ കാര്യത്തിലും ബാധകമായ ഘടകം. അഗാര്‍ക്കര്‍ പറഞ്ഞതുപോലെ ഷമി താനിക്ക് പഴയ വീര്യമുണ്ടെന്ന് തെളിയിക്കേണ്ടി വരും.

മറ്റൊരു ഘടകം ഷമിയുടെ ഫോം തന്നെയാണ്. ചാമ്പ്യൻസ് ട്രോഫിയില്‍ ഒൻപത് വിക്കറ്റെടുത്തിരുന്നെങ്കിലും ഷമി തന്റെ ഏറ്റവും മികച്ച തലത്തിലേക്ക് ഉയര്‍ന്നിരുന്നില്ല. രണ്ട് കളികളില്‍ വിക്കറ്റൊന്നും നേടിയതുമില്ല. പിന്നീട് നടന്ന ഐപിഎല്ലില്‍ ഷമി ശരാശരിക്കും താഴെയുള്ള പ്രകടനമാണ് നടത്തിയതും. സണ്‍റൈസേഴ്സ് ഹൈദരാബാദിനായി ഒൻപത് കളികളില്‍ നിന്ന് ആറ് വിക്കറ്റ് മാത്രം, എക്കണോമി 11ന് മുകളില്‍. ഐപിഎല്‍ ചരിത്രത്തിലെ ഷമിയുടെ ഏറ്റവും മോശം പ്രകടനമായിരുന്നു 2025ല്‍ കണ്ടത്. ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണിനായി പന്തെടുത്ത 34 ഓവറില്‍ നേടിയത് ഒരുവിക്കറ്റും.

മികച്ച ഫോമിന്റെ അകമ്പടി ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ഇന്ത്യയ്ക്കായുള്ള ഭേദപ്പെട്ട പ്രകടനവും മാത്രമായിരുന്നു സെലക്ടര്‍മാര്‍ക്ക് മുന്നിലുണ്ടായിരുന്നത്. പിന്നെ തുടര്‍ച്ചയായി സംഭവിക്കുന്ന പരുക്കുകളും. ഒരു തിരിച്ചുവരവിനായി ഷമി വിക്കറ്റ് കോളങ്ങള്‍ ഒരിക്കല്‍ക്കൂടി നിറയ്ക്കേണ്ടതായി വന്നേക്കാം. 40-ാം വയസിലാണ് പാക് ഇതിഹാസ പേസര്‍ ഇമ്രാൻ ഖാൻ കളി മതിയാക്കിയതെന്നും ഷമി ഓര്‍മിക്കണം.

PREV
Read more Articles on
click me!

Recommended Stories

100 സെഞ്ചുറിയിലേക്ക് ദൂരം ഇനി 16; കോഹ്ലി മറികടക്കുമോ സച്ചിനെ? സാധ്യതകള്‍
എറിഞ്ഞുതോല്‍ക്കുന്ന പുതിയ ഇന്ത്യ; സിറാജ്-ഷമി-ബുമ്ര പേസ് ത്രയം എവിടെ? എന്തുകൊണ്ട് പുറത്ത്?