ഒസ്മാൻ ഡെംബലെ: പ്രതീക്ഷകള്‍ക്ക് മുന്നില്‍ തോറ്റവന്റെ ഉയിര്‍പ്പ്

Published : Sep 23, 2025, 03:15 PM IST
 Ousmane Dembele

Synopsis

റെനൈസിലെ ബ്രേക്ക് ഔട്ട് സീസണും ഡോര്‍ട്ട്മുണ്ടും താണ്ടി ഡെംബലെ ബാഴ്സലോണയില്‍ ഫുട്ബോളിന്റെ സുല്‍ത്താൻ നെയ്മൻ ഒഴിച്ചിട്ട കസേരിയിലേക്ക് എത്തിയപ്പോള്‍ ആ വൻതുകയില്‍ നെറ്റി ചുളിച്ചവര്‍ ഏറെയായിരുന്നു

സെയിൻ നദിക്കരയിലെ ഫ്രഞ്ച് ടൗണ്‍, വെര്‍ണോണ്‍. അവിടെ ഒരു പാര്‍ക്കില്‍, ഒരു ഭിത്തിയിലേക്ക് നേരം പുലരുമ്പോള്‍ മുതല്‍ സൂര്യൻ അസ്തമിക്കുന്നതുവരെ നിരന്തരം ഷോട്ടുതിര്‍ക്കുന്ന ഒരു പയ്യൻ. കാല്‍പാദത്തില്‍ രക്തം പൊടിയുന്നതുവരെ പന്ത് തട്ടി അവൻ. വര്‍ഷങ്ങളുടെ ഇടവേളയില്‍ ഫുട്ബോളിലെ ഏറ്റവും വലിയ പ്രോമിസും ഫെയിലിയറും ആയി അവൻ മാറി. ശേഷമൊരു ഉദയം, അത് കാല്‍പ്പന്തിന്റെ ഉന്നതിയിലേക്കായിരുന്നു, ആ സിംഹാസനത്തിലേക്കായിരുന്നു. ഫ്രഞ്ച് രാവില്‍ ആ ഉദയം പൂര്‍ത്തിയായിരിക്കുന്നു. ഒസ്‌മൻ ഡെംബലെയുടെ ആ യാത്ര. The brightest footballing hope finally fulfilled

റെനൈസിലെ ബ്രേക്ക് ഔട്ട് സീസണും ഡോര്‍ട്ട്മുണ്ടും താണ്ടി ഡെംബലെ ബാഴ്സലോണയില്‍ ഫുട്ബോളിന്റെ സുല്‍ത്താൻ നെയ്മൻ ഒഴിച്ചിട്ട കസേരിയിലേക്ക് എത്തിയപ്പോള്‍ ആ വൻതുകയില്‍ നെറ്റി ചുളിച്ചവര്‍ ഏറെയായിരുന്നു. അന്ന് ലോകത്തെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ താരമായിരുന്നു ഡെംബലെ. നെയ്മറിന്റെ 11-ാം നമ്പർ ജഴ്‌സിയുടെ പ്രതിഭ അതേ കുപ്പായത്തില്‍ ഡെംബെലെ ആവർത്തിക്കുമെന്ന് കിനാവ് കണ്ടവരുമുണ്ടായിരുന്നു ആ കൂട്ടത്തില്‍. പക്ഷേ, സ്പെയിനില്‍ ഫ്രഞ്ച് താരത്തെ കാത്തിരുന്നത് കളത്തിലെ മാന്ത്രികതയായിരുന്നില്ല, പരുക്കുകള്‍. നിരന്തരമായ പരുക്കുകള്‍.

ക്യാപ് നൗ കാലത്ത് 14 തവണയാണ് ഡെംബലെയെ തേടി പരുക്കെത്തുന്നത്, 784 ദിവസം പുറത്തിരുന്നു. പരുക്കുമാത്രമായിരുന്നില്ല. സ്ഥിരതയില്ലായ്മ, അച്ചടക്കമില്ലാത്ത കളിജീവിതം. പരിശീലനത്തിന് നിരന്തരം വൈകിയെത്തുന്ന ശൈലി. ഇതെല്ലാം ക്ലബ്ബിനെ വടിയെടുക്കാൻ പ്രേരിപ്പിച്ച ഘടകങ്ങളായിരുന്നു. സ്വയം ഇല്ലാതാകുന്നോ ഡെംബലെയെന്ന് പോലും തോന്നിക്കുന്നതായിരുന്നു ആ കാലം. ബാഴ്സ ആരാധകര്‍പ്പോലും ഡെംബലെയ്ക്ക് മുകളിലേക്ക് വിമര്‍ശനശരങ്ങളെയ്തിട്ടുണ്ട്, എതിരാളികളുടെ കാര്യ പിന്നെ പറയേണ്ടതില്ലല്ലോ.

ഒരിക്കല്‍ സ്പാനിഷ് ഫുട്ബോള്‍ ഇതിഹാസം ബാഴ്സ താരവുമായിരുന്ന സാവി ഡെംബലെയെക്കുറിച്ച് പറ‌ഞ്ഞതോ‍ര്‍ക്കുകയാണ്. കൃത്യമായി ഉപയോഗിക്കുകയാണെങ്കില്‍, ലോകത്തിലെ ഏറ്റവും മികച്ച താരമായി മാറാൻ ഡെംബലെയ്ക്ക് കഴിയും. പക്ഷേ, സാവിയുടെ ഈ പ്രവചനം സത്യമാകുന്നതിന് സാക്ഷിയാകാൻ സ്പാനിഷ് മണ്ണിനായില്ല. 185 മത്സരം, 40 ഗോള്‍, 45 അസിസ്റ്റ്. ഇതായിരുന്നു കറ്റാലന്മാരുടെ വിഖ്യാത ജഴ്സിയിലെ ഡെംബലെയുടെ കണക്കുകള്‍. ഒടുവില്‍ തിളക്കമില്ലാത്ത ആറ് വര്‍ഷത്തിന് ശേഷം സ്വന്തം മണ്ണില്‍, പാരിസ് സെന്റ് ജര്‍മനിലേക്ക് ചേക്കേറുമ്പോള്‍ മുല്യം 135 മില്യണ്‍ പൗണ്ടില്‍ നിന്ന് 43 മില്യണിലേക്ക് വീണിരുന്നു,

സാവിയുടെ പ്രവചനം സാക്ഷാത്കാരം നേടുകയാണിവിടെ. അതിന്റെ പ്രധാന കാരണങ്ങളിലൊന്നായത് കിലിയൻ എംബാപയുടെ റയല്‍ മാഡ്രിഡിലേക്കുള്ള ചേക്കേറലായിരുന്നു. ലുയിസ് എൻറിക്വെയുടെ യുവസംഘത്തിലെ പ്രധാനിയായി ഡെംബലെ മാറിയ അധ്യായം. എംബാപെയുടെ പടിയിറക്കം ഒരു പ്രോപ്പര്‍ സ്ട്രൈക്കറിന്റെ അഭാവമാണ് പിഎസ്‌ജിക്ക് നല്‍കിയത്. ഫാള്‍സ് നയണായി ഒരു താരം, പക്ഷേ അതാരാവുമെന്നതില്‍ എൻറിക്വെയ്ക്ക് മുന്നില്‍ തെളിച്ചമില്ലായിരുന്നു. 40 ഗോളുകള്‍ നേടുന്ന ഒരു താരത്തിനേക്കാള്‍ 12 ഗോളുകളും അതിന് പോന്ന അസിസ്റ്റുകളും നല്‍കുന്ന നാല് പേരാണ് ഉചിതമെന്ന തിയറി എൻറിക്വെ കുറിച്ചു.

പിന്നെ പരീക്ഷണങ്ങളായിരുന്നു, ലീ കാങ്, ഗൊണ്‍സാലൊ റാമോസ്, മാ‍ര്‍ക്കൊ അസെൻസിയോ, ഡെസിരെ ഡൗ...എൻറിക്വെയുടെ ഹിറ്റ് ലിസ്റ്റിലേക്ക് എത്താൻ ഇവര്‍ക്കാര്‍ക്കും സാധിക്കുന്നില്ല. ബാഴ്സക്കാലം മുതല്‍ ഡെംബലെയുടെ കാലുകളില്‍ വിശ്വാസമുള്ള എൻറിക്വെ ഒടുവില്‍ ലിയോണിനെതിരായ മത്സരത്തില്‍ അയാളെ സെന്റര്‍ സ്ട്രൈക്കറായി നിയോഗിക്കുകയാണ്. ഇവിടെയായിരുന്നു തുടക്കം. ഡെംബലെയുടെ ബൂട്ടുകള്‍ ഗോള്‍വലകളെ തേടിക്കോണ്ടെയിരുന്നു, പിഎസ്ജി കിരീടരാവുകളില്‍ ആനന്ദിക്കുകയും ചെയ്തു. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ സീസണ്‍. ചാമ്പ്യൻസ് ലീഗെന്ന ദീര്‍ഘകാലമോഹം മൂണിച്ചില്‍ പൂര്‍ത്തിയായി.

സീസണില്‍ ഡെംബലെ കളിച്ചത് 53 മത്സരങ്ങള്‍, 51 ഗോള്‍ കോണ്‍ട്രിബ്യൂഷനുകള്‍. 35 ഗോളുകള്‍ 16 അസിസ്റ്റുകള്‍. ബാഴ്സയിലെ ആറ് വര്‍ഷത്തെ ആകെ ഗോള്‍ നേട്ടത്തേക്കാള്‍ അഞ്ചെണ്ണം മാത്രമാണ് കണക്കുകളില്‍ കുറവ്. 51 ഗോള്‍ കോണ്‍ട്രിബ്യൂഷൻ എന്നത് ഡെംബലെയുടെ ഏറ്റവും മികച്ച സീസണിന്റെ രണ്ടിരട്ടിയാണെന്നതും ഓര്‍ക്കേണ്ടതുണ്ട്. വലതുവിങ്ങിലുറച്ച കാലുകള്‍ ഫാള്‍സ് നയണായി പരിണമിച്ചിരിക്കുന്നു, പന്ത് സ്വീകരിച്ച് ബോക്സിലേക്ക് പായുന്നതിലും ഗോള്‍ അവസരങ്ങള്‍ സ‍ൃഷ്ടിക്കുന്നതിലുമെല്ലാം വല്ലാത്തൊരു സ്വാതന്ത്ര്യം കൈവരിച്ചിരിക്കുന്നു. കണ്ണുകള്‍ക്കൊണ്ടും ബൂട്ടുകള്‍ക്കൊണ്ടും ശരീരംകൊണ്ടും പ്രതിരോധനിരയില്‍ അണിനിരക്കുന്നവരോട് കള്ളം പറയാൻ പഠിച്ചിരിക്കുന്നു.

പുതിയ റോളിലെ ആദ്യ സീസണ്‍ ബാലണ്‍ ഡി ഓറില്‍ അവസാനിക്കുകയാണ്. ആ വേദിയില്‍ പൊഴിഞ്ഞ കണ്ണീരിലുണ്ടായിരുന്നു താണ്ടിയ കാലം. ഡെംബലെയുടെ റെമൊന്റാഡ.

 

PREV
Read more Articles on
click me!

Recommended Stories

'ഫിനിഷർ' വേണ്ട! റിങ്കുവിനോടും അനീതിയോ; എന്തുകൊണ്ട് ടീമില്‍ നിന്നും ഒഴിവാക്കി?
ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍