
സ്വന്തം ടീം തന്നെ അവിശ്വസിക്കുക, മൈതാനത്ത് നിന്ന് തിരിച്ചുവിളിക്കുക. ഇത്രത്തോളം അപമാനവും നിരാശയും അനുഭവിക്കുന്ന ഒരു സന്ദര്‍ഭം ഉണ്ടായേക്കില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ബുധനാഴ്ച രാത്രി യുപി വാരിയേഴ്‌സ് താരം ഹര്‍ലീൻ ഡിയോൾ കടന്നുപോയത് സമാനമായ വൈകാരിക നിമിഷങ്ങളിലൂടെയായിരുന്നു. ഇന്നിങ്സില്‍ മൂന്ന് ഓവര്‍ അവശേഷിക്കെ 36 പന്തില്‍ 47 റണ്‍സുമായി ഹര്‍ലീൻ ക്രീസില്‍ തുടരുമ്പോഴാണ് യുപിയുടെ മുഖ്യപരിശീലകനായ അഭിഷേക് നായര്‍ അപ്രതീക്ഷിതമായ ആ തീരുമാനമെടുത്തത്. ഹര്‍ലിനോട് റിട്ടയര്‍ഡ് ഔട്ടാകാൻ അഭിഷേക് ആവശ്യപ്പെട്ടു. ഞെട്ടലോടെയായിരുന്നു ഹര്‍ലീൻ അത് ഉള്‍ക്കൊണ്ടത്.
അഭിഷേകിന്റെ തീരുമാനം പൂര്‍ണമായി പാളുന്നതായിരുന്നു പിന്നീട് കണ്ടത്. ഹര്‍ലീന് പകരമെത്തിയവര്‍ക്ക് മൂന്ന് ഓവറില്‍ ചേര്‍ക്കാനയത് കേവലം 13 റണ്‍സ് മാത്രം. ആ രാത്രി അവസാനിക്കുമ്പോള്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി യുപി രുചിച്ചിരുന്നു. 24 മണിക്കൂര്‍, 24 മണിക്കൂറിനിപ്പുറം ഡിവൈ പാട്ടീലില്‍ തന്നെ യുപിക്കായി ഒരു കളമൊരുങ്ങി. എതിരാളികള്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. തലേന്ന് രാത്രി അപമാനിക്കപ്പെട്ട് മടങ്ങിയ അതേ മൈതാനത്തേക്ക് ഏഴാം ഓവറിലെ അവസാന പന്ത് നേരിടാൻ ഹര്‍ലീനെത്തി. She had something to prove! She went on the charge from the very first ball.
നാറ്റ് സീവർ ബ്രന്റിന്റെ പന്ത് ബാക്ക് ഫൂട്ടില്‍ കട്ടുചെയ്‌ത് ബാക്ക്‌വേഡ് പോയിന്റിലൂടെ ബൗണ്ടറി നേടിയായിരുന്നു തുടക്കം. നേരിട്ട രണ്ടാം പന്തില്‍ അമേലി കേറിനെ കവർ പോയിന്റ് വഴി ബൗണ്ടറി കടത്തി. തുടര്‍ന്ന് ഒരു ലേറ്റ് കട്ടിലൂടെയും ഫോര്‍. ആദ്യം നേരിട്ട മൂന്ന് പന്തില്‍ നിന്ന് 12 റണ്‍സ്. ക്രീസിലെ തന്റെ സ്ഥാനത്തിന് മുകളില്‍ ഒരു ചോദ്യവും ഇന്നുണ്ടാകില്ലെന്ന് ഉറപ്പാക്കാൻ നിശ്ചയിച്ചുതന്നെയായിരുന്നു ഹര്‍ലീനെത്തിയത്.
ഷബ്നിം ഇസ്‌മയില്‍ എറിഞ്ഞ 12-ാം ഓവറില്‍ മൂന്ന് ബൗണ്ടറികള്‍. രണ്ട് തവണ സ്വീപ്പര്‍ കവറിലൂടെയും ഒന്ന് ബാക്ക്‌വേഡ് പോയിന്റിലൂടെയും. ഹര്‍ലീൻ തന്റെ ബാറ്റുകൊണ്ട് മറുപടി പറയുന്ന സമയം ക്യാമറക്കണ്ണുകള്‍ അഭിഷേക് നായരിലേക്ക് പാൻ ചെയ്യപ്പെട്ടു. കയ്യടികളോടുകൂടി ഹര്‍ലീന്റെ ഇന്നിങ്സ് ആസ്വദിക്കുകയായിരുന്നു അയാള്‍. 16-ാം ഓവറിലെ ആദ്യ പന്തില്‍ തന്റെ അര്‍ദ്ധ ശതകം ഹര്‍ലീൻ പിന്നിടുമ്പോഴും അതേ കാഴ്ച ആവര്‍ത്തിക്കപ്പെട്ടു. കേവലം 31 പന്തിലായിരുന്നു നേട്ടത്തിലേക്ക് ഹര്‍ലീൻ എത്തിയത്.
ഷബ്നിം 12-ാം ഓവറില്‍ രുചിച്ചത് 16-ാം ഓവറില്‍ സൻസ്‌കൃതിയും അനുഭവിച്ചു, ഹര്‍ലീന്റെ ബാറ്റില്‍ നിന്ന് മൂന്ന് ബൗണ്ടറികള്‍. ഓഫ്‌സൈഡിന്റെ ദൈവമെന്ന് സൗരവ് ഗാംഗുലിയെ വിശേഷിപ്പിക്കാറുണ്ട്. സമാനമായിരുന്നു ഡി വൈ പാട്ടീലിലെ ഹര്‍ലീന്റെ ഇന്നിങ്സും. ഹർലീന്റെ പേരിന് നേർക്ക് സ്കോർബോർഡില്‍ തെളിഞ്ഞ 71 ശതമാനം റണ്‍സും ഓഫ് സൈഡില്‍ നിന്നായിരുന്നു. ഹര്‍ലീന്റെ ഡ്രൈവുകള്‍ക്കും കട്ടുകള്‍ക്കും ലേറ്റ് കട്ടുകള്‍ക്കുമൊന്നും ഹര്‍മൻപ്രീത് കൗറിന്റെ സംഘത്തിന് ഉത്തരമുണ്ടായിരുന്നില്ല. She was dominating.
ഒടുവില്‍ 11 പന്ത് അവശേഷിക്കെ മുംബൈയെ യുപി കീഴടക്കുമ്പോള്‍ ഹർലീൻ അജയ്യയായി ക്രീസില്‍ നിലകൊണ്ടു. 39 പന്തില്‍ 64 റണ്‍സ്. 12 ബൗണ്ടറികള്‍. സ്ട്രൈക്ക് റേറ്റ് 164 ആയിരുന്നു. കളിയിലെ താരം. സീസണില്‍ ഹര്‍മൻപ്രീതിന് ശേഷം അര്‍ദ്ധ സെഞ്ചുറി നേടുന്ന ഇന്ത്യൻ താരം. മത്സരശേഷമുള്ള പ്രതികരണത്തിലും ഹര്‍ലീൻ തന്റെ ഇന്നിങ്സുപോലെ തന്നെ ക്ലാസ് ചേര്‍ത്തുവെച്ചു. ഡല്‍ഹിക്കെതിരെയും താൻ നന്നായി ബാറ്റ് ചെയ്യുന്നുണ്ടായിരുന്നുവെന്നും ആ ഇന്നിങ്സ് തന്റെ ആത്മവിശ്വാസം ഉയര്‍ത്തിയെന്നും ഹര്‍ലീൻ പറഞ്ഞു. റിട്ടയര്‍ഡ് ഔട്ടായ സംഭവത്തിന് വലിയ പ്രാധാന്യം നല്‍കേണ്ടതില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
റിട്ടയര്‍ഡ് ഔട്ടായ ശേഷവും ഹര്‍ലീൻ അമര്‍ഷത്തോടെയായിരുന്നില്ല അഭിഷേക് നായരോട് പ്രതികരിച്ചത്. വിക്കറ്റിന് വേഗതക്കുറവുണ്ട് നമുക്ക് ജയിക്കാൻ കഴിയുമെന്നായിരുന്നു ഹര്‍ലീന്റെ ആദ്യ വാചകങ്ങള്‍പ്പോലും. തന്റെ തീരുമാനത്തെ പൂര്‍ണമായും പ്രതിരോധിക്കുന്ന നിലപാടായിരുന്നു അഭിഷേക് നായര്‍ സ്വീകരിച്ചത്. സ്കോറിങ്ങിന് വേഗം കൂട്ടാനായില്ലെങ്കില്‍ മാറ്റമുണ്ടാകുമെന്ന കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നതായാണ് അഭിഷേക് പറഞ്ഞത്. ഓരോ പന്തും നിര്‍ണായകമാകുന്ന ഫോര്‍മാറ്റില്‍ ഇത്തരം തന്ത്രങ്ങള്‍ ആവര്‍ത്തിക്കുന്നത് തുടര്‍ക്കാഴ്ചയാവുകയാണ്.
ഡബ്ല്യുപിഎല്ലില്‍ തന്നെ ഗുജറാത്ത് ജയന്റ്സ് താരം ആയുഷ് സോണിയും നിര്‍ബന്ധിതമായി റിട്ടയര്‍ഡ് ഔട്ടായിരുന്നു, മുംബൈക്കെതിരായ മത്സരത്തിലായിരുന്നു ഇത്. ഡബ്ല്യുപിഎല്ലിന്റെ ചരിത്രത്തിലെ ആദ്യ ഇൻസിഡന്റ് കൂടിയായിരുന്നു ആയുഷിന്റേത്. അടുത്തിടെ ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ റെനഗേഡ്‌സ് മുഹമ്മദ് റിസ്വാനെയും പിൻവലിച്ചിരുന്നു. ഇത് ഇനിയും ആവര്‍ത്തിക്കുകയും ചെയ്യും, ഹര്‍ലീന്റേതിന് സമാനമായി റിഡംഷനുകളും പിറക്കും.