
ആൽബസെറ്റെയുടെ ഡ്രെസിങ് റൂമില്‍ നിന്നൊരു ശബ്ദമുയര്‍ന്നു. ചരിത്രത്തിലൊരിക്കലും റയല്‍ മാഡ്രിഡിനെ അല്‍ബസെറ്റെ പരാജയപ്പെടുത്തിയിട്ടില്ല. എന്തുകൊണ്ട്, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. കാരണം ഇന്നാണ് ആ ദിവസം. ആ ചരിത്രത്തിനായി മാറ്റിവെയ്ക്കപ്പെട്ട ദിവസം.
കാർലോസ് ബെല്‍മോന്റയില്‍ നിശ്ചിതസമയം പിന്നിട്ടിരിക്കുന്നു, ആർത്തിരമ്പുന്ന ഗ്യാലറിയുടെ ശബ്ദത്തിനിടയില്‍ റഫറി വിക്‌ടർ ഗാര്‍ഷ്യ വെഡൂറ ഫൈനല്‍ വിസില്‍ മുഴക്കി. യൂറോപ്പിന്റെ സിംഹാസനത്തില്‍ പലകുറിയിരുന്ന ലോസ് ബ്ലാങ്കോസ് വീണിരിക്കുന്നു. ആ നിമിഷം വിശ്വസിക്കാൻ ആല്‍ബസെറ്റെ താരങ്ങള്‍ക്ക്പോലും അല്‍പ്പസമയമെടുത്തു. Real Madrid is a club of miracles, എന്ന് പറയാറുണ്ട്. ബെല്‍മോന്റയിലെ രാവില്‍ റയലിനായി അത്ഭുതങ്ങളുണ്ടായില്ല.
രണ്ടാം ഡിവിഷനില്‍ 17-ാം സ്ഥാനത്തുള്ള ടീമിനോട് തോല്‍വി വഴങ്ങി കോപ്പ ഡെല്‍റെയുടെ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. മുൻ റയല്‍ താരവും ഇന്ന് ആല്‍ബസെറ്റെയുടെ താരവുമായ ജീസസ് വല്ലേജോ കണ്ണീരണിഞ്ഞു. ആല്‍വാരോ ആര്‍ബലോവയും സംഘവും പതിനായിരങ്ങള്‍ക്ക് മധ്യത്തില്‍ സ്തബ്ദരായി നില്‍ക്കുകയായിരുന്നു അപ്പോള്‍. ഒരുപക്ഷേ, സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്സലോണയോട് ഏറ്റ തോല്‍വിയേക്കാള്‍ റയലിനെ വേട്ടയാടും ബെല്‍മോന്റയിലെ രാത്രി.
സാബി അലോൻസോയ്ക്ക് കഴിയാത്തത് ആര്‍ബലോവയ്ക്ക് കഴിയുമോയെന്ന വലിയ ചോദ്യമുണ്ടായിരുന്നു കഴിഞ്ഞ 48 മണിക്കൂറില്‍. അതിന്റെ ഉത്തരത്തിന് തുടക്കമിടാൻ ആര്‍ബലോവയ്ക്ക് ലഭിച്ച സുവര്‍ണാവസരമായിരുന്നു ആല്‍ബസെറ്റെയ്ക്ക് എതിരായ മത്സരം. പക്ഷേ, മുൻ റയല്‍ താരത്തിന് തന്ത്രങ്ങള്‍ മെനയുന്നതില്‍ അടിമുടി പിഴയ്ക്കുകയായിരുന്നു. കിലിയൻ എംബാപെ, ജൂഡ് ബെല്ലിങ്ഹാം, തിബൊ കോര്‍ട്ടുവ, റോഡ്രിഗോ,ചൗമേനി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയായിരുന്നു റയലിനൊപ്പമുള്ള ആദ്യ മത്സരത്തിന് ആര്‍ബലോവ ഇലവനെ ഒരുക്കിയത്. രണ്ടാം നിര താരങ്ങളുമായി റയല്‍ ഇറങ്ങി.
ബെല്‍മോന്റയില്‍ ആദ്യ പകുതിയവസാനിക്കുമ്പോള്‍ നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ റയല്‍ ഒപ്പമെത്തിയിരുന്നു. ജാവി വില്ലാറിന് മറുപടി കൊടുത്തത് ഫ്രാങ്കൊ മാസ്റ്റന്റുവോനൊയായിരുന്നു. ഒരൊറ്റ ഗോള്‍ മതി റയലിന് മത്സരത്തിലേക്ക് തിരിച്ചുവരാൻ, അത് അവിടെ സംഭവിച്ചു. വീനീഷ്യസ് ജൂനിയറിനായിരുന്നല്ലോ എല്ലാ ഉത്തരവാദിത്തങ്ങളും. പക്ഷേ, കളത്തില്‍ പൂര്‍ണമായി വിനീഷ്യസ് അപ്രത്യക്ഷനായിരുന്നു. ഗോള്‍ കണ്ടെത്താനൊ, അവസരങ്ങള്‍ സൃഷ്ടിക്കാനൊ ബ്രസീല്‍ താരത്തിന്റെ ബൂട്ടുകള്‍ക്ക് മൈതാനത്ത് സാധിക്കാതെ പോയി.
ആല്‍ബെര്‍ട്ടൊ ഗോണ്‍സാലസിന്റെ ഫൈവ് മാൻ ഡിഫൻസ് തന്നെയായിരുന്നു അതിന് കാരണം. മത്സരം അവസാന പത്ത് മിനുറ്റിലേക്ക് കടക്കുകയാണ്. അല്‍ബസെറ്റെയുടെ കൗണ്ടര്‍ അറ്റാക്കുകള്‍ റയല്‍ ഗോള്‍മുഖത്തെ നിരന്തരം വിറപ്പിക്കുകയാണ്. ആൻഡ്രി ലൂനിന് വിശ്രമമുണ്ടായിരുന്നില്ല. ഒടുവില്‍ 82-ാം മിനുറ്റില്‍ അത് സംഭവിച്ചു, ജെഫ്റ്റെ ബെറ്റാൻകോർ ബോക്സിന്റെ ഇടതുമൂലയില്‍ നിന്ന് നിറയൊഴിച്ചു. ഡാനി കാര്‍വഹാലിനെയും ലൂനിനേയും മറികടന്ന് ആ പന്ത് വലയില്‍ വിശ്രമിച്ചു. റയല്‍ രണ്ടാം തവണ പിന്നില്‍.
അങ്ങനെ വിട്ടുകൊടുക്കാനാകില്ലല്ലൊ, സമനിലയ്ക്കായുള്ള പോരാട്ടമായിരുന്നു പിന്നീട്. ആര്‍ദ ഗൂളറിന്റെ കോര്‍ണറുകളെ ആല്‍ബസെറ്റയുടെ പ്രതിരോധനിരയും ഗോള്‍ കീപ്പര്‍ റൗള്‍ ലോസിയിനും ചേര്‍ന്ന് നിര്‍വീര്യമാക്കി. 90-ാം മിനുറ്റില്‍ വാല്‍വര്‍ദേയുടെ തീയുണ്ട കണക്കിനെത്തിയ ഷോട്ട് പോസ്റ്റിനരികിലൂടെ മടങ്ങി. ഭാഗ്യം ഇത്തവണ തങ്ങള്‍ക്കൊപ്പമെന്ന് ആല്‍ബസെറ്റെ ആരാധകര്‍ ഓര്‍ത്തിട്ടുണ്ടാകണമപ്പോള്‍. അത്തരം ചിന്തകളുടെ ആയുസ് നിമിഷങ്ങള്‍ മാത്രമായിരുന്നു.
ആര്‍ദ ഗൂളറിന്റെ കോര്‍ണര്‍ ബോക്സിനുള്ളിലേക്ക് പറന്നിറങ്ങി. ഗോണ്‍സാലോ ഗാര്‍ഷ്യ ആ പന്തിനെ വലയിലേക്ക് തിരിച്ചുവിട്ടു. യെസ്, റയല്‍ മാഡ്രിഡ് ഈസ് ബാക്ക്. ആല്‍ബസെറ്റെയുടെ താരങ്ങള്‍ തലയില്‍ കൈവെച്ചുപോയി. പക്ഷേ, ആ നിമിഷത്തിനപ്പുറമായിരുന്നു ചരിത്രം കാത്തിരുന്നതും. ബെറ്റാൻകോർ ഒറ്റയ്ക്ക് പന്തുമായി റയല്‍ ഗോള്‍ മുഖത്തേക്ക്. കാര്‍വഹാല്‍ ഒപ്പമോടി, ബോക്സിനുള്ളില്‍ ബെറ്റാൻകോർ പന്തിനെ വരുതിയിലാക്കി. അപ്പോഴേക്കും മാഡ്രിഡിന്റെ മൂന്ന് താരങ്ങള്‍ ബോക്സിനുള്ളില്‍ നിലയുറപ്പിച്ചിരുന്നു.
ബെറ്റാൻകോർ ഒരു വലിയ ഷോട്ടിന് മുതിര്‍ന്നില്ല. അയാള്‍ പൊടുന്നനെ ആ പന്തിനെ ഗോള്‍പോസ്റ്റിന്റെ വലതുമൂല ലക്ഷ്യമാക്കി കോരിയിട്ടു. കാര്‍വഹാലിന്റെ തലയ്ക്ക് മുകളിലൂടെ സഞ്ചരിച്ച പന്ത് പോസ്റ്റിലേക്ക് ഊര്‍ന്നിറങ്ങുന്നത് നോക്കി നില്‍ക്കുക മാത്രമായിരുന്നു കാമവിംഗ ചെയ്തത്. ലൂനിൻ നിസാഹയാന്റെ മുഖംമൂടിയണിഞ്ഞു, ഗോള്‍. ഡിസാസ്റ്റര്‍ ഫോര്‍ റയല്‍, ഹിസ്റ്ററി ഫോര്‍ ആൽബസെറ്റെ. അര്‍ബലോവയ്ക്ക് തോല്‍വിത്തുടക്കം.
എതിരാളി വലുതോ ചെറുതോ ആകട്ടെ, ഒരു പരിശീലകനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമാണ് ആദ്യ മത്സരം. അത് ആരാധകര്‍ക്കും മാനേജ്മെന്റിനും താരങ്ങള്‍ക്കും നല്‍കുന്ന സന്ദേശവും ചെറുതല്ല. വിദൂരസാധ്യതയായിപ്പോലും ഒരു സമനിലയോ തോല്‍വിയോ മുന്നില്‍ കണ്ടിരുന്നില്ല ആര്‍ബലോവയെന്ന് വേണം കരുതാൻ. അല്ലെങ്കില്‍ എന്തുകൊണ്ട് സൂപ്പര്‍ താരങ്ങളില്‍ ഒരാളെപ്പോലും സബ്സ്റ്റ്യൂട്ട് പട്ടികയില്‍ കണ്ടില്ല.
റയലിന്റെ ചരിത്രം പിന്നോട്ടെടുത്ത് നോക്കു, എതിരാളികള്‍ ചെറുതാകുമ്പോള്‍ താരങ്ങള്‍ക്ക് അവസരം കൊടുക്കുന്ന പതിവുണ്ടാകും, ഏത് സാഹചര്യത്തിലും മത്സരം വിജയിപ്പിക്കാൻ കഴിയുന്നവര്‍ ഡഗൗട്ടിലുമുണ്ടാകും. പക്ഷേ, ആല്‍ബസെറ്റെയ്ക്കെതിരെ തോല്‍വി രുചിക്കാൻ ഒരുങ്ങുമ്പോള്‍ റയലിനെ രക്ഷിക്കാൻ അത്തൊരുമൊരു താരം അവിടെ ഉണ്ടായിരുന്നില്ല. ഒന്നാമത്തെ പിഴവ് ടീം ഒരുക്കുമ്പോള്‍ തന്നെ സംഭവിച്ചുകഴിഞ്ഞിരുന്നു.
തന്റെ ഇഷ്ടഫോര്‍മേഷനായ 4-3-3 ആയിരുന്നു ആര്‍ബലോവ തിരഞ്ഞെടുത്തത്. ഹൈ പ്രെസ്, അഗ്രസീവ്, അറ്റാക്കിങ്. പക്ഷേ, എങ്ങനെ കളിക്കണമെന്ന് നിശ്ചയമില്ല, കൃത്യമായൊരു ഫിലോസഫിയില്ലാതെ, ഗോളവസരങ്ങള്‍ സൃഷ്ടിക്കാൻ പോലും ബുദ്ധിമുട്ടുന്ന, പ്രതിരോധത്തില്‍ അടിമുടി വിള്ളലുകളുള്ള റയല്‍. അതായിരുന്നു മൈതാനത്ത് പ്രത്യക്ഷപ്പെട്ടത്. ഇതൊരു വീഴ്ചയുടെ തുടക്കമാണോയെന്ന് കാലം പറയട്ടെ.