അഗ്രസീവ് വേർഷനില്‍ വിരാട് കോഹ്‌ലി; അപ്‌ഗ്രേഡ് 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടോ?

Published : Jan 12, 2026, 11:19 AM IST
Virat Kohli

Synopsis

കഴിഞ്ഞ ഏഴ് ലിസ്റ്റ് എ മത്സരങ്ങളെടുത്താല്‍ വിരാട് കോഹ്‌ലി നേടിയത് മൂന്ന് സെഞ്ചുറികളും, നാല് അര്‍ദ്ധ ശതകങ്ങളും. 2027 ഏകദിന ലോകകപ്പ് വേദികള്‍ക്ക് തയാറെടുക്കാം, കോ‌ഹ്‌ലി വരും, നിശ്ചയം

അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ ആദ്യ ഓവറിനായി ന്യൂസിലൻഡ് താരം ക്രിസ്റ്റൻ ക്ലാർക്ക് പന്തെടുത്തു. സ്ട്രൈക്കില്‍ വിരാട് കോഹ്‌ലിയാണ്. അയാള്‍ തന്റെ സ്റ്റമ്പുകള്‍ ക്ലാർക്കിന് തുറന്നുകൊടുത്തു. ഹി വാസ് ഇൻവൈറ്റിങ്. മൂന്ന് ഡോട്ട് ബോളുകള്‍, ശേഷമൊരു ലെങ്ത് ബോള്‍, അതും ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍. കോഹ്‌ലി ക്രീസുവിട്ടിറങ്ങി, ക്ലാർക്ക് തന്റെ ബൗളിങ് ആക്ഷൻ പൂര്‍ത്തിയാക്കി നിവര്‍ന്ന മാത്രയില്‍ പന്ത് ബൗണ്ടറി വര കടന്നു, സ്ട്രെയിറ്റ് ഓവര്‍ ഹിസ് ഹെഡ്. Number 18, with eyes as sharp as ever, is definitely chasing the 2027 World Cup!

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കോഹ്‌ലിക്കൊരു ശൈലി ഉണ്ട്. റിസ്ക്ക് ഫ്രീ ക്രിക്കറ്റ്. അർദ്ധ സെഞ്ചുറി കടക്കുന്നതുവരെ അയാളില്‍ നിന്ന് ഒരു അറ്റാക്കിങ് ഷോട്ട് ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. സ്കോർബോര്‍ഡ് ചലിപ്പിക്കാൻ കോഹ്‌ലിക്ക് അതിന്റെ ആവശ്യമില്ലെന്ന് തന്നെ പറയാം, ജീനിയസ്. ഓസ്ട്രേലിയയിലെ ആ രണ്ട് ഡക്ക്, പിന്നാലെ നേടിയ അർദ്ധ സെഞ്ചുറി. ശേഷം നടന്ന ദക്ഷിണാഫ്രിക്കൻ പരമ്പര മുതല്‍ മേല്‍പ്പറഞ്ഞ കോഹ്‌ലിയല്ല ക്രീസില്‍ നിലകൊള്ളുന്നത്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ബാറ്റ് ചെയ്യുന്ന കോഹ്‌ലിയേക്കാള്‍, കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കുന്ന കോഹ്‌ലി.

ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തില്‍ നേരിട്ട അഞ്ചാം പന്തില്‍ ഒരു പുള്‍ ഷോട്ടിലൂടെയാണ് കോഹ്‌ലി ബൗണ്ടറി നേടിയത്. Something that's not typical of his style എന്ന് പറയാം. പ്രോട്ടിയാസിനെതിരെ റാഞ്ചിയില്‍ ആദ്യ 20 പന്തുകള്‍ക്കുള്ളില്‍ തന്നെ കോഹ്‌ലി ഒരു സിക്‌സ് നേടി. സമാന പന്തുകളിലെ കോഹ്‌ലിയുടെ സ്ട്രൈക്ക് റേറ്റ് 110 ആയിരുന്നു. റായ്‌പൂരില്‍ കോഹ്‌ലി സ്കോറിങ്ങ് തുടങ്ങിയത് തന്നെ സിക്‌സിലായിരുന്നു, അതും നാലാം പന്തിലൊരു പുള്‍ ഷോട്ട്. റായ്‌പൂരില്‍ കോഹ്‌ലിയുടെ ആദ്യ പത്ത് പന്തുകളിലെ സ്ട്രൈക്ക് റേറ്റ് 120 ആയിരുന്നു.

വിശാഖപട്ടണത്തും ഒരുപാട് വ്യത്യസ്തമായിരുന്നില്ല കാര്യങ്ങള്‍. ആദ്യ സിക്‌സ് 26-ാം പന്തില്‍ ഗ്യാലറിയിലെത്തി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ മൂന്ന് ഏകദിനങ്ങളില്‍ നിന്ന് 12 സിക്‌സറുകളാണ് കോഹ്‌ലി നേടിയത്. കോഹ്ലിയുടെ ഏകദിന കരിയറെടുത്താല്‍, 297 ഇന്നിങ്സുകളില്‍ നിന്ന് ആകെ നേടിയത് 165 സിക്‌സറുകളാണ്. ശരാശരി നോക്കിയാല്‍ ഒരു കളിയില്‍ ഒരു സിക്‌സ് പോലും നേടാറില്ല. ഫോറുകളുടെ ശരാശരി ഒരു ഇന്നിങ്സില്‍ 4.5 ആണ്. കോഹ്‌ലിയുടെ റിസ്ക്ക് ഫ്രീ ശൈലി എന്താണെന്ന് ഈ കണക്കുകള്‍ പറയും.

പക്ഷേ, കഴിഞ്ഞ നാല് ഏകദിനങ്ങളെടുത്താല്‍ കോഹ്‌ലി ഒരു ഇന്നിങ്സില്‍ നേടുന്ന സിക്‌സറുകളുടെ ശരാശരി കരിയറിലുടനീളം സ്കോര്‍ ചെയ്ത ബൗണ്ടറികളുടേതില്‍ നിന്ന് ഒരുപാട് അകലയല്ല. ശരാശരി 3.25. വെല്‍ കണ്‍ട്രോള്‍ഡായി എങ്ങനെ അഗ്രസീവ് ക്രിക്കറ്റ് പുറത്തെടുക്കാമെന്നതിന്റെ ക്ലാസിക്ക് ഉദാഹരണമായി മാറുകയാണ് സമീപകാലത്തെ കോഹ്‌ലി. അന്താരാഷ്ട്ര ക്രിക്കറ്റിലേതിലും അറ്റാക്കിങ്ങ് ശൈലിയായിരുന്നു വിജയ് ഹസാരെയില്‍ ഡല്‍ഹിക്കായി കോഹ്ലി പുറത്തെടുത്തത്. ഇനി വഡോധരയിലെ ഇന്നിങ്സിലേക്ക് വരാം.

ശുഭ്മാൻ ഗില്‍ സമ്മര്‍ദത്തിലായിരുന്നു, തര്‍ക്കമില്ല അതില്‍. ഫ്രീ ഫ്ലോയില്‍ ബാറ്റ് ചെയ്തിരുന്ന രോഹിത് ശര്‍മയായിരുന്നു ആ സമ്മര്‍ദം സ്കോര്‍ബോര്‍ഡിനെ ബാധിക്കാത്ത തരത്തില്‍ കൊണ്ടുപോയത്. രോഹിത് വീണതോടെ ക്രീസിലെത്തിയ കോഹ്‌ലി ആ റോള്‍ ഏറ്റെടുക്കുന്നതാണ് കണ്ടത്. ആദ്യ 20 പന്തില്‍ 27 റണ്‍സ് സ്കോര്‍ ചെയ്താണ് കോഹ്‌ലി ഗില്ലിന് നിലയുറപ്പിക്കാൻ സമയം കൊടുത്തത്. പിന്നീട് നേരിട്ട 37 പന്തുകളില്‍ ഒരു ബൗണ്ടറി പോലും കോഹ്ലി സ്കോര്‍ ചെയ്തില്ല. എന്നിട്ടും, സ്ട്രൈക്ക് റേറ്റ് നൂറിന് മുകളിലായിരുന്നു. 57 പന്തില്‍ 59 റണ്‍സ്.

ആദ്യ 20 പന്തുകള്‍ക്ക് ശേഷം കോഹ്ലി ഇന്നിങ്സിലുടനീളം 71 പന്തുകള്‍ നേരിട്ടു. ബൗണ്ടറികള്‍ രണ്ട് ഫോറും ഒരു സിക്‌സും മാത്രം. സ്കോര്‍ബോര്‍ഡിലേക്ക് യാതൊരുവിധ സമ്മര്‍ദവും നല്‍കാതെ 64 റണ്‍സ് ചേര്‍ക്കുകയും ചെയ്തു. 46 സിംഗിളുകള്‍, മൂന്ന് ഡബിള്‍, ഒരു ത്രിബിള്‍. അറ്റാക്കിങ് മാത്രമല്ല, റണ്ണിങ് ബിറ്റ്‌വീൻ ദ വിക്കറ്റ്‌സും എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച ഇന്നിങ്സ്. ഉത്തരവാദിത്തങ്ങള്‍ ഒറ്റയ്ക്ക് ചുമക്കുന്ന കോഹ്‌ലിയല്ല ഇന്ന് കളത്തില്‍, മറിച്ച് തനിക്കൊപ്പമുള്ളവരില്‍ കൂടുതല്‍ വിശ്വാസം അയാള്‍ അര്‍പ്പിക്കുന്നു, ശൈലി മാറ്റത്തിനും അതായരിക്കാം കാരണം.

കഴിഞ്ഞ ഏഴ് ലിസ്റ്റ് എ മത്സരങ്ങളെടുത്താല്‍ മൂന്ന് സെഞ്ചുറികളും, നാല് അര്‍ദ്ധ ശതകങ്ങളും. 2027 ഏകദിന ലോകകപ്പ് വേദികള്‍ക്ക് തയാറെടുക്കാം, കോ‌ഹ്‌ലി വരും, നിശ്ചയം.

PREV
Read more Articles on
click me!

Recommended Stories

ഡബ്ല്യുപിഎല്‍ 2026: സൂപ്പർ സജന! മുംബൈ ഇന്ത്യൻസിന്റെ രക്ഷകയായി വയനാട്ടുകാരി
കിവികളുടെ ചിറക് അരിയണം തിരിച്ചുവരണം! ശുഭ്മാൻ ഗില്ലിനും ശ്രേയസ് അയ്യരിനും നിർണായകം