New Year 2022 : ഫിഫ ലോകകപ്പ്, ടി20 ലോകകപ്പ്, ലോക അത്‌ലറ്റിക്‌സ്; 2022ല്‍ കായികപ്രേമികളുടെ കണ്ണിന് വിശ്രമമില്ല

By Web TeamFirst Published Jan 1, 2022, 1:03 PM IST
Highlights

ഫുട്‌ബോള്‍, ക്രിക്കറ്റ് ലോകകപ്പുകള്‍ മാത്രമല്ല, അത്‌ലറ്റിക്‌സിലും തീപാറും പോരാട്ടങ്ങളുടെ 2022 
 

തിരുവനന്തപുരം: പുതുവർഷത്തിൽ (2022) കായികപ്രേമികളെ കാത്തിരിക്കുന്നത് വിശ്രമമില്ലാത്ത നാളുകൾ. എല്ലാ കായിക ഇനങ്ങളിലും വമ്പൻ പോരാട്ടങ്ങളാണ് 2022ൽ അരങ്ങേറുക. ഫിഫ ലോകകപ്പും (FIFA World Cup Qatar 2022) ടി20 ലോകകപ്പും (2022 ICC Men's T20 World Cup) മാത്രമല്ല, അത്‌ലറ്റിക്‌സില്‍ ലോക ചാമ്പ്യന്‍ഷിപ്പും (2022 World Athletics Championships), കോമണ്‍വെല്‍ത്ത് (XXII Commonwealth Games), ഏഷ്യന്‍ ഗെയിംസുകളുമടക്കം (XIX Asiad) ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലും വമ്പന്‍ പോരാട്ടങ്ങളാണ് ഈ വര്‍ഷം അരങ്ങേറുക.  

പുതിയ ലക്ഷ്യങ്ങളും പുതിയ സ്വപ്‌നങ്ങളും പുതിയ പ്രതീക്ഷകളുമായി കായിക ലോകം പുതുവർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഏഷ്യയിലേക്ക് തിരിച്ചെത്തുന്ന ഫിഫ ലോകകപ്പാണ് 2022 ഏറ്റവും വലിയ കായികോത്സവം. ഫുട്ബോൾ ലോകകപ്പിന് നവംബർ 21 മുതൽ ഡിസംബർ 18വരെ ഖത്തറിന്‍റെ മണ്ണില്‍ പന്തുരുളും. ആവേശത്തിന്‍റെ പന്തുരുട്ടി ഐഎസ്എൽ ഉൾപ്പടെ വിവിധ ലീഗുകളും ടൂർണമെന്‍റുകളും 2022നേയും സജീവമാക്കും. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മേയ് ഇരുപത്തിയെട്ടിനാണ്.

ക്രിക്കറ്റ് കലണ്ടറും ഇക്കുറി സമ്പന്നം. മാർച്ച് നാലിന് വനിതാ ഏകദിന ലോകകപ്പിനും ഒക്ടോബർ പതിനെട്ടിന് പുരുഷ ട്വന്‍റി 20 ലോകകപ്പിനും തുടക്കമാകും.

ഏപ്രിൽ രണ്ട് മുതലാണ് ഐപിഎല്‍. ഒളിംപിക്‌സിന് ശേഷം നീരജ് ചോപ്രയിലേക്ക് രാജ്യം ഒരിക്കല്‍ക്കൂടി ഉറ്റുനോക്കുന്ന ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് ജൂലൈ 15 മുതൽ 24 വരെ നടക്കും. തൊട്ടുപിന്നാലെ ഇംഗ്ലണ്ടിൽ ജൂലൈ 28 മുതൽ ഓഗസ്റ്റ് എട്ടുവരെ കോമൺവെൽത്ത് ഗെയിംസ് അരങ്ങേറും. സെപ്റ്റംബർ 10 മുതൽ 25വരെ ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസാണ് ട്രാക്കിലെ മറ്റൊരു ശ്രദ്ധേയ പോരാട്ടം. ശീതകാല ഒളിംപിക്‌സിന് വേദിയാവുന്നതും ചൈന തന്നെ. ഫെബ്രുവരി നാലുമുതൽ 20വരെയാണ് തണുപ്പിലെ ചൂടന്‍ പോരാട്ടങ്ങള്‍. 

ഫോർമുല വൺ സീസൺ മാ‍ർച്ച് 20ന് ബഹറൈനിൽ തുടങ്ങി നവംബർ ഇരുപതിന് അബുദാബിയിൽ അവസാനിക്കും. മാർച്ച് 16 മുതൽ 20 വരെ ഓൾ ഇംഗ്ലണ്ട് ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ് നടക്കും. ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 21 മുതൽ 28വരെ ജപ്പാനിലാണ്. ടെന്നിസിൽ ഗ്രാന്‍‌സ്ലാം ടൂർണമെന്‍റുകളും ഹോക്കിയിൽ വനിതാ ലോകകപ്പും ആരാധകരെ കാത്തിരിക്കുന്നു. പ്രൈം വോളിബോൾ ലീഗ് ഫെബ്രുവരി അ‍ഞ്ച് മുതൽ 26 വരെയെങ്കില്‍ ദേശീയ ഗെയിംസ് മാതൃകയിൽ തുടക്കമാകുന്ന കേരള ഒളിംപിക്‌സും 2022ല്‍ കായികരംഗത്തെ പോരാട്ടച്ചൂടിലാക്കും. 

ICC fined Team India: സെഞ്ചൂറിയനിലെ ചരിത്ര ജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിന് ഐസിസിയുടെ പ്രഹരം

click me!