ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ 113 റണ്‍സിന് വിജയിച്ച് വിരാട് കോലിയും സംഘവും പരമ്പരയില്‍ 1-0ന് മുന്നിലെത്തിയിരുന്നു

സെഞ്ചൂറിയന്‍: സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയിലെ തകര്‍ത്ത് ടെസ്റ്റ് ജയം സ്വന്തമാക്കുന്ന ആദ്യ ഏഷ്യന്‍ ടീം എന്ന നേട്ടത്തില്‍ ടീം ഇന്ത്യ (Team India) ഇടംപിടിച്ചതിന് പിന്നാലെ തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന് മാച്ച് ഫീയുടെ 20 ശതമാനം പിഴയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ (ICC World Test Championship 2021-2023) ഒരു പോയിന്‍റ് നഷ്‌ടവും ഐസിസി (ICC) വിധിച്ചു. പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യയുടെ വിജയശതമാനം 64.28ല്‍ നിന്ന് ഇതോടെ 63.09 ആയി കുറയും. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയയാണ് പോയിന്‍റ് കണക്കില്‍ മുന്നില്‍. ശ്രീലങ്ക രണ്ടും പാകിസ്ഥാന്‍ മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. 

ഇന്ത്യയുടേച് ചരിത്ര ജയം 

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ 113 റണ്‍സിന് വിജയിച്ച് വിരാട് കോലിയും സംഘവും പരമ്പരയില്‍ 1-0ന് മുന്നിലെത്തുകയായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യന്‍ ടീം സെഞ്ചൂറിയനില്‍ ടെസ്റ്റ് വിജയിക്കുന്നത്. ഇതിന് മുമ്പുള്ള 27ല്‍ 21 മത്സരങ്ങളും സെഞ്ചൂറിയനില്‍ വിജയിച്ച റെക്കോര്‍ഡ് പ്രോട്ടീസിനുണ്ടായിരുന്നു. ആദ്യ ടെസ്റ്റ് ജയിച്ചതോടെ ഇനിയുള്ള രണ്ട് മത്സരങ്ങളും പിടിച്ചടുക്കി ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. 

രണ്ടാം ഇന്നിംഗ്‌സില്‍ 305 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ വിറച്ച് 191 റണ്‍സില്‍ പുറത്തായി. സ്‌കോര്‍: ഇന്ത്യ- 327 & 174, ദക്ഷിണാഫ്രിക്ക-197 &191. ബുമ്രയും ഷമിയും മൂന്ന് വീതവും സിറാജും അശ്വിനും രണ്ട് വീതവും വിക്കറ്റും വീഴ്‌ത്തിയാണ് സെഞ്ചൂറിയനില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയെ ചാരമാക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ കെ എല്‍ രാഹുലാണ്(123 റണ്‍സ്) കളിയിലെ താരം. 

Virat Kohli : വിളിക്കൂ സച്ചിനെ...പുതുവര്‍ഷാശംസ നേരൂ; വിരാട് കോലിക്ക് പ്രയോജനപ്പെടുമെന്ന് ഗാവസ്‌കര്‍