
അഞ്ച് മത്സരം, രണ്ട് ജയം, മൂന്ന് തുടര്‍ തോല്‍വികള്‍. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത്. വനിത ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ സ്വപ്നം എത്രത്തോളം യാഥാര്‍ത്ഥ്യം നിറഞ്ഞതാണ്, സാധ്യതകള്‍ എന്തെല്ലാം.
വനിത ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യയെ ഇത്രത്തോളം ഫേവറൈറ്റ്സായി പരിഗണിക്കപ്പെട്ട ഒരു എഡിഷൻ ഉണ്ടാകുമോ, സംശയമാണ്. സ്വന്തം മണ്ണില്‍, പരിചിതമായ സാഹചര്യങ്ങളില്‍ ഒരുങ്ങിയ വിശ്വകിരീടപ്പോര്. എട്ടാം നമ്പര്‍ വരെ നീളുന്ന ബാറ്റിങ് നിര, സ്മൃതി മന്ദന, ഹര്‍മൻപ്രീത് കൗര്‍, ദീപ്തി ശര്‍മ സീനിയര്‍ ത്രയം. പരിചയസമ്പന്നരും യുവതാരങ്ങളും സമം ചേര്‍ന്ന ടീം. ഓസ്ട്രേലിയയേയും ഇംഗ്ലണ്ടിനേയും തോല്‍പ്പിച്ച് എത്തുന്ന സംഘം. പക്ഷേ, ലോകകപ്പ് മൈതാനങ്ങളില്‍ അടിമുടി കാലിടറുന്ന ഹര്‍മൻപ്രീതിന്റെ പട.
ശ്രീലങ്കയോടും പാക്കിസ്ഥാനോടുമുള്ള പ്രകടനവും ജയവും സമ്മര്‍ദം എത്രത്തോളം ടീമിനെ ബാധിച്ചിരിക്കുന്നുവെന്നതിന്റെ തെളിവായിരുന്നു. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ശക്തരായ ടീമുകള്‍ക്കെതിരെ എത്തിയപ്പോള്‍ സ്വഭാവികമായും നിര്‍ണായക നിമിഷങ്ങളില്‍ കളി കൈവിടുന്നത് ആവര്‍ത്തിച്ചു. ഇതോടെ സെമി ഫൈനല്‍ സാധ്യതകളും തുലാസിലായിരിക്കുകയാണ്.
ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും ഇതിനോടകം തന്നെ ആദ്യ നാലുറപ്പിച്ചുകഴിഞ്ഞു. ഇനി അവശേഷിക്കുന്നത് ഒരു സ്ഥാനം മാത്രമാണ്. ഇതിനായി അഞ്ച് ടീമുകള്‍. ഇന്ത്യക്ക് പുറമെ ന്യൂസിലൻഡ്, ബംഗ്ലാദേശ്, ശ്രീലങ്ക പാക്കിസ്ഥാൻ. ബംഗ്ലാദേശിനും പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും വിദൂരസ്വപ്നമാണ് സെമി എന്നത്, അത്ഭുതങ്ങള്‍ സംഭവിക്കണം. എന്നാല്‍, ഇന്ത്യയ്ക്കും ന്യൂസിലൻഡിനുമങ്ങനെയല്ല കാര്യങ്ങള്‍.
ഇന്ത്യയുടെ അടുത്ത രണ്ട് മത്സരങ്ങള്‍ ഒക്ടോബര്‍ 23ന് ന്യൂസിലൻഡിനെതിരെയും 26ന് ബംഗ്ലാദേശിനെതിരെയുമാണ്. നിലവില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയമുള്ള ഇന്ത്യയ്ക്ക് നാല് പോയിന്റാണുള്ളത്. 0.526 ആണ് നെറ്റ് റണ്‍റേറ്റ്. പോസിറ്റീവ് നെറ്റ് റണ്‍റേറ്റാണ് ഇന്ത്യയെ നാലാം സ്ഥാനത്ത് നിലനിര്‍ത്തുന്നത്. തൊട്ടുപിന്നിലുള്ള ന്യൂസിലൻഡിനും നാല് പോയിന്റാണുള്ളത്, പക്ഷേ മൈനസാണ് നെറ്റ് റണ്‍റേറ്റ്. കിവികളുടെ രണ്ട് മത്സരങ്ങള്‍ മഴമൂലം ഉപേക്ഷിച്ചതും ഇന്ത്യക്ക് തുണയായി.
ന്യൂസിലൻഡിനേയും ബംഗ്ലാദേശിനേയും പരാജയപ്പെടുത്തിയാല്‍ മറ്റ് കണക്കുകൂട്ടലുകളുടെ ആവശ്യങ്ങളില്ലാതെ തന്നെ ഇന്ത്യയ്ക്ക് സെമിയിലേക്ക് പ്രവേശിക്കാനാകും. പക്ഷേ, ഏതെങ്കിലും ഒരു മത്സരത്തില്‍ പരാജയപ്പെട്ടാല്‍ സ്ഥിതി അല്‍പ്പം മോശമാകും. മറ്റ് ഫലങ്ങളെ ആശ്രയിക്കുക മാത്രമല്ല നെറ്റ് റണ്‍റേറ്റ് നിര്‍ണായകമാകുകയും ചെയ്യും.
ഉദാഹരണത്തിന് ഇന്ത്യ ന്യൂസിലൻഡിനോട് പരാജയപ്പെട്ടെന്ന് ഓര്‍ക്കുക. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ സജീവമാകണമെങ്കില്‍ ബംഗ്ലാദേശിനോട് വലിയ വിജയം നേടുകയും ന്യൂസിലൻഡ് അവസാന ഗ്രൂപ്പ് പോരില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെടുകയും ചെയ്യണം. ഇവിടെ മികച്ച നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയ്ക്ക് സെമിയിലെത്താം.
ബംഗ്ലാദേശിനെ ഇന്ത്യ കീഴടക്കിയാല്‍ ആറ് പോയിന്റ് നേടാൻ സാധ്യതയുള്ള മറ്റ് ടീമുകള്‍ ശ്രീലങ്കയും പാക്കിസ്ഥാനുമാണ്. ബംഗ്ലാദേശും പാക്കിസ്ഥാനുമാണ് ലങ്കയുടെ അടുത്ത എതിരാളികള്‍. പാക്കിസ്ഥാന് ലങ്കയ്ക്കൊപ്പം ദക്ഷിണാഫ്രിക്കയും. രണ്ട് ടീമുകളും ആറ് പോയിന്റ് കടക്കാതിരിക്കുകയും വേണം. നെറ്റ് റണ്‍റേറ്റ് ഈ സാഹചര്യത്തിലും ഇന്ത്യയ്ക്ക് അനുകൂലമായിരിക്കും.
ഇനി ഇന്ത്യയുടെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും മഴ മൂലം ഉപേക്ഷിക്കപ്പെട്ടെന്ന് കരുതുക. അപ്പോള്‍ ഇന്ത്യയ്ക്ക് ആറ് പോയിന്റ് മാത്രമാകും. ന്യൂസിലൻഡ് അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോല്‍ക്കുകയും ചെയ്യണം, ഇതോടെ ന്യൂസിലൻഡിന്റെ ലോകകപ്പ് അഞ്ച് പോയിന്റില്‍ അവസാനിക്കും. സാധ്യതകള്‍ പൂര്‍ണമായും അടയും.