
മൂന്നരമണിക്കൂറിനോട് അടുക്കുകയാണ്, വിയര്‍പ്പില്‍ കുളിച്ചിരിക്കുന്ന നീലക്കുപ്പായത്തില്‍ ചെളിപുരണ്ടിരിക്കുന്നു. നോണ്‍ സ്ട്രൈക്കര്‍ എൻഡില്‍ തന്റെ ശരീരത്തേയും മനസിനേയും ആ പെണ്‍കുട്ടി കൂട്ടിയോജിപ്പിച്ചുകൊണ്ടിരിക്കുകയാണ്...
സോഫി മോളിന്യൂവിന്റെ ഓഫ് സ്റ്റമ്പ് ലൈനിലെത്തിയ പന്ത് ബാക്ക് വേഡ് പോയിന്റിനെ കീറിമുറിച്ച് പലകാലങ്ങളിലായി, പലഭൂഖണ്ഡങ്ങളിലായി പലകുറി ഓസ്ട്രേലിയയില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്ന മുറിവുണക്കുകയാണ് അമൻജോത് കൗര്‍. അമനെ വാരിപ്പുണര്‍ന്ന് അവള്‍ ആ വിക്കറ്റിലേക്ക് അടര്‍ന്ന് വീണു..
ആ നിമിഷം, അവിടെ ആര്‍ത്തിരമ്പിയ ഗ്യാലറികളെ അവള്‍ കേട്ടിട്ടുണ്ടാകുമോ...തന്നെ പൊതിഞ്ഞ സഹതാരങ്ങളെ തിരിച്ചറിയാനായിട്ടുണ്ടാകുമോ...നവി മുംബൈയിലെ കാതടപ്പിക്കുന്ന ശബ്ദത്തിനിടിയിലും വല്ലാത്തൊരു നിശബ്ദത ആസ്വദിക്കാൻ അവള്‍ക്ക് സാധിച്ചിരിക്കണം...എന്തൊരു നിമിഷമായിരുന്നു അത്...
When the night grows dark and scary, the star who never stopped believing starts shining - Jemimah Rodrigues
എവറസ്റ്റ് കൊടുമുടി കീഴടക്കുക എളുപ്പമല്ല, പ്രതികൂല കാലവസ്ഥയേയും സ്വന്തം ശരീരത്തേയും മരണത്തേയും തണുത്തുറഞ്ഞ മൃതദേഹങ്ങളെയേല്ലാം അതിജീവിക്കണം അവിടെ. ഇതിന് സമാനമാണ് ലോകകപ്പുകളില്‍ ഓസ്ട്രേലിയയെ മറികടക്കുക എന്നതും. തിരിച്ചടികളുണ്ടാകും, പരീക്ഷണഘട്ടങ്ങളുണ്ടാകും, തോല്‍വി മുന്നില്‍ തെളിഞ്ഞു നില്‍ക്കും, ജയിക്കുന്ന ആ നിമിഷം വരെ പരാജയപ്പെട്ട് തന്നെയാകും എതിരാള്‍ നില്‍ക്കുക. പക്ഷേ, ആ കൊടുമുടി കയറാൻ തീരുമാനിച്ചിറങ്ങിയതായിരുന്നു ജമീമ.
ബാറ്റിങ് നിരയില്‍ കൃത്യമായൊരു സ്ഥാനം കല്‍പ്പിക്കപ്പെട്ടിരുന്നില്ല, താൻ എവിടെ ബാറ്റ് ചെയ്യണമെന്ന് അറിയിക്കണമെന്ന് മാത്രമായിരുന്നു ജമീമ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടത്. മൂന്നാം, നമ്പറില്‍ ജമീമയിറങ്ങും, അതായിരുന്നു തീരുമാനം. രണ്ടാം ഓവറില്‍ ജമീമയെ ക്രീസിലെത്തിച്ചു കിം ഗാർത്ത്. എട്ടാം ഓവറില്‍ കിം ഗാര്‍ത്തിനെതിരെ നേടിയ ആ സ്കൂപ്പായിരുന്നു ജമീമയുടെ ഇന്നിങ്സിലെ സുപ്രധാന നിമിഷം. ദാറ്റ് വാസ് ദ ബിഗിനിങ്ങ്, പിന്നീട് ജമീമയുടെ ബാറ്റില്‍ നിന്ന് അനായാസം ഷോട്ടുകള്‍ ജനിച്ചു, ലോഫ്റ്റഡ് ഡ്രൈവ്, കട്ട് ഷോട്ടുകള്‍, ഫ്ലിക്കുകള്‍, സ്വീപ്പുകള്‍...
സ്മൃതി വീണ നിമിഷം, തോല്‍വി ഉറപ്പിച്ചിരിക്കണം ഇന്ത്യൻ ആരാധകർ, കാരണം സ്മൃതിയല്ലാതെ മറ്റാര് എന്ന ചോദ്യം എപ്പോഴും അന്തരീക്ഷത്തിലുണ്ടായിരുന്നു. പക്ഷേ, ഹർമൻപ്രീതിനെ കൂട്ടുപിടിച്ചായിരുന്നു ജമീമ മുൻവിധികളെ തിരുത്തി ചരിത്രത്തിലേക്കുള്ള യാത്ര തുടങ്ങിയത്. ഇരുവരുടേയും കൂട്ടുകെട്ടിലെ മനോഹരമായ ഷോട്ടുകളും ഹീലീയുടെ സംഘത്തെ സമ്മര്‍ദത്തിലേക്ക് തള്ളിവിട്ട കൗണ്ടര്‍ അറ്റാക്കിങ് തന്ത്രങ്ങളേയുമല്ല വാഴ്ത്തുന്നത്. മറിച്ച് ജമീമ മൈതാനത്ത് ചെലുത്തിയ സ്വാധീനമായിരുന്നു.
സീനിയറായ ഹര്‍മനെ ജമീമയായിരുന്നു കൂട്ടുകെട്ടില് നയിച്ചത്. ഇന്നിങ്സിന്റെ ആദ്യ ഘട്ടത്തില്‍ ഹര്‍മൻ സമ്മര്‍ദത്തിലായിരുന്നു, അനായാസത നഷ്ടപ്പെട്ട ബാറ്റിങ് മണിക്കൂറുകളായിരുന്നു ഹര്‍മനത്. പക്ഷേ, ഹര്‍മന്റെ സമ്മര്‍ദത്തെ ഇല്ലാതാക്കിയത് ജമീമ ഇടവേളകളില്‍ നേടിയ ബൗണ്ടറികളായിരുന്നു. ഓവറുകളുടെ തുടക്കത്തില്‍ ബൗണ്ടറി കണ്ടത്തിയ ശേഷം, അനാവാശ്യ ഷോട്ടുകള്‍ക്ക് മുതിരേണ്ടതില്ലെന്ന് ഹര്‍മനെ ജമീമ ഓര്‍മപ്പെടുത്തുകയായിരുന്നു.
21-ാം ഓവറില്‍ അര്‍ദ്ധ ശതകം, ആഘോഷമില്ല. ഹര്‍മൻ ഗിയര്‍ മാറ്റിത്തുടങ്ങുന്നു, ഇന്ത്യയ്ക്കും വിജയത്തിനുമിടയില്‍ 20 ഓവറും 150 റണ്‍സും.മത്സരത്തിന്റെ അവസാനം വരെ താനൊ ഹര്‍മനൊ നിലനില്‍ക്കണമെന്നത് ജമീമ നിശ്ചയിച്ചിരുന്നു. അനായാസം ബൗണ്ടറികള്‍ ഇരുവരുടേയും ബാറ്റില്‍ നിന്ന് പിറക്കുകയാണ്. ഓസ്ട്രേലിയൻ താരങ്ങള്‍ക്ക് മുകളില്‍ കണ്ട് പരിചിതമല്ലാത്ത സമ്മര്‍ദം നിഴലിച്ചുതുടങ്ങിയിരുന്നു.
പക്ഷേ, എല്ലാം ഒരുനിമിഷം തകര്‍ന്നെന്ന് തോന്നി 33-ാം ഓവറില്‍. അലന കിങ്ങിന്റെ പന്തില്‍ ജമീമയുടെ സ്വീപ്പിനുള്ള ശ്രമം. പന്ത് നേരെ ഉയര്‍ന്ന് പൊങ്ങി. നവി മുംബൈ ശ്വാസമടക്കിപ്പിടിച്ചുനിന്ന സെക്കൻഡുകള്‍. എന്നാല്‍, ഹീലിയുടെ കൈകള്‍ പതിവില്ലാതെ ചോരുകയാണവിടെ, അസാധാണമായൊരു കാഴ്ച. ഫീല്‍ഡിനും ഗ്യാലറിക്കും അവിശ്വസനീയമായ ഒന്ന്. വൈകിയില്ല, ഓസ്ട്രേലിയ ആഗ്രഹിച്ച വിക്കറ്റ് ലഭിച്ചു, ഹര്‍മൻപ്രീത് ഗാര്‍ഡനറുടെ കൈകളില്‍.
ജമീമയുടെ ശരീരം തളര്‍ന്ന് നില്‍ക്കുകയായിരുന്നു അവിടെ. ഊര്‍ജം നഷ്ടപ്പെടുന്നതുപോലെ തോന്നിച്ചു. എന്നാല്‍, ഹര്‍മന്റെ പുറത്താകല്‍ ജമീമയ്ക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നതായിരുന്നു. ദീപ്തിയുടെ ക്യാമിയൊ കാര്യങ്ങള്‍ അല്‍പ്പം എളുപ്പമാക്കി.
42-ാം ഓവറില്‍ മേഗൻ ഷൂട്ടിനെതിരെ സിംഗിളെടുത്താണ് ജമീമ തന്റെ ലോകകപ്പിലെ കന്നി സെഞ്ച്വറി നേടുന്നത്. ഗ്യാലറിയും ഇന്ത്യയുടെ ഡഗൗട്ടുമെല്ലാം ആഘോഷിക്കുകയായിരുന്നു ആ മൊമന്റ്. പക്ഷേ, ജമീമ ആ നിമിഷത്തിന് ആ സിംഗിളിനപ്പുറം ഒരു വില നല്‍കിയില്ല. ഒന്ന് ബാറ്റുയര്‍ത്താൻ പോലും വിസമ്മതിച്ചു. ഒരു ലോകകപ്പ് സെഞ്ച്വറിയാണ് കുറിച്ചതെന്നോര്‍ക്കം, കരിയറില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ചിലതിലൊന്ന്. അവള്‍ക്കറിയമായിരുന്നു വ്യക്തിഗതനേട്ടങ്ങള്‍ക്കപ്പുറം ചിലതുണ്ടെന്നുള്ള തിരിച്ചറിവായിരുന്നിരിക്കണം തടഞ്ഞത്. ജയത്തിലേക്കുള്ള ദൂരം 70 റണ്‍സും 50 പന്തുകളും.
റിച്ചയുടെ ക്യാമിയോ ആ ദുരം കുറയ്ക്കുകയാണ്. ദീപ്തിയും റിച്ചയും ജമീമയെ പിടിച്ചുയർത്തുകകൂടിയായിരുന്നു.
47-ാം ഓവറിന്റെ അവസാന രണ്ട് പന്തുകളില്‍ ജമീമയ്ക്ക് റണ്‍സൊന്നുമെടുക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ, അതിലൊരു നിരാശയൊ അമര്‍ഷമോ ആ മുഖത്തുണ്ടായില്ല. അസാധ്യമായൊരു ആത്മവിശ്വാസം ആ മുഖത്തുണ്ടായിരുന്നു. അമൻജോതിനെ നോക്കി ഒന്ന് തമ്പ്സ് അപ്പ് കാണിക്കുക മാത്രമാണ് ചെയ്തത്. 16 പന്തില്‍ 19, അതിസമ്മര്‍ദമാണ്. അന്നബല്‍ സതര്‍ലൻഡാണ് പന്തെറിയുന്നത്. സമ്മര്‍ദം, എന്ത് സമ്മര്‍ദം, സതര്‍ലൻഡിന്റെ പന്ത് സ്കൂപ്പ് ചെയ്തൊരു ബൗണ്ടറി, അടുത്ത പന്തൊരു കട്ട് ഷോട്ട്, രണ്ടാം ബൗണ്ടറി.
ആ ഷോട്ടിന് ശേഷം ക്യാമറ പാൻ ചെയ്തത് ഹര്‍മൻപ്രീതിന്റെ കണ്ണുകളിലേക്കായിരുന്നു. ഹര്‍മൻ്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഇന്ത്യ വിജയത്തിനരികെ. അമൻജോതിന് സ്ട്രൈക്ക് കൈമാറി ജമീമ തന്റെ ഉത്തരവാദിത്തം പൂര്‍ത്തിയാക്കി. സോഫി മോളിന്യൂവിന്റെ ഓഫ് സ്റ്റമ്പ് ലൈനിലെത്തിയ പന്ത് ബാക്ക് വേഡ് പോയിന്റിനെ കീറിമുറിച്ച് പലകാലങ്ങളിലായി, പലഭൂഖണ്ഡങ്ങളിലായി പലകുറി ഓസ്ട്രേലിയയില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്ന മുറിവുണക്കുകയാണ് അമൻജോത് കൗര്‍.
ഏഴ് തവണ ലോകം കീഴടക്കി ഹീലിയുടെ സംഘം വീണിരിക്കുന്നു, ലോകകപ്പിലെ അജയ്യരായുള്ള കുതിപ്പിന് അവസാനമായിരിക്കുന്നു. അമനെ വാരിപ്പുണര്‍ന്ന് ജമീമ ആ വിക്കറ്റിലേക്ക് അടര്‍ന്ന് വീണു...
കരഞ്ഞുതളര്‍ന്ന് കണ്ണുതുറന്ന പകലുകള്‍, അര്‍ഹതയുണ്ടായിട്ടും തഴയപ്പെട്ട ദിനങ്ങള്‍, മാനസിക സംഘര്‍ഷങ്ങളോടുള്ള നിരന്തരപോരാട്ടം, ഒടുവില്‍ എല്ലാത്തിനെയും കീഴടക്കിയാവിക്കറ്റില്‍ അവള്‍ തലകുനിച്ചിരുന്ന് കണ്ണീരണിഞ്ഞു...ജമീമ റോഡ്രിഗസ്...എന്തൊരു പോരാട്ടമായിരുന്നു അത്....134 പന്തില്‍ 127 റണ്‍സ്, 14 ബൗണ്ടറികള്‍...
തന്റെ അടുത്തേക്ക് ഓടിയെത്തിയ സ്മൃതിയെ മിനുറ്റുകളോളം ആസ്ലേഷിച്ചു. ആ നിമിഷം കണ്ട് ഹര്‍ളീൻ ഡിയോള്‍ കണ്ണീരണിഞ്ഞു...പതിയെ എഴുന്നേറ്റ് ഗ്യാലറിയിലിരുന്ന തന്റെ മാതാപിതാക്കളെ നോക്കി ജമീമ, കൈകള്‍ കൂപ്പി, സ്നേഹമറിയിച്ചു...
A true display of resilience, belief and passion