പകിട്ടോടെ പകരക്കാർ; മാത്രെ മുതല്‍ ബെയർസ്റ്റൊ വരെ

Published : Jun 05, 2025, 01:34 PM IST
IPL

Synopsis

ഒരു പ്രധാനതാരത്തിന്റെ വിടവ് നികത്തുക എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല, പ്രത്യേകിച്ചും ഐപിഎല്‍ പോലെ പ്രതിഭകളാല്‍ സമ്പന്നമായ ഒരു ടൂര്‍ണമെന്റില്‍

പകരക്കാരായി എത്തി ടീമിന്റെ നേടുംതൂണാകുക, വിജയശില്‍പ്പിയാകുക. ചുരുങ്ങിയ മത്സരങ്ങള്‍ക്കൊണ്ട് ടീമിലെ സ്ഥിരസാന്നിധ്യമാകുക. ഇങ്ങനെ ചില അത്ഭുതങ്ങള്‍ക്കും ഐപിഎല്ലിന്റെ പതിനെട്ടാം സീസണ്‍ സാക്ഷിയായി. ഒരു പ്രധാനതാരത്തിന്റെ വിടവ് നികത്തുക എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല, പ്രത്യേകിച്ചും ഐപിഎല്‍ പോലെ പ്രതിഭകളാല്‍ സമ്പന്നമായ ഒരു ടൂര്‍ണമെന്റില്‍. പക്ഷേ, ഇത്തവണ പകരക്കാര്‍ക്കെല്ലാം പകിട്ട് അല്‍പ്പം കൂടുതലായിരുന്നുവെന്ന് പറയാം.

സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു നായകൻ റുതുരാജ്‌ ഗെയ്ക്വാദിനേറ്റ പരുക്ക്. സീസണ്‍ പതിവഴിയെത്തിയതോടെ റുതുരാജിന്റെ സേവനം മുൻ ചാമ്പ്യന്മാര്‍ക്ക് നഷ്ടമായി. എന്നാല്‍, ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം കണ്ട് ഒരു യുവതാരത്തില്‍ ചെന്നൈ നോട്ടമിട്ടിരുന്നു. 17 വയസുള്ള മുംബൈ താരം ആയുഷ് മാത്രെ. മാത്രെ വന്നതോടുകൂടി ചെന്നൈയുടെ ബാറ്റിങ് സമീപനം തന്നെ ഫിയര്‍ലെസായി മാറുകയായിരുന്നു.

മുംബൈക്കെതിരെ 15 പന്തില്‍ 32 റണ്‍സെടുത്തായിരുന്നു തുടക്കം. പിന്നീട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 48 പന്തില്‍ 94 റണ്‍സ് നേടി. ഐപിഎല്ലില്‍ അര്‍ദ്ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായി മാത്രെ. ഏഴ് കളികളില്‍ നിന്ന് 240 റണ്‍സാണ് യുവതാരത്തിന്റെ സമ്പാദ്യം അതും 188 സ്ട്രൈക്ക് റേറ്റില്‍.

മധ്യനിരയിലെ മോശം പ്രകടനങ്ങള്‍ ചെന്നൈയെ സീസണിന്റെ ആദ്യ ഘട്ടത്തില്‍ വേട്ടയാടിയിരുന്നു. എന്നാല്‍, ദക്ഷിണാഫ്രിക്കൻ യുവതാരം ഡിവാള്‍ഡ് ബ്രെവിസ് എത്തിയതോടെ പരിഹാരമായി. ഗുര്‍ജപ്‌നീത് സിങ്ങിന് പകരക്കാരനായാണ് ബ്രെവിസ് ചാമ്പ്യന്മാര്‍ക്കൊപ്പം ചേര്‍ന്നത്. ആറ് കളികളില്‍ നിന്ന് 225 റണ്‍സ്, 180 ആണ് സ്ട്രൈക്ക് റേറ്റ്. 17 സിക്സറുകളും ബ്രെവിസിന്റെ ബാറ്റില്‍ നിന്ന് ഗ്യാലറിയിലെത്തി. കൂടുതല്‍ സിക്സര്‍ നേടിയ ചെന്നൈ ബാറ്റര്‍മാരില്‍ രണ്ടാമത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമില്‍ അംഗമായി മടങ്ങിയ റിയാൻ റിക്കല്‍ട്ടണിന് പകരമായി മുംബൈ നിരയിലേക്ക് എത്തിയത് ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്റ്റോയായിരുന്നു. സഡൻ ഇംപാക്റ്റായിരുന്നു ബെയര്‍സ്റ്റൊ നല്‍കിയത്. രണ്ട് കളികളില്‍ നിന്ന് 85 റണ്‍സ്. 184 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ താരം എലിമിനേറ്ററിലും ക്വാളിഫയര്‍ രണ്ടിലും മുംബൈക്ക് മികച്ച തുടക്കങ്ങള്‍ സമ്മാനിച്ചു. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്‌സിനായി കളിച്ച ബെയര്‍സ്റ്റോ താരലേലത്തില്‍ അണ്‍സോള്‍ഡാവുകയായിരുന്നു.

ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നിരയിലുമുണ്ടായി നിര്‍ണായകമായ ഒരു എൻട്രി. ദേവദത്ത് പടിക്കലിന് പകരമെത്തിയ മായങ്ക് അഗര്‍വാളിന്റേതായിരുന്നു അത്. നാല് ഇന്നിങ്സുകളില്‍ നിന്ന് നേടിയത് 91 റണ്‍സാണ്. ഫൈനലില്‍ 24 റണ്‍സ് നേടിയതിന് പുറമെ നിര്‍ണായകമായ ലക്നൗവിനെതിരായ മത്സരത്തില്‍ 41 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയും ചെയ്തു.

പരുക്കിന്റെ പിടിയിലമര്‍ന്ന ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ ബൗളിങ് നിരയിലേക്ക് എത്തിയത് പരിചയസമ്പന്നനായ ശാര്‍ദൂല്‍ താക്കൂറായിരുന്നു. ആവേശ് ഖാൻ, മൊഹ്സിൻ ഖാൻ, മായങ്ക് യാദവ് എന്നിവരുടെ അഭാവം ഒരു പരിധി വരെ നികത്താൻ ശാര്‍ദൂലിനായി. പത്ത് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റായിരുന്നു ശാര്‍ദൂലിന്റെ നേട്ടം. പക്ഷേ, 11 എക്കണോമിയിലായിരുന്നു ശാര്‍ദൂല്‍ റണ്‍സ് വഴങ്ങിയത്.

ലീഗിന്റെ അവസാന ഘട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ യുവതാരം ജേക്ക് ഫ്രേസര്‍ മക്‌ഗൂര്‍ക്കിന് താല്‍ക്കാലിക പകരക്കാരനായി എത്തിയത് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസൂര്‍ റഹ്മാനായിരുന്നു. കേവലം മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് മുസ്തഫിസൂര്‍ കളത്തിലെത്തിയത്. നാല് വിക്കറ്റും നേടി. അവസാന കളിയില്‍ പഞ്ചാബിനെതിരെ ഓപ്പണര്‍മാരായ പ്രിയാൻഷ് ആര്യ, പ്രഭ്‌സിമ്രാൻ സിങ് എന്നിവര്‍ ഉള്‍പ്പെടെ മൂന്ന് വിക്കറ്റുമായി തിളങ്ങി.

സമാനമായി അവസാനം ലീഗിലെത്തി തിളങ്ങിയ കുറച്ച് താരങ്ങള്‍ക്കൂടിയുണ്ട്. മുംബൈയുടെ കോര്‍ബിൻ ബോഷാണ് ഒരാള്‍. ലിസാഡ് വില്യംസിന് പകരമെത്തിയ ബോഷ് മൂന്ന് കളികളില്‍ നിന്ന് 47 റണ്‍സും ഒരു വിക്കറ്റുമെടുത്തു. ബാറ്റ് ചെയ്യാൻ രണ്ട് തവണ ക്രീസിലെത്തിയപ്പോഴും മുംബൈ സമ്മര്‍ദത്തിലായിരുന്നു. 10 പന്തില്‍ 20, 22 പന്തില്‍ 27 റണ്‍സ് എന്നിങ്ങനെയാണ് സ്കോറുകള്‍.

22 വയസുമാത്രമുള്ള ഇടം കയ്യൻ സ്പിന്നര്‍ ഹര്‍ഷ് ഡൂബെയും മികവ് പുലര്‍ത്തിയവരില്‍ ഉള്‍പ്പെടുന്നു. സണ്‍റൈസേഴ്സിനായി മൂന്ന് കളികളില്‍ നിന്ന് അഞ്ച് വിക്കറാണ് ഡൂബെ നേടിയത്. കൊല്‍ക്കത്തയ്ക്ക് എതിരെ 34 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.

ചെന്നൈക്കായി മൂന്ന് കളികളില്‍ നിന്ന് 68 റണ്‍സെടുത്ത ഉര്‍വില്‍ പട്ടേലും പകരക്കാരനായി എത്തിയതാണ്. വൻഷ് ബേദിയുടെ പരുക്കാണ് ഉര്‍വിലിന് അവസരമൊരുക്കിയത്.

PREV
Read more Articles on
click me!

Recommended Stories

സൂര്യയും ഗില്ലും ദുർബലകണ്ണികളോ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര എത്ര നിർണായകം?
ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?