പകരക്കാരനില്‍ നിന്ന് നായകനിലേക്ക്; രജത് പാട്ടിദാര്‍ സിമ്പിളാണ് പവർഫുള്ളും

Published : Jun 05, 2025, 11:29 AM ISTUpdated : Jun 05, 2025, 11:30 AM IST
Rajat Patidar

Synopsis

വളരെ ആവേശം നിറഞ്ഞ മത്സര സാഹചര്യത്തില്‍പ്പോലും വളരെ സാധാരണമായാണ് പാട്ടീദാറിനെ മൈതാനത്ത് കാണാറുള്ളത്

ഇൻഡോറിലെ ദസറ മൈദാൻ. ക്രിക്കറ്റ് പരിശീലനം നടക്കുകയാണ് അവിടെ. ആറ് അല്ലെങ്കില്‍ ഏഴ് വയസുകാണും ആ കുട്ടിക്കന്ന്. മത്സരത്തിനിടെ അവൻ ബാറ്റ് ചെയ്യുകയാണ്. ഇൻഫീല്‍ഡ് ക്ലിയര്‍ ചെയ്യാൻ ഒരു തവണ പോലും അവന് കഴിയുന്നില്ല. പലകുറി പരാജയപ്പെട്ടു മടങ്ങി.

പക്ഷേ, തുടര്‍ന്നുള്ള ആഴ്ചകളില്‍ ആ കുട്ടി കഠിനമായ പരിശീനത്തിലൂടെ കടന്നുപോകുകയാണ്. പിന്നീടൊരു ദിവസം അനായാസം ഇൻഫീല്‍ഡിന് മുകളിലൂടെ പന്ത് കടത്തിവിടുന്ന അവനെയാണ് പരിശീലകനായ റാം ആത്രെ കാണുന്നത്. തിരിച്ചടികളുണ്ടാകുമ്പോള്‍ പതിന്മടങ്ങ് ഊര്‍ജത്തോടെ തിരിച്ചുവരുന്നതാണ് അവന്റെ ഡിഎൻഎയെന്ന് അന്ന് ആത്രെ അറഞ്ഞു.

2025 ഫെബ്രുവരി 13. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പുതിയ സീസണിലേക്കുള്ള അവരുടെ നായകനെ പ്രഖ്യാപിക്കുകയാണ്. രാഹുല്‍ ദ്രാവിഡില്‍ തുടങ്ങി വിരാട് കോലിയില്‍ തുടര്‍ന്ന് ഫാഫ് ഡുപ്ലെസിയില്‍ എത്തിനില്‍ക്കുന്ന ഇതിഹാസനിര. അവിടെ തെളിഞ്ഞത് ഇൻഡോറിലെ മൈതാനത്ത് കണ്ട അതേ മുഖമായിരുന്നു.

അന്ന് ഉയര്‍ന്നു ചില ശബ്ദങ്ങള്‍, വിമര്‍ശനങ്ങള്‍, സംശയങ്ങള്‍. കേവലം നാല് അന്താരാഷ്ട്ര മത്സരങ്ങളുടെ മാത്രം പരിചയസമ്പത്തായിരുന്നു അന്ന് അവന് ഉണ്ടായിരുന്നത്. ഒടുവില്‍ സീസണ്‍ അവസാനിക്കുകയാണ്, ഉയര്‍ന്ന ശബ്ദങ്ങള്‍ നിശബ്ദമായിരിക്കുന്നു, വിമര്‍ശനങ്ങളും സംശയങ്ങളും പുകഴ്ത്തുപാട്ടുകളായിരിക്കുന്നു. കാരണം, അഹമ്മദാബാദിലെ ഒരു ലക്ഷത്തോളം വരുന്ന കാണികളോടും ലോകത്തോടും വിളിച്ചു പറഞ്ഞു. ഈ സാല കപ്പ് നംദു എന്ന്, രജത് മനോഹര്‍ പാട്ടിദാ‍ര്‍.

പാട്ടിദാറിന്റെ ഐപിഎല്‍ കരീയറും ഇത്തരത്തിലായിരുന്നു. 2021ലാണ് പാട്ടിദാർ ബെംഗളൂരുവിനൊപ്പമെത്തുന്നത്. നാല് അവസരങ്ങളില്‍ നിന്ന് കേവലം 71 റണ്‍സ് മാത്രം നേടിയ വലം കയ്യൻ ബാറ്ററെ നിലനിർത്താൻ ടീം തയാറായില്ല. 2022 താരലേലത്തില്‍ പാട്ടിദാറിന്റെ തലയ്ക്ക് മുകളില്‍ അണ്‍സോള്‍ഡ് എന്ന ടാഗ് വീണു. ഉയരുമെന്ന് തോന്നിച്ച കരിയറിന് പൊടുന്നനെ ഒരു വീഴ്ച.

എന്നാല്‍, അടുത്ത ദിവസം പ്രാദേശിക ക്രിക്കറ്റ് ക്ലബ്ബിനായി പാട്ടിദാര്‍ കളത്തിലിറങ്ങുന്നതായിരുന്നു കണ്ടത്. ഒന്നും അവസാനിച്ചിട്ടില്ലെന്ന ഉറച്ച ബോധ്യത്തിലുള്ള യാത്ര. സീസണിന്റെ പാതി വഴിയില്‍ ലുവ്നീത് സിസോദിയക്ക് പരുക്കേറ്റതോടെ ബെംഗളൂരു പകരക്കാരനെ തേടി. അത് എത്തിനിന്നത് പാട്ടിദാറില്‍ തന്നെയായിരുന്നു.

അന്ന് പാട്ടിദാറിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു, അതെല്ലാം മറ്റി നിര്‍ത്തിയാണ് ടീമിനൊപ്പം ചേര്‍ന്നതും. എലിമിനേറ്ററില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ നേടിയ 112 റണ്‍സായിരുന്നു ബ്രേക്ക് ഔട്ട് ഇന്നിങ്സ്. അന്ന് ഒരുപിടി റെക്കോ‍ര്‍ഡുകളും പാട്ടിദാര്‍ സ്വന്തം പേരില്‍ ചേ‍ര്‍ത്തു. പരുക്ക് മൂലം 2023 സീസണ്‍ നഷ്ടമായി, 24ല്‍ ഭേദപ്പെട്ട പ്രകടനം. 15 മത്സരങ്ങളില്‍ നിന്ന് 395 റണ്‍സായിരുന്നു നേട്ടം.

ഇനി പാട്ടിദാറെന്ന നായകനെക്കുറിച്ച്. അധികമൊന്നും സാംസാരിക്കാത്തെ വളരെ ലളിതമായി കളിയെ സമീപിക്കുന്ന ശൈലി. ഫൈനല്‍ വിജയിച്ച ശേഷം നായകനെന്ന നിലയില്‍ രവി ശാസ്ത്രിയോടുള്ള പ്രതികരണത്തിന്റെ ദൈര്‍ഘ്യം പോലും മിനുറ്റുകള്‍ നീണ്ടില്ല.

ബെംഗളൂരുവിന്റെ നായകനെന്ന നിലയില്‍ തന്ത്രങ്ങള്‍ എത്തരത്തില്‍ ആവിഷ്കരിക്കുമെന്നുള്ള ചോദ്യത്തിന് അങ്ങനെ തന്ത്രങ്ങളൊന്നുമില്ല എന്നായിരുന്നു പാട്ടിദാറിന്റെ മറുപടി. പക്ഷേ, പാട്ടിദാറിന്റെ ഫീല്‍ഡ് പ്ലേസ്മെന്റുകളും ബൗളര്‍മാരുടെ റൊട്ടേഷനുമെല്ലാം വളരെ പ്രാക്റ്റിക്കലും സിമ്പിളും സാഹചര്യത്തിന് അനുസരിച്ചുമാണ്.

ഉദാഹരണത്തിന്, പഞ്ചാബ് കിംഗ്‌സിനെതിരായ സീസണിലെ രണ്ടാം മത്സരം. തകര്‍ത്തടിക്കുകയാണ് ഓപ്പണര്‍ പ്രഭ്‌സിമ്രാൻ സിങ്. ഹേസല്‍വുഡും ഭുവനേശ്വറും ദയാലുമെല്ലാം ബൗണ്ടറിയിലേക്ക് പായുകയാണ്. അപ്പോഴാണ് കൃണാലിനെ പാട്ടിദാര്‍ പരീക്ഷിക്കുന്നതും പ്രഭ്‌സിമ്രാൻ നേരിടാൻ ബുദ്ധിമുട്ടുന്നത് കണ്ടതും. പ്രഭ്‌സിമ്രാന്റെ അനായാസത നോക്കിയാല്‍ ഹിറ്റിങ് തുടരുമെന്നത് ഉറപ്പാണ്.

പവ‍ര്‍പ്ലേയ്ക്ക് തൊട്ടുപിന്നാലെ തന്നെ കൃണാലിന്റെ രണ്ടാം ഓവര്‍. ആദ്യ പന്തില്‍ തന്നെ വിക്കറ്റ്. പ്രഭ്‌സിമ്രാൻ വീണതോടെ മത്സരം ബെംഗളൂരുവിന് ഓപ്പണാകുകയും തുടരെ വിക്കറ്റുകള്‍ വീഴുകയും ചെയ്തു. ഇതു തന്നെയായിരുന്നു ഫൈനലിലും ആവര്‍ത്തിച്ചിരുന്നത്. റണ്‍സ് കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്ന പ്രഭ്‌സിമ്രാന് കൃണാലിനെ നല്‍കുകയും കൂറ്റനടിക്ക് ശ്രമിച്ച് പുറത്താവുകയുമായിരുന്നു.

ഇത്തരത്തിലുള്ള കൊട്ടിഘോഷിക്കപ്പെടാത്തെ ചെറിയ ചെറിയ തീരുമാനങ്ങളാണ് പാട്ടിദാര്‍ നടപ്പിലാക്കുന്നത്. പൂര്‍ണമായും ബൗളര്‍മാരുടെ തീരുമാനത്തിന് ഫീല്‍ഡ് വിട്ടുകൊടുക്കാൻ മടിയില്ലാത്ത നായകൻ. വിരളമായി മാത്രമാണ് ബൗളര്‍മാര്‍ക്ക് പാട്ടിദാര്‍ നിര്‍ദേശം നല്‍കാറുള്ളത്. ആവശ്യമെന്ന് തോന്നുമ്പോള്‍ മാത്രമെന്നും ടീം മാനേജ്മെന്റ് പറയുന്നു. ഒരു ഇൻവിസിബിള്‍ ക്യാപ്റ്റൻ എന്ന് തന്നെ പറയാം.

വളരെ ആവേശം നിറഞ്ഞ മത്സര സാഹചര്യത്തില്‍പ്പോലും വളരെ സാധാരണമായാണ് പാട്ടീദാറിനെ മൈതാനത്ത് കാണാറുള്ളത്. നായകപദവിയിലെത്തുമ്പോള്‍ സ്വാഭാവീകമായി ലഭിക്കുന്ന അധികാരം അല്ലെങ്കില്‍ ടീമിലുണ്ടാകുന്ന സ്വാധീനം ഇതൊന്നും പാട്ടിദാറിനെ ബാധിച്ചിട്ടില്ല. നായകനാകുന്നതിന് മുൻപും ശേഷവുമെല്ലാം ഓരേ പാട്ടിദാറിനെയാണ് ഡ്രെസിങ് റൂമില്‍ കാണാനായത്. ടീമിന്റെ മെന്ററായ ദിനേഷ് കാര്‍ത്തിക്കിന്റെ വെളിപ്പെടുത്തലാണിത്.

അങ്ങനെ വളരെ കൂള്‍ ആയി 18 വര്‍ഷത്തെ കാത്തിരിപ്പ് പാട്ടിദാര്‍ അവസാനിപ്പിച്ചു. കന്നി സീസണില്‍ കിരീടം നേടുന്ന നാലാമത്തെ നായകനാകാനും പാട്ടിദാറിന് കഴിഞ്ഞു. ഷെയിൻ വോണ്‍, രോഹിത് ശര്‍മ, ഹാര്‍ദിക്ക് പാണ്ഡ്യ എന്നിവര്‍ക്ക് ശേഷം പാട്ടിദാറാണ് സമാനനേട്ടത്തിലെത്തുന്നതും.

PREV
Read more Articles on
click me!

Recommended Stories

സൂര്യയും ഗില്ലും ദുർബലകണ്ണികളോ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര എത്ര നിർണായകം?
ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?