വിരാട് കോലി നുണഞ്ഞു...മധുരപതിനെട്ട്, പൂർണത

Published : Jun 04, 2025, 11:53 AM IST
വിരാട് കോലി നുണഞ്ഞു...മധുരപതിനെട്ട്, പൂർണത

Synopsis

ആ നിമിഷം അയാള്‍ക്ക് എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലായിരുന്നു, പിന്നിലുണ്ടായിരുന്ന പ്രിയ സുഹൃത്തിനെ അയാള്‍ നോക്കി...അയാളുടെ കണ്ണുകളില്‍ നനവ് പടര്‍ന്നു

അവസാനിക്കുകയായിരുന്നു കാത്തിരിപ്പിന്റെ പുസ്തകത്തിലെ അവസാന താള്‍...

ആ നിമിഷം അയാള്‍ക്ക് എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലായിരുന്നു, പിന്നിലുണ്ടായിരുന്ന പ്രിയ സുഹൃത്തിനെ അയാള്‍ നോക്കി...അയാളുടെ കണ്ണുകളില്‍ നനവ് പടര്‍ന്നു...

ആ കണ്ണീരിലുണ്ടായിരുന്നു എല്ലാം...ആ കണ്ണീരിന് പറയാനുണ്ടായിരുന്നു ഒരു കഥ, ഒരു കാലം, ഒരു യാത്ര...പ്രതീക്ഷകളുടെ ഭാരമേന്തി, ഒരു ജനതയ്ക്കായി അയാള്‍ സഞ്ചരിച്ച 18 വര്‍ഷങ്ങള്‍...

ഇഷാന്ത് ശർമയുടെ വേഗപ്പന്തുകള്‍ക്ക് മുന്നില്‍ പകച്ചു നിന്ന 19 കാരനില്‍ തുടങ്ങി, വൻമതിലിന് കീഴിലെ ക്ഷുഭിത യവ്വനം, ഇതിഹാസ സംഘങ്ങള്‍ക്ക് ഒപ്പമോടി, ഒടുവിലൊരു ഇതിഹാസമായി പരിണമിച്ചു...രാജാവായി പരിവര്‍ത്തനപ്പെട്ടു...കൗമാരവും പ്രതാപവും നരച്ച നാളുകളും അയാള്‍ ആ ഒരു ജഴ്‌സിയില്‍ താണ്ടി...

തുന്നിയ കൈ വിരലുകള്‍ക്കിടയില്‍ ചോര പൊടിഞ്ഞു, അയാളൊരു അമാനുഷികനായി മാറിയ 2016, ശതകനാളുകള്‍...അയാളുടെ ചുമലിലേറി സ്വപ്നനിമിഷത്തിലേക്ക് എത്തിയ ആ രാവ്, തന്റെ പരമാവധി അയാള്‍ പുല്‍മൈതാനത്തിനും നല്‍കിയിട്ടും കളിദൈവങ്ങള്‍ മൂന്നാം തവണയും കരുണ കാണിക്കാൻ മടിച്ചു...

സ്വപ്നയാത്രയുടെ പാതിവഴിയില്‍ പലരും പടിയിറങ്ങി, ആ പട്ടികയില്‍ ക്രിസ് ഗെയിലും എബി ഡിവില്ലിയേഴ്സുമുണ്ടായിരുന്നു...സമകാലീനരുടെ കൈകളിലേക്ക് ആ നിമിഷം പലകുറിയെത്തി...അയാള്‍ക്കതപ്പോഴും കഠിനമായ ഒന്നായിരുന്നു...നയിക്കാനിനിയില്ലെന്ന് പറഞ്ഞു...

വാംഖഡയില്‍ വിശ്വം കീഴടക്കിയവനാണ്, ചാമ്പ്യൻസ് ട്രോഫിയില്‍ കൗമാരത്തിലും ഐതിഹാസിക നാളുകളിലും മുത്തമിട്ടവനാണ്, തന്നില്‍ നിന്ന് അകന്നു നിന്ന കുട്ടിക്രിക്കറ്റ് ലോകകപ്പ് ബാര്‍ബഡോസില്‍ നെഞ്ചോട് ചേര്‍ത്തവനാണ്...പൂര്‍ണതയിലേക്ക് എത്താൻ ആ ഒന്ന് മാത്രം ബാക്കി...

കരിയറിന്റെ തിരിച്ചടികളുടെ നാളുകളിലൂടെയായിരുന്നു...പ്രിയപ്പെട്ട തൂവെള്ളക്കുപ്പായം അഴിച്ചുവെക്കേണ്ടി വന്നു, അര്‍ഹിച്ചൊരു പടിയിറക്കം പോലുമില്ലാതെ...പക്ഷേ, പതിവുപോലെ ആ എംആര്‍എഫ് ബാറ്റില്‍ നിന്ന് നിലയ്ക്കാതെ റണ്‍സ് ഒഴുകി...

തകര്‍ന്നുടഞ്ഞു പോയ, ഇനിയൊരിക്കലും സാധ്യമല്ലെന്ന് തോന്നിച്ച ആ സ്വപ്നത്തിനായി കാലമൊടുവില്‍ ഒരിക്കല്‍ക്കൂടി അയാള്‍ക്കു മുന്നില്‍...എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം...പക്ഷേ, അപ്പോഴും അത് വിശ്വസിക്കാൻ അയാള്‍ തയാറായിരുന്നില്ല...കാരണം ഭൂതകാലത്തിന്റെ ഓര്‍മകള്‍ അതിന് അനുവദിക്കുന്നുണ്ടായിരുന്നില്ല...

അഹമ്മദാബാദിനായിരുന്നു നിയോഗം...ഒരു ലക്ഷം കണ്ണുകള്‍ ആ കാഴ്ചയ്ക്കായി കൊതിച്ചു...ഗ്യാലറിയിലെ ഹൃദയമിടിപ്പും ജീവശ്വാസവുമെല്ലാം അയാള്‍ക്കുവേണ്ടിയായിരുന്നു...

കളിയുടെ വേഗതയ്ക്കൊപ്പം സഞ്ചരിക്കാൻ സാധിക്കാതെ പോയി. ഒന്നുയര്‍ന്ന് വന്നപ്പോഴെല്ലാം പഞ്ചാബ് ബൗളര്‍മാര്‍ പ്രതീക്ഷയുടെ തിരിനാളങ്ങള്‍ തല്ലിക്കെടുത്തി...ജിതേഷിന്റേയും ലിവിങ്സ്റ്റണിന്റേയും ഷെപേഡിന്റേയും നിമിഷങ്ങള്‍ വിജയ സ്കോറിന്റെ അരികിലെത്തിച്ചു...

പേമാരിപോലെ ഇംഗ്ലിസ്, ഒരിക്കല്‍ക്കൂടി തലകുനിക്കേണ്ടി വരുമോയെന്ന ആധി, അയാളെ കിരീടത്തിനരികിലേക്ക് എത്തിക്കാൻ കൃണാലിന്റെ കൈകളെത്തി, ആ 24 പന്തുകള്‍ക്കുണ്ട് കിരീടത്തിന്റെ വലുപ്പം...ഭുവിയും ദയാലും ഹേസല്‍വുഡുമെല്ലാം ഒപ്പം...ശശാങ്ക് കൊടുങ്കാറ്റിനേയും അതിജീവിച്ച് ആ നിമിഷത്തിലേക്ക്...

ഇനിയും വൈകിപ്പിക്കേണ്ടതില്ലെന്ന് കളിദൈവങ്ങള്‍ക്ക് തോന്നിയിട്ടുണ്ടാകണം..

ബൗണ്ടറിക്കരികില്‍ അയാള്‍...നിറകണ്ണുകളോടെ. ഹേസല്‍വുഡിന്റെ പന്ത് ശശാങ്ക് ബൗണ്ടറി വര കടത്തുമ്പോള്‍ അയാള്‍ മൈതാനത്തിരുന്നു...പൊട്ടിക്കരഞ്ഞു...എബി ഡിവില്ലിയേഴ്‌സിനെ ചേര്‍ത്തുപിടിച്ചു...അതിവൈകാരികം...

ഗ്യാലറിയിലെ പതിനായിരങ്ങളും ഇതേ നിമിഷം ആവര്‍ത്തിച്ചിട്ടുണ്ടാകണം...ആരാധകരുടെ സങ്കടക്കടലിന് അറുതി....കാത്തിരിപ്പിന്റെ നോവും പരിഹാസങ്ങളുടെ വേദനകളുമെല്ലാം ഒറ്റരാവില്‍ അഴിച്ചുവെക്കപ്പെടുകയാണ്...

നിലതെറ്റാതെ അയാള്‍ എഴുന്നേറ്റു, ഏത് സമ്മര്‍ദത്തേയും അതിജീവിക്കുന്നതുപോലെ...എന്നിട്ട് പൊടുന്നനെ ഗ്യാലറിയിലേക്ക് നോക്കി...തനിക്ക് വേണ്ടി മിടിച്ച ഹൃദയങ്ങളെ അയാള്‍ നെഞ്ചോട് ചേര്‍ത്തുവെച്ചു, അയാളുടെ കണ്ണുകളില്‍ അപ്പോഴും നനവുണ്ടായിരുന്നു, പെയ്തു തോര്‍ന്ന മഴപോലെ അയാളുടെ മനസ്...

ഒടുവില്‍ പാട്ടിദാര്‍ സുവര്‍ണം ചാലിച്ച സ്വപ്നം അയാള്‍ക്ക് കൈമാറുകയാണ്...ഡീവില്ലിയേഴ്‌സിന്റേയും ഗെയിലിന്റേയും കൈകളും ചേരുകയാണ് അവിടെ...

കുടിച്ചുതീര്‍ത്ത 18 വര്‍ഷത്തെ കൈപ്പുനീരുകള്‍ക്കിപ്പുറം, വിരാട് കോലി നുണയുകയാണ്, മധുരപതിനെട്ട്. പൂര്‍ണത.

PREV
Read more Articles on
click me!

Recommended Stories

100 സെഞ്ചുറിയിലേക്ക് ദൂരം ഇനി 16; കോഹ്ലി മറികടക്കുമോ സച്ചിനെ? സാധ്യതകള്‍
എറിഞ്ഞുതോല്‍ക്കുന്ന പുതിയ ഇന്ത്യ; സിറാജ്-ഷമി-ബുമ്ര പേസ് ത്രയം എവിടെ? എന്തുകൊണ്ട് പുറത്ത്?