
രാജ് ബാവയുടെ നീണ്ട ശ്രമത്തിനൊടുവില്‍ റൊമാരിയോ ഷെപ്പേഡ് തിലക് വര്‍മയുടെ കരങ്ങളില്‍ വിശ്രമിക്കുകയാണ്. മുംബൈ ഇന്ത്യൻസ് ഒരുപടി മുന്നോട്ട് കുതിക്കാൻ ഒരുങ്ങിയ നിമിഷം.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും വിജയത്തിനുമിടയില്‍ അപ്പോള്‍ മൂന്ന് പന്തുകളും ഒൻപത് റണ്‍സും. ഷഹീദ് വീര്‍ നാരായൻ സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നിശബ്ദമായിരുന്ന ആര്‍സിബി ആരാധകരുടെ കണ്ണുകള്‍ ആ കൈകളിലേക്ക് ഒരിക്കല്‍ക്കൂടി ഉറ്റുനോക്കുകയാണ്.
സാഹചര്യം മറിച്ചായിരുന്നെങ്കില്‍ അനായാസം വിജയതീരത്തിലേക്ക് ആ സംഘത്തെ അയാള്‍ എത്തിക്കുമായിരുന്നു. പക്ഷേ, 22 വാരയ്ക്ക് അരികിലേക്ക് നടക്കുമ്പോള്‍ മറ്റൊന്നായിരുന്നു ദൗത്യം. ബാറ്റുകൊണ്ട് ടീമിനെ തലപ്പത്ത് എത്തിക്കണം.
ടു പേസ്‌ഡായ ആ വിക്കറ്റില്‍ നാല് ഓവര്‍ അളന്നുമുറിച്ചെറിഞ്ഞതിന്റെ തഴക്കുമുണ്ടായിരുന്നു ഭുവനേശ്വര്‍ കുമാറിന് അപ്പോള്‍. അതിനാല്‍ തന്നെ രാജ് ബാവയെന്ന യുവതാരത്തിന് ഏതറ്റം വരെ പോകാൻ കഴിയുമെന്ന ബോധ്യവുമുണ്ട്. വലം കയ്യൻ പേസര്‍ ഭുവിക്കെതിരെ ആദ്യമൊരു ഷോര്‍ട്ട് ബോളിന് ശ്രമിച്ചു, വൈഡ്. ശേഷം ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ ഒരു ഫുള്‍ ലെങ്ത് ഡെലിവറി. അതായിരുന്നു അയാള്‍ പ്രതീക്ഷിച്ച, കാത്തിരുന്ന മൊമന്റ്.
ഓഫ് സ്റ്റമ്പിനപ്പുറത്തേക്ക് ചുവടുമാറ്റി ഡീപ് കവറിന് മുകളിലൂടെ ഭുവിയുടെ ഒരു ലോഫ്റ്റഡ് ഷോട്ട്. ബൗണ്ടറിയില്‍ നിലയുറപ്പിച്ച നമൻ ധീര്‍ തന്റെ ശരീരത്തെ മുഴുവൻ എടുത്തുയര്‍ത്തിയെങ്കിലും പന്തിനെ തടയാനായില്ല, സിക്സ്. മുംബൈ ക്യാമ്പില്‍ അസ്വസ്ഥനായി മുഖ്യപരിശീലകൻ മഹേല ജയവര്‍ധന, മറുവശത്ത് ബെംഗളൂരു ഡഗൗട്ടില്‍ ആവേശം അലതല്ലിച്ച് വിരാട് കോലി. ബെംഗളൂരു വിജയം ഏറെക്കുറെ ഉറപ്പിച്ചു ഇവിടെ. അത് വൈകാതെ സംഭവിക്കുകയും ചെയ്തു.
ഐപിഎല്ലില്‍ ഭുവി അവസാനം നേടിയ സിക്‌സില്‍ നിന്ന് ഈ മൊമന്റിലേക്കുള്ള ദൂരം പതിറ്റാണ്ടാണ്. 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമായിരിക്കെ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സിനെതിരെയായിരുന്നു ആ നിമിഷം. തന്റെ ശരീരത്തിനോട് മല്ലിട്ട് കൃണാല്‍ പാണ്ഡ്യ പുറത്തെടുത്ത അസാധാരണമായ ഇന്നിങ്സിന് അര്‍ഹിച്ച ക്ലൈമാക്സ് ഭുവി റായ്‌പൂരിലൊരുക്കി. ബാറ്റുകൊണ്ടും ഹീറോയായ മത്സരത്തില്‍ പന്തുകൊണ്ട് സീസണിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു ഭുവിയില്‍ നിന്നുണ്ടായതും.
ടു പേസ്‌ഡായ വിക്കറ്റില്‍ ഡിസിപ്ലിൻ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഭുവനേശ്വര്‍ ഓരോ പന്തുകള്‍ക്കൊണ്ടും തെളിയിക്കുകയായിരുന്നു. എറിഞ്ഞ പന്തുകളില്‍ ഏറിയതും ഹിറ്റ് ചെയ്തത് ഗുഡ് ലെങ്തില്‍. നേടിയ നാലില്‍ മൂന്ന് വിക്കറ്റുകളും ഗുഡ് ലെങ്തില്‍ നിന്നായിരുന്നു, മറുവശത്ത് ഭുവിക്ക് സമാനമായി പന്തെറിഞ്ഞ മുംബൈ ഇന്ത്യൻസ് താരം കോര്‍ബിൻ ബോഷിനും വിജയമുണ്ടായി. നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളായിരുന്നു ഭുവിയുടെ നേട്ടം.
രോഹിത് ശര്‍മ - റയാൻ റിക്കല്‍ട്ടണ്‍ സഖ്യം - ടൂര്‍ണമെന്റില്‍ മൂന്ന് തവണ മാത്രമാണ് സഖ്യം ഞായറാഴ്ച വരെ മുംബൈക്കായി ഓപ്പണ്‍ ചെയ്തിട്ടുള്ളത്. അതില്‍ രണ്ട് പ്രാവശ്യവും കൂട്ടുകെട്ട് 100 കടന്നിരുന്നു. ബെംഗളൂരുവിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍.
ആവശ്യത്തിലധികം ക്രാക്കുകള്‍ ഉണ്ടായിരുന്ന വിക്കറ്റില്‍ റിക്കല്‍ട്ടണ്‍ ഭുവിയുടെ ലെങ്ത് ബോള്‍ മിഡ് ഓഫിന് മുകളിലൂടെ ഉയര്‍ത്തിയടിക്കാൻ ശ്രമിച്ചു, പക്ഷേ പ്രതീക്ഷിച്ചതിലും അധികം ബൗണ്‍സ് സംഭവിച്ചതോടെ പിഴച്ചു. പാട്ടിദാറിന്റെ കൈകളില്‍ മുംബൈ ഓപ്പണറുടെ ഇന്നിങ്സിന് അവസാനം.
ബ്രില്യൻസ് രോഹിതിനെ വീഴ്ത്തിയ പന്തിലായിരുന്നു, ഭുവിക്കെതിരെ ബൗണ്ടറി നേടിയാണ് രോഹിത് തുടങ്ങിയത്. ക്രീസുവിട്ടിറങ്ങി ഭുവിയെ നേരിടുന്നതാണ് രോഹിതിന്റെ ഒരുശൈലി. ഇത് മുൻകൂട്ടിക്കണ്ട ഭുവി മണിക്കൂറില്‍ 116 കിലോ മീറ്റര്‍ വേഗതയില്‍ ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ ഒരു നക്കള്‍ ബോള്‍ എറിഞ്ഞു. ഇതോടെ രോഹിത് തന്റെ ഡ്രൈവ് അല്‍പ്പം നേരത്തെ കളിക്കാൻ നിര്‍ബന്ധിതനായി, ഔട്ട്സൈഡ് എഡ്ജിലേക്ക് നയിക്കുകയും ചെയ്തു. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ തന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചതോടെ അപകടകാരിയായ രോഹിത് 10 പന്തില്‍ 22 റണ്‍സുമായി പുറത്ത്.
സൂര്യകുമാറിനെ ഗോള്‍ഡൻ ഡക്കാക്കിയത് ലെങ്ത് ബോളിലും വെല്‍ സെറ്റില്‍ഡായ തിലക് വര്‍മയെ മടക്കിയത് യോര്‍ക്കര്‍ ശ്രമത്തിലൂടെയും, നാല് വിക്കറ്റുകള്‍. 21 ബാറ്റര്‍മാരെ സീസണില്‍ പവലിയനിലേക്ക് ഇതുവരെ മടക്കി, പര്‍പ്പിള്‍ ക്യാപ്പും നേടിയെടുത്തു.
മത്സരത്തിന്റെ ഏത് ഘട്ടത്തിലും എഫക്റ്റീവ്, അതാണ് ഭുവിയുടെ ഈ സീസണിലെ സവിശേഷത. പവര്‍പ്ലേയില്‍ എക്കോണമി ഏഴ് മാത്രം, മധ്യ ഓവറുകളില്‍ 8.4, ഡെത്തില്‍ 7.8. ബാറ്റര്‍മാരുടെ പറുദീസകളില്‍ പന്തെറിഞ്ഞാണ് ഈ നേട്ടമെന്നും ഓര്‍ക്കേണ്ടതുണ്ട്.