ഐപിഎല്‍ 2026: എത്രകാലമായി അയാള്‍ ഇങ്ങനെ, ചിന്നസ്വാമിയില്‍ ഒരിക്കല്‍ക്കൂടി ചെസ് മാസ്റ്റര്‍

Published : Apr 25, 2026, 01:57 PM IST
Virat Kohli

Synopsis

30-ാം പന്തിലാണ് അര്‍ദ്ധ സെഞ്ചുറി, ചിന്നസ്വാമിക്കും ഐപിഎല്ലിനും സുപരിതമായ കണ്ട് ശീലച്ച കാഴ്ച. പക്ഷേ, അതില്‍ 20 റണ്‍സും ഓടിനേടിയെടുത്തതാണെന്ന് ഓര്‍ക്കണം

വാഷിങ്ടണ്‍ സുന്ദറിന്റെ കൈകളില്‍ നിന്ന് ആ പന്ത് ചിന്നസ്വാമിയിലെ പ്രാക്‌റ്റീസ് വിക്കറ്റിലേക്ക് വീഴുമ്പോള്‍ വിരാട് കോലി മുഹമ്മദ് സിറാജിനെ നോക്കിയൊന്ന് ചിരിച്ചു. മുന്നിലൊരു ലക്ഷ്യമുയര്‍ന്നാല്‍ അയാള്‍ക്ക് വിശ്രമമില്ല, അത് മറികടക്കുക എന്നത് അയാളെ സംബന്ധിച്ച് ഒരുതരം ആനന്ദമാണ്. ഒരു തപസ് പോലെ അയാള്‍ അത് പൂര്‍ത്തികരിക്കും.

റോളങ് ഗാരോസില്‍ റാഫേല്‍ നാദാലിനെ കീഴടക്കുക എന്നത് അസാധ്യമായ ഒന്നാണെന്ന് പറയാറുണ്ട്, റാക്കറ്റ് എടുത്ത എത്ര ഇതിഹാസങ്ങള്‍ അതിനായി ശ്രമിച്ചു. പക്ഷേ, അയാളുടെ വിയര്‍പ്പുതുള്ളികളുടെ ചൂടറിഞ്ഞ ആ കളിമണ്ണ് എക്കാലവും അയാള്‍ക്കൊപ്പം നിന്നു. സമാനമാണ് റണ്‍ചേസുകളിലെ വിരാട് കോലി, 22 വാരയ്ക്കിടയില്‍ തന്റെ ശരീരത്തിന്റെ സാധ്യതകളുടെ അളവുകോലിനെപ്പോലും മറികടന്ന് അയാള്‍ നിലകൊള്ളും. കളിദൈവങ്ങള്‍ കുറിക്കുന്ന വിധിയെപ്പോലും തിരുത്താൻ പോന്നൊരാള്‍. കാലാതീതൻ.

പക്ഷേ, ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 206 റണ്‍സ് വിജയലക്ഷ്യം ഒരുവശത്ത് നിന്ന് കയറിത്തുടങ്ങാൻ ശ്രമിക്കവെ പതിവില്ലാതെ വിരാട് കോലിയുടെ ബാറ്റ് എതിരാളികളെ ഒന്ന് കടാക്ഷിച്ചു. യുദ്ധം തുടങ്ങും മുൻപ് രാജാവിനെ വീഴ്ത്താൻ ഒരുഅവസരം. അതായിരുന്നു നിമിഷം, ദ ഡിഫൈനിങ് മൊമന്റ്. സുന്ദറിന്റെ സുരക്ഷിതമായ കൈകളുടെ ചോർച്ച അറിഞ്ഞ ചിന്നസ്വാമി നെടുവീര്‍പ്പിട്ടു, ഇനിയത്തരമൊരു അവസരം അവരെ തേടിയെത്താൻ പോകുന്നില്ല. അത് വിരാട് കോലി തന്റെ കരിയറുകൊണ്ട് നല്‍കുന്ന ഉറപ്പാണ്.

ഷോര്‍ട്ട് ബോളായിരുന്നു കോലിയുടെ ബാറ്റിന് വിലങ്ങിടാൻ ഗുജറാത്ത് തിരഞ്ഞെടുത്ത മാര്‍ഗം. കോലിക്കെതിരായ കഗിസൊ റബാഡയുടെ ആദ്യ പന്തില്‍ തന്നെ അത് തെളിഞ്ഞു. പക്ഷേ, ലെഗ് സ്റ്റമ്പിനിപ്പുറത്തേക്ക് ചുവട് മാറി മിഡ് ഓണിന് മുകളിലൂടെ ആ പന്ത് കോലിയുടെ ബാറ്റില്‍ നിന്ന് സഞ്ചരിച്ചു, ബൗണ്ടറി. റബാഡ ഒരിക്കല്‍ക്കൂടിയും ശേഷം ജേസണ്‍ ഹോള്‍ഡറും കോലിയുടെ കൈവേഗമറിഞ്ഞു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വലം കയ്യൻ ബാറ്ററുടെ സ്കോര്‍ 15 പന്തില്‍ 22 മാത്രമാണ്.

ചേസില്‍ ഒരു ഇന്നിങ്സിന്റെ താളം നിശ്ചയിക്കേണ്ടത് എങ്ങനെയായിരിക്കണം. എത്തരത്തില്‍ എതിരാളികള്‍ ഒരുക്കുന്ന ഫീല്‍ഡിനെ ഉപയോഗിക്കണം. പവര്‍പ്ലേക്ക് ശേഷമുള്ള കോലിയുടെ ഇന്നിങ്സില്‍ ഈ രണ്ട് ചോദ്യങ്ങളുടേയും ഉത്തരം പൂർണമായും ഉണ്ട്. It's not just about boundaries or big hits. It's about running between the wickets too. ഇതാണ് മന്ത്ര.

ഏഴാം ഓവർ. പ്രസിദ്ധ് കൃഷ്ണയാണ്. ഐപിഎല്ലില്‍ വിക്കറ്റിന്റെ ബൗണ്‍സും സ്വഭാവവുമെല്ലാം പ്രയോജനപ്പെടുത്തി ഷോര്‍ട്ട് ബോളില്‍ വിജയം കണ്ടെത്തുന്ന ഒരു ബൗളര്‍. ആ ഓവറില്‍ രണ്ട് ബൗണ്ടറികള്‍ കോലി നേടി. പന്തിന്റെ അപ്രതീക്ഷിതമായ ബൗണ്‍സില്‍, ബാക്ക് ഫൂട്ടിലൂന്നി കവറിന് മുകളിലൂടെയായിരുന്നു ആദ്യ ഷോട്ട്. ഇറ്റ് വാസ് നോട്ട് എബൗട്ട് ടൈംമിങ്, ബട്ട് ടെക്‌നിക്ക്. തൊട്ടടുത്ത പന്തില്‍ അതിലും മികച്ചതാണ് കാത്തുവെച്ചത്.

തന്നെ തേടിയെത്താൻ പോകുന്ന പന്തിന്റെ പേസും ഫീല്‍ഡിലെ സ്പേസും അയാള്‍ എത്രത്തോളം മനസിലാക്കുന്നുവെന്നതിന് ചിന്നസ്വാമി സാക്ഷിയായ മൊമന്റ്. സമാനമായൊരു ബാക്ക് ഓഫ് ദ ലെങ്ത് ഡെലിവെറി. കോലി ക്രീസ് വിട്ടിറങ്ങി. താരത്തിന്റെ ശരീരത്തിന്റെ ചലനം നല്‍കിയ സൂചന കവറിന് മുകളിലൂടെയുള്ള ആ ട്രേഡ് മാര്‍ക്ക് ലോഫ്റ്റഡ് ഡ്രൈവ് സംഭവിക്കാൻ പോകുന്നുവെന്നായിരുന്നു. എന്നാല്‍, പന്ത് ബൗണ്ടറി റോപ്പ് കടക്കുന്നത് പോയിന്റിനും ബാക്ക്‌വേഡ് പോയിന്റിനും ഇടയിലൂടെയാണ്. ലാസ്റ്റ് മിനുറ്റ് അഡ്‌ജസ്റ്റ്മെന്റാണ്, ബ്രില്യന്റ് എക്സിക്യൂഷൻ. വിരാട് കോലി ഫോര്‍ യു.

30-ാം പന്തിലാണ് അര്‍ദ്ധ സെഞ്ചുറി, ചിന്നസ്വാമിക്കും ഐപിഎല്ലിനും സുപരിതമായ കണ്ട് ശീലച്ച കാഴ്ച. പക്ഷേ, അതില്‍ 20 റണ്‍സും ഓടിനേടിയെടുത്തതാണെന്ന് ഓര്‍ക്കണം. അര്‍ദ്ധ സെഞ്ചുറിയുടെ 80 ശതമാനവും ബൗണ്ടറിയിലൂടെ പുതുതലമുറ നേടുന്നകാലത്തും ഈ കണക്കിന് പ്രസക്തിയുണ്ട്. ലോകക്രിക്കറ്റിലെ പ്രീമിയം ബൗളര്‍മാരായ കഗിസൊ റബാഡയേയും റാഷിദ് ഖാനെയും ഒരേ മീറ്ററില്‍ ഡൊമിനേറ്റ് ചെയ്യുന്നു. റബാഡയ്ക്ക് എതിരെ മിഡ് വിക്കറ്റിന് മുകളിലൂടെ നേടിയ സിക്‌സ്, റാഷിദിന്റെ ടോസ്‌ഡ് അപ്പ് ഡെലിവെറിയില്‍ ലോങ് ഓഫില്‍ നേടിയ ബൗണ്ടറി, പ്യുവര്‍ ക്ലാസ്.

ഹോള്‍ഡറിനെതിരെ തുടരെ നേടിയ സിക്‌സറുകള്‍ക്കൊടുവില്‍ ഷോര്‍ട്ട് ബോള്‍ അയാളുടെ കണക്കുകൂട്ടലുകളെ തെറ്റിക്കുകയാണ്. 44 പന്തില്‍ 81 റണ്‍സ്, എട്ട് ഫോറും നാല് സിക്സും. പവര്‍പ്ലേയിലെ സ്ട്രൈക്ക് റേറ്റ് 146 ആയിരുന്നെങ്കില്‍ ശേഷമത് 203 ആണ്. കോലി മടങ്ങുമ്പോഴേക്കും ബെംഗളൂരുവിന് ജയം എത്തിപ്പിടിക്കാനാകുന്ന ദൂരത്തില്‍ തന്നെയായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേടിയ 28215 റണ്‍സ് 85 സെഞ്ചുറികള്‍, ഐപിഎല്ലില്‍ ഒൻപതിനായിരത്തോളം, എട്ട് ശതകങ്ങള്‍. പക്ഷേ, റണ്‍സിനായുള്ള ദാഹം ഒരിറ്റുപോലും അടങ്ങിയിട്ടില്ലായെന്ന് അയാളുടെ നിരശകലര്‍ന്ന, തന്നോട് തന്നെ അമര്‍ഷം പ്രകടമാക്കുന്ന പ്രതികരണത്തിലുണ്ടായിരുന്നു.

ഡേവിഡ് വാര്‍ണര്‍ വന്നു, ശേഷം കെയിൻ വില്യംസണ്‍, കെ എല്‍ രാഹുല്‍, റുതുരാജ് ഗെയ്ക്വാദ്, ജോസ് ബട്ട്ലര്‍, സായ് സുദര്‍ശൻ, ശുഭ്മാൻ ഗില്‍...ഓറഞ്ച് ക്യാപ് ഇപ്പോഴും അയാളുടെ തലയ്ക്ക് അലങ്കാരമായുണ്ട്. കാലത്തിനും തലമുറകള്‍ക്കും കീഴടക്കാൻ കഴിയാത്തൊരാള്‍.

PREV
Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: ഹാര്‍ദിക്കിന്റെ ഭയത്തിന്റെ പേരാണ് ഇന്ന് സഞ്ജു, മുംബൈയെ തീര്‍ത്ത തലൈവൻ
ഐപിഎല്‍ 2026: ഫ്ലോപ്പാകുന്ന നായകന്മാര്‍, ഒപ്പം വീഴുന്ന ടീമുകളും; സീസണില്‍ നിരാശപ്പെടുത്തിയ തലവന്മാർ