
തേഡ് അമ്പയറിന് അതെങ്ങനെ ഔട്ട് വിധിക്കാനാകും, ഫീല്‍ഡറും ബൗണ്ടറി റോപ്പും തമ്മില്‍ കോണ്‍ടാക്റ്റ് സംഭവിച്ചിട്ടുണ്ട്. ഹെൻറിച്ച് ക്ലാസന്റെ ക്യാച്ച് ബൗണ്ടറി ലൈനില്‍ നിന്ന് നൂലിഴ അകലത്തില്‍ ഫില്‍ സാള്‍ട്ട് കൈപ്പിടിയിലൊതുക്കിയതിന് ശേഷം ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം ആശയക്കുഴപ്പത്തില്‍ ചോദിച്ചു. ഐപിഎല്‍ 19-ാം പതിപ്പിന്റെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു - സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉദ്ഘാടന മത്സരത്തിലെ ഏറ്റവും നിര്‍ണായകമായ നിമിഷമായിരുന്നു അത്. കളിയുടെ ഗതിതിരിച്ച സന്ദര്‍ഭം. ഫില്‍ സാള്‍ട്ടിന്റേത് ക്ലീൻ ക്യാച്ച് ആയിരുന്നോ, എന്തുകൊണ്ട് തേഡ് അമ്പയര്‍ ഔട്ട് വിധിച്ചു.
സന്ദര്‍ഭത്തിലേക്ക് ആദ്യം. അഭിഷേക് ശര്‍മ, ഇഷാൻ കിഷൻ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിങ്ങനെ മൂന്ന് ബാറ്റര്‍മാരെ കേവലം അഞ്ച് ഓവറിനുള്ളില്‍ തന്നെ നഷ്ടമായി സമ്മര്‍ദത്തിലേക്ക് വീണിരുന്നു ഹൈദരാബാദ്. അവിടെ നിന്ന് ടീമിനെ തിരിച്ചെത്തിക്കാനുള്ള നിയോഗം ഏറ്റെടുക്കുകയായിരുന്നു നായകൻ ഇഷാൻ കിഷനും ക്ലാസനും. മുൻനിര തകര്‍ന്നിട്ടും ബെംഗളൂരു ബൗളര്‍മാരോട് ദയകാണിക്കാൻ ഇഷാൻ തയാറായില്ല, ക്ലാസൻ അനിവാര്യമായ പിന്തുണ നല്‍കി. റണ്‍റേറ്റ് കേവലം ആറില്‍ നിന്ന് പത്തിലേക്ക് അടുപ്പിക്കാൻ ഇരുവര്‍ക്കും അനായാസം സാധിച്ചു.
ഇഷാനൊപ്പം ക്ലാസനും ടോപ് ഗിയറിലേക്ക് ഷിഫ്റ്റ് ചെയ്യാനൊരുങ്ങുകയായിരുന്നു 13-ാം ഓവറില്‍. റൊമാരിയോ ഷെപേഡിന്റെ ഓഫ് കട്ടറില്‍ ക്ലാസൻ പന്ത് ഉയര്‍ത്തിയടിച്ചു. ഡീപ് മിഡ് വിക്കറ്റ് ലക്ഷ്യമാക്കി തൊടുത്ത ഷോട്ടില്‍ ക്ലാസൻ പ്രതീക്ഷിച്ച ഇലവേഷൻ ഉണ്ടായിരുന്നില്ല. ബൗണ്ടറി റോപ്പിലേക്ക് ആഞ്ഞ് മലക്കം മറിഞ്ഞ് സാള്‍ട്ട് പന്ത് കൈക്കലാക്കി. പൂര്‍ണ ആത്മവിശ്വാസത്തോടെയായിരുന്നു സാള്‍ട്ട് പന്തുമായി മൈതാനത്ത് നിന്ന് എഴുന്നേറ്റതും. സഹതാരം ടിം ഡേവിഡ് ഓടിയെത്തി അഭിനന്ദിക്കുകയും ചെയ്തു സാള്‍ട്ടിനെ.
എന്നാല്‍, ഓണ്‍ഫീല്‍ അമ്പയര്‍ ഉല്ലാസ് ഗാന്ധെയ്ക്ക് ക്യാച്ചില്‍ വ്യക്തത ലഭിച്ചിരുന്നില്ല. ഉടൻ തന്നെ ഗാന്ധെ തേഡ് അമ്പയര്‍ക്ക് തീരുമാനം കൈമാറുകയും ക്ലാസനോട് മൈതാനത്ത് തുടരാനും ആവശ്യപ്പെട്ടു. സാള്‍ട്ടിന്റെ മുൻവശത്ത് നിന്നും പിൻവശത്ത് നിന്നുമുള്ള ക്യാമറ ആംഗിളുകളായിരുന്നു തേഡ് അമ്പയര്‍ രോഹൻ പണ്ഡിറ്റിന് മുന്നിലെത്തിയത്. ടോപ് ആംഗിളിനായി രോഹൻ പണ്ഡിറ്റ് അഭ്യര്‍ത്ഥിച്ചെങ്കിലും ലഭ്യമായില്ല. രണ്ട് ആംഗിളുകളിലും സാള്‍ട്ടിന്റെ ശരീരമോ ജഴ്സിയോ ബൗണ്ടറി റോപ്പില്‍ തട്ടുന്നത് സംബന്ധിച്ച് പൂര്‍ണമായും വ്യക്തത നല്‍കുന്നതുമായിരുന്നില്ല.
ഇതോടെ തേഡ് അമ്പയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. രോഹൻ പണ്ഡിറ്റിന്റെ തീരുമാനം ക്ലാസനൊ സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാമ്പിനൊ വിശ്വസിക്കാനായിരുന്നില്ല. കാരണം ഫില്‍ സാള്‍ട്ടിനെ സംശയനിഴലില്‍ നിര്‍ത്താൻ പോന്നതൊക്കെ ദൃശ്യങ്ങളിലുണ്ടായിരുന്നു. ഫോര്‍ത്ത് അമ്പയറുമായി അല്‍പ്പനേരം സംസാരിച്ചതിന് ശേഷമാണ് ക്ലാസൻ ഡ്രെസിങ് റൂമിലേക്ക് മടങ്ങാൻ തയാറായതും. ഹൈദാരാബാദ് ഇന്നിങ്സിലെ ഏറ്റവും സുപ്രധാന ഘട്ടത്തില്‍ സംഭവിച്ചതുകൊണ്ട് തന്നെ സംഭവം വിവാദമായി മാറാനും അധികസമയം എടുത്തില്ല.
ഇനിയന്തുകൊണ്ട് തേഡ് അമ്പയര്‍ ഔട്ട് വിധിച്ചതെന്ന് പരിശോധിക്കാം. ഫില്‍ സാള്‍ട്ടിനെ സംശയത്തില്‍ നിര്‍ത്തിയോ ക്ലീൻ ടേക്ക് അല്ല എന്നൊരു തലത്തിലോ അല്ല തേഡ് അമ്പയര്‍ ക്യാച്ചിനെ സമീപിച്ചത്. സാള്‍ട്ടിന്റെ ശരീരമോ ജഴ്സിയോ ബൗണ്ടറി റോപ്പില്‍ തട്ടുന്നുണ്ട് എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടോ എന്നതിനായിരുന്നു പ്രധാന പരിഗണന. ലഭിച്ച ദൃശ്യങ്ങളില്‍ നോട്ട് ഔട്ട് വിധിക്കാൻ മാത്രം തെളിവുകളില്ല എന്നാണ് തേഡ് അമ്പയര്‍ വിശ്വസിച്ചത്. തന്റെ വിശ്വാസത്തില്‍ ഉറച്ച് ഔട്ട് വിധിക്കുകയായിരുന്നു രോഹൻ പണ്ഡിറ്റ് ചെയ്തത്.
വിമര്‍ശനം വര്‍ധിക്കാനുള്ള പ്രധാന കാരണം മതിയായ പരിശോധന നടത്താൻ അമ്പയര്‍ തയാറായില്ല എന്നതാണ്. മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ കോമ്പ്ലിക്കേറ്റടായ ഒരു ക്യാച്ച് വരുന്നു. സന്ദര്‍ഭത്തിന് അനുസരിച്ച് മതിയായ ഗൗരവം നല്‍കിയോ എന്ന സംശയം നിലനില്‍ക്കുന്നു. ബൗണ്ടറി കുഷ്യൻ ചലിച്ചുവെന്ന് തോന്നിപ്പിക്കുന്ന നിമിഷം ക്യാച്ചിനിടയില്‍ സംഭവിക്കുകയും ചെയ്തു. എന്നിട്ടും കേവലം രണ്ട് ആംഗിളില്‍ ഒതുങ്ങി പരിശോധന. എന്തുകൊണ്ട് മറ്റ് ആംഗിളുകള്‍ പരിഗണിക്കാൻ അമ്പയര്‍ തയാറായില്ല. ലോകക്രിക്കറ്റിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസ് ലീഗിന് മതിയായ സാങ്കേതിക സഹായമില്ലെ എന്ന ചോദ്യവും അവശേഷിക്കുന്നു. ഒരുപക്ഷേ, ടോപ് ആംഗിളിലെ ദൃശ്യമുണ്ടായിരുന്നെങ്കില്‍ ആശയക്കുഴപ്പങ്ങളെല്ലാം അവസാനിക്കുമായിരുന്നു.