ഐപിഎല്‍ 2026: ഗില്ലും സംഘവും ഉറപ്പിച്ച് തന്നെ; സ്ഥിരത പ്ലേ ഓഫിലും ആവർത്തിക്കാനാകുമോ

Published : May 23, 2026, 02:21 PM IST
Shubman Gill

Synopsis

സമീപകാലത്ത് ഐപിഎല്ലില്‍ ഏറ്റവും സ്ഥിരതയുള്ള ടീമുകളെടുത്താല്‍ ഏറ്റവും മുൻപന്തിയിലുണ്ടാകും ഗുജറാത്ത് ടൈറ്റൻസ്

ശിവം ദുബെ ഉയര്‍ത്തിയടിച്ച പന്ത് പിന്നോട്ടോടി ഡൈവ് ചെയ്ത് കൈപ്പിടിയിലൊതുക്കിയ ശേഷം ശുഭ്മാൻ ഗില്‍ ഗ്യാലറിയോട് പറഞ്ഞു. സ്റ്റേ സൈലന്റ്, സ്റ്റേ ബാക്ക്. തങ്ങളുടെ ഹോം മൈതാനത്ത് തിങ്ങിനിറഞ്ഞ ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധകരോടായിരുന്നു ഗില്ലിന്റെ പ്രതികരണം. ഇത്രത്തോളം അഗ്രസീവായി ഗില്ലിനെ ഐപിഎല്ലില്‍ ഒരിക്കലും കണ്ടിട്ടില്ല, അവസാനമായി ഗില്ലിന്റെ ഈ സമീപനം കണ്ടത് അങ്ങ് ഇംഗ്ലണ്ടിലാണ്, ടെസ്റ്റ് പരമ്പരയില്‍.

അവിടെയും കഴിഞ്ഞില്ല, മുൻചാമ്പ്യന്മാരെ കീഴടക്കിയ ശേഷം ക്യാമറക്കണ്ണുകളില്‍ ഗില്‍ എഴുതി, 4 ഔട്ട് ഓഫ് 5 എന്ന്. കളിച്ച അഞ്ച് സീസണുകളില്‍ നാലിലും പ്ലേ ഓഫിലെത്തിയ ടീം. സമീപകാലത്ത് ഐപിഎല്ലില്‍ ഏറ്റവും സ്ഥിരതയുള്ള ടീമുകളെടുത്താല്‍ മുൻപന്തിയിലുണ്ടാകും ഗുജറാത്ത് ടൈറ്റൻസ്. ഗില്ലിന്റേയും ടീം അംഗങ്ങളുടേയും പ്രകടനങ്ങളും ശരീരഭാഷയും ആത്മവിശ്വാസത്തിന്റെ ഉന്നതിയിലാണ് അവരെന്ന് വ്യക്തമാക്കുന്നതാണ്. രണ്ടാം കിരീടത്തിലേക്ക് ടീമിനെ നയിക്കാൻ ശുഭ്മാൻ ഗില്ലിനാകുമോ?

ദിനംപ്രതി അപ്ഡേറ്റ് ചെയ്യപ്പെടുന്ന ഫോർമാറ്റാണ് ടി20. 140 റണ്‍സ് സുരക്ഷിത സ്കോര്‍ ആയിരുന്ന കാലത്തുനിന്ന് 260 പോലും പ്രതിരോധിക്കുക എളുപ്പമല്ല എന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു. ഇതിന്റെ പിന്നിലെ കാരണം അഗ്രസീവ് ശൈലിയാണ്, എക്‌സ്പ്ലോസീവായ ബാറ്റർമാർ നല്‍കുന്ന തുടക്കവും. പക്ഷേ, ഈ പാതയിലല്ല ഗുജറാത്തിന്റെ സഞ്ചാരം. നായകൻ ശുഭ്മാൻ ഗില്ലും സായ് സുദര്‍ശനും ചേരുന്ന ഓപ്പണിങ് കൂട്ടുകെട്ടില്‍ ഒരു അഭിഷേക് ശര്‍മ - ട്രാവിസ് ഹെഡിനെയോ അല്ലെങ്കില്‍ യശസ്വി ജയ്സ്വാള്‍ - വൈഭവ് സൂര്യവംശിയെയോ കാണാനാകില്ല.

അണ്‍ഓര്‍ത്തഡോക്‌സ് സമീപനങ്ങളില്ല, ഹൈ റിസ്ക്കുകള്‍ ഇല്ല. ടെക്സ്റ്റ് ബുക്ക് ഷോട്ടുകള്‍, ഐ പ്ലീസിങ്ങായുള്ള സ്ട്രോക്ക് പ്ലേ. ഇവയാണ് സായ് - ഗില്‍ സഖ്യത്തിന്റെ ട്രേഡ് മാർക്ക്. ഇതിലൂടെ തന്നെ ടി20ക്ക് അനിവാര്യമായതൊക്കെയും നല്‍കാൻ ഇരുവർക്കും ആകുന്നുണ്ട്. ഏഴാമത്തെ സെഞ്ചുറി കൂട്ടുകെട്ടായിരുന്നു ചെന്നൈക്കെതിരെ ഇരുവരും നേടിയത്. സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടിക പരിശോധിച്ചാല്‍ ഒന്നാം സ്ഥാനത്ത് സായിയേയും രണ്ടാമത് ഗില്ലിനേയും കാണാനാകും.

സായിയുടെ സമ്പാദ്യം 157 സ്ട്രൈക്ക് റേറ്റില്‍ 638 റണ്‍സാണ്. ഒരു സെഞ്ചുറിയും ഏഴ് അര്‍ദ്ധ ശതകങ്ങളും. ഗില്‍ ആറ് അര്‍ദ്ധ സെഞ്ചുറിയോടെ 606 റണ്‍സും നേടി, സ്ട്രൈക്ക് റേറ്റ് 161. അഭിഷേക്, ഇഷാൻ, വൈഭവ് എന്നിവരുടെ സ്ട്രൈക്ക് റേറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ അല്‍പ്പം കുറവായിരിക്കാം. പക്ഷേ, ഗുജറാത്തിന്റെ സംബന്ധിച്ച് ഇത് ആശങ്കപ്പെടുത്തുന്ന ഒന്നല്ല, കാരണം ഈ സമീപനത്തിലും അവര്‍ക്ക് പട്ടികയുടെ രണ്ടാം സ്ഥാനം ഉറപ്പിക്കാനായി.

ഇതിനോട് ചേർത്തുവെക്കേണ്ടത് മൂന്നാമനായ ജോസ് ബട്ട്‌ലറിനെയാണ്. 469 റണ്‍സ് ബട്ട്ലർ ഇതുവരെ നേടിയിട്ടുണ്ട്. ഗില്ലിനും സായിക്കും ശേഷം മിഡില്‍ ഓവറിലെത്തിയാണ് ഈ പ്രകടനം വലം കയ്യൻ ബാറ്റർ പുറത്തെടുത്തിട്ടുള്ളതെന്നും ഓര്‍ക്കേണ്ടതുണ്ട്. 303 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറും. ഈ നാല് പേര്‍ക്ക് ശേഷം 100 റണ്‍സ് നേടിയിട്ടുള്ള ഒരു ബാറ്റര്‍പോലും ഗുജറാത്ത് നിരയിലില്ല. എത്രത്തോളം ഇവരുടെ സ്ഥിരത ഗുജറാത്തിനെ തുണയ്ക്കുന്നുണ്ട് എന്നതിന് മറ്റ് ഉദാഹരണങ്ങള്‍ തേടിപ്പോകേണ്ടതില്ല.

നാല് ബാറ്റർമാരുടേയും സ്ട്രൈക്ക് റേറ്റ് ഫലത്തെ സ്വാധീനിക്കാത്തതിന്റെ കാരണം മറ്റൊന്നാണ്. ഗില്ലിന് ബൗളര്‍മാര്‍ നല്‍കുന്ന ലക്ഷ്വറി. കഗിസൊ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, റാഷിദ് ഖാൻ, ജേസണ്‍ ഹോള്‍ഡര്‍. ടി20യില്‍ റണ്ണൊഴുക്ക് തടയാൻ മാത്രം കരുത്തുറ്റ ബൗളിങ് നിരയാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിയേക്കില്ല. പക്ഷേ, ലൈനിലും ലെങ്തിലും ഗുജറാത്ത് പേസര്‍മാര്‍ പുലര്‍ത്തുന്ന കൃത്യതയാണ് എതിര്‍ ബാറ്റിങ് നിരയ്ക്ക് വെല്ലുവിളിയാകുന്നത്. ഏറ്റവും മികച്ച ഉദാഹരണമാണ് സഞ്ജു സാംസണിനെ സിറാജ് പുറത്താക്കിയ പന്ത്.

ഡോട്ട് ബോളുകള്‍ എറിഞ്ഞ ബൗളര്‍മാരുടെ പട്ടികയില്‍ സിറാജും റബാഡയും മുൻപന്തിയിലുണ്ട്. പവര്‍പ്ലേയില്‍ പ്രോപ്പര്‍ ടെസ്റ്റ് മാച്ച് ലെങ്തുകളാണ് ഇരുവരും ഉപോയിഗിക്കുന്നത്. 41 വിക്കറ്റുകളാണ് സംഖ്യം ഇതുവരെ നേടിയത്. 24 എണ്ണവും റബാഡയുടെ പോക്കറ്റില്‍. 19 ബാറ്റര്‍മാരെ മടക്കാൻ റാഷിദ് ഖാനുമായി. 13 വിക്കറ്റ് ഹോള്‍ഡറും, 14 എണ്ണം പ്രസിദ്ധും നേടി. ഇതില്‍ പ്രസിദ്ധിന്റെ ഇക്കോണമി മാത്രമാണ് 10 കടന്നിട്ടിള്ളുത്. ബാക്കിയെല്ലാവരും ഒൻപതിനും എട്ടിനുമൊക്കെ ഇടിയിലാണ്. വിക്കറ്റ് വേട്ടയില്‍ ടോപ് 15ലാണ് ഗുജറാത്തിന്റെ ഈ അഞ്ച് ബൗളര്‍മാരും.

ഗില്‍ മുതല്‍ പ്രസിദ്ധ് വരെ, മേല്‍പ്പറഞ്ഞ പേരുകളെല്ലാം വീഴുന്ന ഒരുദിവസമായിരിക്കും ഗുജറാത്തിന് വെല്ലുവിളിയാകുക. ലീഗിലെ അവസാന മത്സരത്തില്‍ ബെംഗളൂരുവിന് സംഭവിച്ചതുപോലെ. അല്ലാത്തപക്ഷം ഗുജറാത്ത് കിരീടം നേടാൻ പോന്ന സംഘം തന്നെയാണെന്ന് പറയേണ്ടിവരും. കാല്‍ക്കുലേറ്റഡ് ഗെയിം പ്ലാൻ അവരെ ഇതുവരെ തുണയ്ക്കുകയും ചെയ്തിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഏത് മൈതാനവും ലീഗും സമം; സൗദിയും കീഴടക്കി ലോകകപ്പിന് അയാള്‍, ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ
ഏകദിനത്തില്‍ നോ എൻട്രി! റിഷഭ് പന്തിന്റെ വൈറ്റ് ബോള്‍ കരിയര്‍ തുലാസിലോ?