
ട്വന്റി 20 ലോകകപ്പിന്റെ ആരവങ്ങള്‍ പതിയെ കെട്ടടങ്ങിത്തുടങ്ങിയിരിക്കുന്നു. ഇനി ഐപിഎല്‍ രാവുകളാണ്. ക്ഷീണമില്ലാതെ ഇന്ത്യയിലെ ഗ്യാലറികള്‍ ഉണരും. എന്നാല്‍, ഇടവേളകളില്ലാതെയുള്ള അന്താരാഷ്ട്ര മത്സരങ്ങളും ഫ്രാഞ്ചൈസ് ലീഗുകളും താരങ്ങള്‍ക്ക് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറുതല്ല. ശാരീരികമായി മാത്രമല്ല, മാനസികമായും. വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ഇനി ഐപിഎല്ലിന് ബാക്കിയുള്ളത്. ടൂര്‍ണമെന്റ് ആരംഭിക്കും മുൻപ് തന്നെ ടീമുകള്‍ പരിക്കിന്റെ രൂപത്തില്‍ തിരിച്ചടികള്‍ നേരിട്ടുതുടങ്ങിയിരിക്കുന്നു.
പരിക്ക് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനേയും സണ്‍റൈസേഴ്സ് ഹൈദരാബാദിനേയുമാണ്. ഒന്നിലധികം താരങ്ങളെയാണ് സീസണ്‍ മുഴുവനായും ഭാഗീകമായും ഇരുടീമുകള്‍ക്കും നഷ്ടമായിരിക്കുന്നത്. രാജസ്ഥാൻ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്സ്, മുംബൈ ഇന്ത്യൻസ് തുടങ്ങിയ ടീമുകളിലെ താരങ്ങളും പരിക്കിന്റെ പിടിയിലുണ്ട്.
കൊല്‍ക്കത്തയുടെ പേസ് നിരയെ പൂര്‍ണമായും വെന്റിലേറ്ററിലാക്കുന്നതാണ് താരങ്ങളുടെ പരിക്ക്. രണ്ട് താരങ്ങള്‍ക്ക് പൂര്‍ണമായും സീസണ്‍ നഷ്ടമാകും. ആകാശ് ദീപും ഹര്‍ഷിത് റാണയും. ട്വന്റി 20 ലോകകപ്പിന് തൊട്ട് മുൻപായിരുന്നു ഹര്‍ഷിതിന് പരിക്കേറ്റതും കാല്‍മുട്ട് ശസ്ത്രക്രിയക്ക് വിധേയനായതും. ആകാശിന്റെ പരിക്ക് തോളിനായിരുന്നു, താരത്തിന് കായികക്ഷമത പൂര്‍ണമായും വീണ്ടെടുക്കാൻ കഴിഞ്ഞതുമില്ല.
ഹര്‍ഷിതിന്റെ പകരക്കാരനായി സിംബാബ്‌വെ പേസര്‍ ബ്ലെസിങ് മുസരബാനി ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്, ടി20 ലോകകപ്പിലെ മികവിന് ശേഷമാണ് മുസരബാനി എത്തുന്നത്, 13 വിക്കറ്റുകളായിരുന്നു ലോകകപ്പില്‍ താരം നേടിയത്.
ഹര്‍ഷിതിനും ആകാശിനും പുറമെ മതീഷ പതിരനയുടെ സേവനവും ഭാഗീകമായെങ്കിലും കൊല്‍ക്കത്തയ്ക്ക് ലഭിക്കില്ല. ലോകകപ്പിനിടെ കാലിന്റെ പേശികള്‍ക്കേറ്റ പരിക്കാണ് പതിരനയ്ക്ക് തിരിച്ചടിയായത്. എന്നിരുന്നാലും ഏപ്രില്‍ പകുതിക്ക് ശേഷം ടീമിനൊപ്പം ചേരാൻ പതിരനയ്ക്ക് കഴിഞ്ഞേക്കും.
തിരിച്ചടികളുടെ വലുപ്പമെടുത്താല്‍ ഏറ്റവുമധികം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനാണ്. നായകൻ പാറ്റ് കമ്മിൻസ്. നടുവിനേറ്റ പരിക്ക് മൂലം സീസണിലെ ആദ്യ മത്സരങ്ങള്‍ കമ്മിൻസിന് നഷ്ടമായേക്കും. താല്‍ക്കാലിക നായകനായി യുവതാരം ഇഷാൻ കിഷനെ മാനേജ്മെന്റ് ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഉപനായകനായി അഭിഷേക് ശര്‍മയും. ഓസീസ് ഓള്‍ റൗണ്ടറായ ജാക്ക് എഡ്‌വേഡ്‌സും ഇഷാൻ മലിങ്കയുമാണ് മറ്റ് ഹൈദരാബാദ് താരങ്ങള്‍. ഇരുവരും ഓറഞ്ച് കുപ്പായത്തില്‍ ഹൈദാരാബാദിനായി ഇക്കുറി കളത്തിലെത്തില്ല.
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഇതിഹാസ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. താരത്തിന് പരിക്കല്ല കാരണമായിരിക്കുന്നത്. ജോലിഭാരവുമായി ബന്ധപ്പെട്ടുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പ്രോട്ടോക്കോളുകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലിന് ശേഷം നിരവധി ടെസ്റ്റ് പരമ്പരകള്‍ ഓസ്ട്രേലിയക്ക് മുന്നിലുണ്ട്. സ്റ്റാര്‍ക്കിന്റെ സാന്നിധ്യം ഓസീസിന് നിര്‍ണായകമാണ്. ഐപിഎല്ലിന്റെ രണ്ടാം പകുതിക്ക് മുൻപ് സ്റ്റാര്‍ക്ക് ടീമിനൊപ്പം ചേര്‍ന്നേക്കും.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് കന്നിക്കിരീടം നേടിക്കൊടുത്ത ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ്. ഹേസല്‍വുഡിന്റെ തുടയുടെ പിൻഭാഗത്തേയും കാല്‍വണ്ണയിലേയും പേശികള്‍ക്കാണ് പരിക്കേറ്റത്. ആദ്യ കുറച്ച് മത്സരങ്ങള്‍ മാത്രമായിരിക്കും ഹേസല്‍വുഡിന് നഷ്ടമാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ശേഷം താരം ടീമിനൊപ്പം ചേര്‍ന്നേക്കും.
സഞ്ജു സാംസണിന്റെ പകരക്കാരായി എത്തിയ രണ്ട് പേരില്‍ ഒരാള്‍. ഇംഗ്ലണ്ട് താരവും രാജസ്ഥാൻ റോയല്‍സിന്റെ സ്റ്റാര്‍ ഓള്‍ റൗണ്ടറുമായ സാം കറൻ. ടി20 ലോകകപ്പിനിടെയാണ് കറണിന് പരുക്കേറ്റത്. രാജസ്ഥാനൊപ്പമുള്ള ആദ്യ സീസണിനായി യുവതാരത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും.
ചെന്നൈ സൂപ്പര്‍ കിങ്സ് പേസര്‍ നാഥാൻ എല്ലിസ്. ഡെത്ത് ഓവറുകളില്‍ റുതുരാജിന്റെ പ്രധാന ആയുധമായി മാറേണ്ടിയിരുന്ന താരം. എല്ലിസിന് പുറമെ ഓള്‍ റൗണ്ടറായ മാത്യു ഷോര്‍ട്ടും പരിക്കിന്റെ പിടിയിലാണ്. വിരലിനേറ്റ പൊട്ടലാണ് ഷോര്‍ട്ടിനെ പുറത്തിരുത്തുന്നത്. ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടമായിരിക്കും ഷോര്‍ട്ടിന് നഷ്ടമാകുക.
കുടുംബത്തിനൊപ്പം സമയം ചിലവിടുന്നതിനായി ആദ്യ മത്സരങ്ങളില്‍ നിന്ന് വിശ്രമം എടുത്തിരിക്കുകയാണ് പഞ്ചാബ് കിങ്സ് പേസര്‍ ലോക്കി ഫെര്‍ഗൂസണ്‍. താരത്തിന്റെ പരിക്കുകളില്ലെന്നും ശാരീരകക്ഷമതയുടെ കാര്യത്തിലും ആശങ്കകളില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അഥര്‍വ അങ്കോലേക്കറാണ് മുംബൈ ഇന്ത്യൻസ് നിരയില്‍ നിന്ന് പട്ടികയിലുള്ള താരം.