
അത്ര സ്വീകാര്യത ലഭിക്കാത്ത മനോഭാവം. മൈതാനത്ത് തന്റെ വികാരങ്ങളെ ഒരിക്കലും മറച്ചുപിടിക്കാൻ തയാറാകാത്തൊരാള്‍. ഇക്കാരണം കൊണ്ട്, ജൂനിയര്‍ തലത്തില്‍ പലകുറി തഴയപ്പെടുന്നു. സ്ട്രീറ്റ് ക്രിക്കറ്റില്‍ ഒതുങ്ങുമെന്ന് തോന്നിച്ച കരിയറായിരുന്നു 2014 വരെ. അവിടെ നിന്ന് ഇന്ത്യൻ ക്രിക്കറ്റിലെ പ്രീമിയം ഓള്‍റൗണ്ടറായുള്ള വളര്‍ച്ചയ്ക്ക് നിലം ഒരുക്കിക്കൊടുത്തത് അവരാണ്, മുംബൈ ഇന്ത്യൻസ്. അടിസ്ഥാന വിലയായ 10 ലക്ഷത്തില്‍ നിന്ന് ആ സംഘത്തിന്റെ തന്നെ നായകനായുള്ള ഉയിര്‍പ്പ്. ഏതൊരു കായികതാരത്തെയും മോഹിപ്പിക്കുന്ന വളര്‍ച്ചയായിരുന്നു അയാളുടേത്, ഹാര്‍ദിക്ക് ഹിമാൻഷു പാണ്ഡ്യ.
പക്ഷേ, കരിയറിന്റെ പീക്ക് ഘട്ടത്തില്‍ തന്നെ ഏറ്റവും വലിയ തിരിച്ചടികൂടി അഭിമുഖീകരിക്കുകയാണ് ഹാര്‍ദിക്ക്. മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്തുനിന്ന് വൈകാതെയൊരു പടിയിറക്കം അയാള്‍ക്ക് ഉണ്ടായേക്കും. ഹാര്‍ദിക്കിന്റെ വളര്‍ച്ചയ്ക്കും വീഴ്ച്ചയ്ക്കും വഴിവെച്ചത് എന്തെല്ലാമാണ്, മുംബൈയുടെ വിഖ്യാത ജഴ്‌സി മടക്കിനല്‍കേണ്ടി വന്നാല്‍ അയാളുടെ ഭാവി എന്തായിരിക്കും.
2015 മുതല്‍ 2021 വരെയായിരുന്നു ഹാര്‍ദിക്ക് മുംബൈക്കൊപ്പം ഒരു ഓള്‍ റൗണ്ടറായും താരമായും വളര്‍ന്നത്. താരത്തിന്റേയും മുംബൈയുടേയും സഞ്ചാരം ഒരേ ദിശയിലായിരുന്നു. ഈ ഘട്ടത്തില്‍ മുംബൈ നാല് കിരീടങ്ങള്‍ നേടി, ഹാര്‍ദിക്ക് ദേശിയ ടീമിലെ സുപ്രധാനഘടകമായും പരിവര്‍ത്തനം പ്രാപിച്ചു. പക്ഷേ, എല്ലാം മാറിമറിയുന്നത് 2019ല്‍ സംഭവിച്ച ബാക്ക് ഇഞ്ചുറിയോടെയാണ്, മുംബൈക്കൊപ്പമുള്ള 2020, 21 സീസണുകളില്‍ ഹാര്‍ദിക്ക് ഒരു ബാറ്ററായി മാത്രമായിരുന്നു ടീമിനൊപ്പം കളത്തിലെത്തിയത്.
ഓള്‍ റൗണ്ടറെന്ന ആനുകൂല്യം പതിയെ നഷ്ടമായതോടെയായിരുന്നു മെഗാലേലത്തിന് മുന്നോടിയായി താരത്തെ റിലീസ് ചെയ്യാൻ മുംബൈ തയാറായത്. 2015ല്‍ താരലേലത്തില്‍ സ്വന്തമാക്കിയപ്പോള്‍ ഹാര്‍ദിക്കിന്റെ കരിയറിലുണ്ടായത് വളര്‍ച്ചയാണെങ്കില്‍ 2021ലെ റീട്ടൈൻ ചെയ്യാതിരുന്നപ്പോഴും അത് ആവര്‍ത്തിച്ചു. ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായി രണ്ട് സീസണ്‍, ഒരു കിരീടം, ഒരു റണ്ണേഴ്‌സ് അപ്പ്. ഇവിടെ, ഒരിക്കല്‍ക്കൂടി മുംബൈ ഒരുവഴിത്തിരിവ് നല്‍കുകയാണ് ഹാര്‍ദിക്കിന്.
തിരിച്ചുവരാൻ അവസരം, നായകസ്ഥാനം. ഐപിഎല്‍ ചരിത്രം കണ്ട ഏറ്റവും സെൻസേഷണലായ ഒരു ട്രേഡ്. ഇതുവരെ മുംബൈയും ഹാര്‍ദിക്കും ഒരുമിച്ച് നിന്നപ്പോഴെല്ലാം ഇരുപക്ഷത്തുമുണ്ടായത് ഉയര്‍ച്ചകള്‍ മാത്രമായിരുന്നു. പക്ഷേ, ഫ്രാഞ്ചൈസിയുടെ ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ മാനേജ്മെന്റിന് ചില നീതികേടുകള്‍ കാണിക്കേണ്ടി വന്നു.
അതില്‍ ഒന്ന് ഹാര്‍ദിക്കിന്റെ വരവില്‍ പൊടുന്നനെ രോഹിത് ശര്‍മയെ നായകസ്ഥാനത്തുനിന്ന് നീക്കിയതായിരുന്നു. 2023 ഏകദിന ലോകകപ്പ് ഫൈനലിന്റെ ആഘാതം അയാളെ വിട്ടുമാറും മുൻപായിരുന്നു മാനേജ്മെന്റിന്റെ ഈ തീരുമാനം. അഞ്ച് കിരീടങ്ങള്‍ നേടിത്തന്ന നായകനോടുള്ള സമീപനം തുറന്ന മനസോടെ സ്വീകരിക്കാൻ ആരാധകര്‍ തയാറായതേയില്ല. തെരുവിലും ഗ്യാലറിയിലുമെല്ലാം അത് പ്രകടമായി. ഇരയായത് ഹാര്‍ദിക്കും.
രണ്ട്, ഫ്രാഞ്ചൈസിയുടെ വളര്‍ച്ചയില്‍ വലിയ റോള്‍ വഹിച്ച, നായകസ്ഥാനത്തിന് യോഗ്യതയുള്ള രണ്ട് താരങ്ങള്‍ അപ്പോള്‍ ടീമുലുണ്ടായിരുന്നുവെന്നതാണ്. ജസ്പ്രിത് ബുമ്രയും സൂര്യകുമാര്‍ യാദവും. ഇരുവരേയും തഴഞ്ഞായിരുന്നു ഹാര്‍ദിക്കിനായി ആ കസേര വലിച്ചിട്ടുകൊടുത്തത്. തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ബുമ്രയും സൂര്യയുടെ പ്രതിഷേധം അറിയിക്കാനും മടിച്ചില്ല. ഇത് ഡ്രെസിങ് റൂമിലെ പിരിമുറുക്കങ്ങള്‍ക്ക് വഴിവെച്ചതായി ദേശീയ മാധ്യമങ്ങളില്‍ പലപ്പോഴും റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടു. എങ്കിലും കളത്തിലിതൊന്നും പ്രതിഫലിക്കില്ലെന്ന് കരുതി.
പക്ഷേ, രോഹിതെന്ന ഇതിഹാസത്തിന്റെ കീഴില്‍ ഉണ്ടായിരുന്ന മുംബൈ ഇന്ത്യൻസ്, തിരിച്ചുവരവുകളുടെ സംഘം. ആ ഒത്തൊരുമയും ഓറയും ഒരിക്കല്‍പ്പോലും ഹാര്‍ദിക്കിന്റെ നായകമികവിലുണ്ടായില്ല. 39 മത്സരങ്ങളാണ് ഹാര്‍ദിക്ക് മുംബൈയെ നയിച്ചത്, അതില്‍ 24 പരാജയം, ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും മോശം നായകനെന്ന ഖ്യാതി കേവലം മൂന്ന് സീസണുകള്‍ക്കൊണ്ട് നേടി. ഫീല്‍ഡിലെ പെരുമാറ്റം, മുതിര്‍ന്ന താരങ്ങളോടുള്ള സമീപനം, നിര്‍ദേശങ്ങള്‍ സ്വീകരിക്കാൻ തയാറാകാത്ത മനോഭാവം, തന്ത്രങ്ങളിലെ വീഴ്ച, അങ്ങനെ പലതുണ്ടായിരുന്നു ഈ ഒരുസീസണില്‍ തന്നെ എടുത്ത് പറയാൻ.
മുംബൈ ഇന്ത്യൻസിനെക്കുറിച്ച് ഹാര്‍ദിക്ക് ഒരിക്കല്‍ പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറുകളെ അണിനിരത്തി കിരീടങ്ങള്‍ നേടുന്ന സംഘമെന്ന്. അതിന് രോഹിത് നല്‍കിയ മറുപടികൂടി ചേര്‍ത്ത് പറയാം, സൂപ്പര്‍ സ്റ്റാറുകളെ സൃഷ്ടിക്കുന്ന ടീമാണ് മുംബൈയെന്ന്. അങ്ങനെ സൂപ്പര്‍ താരമായ വ്യക്തികൂടിയായിരുന്നു ഹാര്‍ദിക്ക്. എന്നാല്‍ തന്റെ കൈയില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളെ കിട്ടിയിട്ടും ഹാര്‍ദിക്കിന് ഒന്നും ചെയ്യാൻ കഴിയാതെ പോയി. 2025 പ്ലേ ഓഫ് മാത്രമാണ് ആശ്വാസം.
ഈ സീസണില്‍ നാല് ജയം മാത്രം, മത്സരത്തിനിടെ ഉടമകള്‍ എഴുന്നേറ്റ് പോകുന്ന കാഴ്ച വരെ കാണേണ്ടി വന്നു മുംബൈ ആരാധകര്‍ക്ക്. ഹാര്‍ദിക്കിന്റെ കീഴില്‍ പ്രതീക്ഷിച്ചതൊന്നും മുംബൈക്ക് ലഭിച്ചില്ല എന്ന് മാത്രമല്ല, ടീമിന്റെ ചരിത്രത്തിലെ ഏറ്റവും മോശം കാലഘട്ടവുമുണ്ടായി.
ഇനിയെന്ത് എന്ന ചോദ്യമാണ് മുന്നിലുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് ഹാര്‍ദിക്ക് ചേക്കേറുമെന്നാണ് അഭ്യൂഹം. ഹാര്‍ദിക്കിന് യോജിച്ച അന്തരീക്ഷമാണോ ചെന്നൈ എന്നത് ഒരു ചോദ്യമാണ്, പരിവര്‍ത്തന ഘട്ടത്തിലാണ് ചെന്നൈയും, നായകനായി റുതുരാജുണ്ട്, ധോണിയുടെ പിൻഗാമിയായി സഞ്ജു സാംസണും. നായകനില്‍ കുറഞ്ഞതെന്തെങ്കിലും സ്വീകരിക്കാൻ ഹാര്‍ദിക്ക് തയാറാകുമോയെന്നത് മറ്റൊരു ചോദ്യം.