
ഏറെക്കുറെ സമാനമായ ഘടനയുള്ള രണ്ട് സംഘങ്ങള്‍. വൈഭവ് സൂര്യവംശിയുടെ അസാധാരണ ഇന്നിങ്സിന്റെ കരുത്തില്‍ കയറിവരുന്ന രാജസ്ഥാൻ. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് അതിവേഗം കീഴടങ്ങിയ മുറിവേറ്റത്തെുന്ന ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്ത്. നഷ്ടപ്പെട്ടതൊക്കെയും തിരിച്ചുപിടിക്കേണ്ടതുണ്ട് ഗില്ലിന് ഒരു ഐപിഎല്‍ കിരീടത്തിലൂടെ. അതില്‍ ഇന്ത്യയുടെ ടി20 ടീമിലെ സ്ഥാനമുള്‍പ്പെടെയുണ്ടെന്നും ഓര്‍ക്കണം. ആ വലിയ ഇടവേള അവസാനിപ്പിക്കാനാണ് റിയാൻ പരാഗ് ഒരുങ്ങുന്നത്, ക്വാളിഫയര്‍ രണ്ടിന് മുലൻപൂരില്‍ കളം ഒരുങ്ങുകയാണ്, മുൻതൂക്കം ആര്‍ക്കാണ്.
ബാറ്റിങ്ങില്‍ ഇരുടീമുകളുടേയും കരുത്ത് മുൻനിരയാണ്. ബെംഗളൂരുവിനെതിരെ ഗുജറാത്തിന്റെ ടോപ് ത്രീ പരാജയപ്പെട്ടപ്പോള്‍ സംഭവിച്ചതും, ഹൈദരാബാദിനെതിരെ രാജസ്ഥാന്റെ ടോപ് ത്രീ തിളങ്ങിയതും മത്സരത്തെ ഏറെ സ്വാധീനിച്ച ഘടകമായിരുന്നു. ശുഭ്മാൻ ഗില്‍, സായ് സുദര്‍ശൻ, ജോസ് ബട്ട്ലര്‍. മറുവശത്ത് യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, ദ്രുവ് ജൂറല്‍. പക്ഷേ, ഇവിടെ രാജസ്ഥാനുള്ള മുൻതൂക്കം വൈഭവ് തന്നെയാണ്.
ഹൈദരാബാദിനെതിരായ എലിമിനേറ്റര്‍ എടുത്താല്‍ രാജസ്ഥാൻ മൈനസ് വൈഭവ് എന്ന ഇക്വേഷനില്‍ സാധ്യതക പാറ്റ് കമ്മിൻസിന്റെ കുട്ടികള്‍ക്ക് തന്നെയായിരുന്നു. 29 പന്തില്‍ 97 റണ്‍സ്. മാച്ച് ഡിഫൈനിങ് നോക്ക്. വൈഭവിനെ എങ്ങനെ തടയും എന്നത് മത്സരത്തിന്റെ ഗതിയെ നിര്‍ണയിക്കാൻ കെല്‍പ്പുള്ളതാണ്. ലോക ക്രിക്കറ്റിലെ തന്ത്രശാലിയായ കമ്മിൻസിന്റെ എല്ലാ പദ്ധതികളും പൊളിച്ചെഴുതാൻ 15 വയസുകാരന് കഴിഞ്ഞിരുന്നു. അതുകൊണ്ട് ഗില്ലിന് അല്‍പ്പം തലവേദനം കൂടുമെന്ന് കരുതാം.
ലീഗ് ഘട്ടത്തില്‍ രണ്ടാം തവണ ഇരുടീമുകളും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ വൈഭവിനോട് ഒരുകരുണയും കാണിക്കാൻ ഗുജറാത്ത് തയാറായിരുന്നില്ല. ബൗണ്‍സറുകളായിരുന്നു വൈഭവിനെതിരെ പ്രയോഗിച്ച പ്രധാന അസ്ത്രങ്ങളിലൊന്ന്. ടോപ് ത്രീയുടെ കരുത്തില്‍ സമാനമാണ് കാര്യങ്ങളെങ്കിലും മധ്യനിരയിലേക്ക് വരുമ്പോള്‍ ഇരുടീമുകള്‍ക്കും പോരായ്മകളുണ്ട്. ജേസണ്‍ ഹോള്‍ഡര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ സാന്നിധ്യം ഗുജറാത്തിന് ഇവിടെ മേല്‍ക്കൈ നല്‍കുന്നു, റിയാൻ പരാഗിന് ശേഷം ആര് എന്ന ചോദ്യമാണ് രാജസ്ഥാന് മുന്നിലുള്ളത്.
പവര്‍പ്ലേയില്‍ കളി ജയിക്കുന്ന സംഘമാണ് രാജസ്ഥാനും ഗുജറാത്തും. അതിപ്പോള്‍ ബൗളിങ്ങാണെങ്കിലും ബാറ്റിങ് ആണെങ്കിലും. ആദ്യ ആറ് ഓവറില്‍ ആധിപത്യം പുലര്‍ത്താതിരുന്ന ഘട്ടങ്ങളിലൊക്കെ വിരളമായി മാത്രമാണ് ഇരുടീമുകള്‍ക്കും മത്സരങ്ങളിലേക്ക് തിരികെ വരാൻ കഴിഞ്ഞിട്ടുള്ളത്. ഇവിടെയുമൊരു നെക്ക് ടു നെക്ക് ബാറ്റില്‍ നടക്കുന്നുണ്ട്. ഗുജറാത്തിനായി മുഹമ്മദ് സിറാജും കഗിസൊ റബാഡയും, രാജസ്ഥാനായി ജോഫ്ര ആര്‍ച്ചറും നന്ദ്രെ ബര്‍ഗറും.
റബാഡയും സിറാജും ചേര്‍ന്ന് 43 വിക്കറ്റുകളാണ് സീസണില്‍ നേടിയത്. ഒപ്പം പ്രസിദ്ധ് കൃഷ്ണയും ജേസണ്‍ ഹോള്‍ഡറുമുണ്ട്. കഴിഞ്ഞ സീസണിലെ മങ്ങിയ ഫോമില്‍ നിന്ന് റാഷിദ് ഖാന്റെ മടങ്ങിവരവും. അന്താരാഷ്ട്ര ബൗളിങ് നിരയാണ് ഗുജറാത്തിന്റേത്. പക്ഷേ, ആര്‍ച്ചറും ബര്‍ഗറും നല്‍കുന്ന തുടക്കമാണ് രാജസ്ഥാന്റെ ഇന്ധനം. ഹൈദരാബാദിന്റെ ടോപ് ത്രീയെ തൂക്കിയത് ആര്‍ച്ചറായിരുന്നു, അത് സംഭവിച്ചില്ലായിരുന്നെങ്കില്‍ മത്സരഫലം തിരിയാനുള്ള സാധ്യതയുണ്ടായിരുന്നുവെന്ന് കളി അവസാനിച്ച ഘട്ടം തെളിയിക്കുന്നു. 37 വിക്കറ്റാണ് ബര്‍ഗര്‍, ആര്‍ച്ചര്‍ കൂട്ടുകെട്ട് നേടിയത്, 24ഉം ആര്‍ച്ചറിന്റെ സംഭാവന.
ഗുജറാത്തിനെ ബെംഗളൂരു കീഴടക്കിയത് കൃത്യമായ മാച്ചപ്പുകള്‍ ഉപയോഗിച്ചായിരുന്നു, ഗില്ലിന് ഭുവി, ബട്ട്ലറിന് ഹേസല്‍വുഡ് എന്നിങ്ങനെ...ആര്‍ച്ചറിനെതിരെ ഗില്ലിന് മികച്ച റെക്കോര്‍ഡില്ല, പക്ഷേ ബട്ട്ലറിന്റെ കാര്യം വ്യത്യസ്തമാണ്. അതുകൊണ്ട് മാച്ച് അപ്പുകള്‍ കളിയെ നിര്‍ണയിക്കുമോയെന്നും ആകാംഷയോടെ നോക്കിക്കാണേണ്ട ഒന്നാണ്. ഇതിനെല്ലാം ഉപരിയായി പ്രധാനപ്പെട്ട മറ്റൊരു കാര്യമുണ്ട്. അത് രാജസ്ഥാന് അനുകൂലമായ ഒന്നല്ല.
കഴിഞ്ഞ നാല് ദിവസത്തിനിടെ രണ്ട് ഡു ഓര്‍ ഡൈ മത്സരങ്ങള്‍ക്ക് ശേഷമാണ് രാജസ്ഥാൻ ക്വാളിഫയര്‍ രണ്ടിലെത്തുന്നത്. വീണ്ടും മറ്റൊരു നിര്‍ണായകമായ പോരാട്ടം, സമ്മര്‍ദം നിറഞ്ഞ മത്സരം. തുടരെ ഇത്തരം മത്സരങ്ങളെ അതിജീവിക്കാൻ രാജസ്ഥാന് കഴിയുമോയെന്നത് ചോദ്യമാണ്. മറുവശത്ത് ഗുജറാത്താകട്ടെ സീസണിലെ ഏറ്റവും സ്ഥിരതയുള്ള ടീം, അനായാസം തന്നെ പ്ലേ ഓഫിലേക്ക്, ബെംഗളൂരുവിനോടുള്ള തോല്‍വിയില്‍ നിന്ന് കരകയറാൻ ചെറിയ ഇടവേളയും ലഭിച്ചു. അതുകൊണ്ട് ടീം എന്ന നിലയില്‍ ഗുജറാത്തിന് അല്‍പ്പം ആശ്വാസമാണ് അന്തരീക്ഷം.