
ആ പന്തിന്റെ സഞ്ചാരം നോക്കി ആശ്ചര്യത്തോടെ വാ പൊളിച്ച് നില്‍ക്കുകയാണയാള്‍. ഇങ്ങനെയൊരു നിമിഷം സൃഷ്ടിക്കുക എളുപ്പമല്ല, രോഹിത് ശര്‍മയും എം എസ് ധോണിയുമൊക്കെ അസാധാരണ സന്ദര്‍ഭങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കുമ്പോള്‍ മാത്രമാണ് അയാളെ ഇങ്ങനെ കണ്ടിട്ടുള്ളത്. അവിശ്വസനീയ മുഖഭാവുമായി സാക്ഷാല്‍ വിരാട് കോലി ധരംശാലയിലെ ബൗണ്ടറി റോപ്പുകള്‍ക്കപ്പുറം...
17-ാം ഓവറിലെ നാലാം പന്തായിരുന്നു അത്, ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ കഗിസൊ റബാഡയുടെ ലെങ്ത് ബോള്‍. ഫിഫ്ത്ത് സ്റ്റമ്പ് ലൈനിലെത്തിയ പന്തില്‍ ബാക്ക് ഫൂട്ടിലിറങ്ങി എക്സ്ട്രാ കവറിന് മുകളിലൂടെ ഒരു ലോഫ്റ്റഡ് ഡ്രൈവ്. ഹാൻഡ് ഐ കോര്‍ഡിനേഷനും ബാറ്റ് സ്പീഡും ടൈമിങ്ങുമെല്ലാം സമന്വയിച്ച കാഴ്ച. റബാഡയ്ക്ക് എതിരെ അത്ര അനായാസം സാധിക്കാത്ത ഒന്ന്. വാട്ട് എ ഷോട്ട്, ദിസ് കുഡ് ബി ദ ഷോട്ട് ഓഫ് ദ നൈറ്റ് എന്ന് കമന്ററി ബോക്സിലിരുന്ന് ഇന്ത്യൻ ഇതിഹാസം രവി ശാസ്ത്രി വാഴ്ത്തുമ്പോള്‍ ആ മുഖം ധരംശാലയിലെ വലിയ സ്ക്രീനില്‍ തെളിഞ്ഞു.
വല്ലാത്തൊരു ആത്മവിശ്വാസമുണ്ടായിരുന്നു അയാളുടെ ശരീരഭാഷയിലപ്പോള്‍. അഹമ്മദാബാദില്‍ അവസാനിച്ച കിരീടരാവ് ഒരു ആരംഭം മാത്രമായിരുന്നുവെന്ന് ഓര്‍മപ്പെടുത്തുകയാണ്. രാജവിനായി ഒരിക്കല്‍ക്കൂടി രാജ്യം വെട്ടിപ്പിടിക്കാനിറങ്ങിയ പടനായകൻ. The Chosen One. രജത് പാട്ടിദാർ.
ഒൻപതാം ഓവർ. ജേസണ്‍ ഹോള്‍ഡറിന്റ ഷോർട്ട് ഓഫ് ദ ലെങ്ത് ഡെലിവെറി കോലിയുടെ സ്റ്റമ്പ് നിലം പതിപ്പിച്ചു. വൈകാതെ ദേവദത്ത് പടിക്കല്‍ ബട്ട്‌ലറിന്റെ കൈകളില്‍. ഡബിള്‍ ബ്ലോയില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ബാക്ക് ഫൂട്ടിലായിരിക്കുന്നു. ഇവിടെയാണ് രജത് പാട്ടിദാര്‍ ക്രീസിലെത്തുന്നത്. എട്ട് ഓവറില്‍ 92-1 എന്ന കമാൻഡിങ് പൊസിഷനില്‍ നിന്ന് ശേഷമുള്ള അഞ്ച് ഓവറില്‍ നേടിയത് 36 റണ്‍സ് മാത്രം.
ഗുജറാത്തിനെല്ലാം നഷ്ടമാകുന്നത്, അല്ല നഷ്ടപ്പെടുത്തിയത് 14-ാം ഓവറിലായിരുന്നു. തന്റെ സ്ട്രൈക്ക് റേറ്റ് ചലിപ്പിക്കാൻ പാട്ടിദാർ തിരഞ്ഞെടുത്ത ഓവർ. പക്ഷേ, പ്രസിദ്ധ് കൃഷ്ണയുടെ തന്ത്രങ്ങളെ മറികടക്കുക ബെംഗളൂരു നായകന് എളുപ്പമായിരുന്നില്ല, കെജ്‌രോലിയയുടേയും റബാഡയുടേയും കൈകള്‍ മൂന്ന് പന്തിനിടെ രണ്ട് തവണ അയാള്‍ക്ക് ജിവൻ നല്‍കി. പാഴാക്കിയ അവസരങ്ങളെയോര്‍ത്ത് നിരാശപ്പെടാൻ ഗുജറാത്തിനൊരു രാത്രി ഒരുക്കുകയായിരുന്നു പാട്ടിദാര്‍ പിന്നീട്.
കെജ്‌രോലിയ തന്നെയായിരുന്നു ആദ്യ ഇര, 15-ാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്‌സും. 16-ാം ഓവറിലെ രണ്ടാം പന്ത്. റാഷിദ് ഖാനെ ലോങ് ഓഫിനപ്പുറം ഗ്യാലറിയില്‍ നിക്ഷേപിക്കുമ്പോള്‍ ആ പന്ത് മിഡില്‍ പോലും ചെയ്തിരുന്നില്ല. പാട്ടിദാറിന്റെ ബാറ്റിന്റെ ടോ എൻഡില്‍ ഹിറ്റ് ചെയ്ത പന്ത് 72 മീറ്റർ ദൂരം സഞ്ചരിച്ചു. ടൈമിങ് ആൻഡ് പവര്‍, ഓവറിലെ അവസാന പന്ത് കവറിന് മുകളിലൂടെയും ഗ്യാലറിയില്‍. റബാഡയെ ഡീപ് മിഡ് വിക്കറ്റിലേക്ക് തൂക്കിയെറിഞ്ഞാണ് 21 പന്തില്‍ അർദ്ധ സെഞ്ചുറി തികയ്ക്കുന്നത്, സീസണിലെ അഞ്ചാം അര്‍ദ്ധ ശതകം.
ശേഷം ഹൈലൈറ്റ്‌സിന് തുല്യമായിരുന്നു ധരംശാലയില്‍ കാര്യങ്ങള്‍. 15-ാം ഓവറിലെത്തുമ്പോള്‍ 14 പന്തില്‍ 22 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. 17-ാം ഓവര്‍ അവസാനിക്കുമ്പോള്‍ 23 പന്തില്‍ 62 ആയിരക്കുന്നു, ബെംഗളൂരുവിന്റെ ഇന്നിങ്സ് പൂര്‍ത്തിയാകുമ്പോള്‍ പാട്ടിദാറിന്റെ സ്കോര്‍ 33 പന്തില്‍ 93. അവസാനം നേരിട്ട 19 പന്തില്‍ നിന്ന് 71 റണ്‍സ്. അഞ്ച് ഫോറും ഒൻപത് സിക്‌സും. സ്ട്രൈക്ക് റേറ്റ് 281 ആണ്. ഈ ഘട്ടത്തില്‍ മറ്റ് ബെംഗളൂരു താരങ്ങള്‍ക്ക് ആറ് ഓവറില്‍ 68 റണ്‍സാണ് നേടാനായത്, അതും എക്‌സ്ട്രാസ് ഉള്‍പ്പെടെ.
താൻ കേവലമൊരു സ്പിൻ ബാഷറാണെന്ന വിമർശനങ്ങളെയെല്ലാം ധരംശാലയിലെ കാറ്റിനൊപ്പം പറഞ്ഞയച്ചു പാട്ടിദാര്‍. ആ ബാറ്റില്‍ നിന്ന് സിക്‌സ് വഴങ്ങാത്ത ഒരു ഗുജറാത്ത് പേസർമാര്‍ പോലുമുണ്ടായിരുന്നില്ല. സ്വർണം ചാലിച്ച മുടിയുമായി ഇന്ത്യൻ ക്രിക്കറ്റിനായി കിരീടങ്ങള്‍ വെട്ടിപ്പിടിച്ച ആ മനുഷ്യനെ പാട്ടിദാറിന്റെ ഇന്നിങ്സില്‍ പലപ്പോഴും കണ്ടിരുന്നു. ഒരുപക്ഷേ, ആരാധകര്‍ പറയുന്നതുപോലെ ബെംഗളൂരുവിന് നഷ്ടമായതൊക്കെയും വീണ്ടെടുക്കാൻ നിയോഗിക്കപ്പെട്ടവനാകാം പാട്ടിദാർ.