ഐപിഎല്‍ 2026: ചെന്നൈക്കൊപ്പം നിരാശ മാത്രം, തിരിച്ചുവന്നേ പറ്റൂ; സഞ്ജുവിന്റെ വീഴ്ചയ്ക്ക് പിന്നില്‍

Published : Apr 06, 2026, 02:30 PM IST
Sanju Samson

Synopsis

ഇതിലും വലിയ തിരിച്ചടികള്‍ നേരിട്ട താരമാണ് സഞ്ജുവെന്നതില്‍ തര്‍ക്കങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ ഇല്ല. അതുകൊണ്ട് തിരിച്ചുവരും എന്ന കാര്യത്തില്‍ സംശയങ്ങളും അവശേഷിക്കുന്നില്ല

നെഞ്ചിന് കുറുകെയെത്തിയ ജേക്കബ് ഡഫിയുടെ ഷോര്‍ട്ട് ബോള്‍, ആ പന്തിന്റെ ലെങ്ത് നേരത്തെ തന്നെ പിക്ക് ചെയ്തൊരു പുള്‍ഷോട്ട്. ചിന്നസ്വാമിയിലെ ചുവപ്പ് പരവതാനിക്കിടയിലേക്ക് ഡഫി നിക്ഷേപിക്കപ്പെട്ടു. റുതുരാജ് ഗെയ്ക്വാദിന്റേയും ആയുഷ് മാത്രയുടേയും വിക്കറ്റുകള്‍ നഷ്ടമായി രക്ഷകനെ തേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധകര്‍ക്ക് മുന്നില്‍ സഞ്ജു സാംസണിന്റെ പേര് ഉയര്‍ന്ന് വന്ന നിമിഷം. പക്ഷേ, പൊടുന്നനെ ഡഫി തന്നെ ആ പ്രതീക്ഷയെ കെടുത്തി. നീലക്കുപ്പായത്തില്‍ അസാധാരണ വിജയങ്ങളുടെ മധ്യസ്ഥനായി നിന്നവൻ മഞ്ഞയില്‍ സമീപകാലത്ത് പരിചിതമല്ലാത്തവിധം കീഴ്പ്പെടുന്നു.

സഞ്ജുവിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അവസാന മൂന്ന് സ്കോറുകള്‍ 97 നോട്ടൗട്ട്, 89, 89 എന്നിങ്ങനെയായിരുന്നു. എന്നാല്‍, ഐപിഎല്ലില്‍‍ ഇത് ആറ്, ഏഴ്, ഒൻപത് എന്നിങ്ങനെയാണ്. പവര്‍പ്ലേ താണ്ടാൻ സഞ്ജുവിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല. സഞ്ജുവിന്റെ വീഴ്ചകള്‍ക്ക് പിന്നിലെ പ്രധാന കാരണം എന്താണെന്ന് നോക്കാം. വലം കയ്യൻ ബാറ്ററുടെ പുറത്താകലുകളെല്ലാം പേസ് ബൗളര്‍മാര്‍ക്കെതിരെ ആയിരുന്നു. നന്ദ്രെ ബര്‍ഗര്‍, സേവ്യര്‍ ബാര്‍റ്റ്‌‍ലെറ്റ്, ഒടുവില്‍ ജേക്കബ് ഡഫി. സഞ്ജുവിനെ കുഴപ്പത്തിലാക്കാൻ കഴിയുന്ന വേഗതയൊന്നും പന്തില്‍ കാണാനുണ്ടായിരുന്നില്ല. പക്ഷേ, വില്ലനായത് മറ്റൊന്നായിരുന്നു ഔട്ട് സ്വിങ്ങര്‍.

രാജസ്ഥാൻ റോയല്‍സിനെതിരെ ബര്‍‍ഗറിന്റെ മണിക്കൂറില്‍ 140 കിലോ മീറ്റര്‍ വേഗതയില്‍ ഗുഡ് ലെങ്തിന് അല്‍പ്പം മുന്നിലായി പിച്ച് ചെയ്ത പന്ത് സഞ്ജുവിന്റെ ഓഫ് സ്റ്റമ്പ് ഇളക്കുകയായിരുന്നു. പഞ്ചാബ് കിങ്സിന്റെ സേവ്യര്‍ ബാര്‍റ്റ്‍ലെറ്റിന്റെ ഗുഡ് ലെങ്ത് ഡെലിവെറിയില്‍ ചുവട് മാറി ഡ്രൈവിന് ശ്രമിക്കെയാണ് സഞ്ജുവിന്റെ ഇന്നിങ്സ് പ്രഭ്‌സിമ്രാന്റെ കൈകളില്‍ അവസാനിക്കുന്നത്. ഓഫ് സ്റ്റമ്പ് ലൈനില്‍ ഇൻസ്വിങ്ങര്‍. മണിക്കൂറില്‍ 131 കിലോ മീറ്റര്‍ മാത്രമായിരുന്നു പന്തിന്റെ വേഗത.

ഡഫിക്കെതിരെയും സമാനമായിരുന്നു കാര്യങ്ങള്‍. ലെങ്ത് ബോള്‍ ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍, മണിക്കൂറില്‍ 137 കിലോ മീറ്റര്‍ വേഗതയില്‍ ഔട്ട് സ്വിങ്ങര്‍. ഒരിക്കല്‍ക്കൂടി ഡ്രൈവിന് ശ്രമിക്കുന്നു, ഇക്കുറി ക്യാച്ച് സ്ലിപ്പില്‍. മൂന്ന് സന്ദര്‍ഭങ്ങളിലും രണ്ട് കാര്യങ്ങളാണ് ഒരുപോലെ സംഭവിച്ചത്. ഒന്ന് നേരത്തെ തന്നെ സൂചിപ്പിച്ചിട്ടുള്ള ഔട്ട് സ്വിങ്ങര്‍. രണ്ട് സഞ്ജുവിന്റെ ഫൂട്ട് മൂവ്മെന്റാണ്. എല്ലാ പുറത്താകലുകളിലും സഞ്ജുവിന്റെ ഫൂട്ട് മൂവ്മെന്റ് ദുര്‍ബലമായിരുന്നു. പ്രത്യേകിച്ചും പഞ്ചാബിനും ബെംഗളൂരുവിനുമെതിരെ. പന്തിന്റെ മൂവ്മെന്റ് ജഡ്ജ് ചെയ്യാൻ സാധിക്കാതെ പോകുന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം.

ഇനി ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത മൂന്ന് ഇന്നിങ്സുകളില്‍ നിന്ന് എത്രത്തോളം വ്യത്യസ്തമാകുന്നു സഞ്ജുവിന്റെ സമീപനം എന്ന് നോക്കാം. ചെന്നൈയുടെ പുതുഫിലോസഫി തന്നെയാണ് ചൂണ്ടിക്കാണിക്കാനുള്ളത്. പവര്‍പ്ലേ പരമാവധി ഉപയോഗിച്ച് റണ്‍സ് ഉയര്‍ത്തുക എന്നത്. ഇവിടെ അഗ്രസീവ് ശൈലിക്കാണ് മുൻതൂക്കം. ശരിയാണ്, സഞ്ജു സമാനശൈലി പിന്തുടരുന്ന ബാറ്റര്‍ തന്നെയാണ്. പക്ഷേ, ലോകകപ്പില്‍ അതെല്ലാം വ്യക്തമായ കണക്കുകൂട്ടലുകളോടെയായിരുന്നു.

വെസ്റ്റ് ഇൻഡീസിനും ഇംഗ്ലണ്ടിനും ന്യൂസിലൻഡിനും എതിരെയുള്ള ഇന്നിങ്സുകള്‍ എടുത്താല്‍ ഒന്നില്‍പ്പോലും സഞ്ജു റണ്‍സ് നേടുന്നതിനായി ഓള്‍ ഔട്ട് അറ്റാക്കിന് ഇറങ്ങിയത് കാണാനാകില്ല. 200 സ്ട്രൈക്ക് റേറ്റില്‍ അനായാസം സ്കോര്‍ ചെയ്തു, ടൈമിങ്ങും പ്രോപ്പര്‍ ടെക്സ്റ്റ് ബുക്ക് ഷോട്ടുകളുമായിരുന്നു ആധാരം, ഒപ്പം സഞ്ജുവിന്റെ ക്ലാസുകൂടി ചേര്‍ന്നതോടെ ഇന്നിങ്സുകള്‍ക്ക് വല്ലാത്തൊരു സൗന്ദര്യവും കൈവരിച്ചെന്ന് പറയാം. ഐപിഎല്ലിലേക്ക് എത്തുമ്പോള്‍ വിപരീതമായി കാര്യങ്ങള്‍. തുടക്കത്തിലെ ശാന്തതയ്ക്കപ്പുറം ഡ്രൈവുകള്‍ക്ക് മുൻതൂക്കം നല്‍കുന്നു, അതും ന്യൂബോളില്‍ ബൗളര്‍മാര്‍ക്ക് പിന്തുണ ലഭിക്കുന്ന പശ്ചാത്തലത്തില്‍.

ഒരിക്കല്‍പ്പോലും അത് വിജയിക്കുന്നതായും കണ്ടില്ല. രാജസ്ഥാനെതിരെ നേരിട്ട ഏഴ് പന്തുകള്‍ അതിജീവനമായിരുന്നുവെന്ന് പറയാം. ബെംഗളൂരുവിനെതിരെ മാത്രമാണ് ഔട്ടാകുന്നതിന് മുൻപ് വരെയുള്ള എല്ലാ പന്തുകളും സഞ്ജു മിഡില്‍ ചെയ്തത്. സഞ്ജുവിന്റെ റണ്‍വരള്‍ച്ച ചെന്നൈയുടെ കുതിപ്പിനേയും സാരമായി ബാധിക്കുന്നുണ്ട്. മികച്ച തുടക്കം ഒരു മത്സരത്തിലും സാധ്യമായിട്ടില്ല മുൻ ചാമ്പ്യന്മാര്‍ക്ക്. ഈ അഭാവം സ്കോര്‍ബോര്‍ഡില്‍ നിന്ന് കുറഞ്ഞത് ഒരു 30 റണ്‍സെങ്കിലും കുറയുന്നതിന് കാരണവുമായിട്ടുണ്ട്.

ഇതിലും വലിയ തിരിച്ചടികള്‍ നേരിട്ട താരമാണ് സഞ്ജുവെന്നതില്‍ തര്‍ക്കങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ ഇല്ല. അതുകൊണ്ട് തിരിച്ചുവരും എന്ന കാര്യത്തില്‍ സംശയങ്ങളും അവശേഷിക്കുന്നില്ല. പക്ഷേ, തിരിച്ചുവരവിന്റെ ദൂരം കൂടിയാല്‍ ചെന്നൈയുടെ സാധ്യതകള്‍ മങ്ങിയേക്കും. കരുതലോടെ തുടങ്ങി ബൗളര്‍മാര്‍ക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കുന്ന സഞ്ജുവിന്റെ ക്രൂരവിനോദമാണ് ചെന്നൈക്ക് അനിവാര്യം.

PREV
Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: ഇനി സ്ലോ ബോള്‍ ഷമി, ഹൈദരാബാദിനെ വിറപ്പിച്ച് അഗാർക്കർ തള്ളിയ സീനിയര്‍
ഐപിഎല്‍ 2026: ചെണ്ടയൊക്കെ പണ്ട്, ഇപ്പോ മിനി ബുമ്ര മോഡിലാണ്! തുഷാര്‍ തീ ദേശ്‌പാണ്ഡെ