
സ്റ്റാർ ബോയ് എന്നാണ് അവനെ മുംബൈ ഇന്ത്യൻസ് ആരാധകർ വിളിക്കാറ്. അതങ്ങനെ ചുമ്മാ ഒരു വിളിപ്പേരോ അല്ലെങ്കില്‍ ഒറ്റ ഇന്നിങ്സിന്റെ ബലത്തില്‍ അവൻ നേടിയെടുത്തോ അവര്‍ നല്‍കിയതോ അല്ല. ദൈവം സാക്ഷി, രോഹിത് ശർമയുടെ തണലില്‍, അതിനൊത്ത് വളര്‍ന്നിട്ട് തന്നെയായിരുന്നു.
നിരാശയുടേയും ആനന്ദത്തിന്റേയും കണ്ണീര്‍ ഒരുപോലെ വീണ ആ മണ്ണില്‍ മറ്റൊരു ദുരന്തത്തെ അഭിമുഖീകരിക്കാൻ ഒരുങ്ങുകയായിരുന്നു മുംബൈ ഇന്ത്യൻസ്. ഇനിയൊരു ഉയിർപ്പിനുള്ള സമയം ബാക്കിയില്ലെന്നാണ് കരുതിയത്, പ്രതീക്ഷയുടെ അവസാന കണികയും നഷ്ടമായ മുംബൈ ആരാധകരെ ഗ്യാലറിയില്‍ കാണാമായിരുന്നു. The darker the night, the brighter the stars എന്നൊരു പ്രയോഗമുണ്ട്, രാത്രി എത്രത്തോളം ഇരുളുന്നുവോ, നക്ഷത്രങ്ങളുടെ തിളക്കം ഏറുമെന്ന്.
തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടവര്‍ക്കും വിമർശകര്‍ക്കും ഉത്തരം നല്‍കാൻ അവൻ ആ രാത്രി തിരഞ്ഞെടുത്തു. മുംബൈ ഇന്ത്യൻസിന്റെ തിരിച്ചുവരുകളുടെ പുതിയ അധ്യാത്തിന്റെ ആദ്യ താള്‍ അവൻ സ്വന്തം പേരിലെഴുതി. പ്രതീക്ഷ നഷ്ടപ്പെട്ട നീലക്കുപ്പായക്കാര്‍ക്ക് മുന്നില്‍ രക്ഷകന്റെ വേഷമണിഞ്ഞു. പ്രയോഗങ്ങള്‍ അർത്ഥവത്താകുന്ന ചില നിമിഷങ്ങളുണ്ട്, പ്രത്യേകിച്ചും മൈതാനങ്ങളില്‍. അത്തരമൊന്ന് അഹമ്മദാബാദിന്റെ ആകാശത്തിന് കീഴിലും സംഭവിച്ചു. സ്റ്റാര്‍ ബോയ്, നമ്പൂരി താക്കൂര്‍ തിലക് വർമ എന്ന തിലക് വർമ.
ബ്ലാക്ക് സോയില്‍ വിക്കറ്റില്‍ അക്ഷരാര്‍ത്ഥത്തില്‍ ഗുജറാത്ത് ബൗളിങ് ത്രയമായ സിറാജും റബാഡയും അശോക് ശര്‍മയും തീ തുപ്പുകയായിരുന്നു. മണിക്കൂറില്‍ 147, 149, 152 കിലോ മീറ്റര്‍ വേഗതയിലെത്തിയ റബാഡയുടെ പന്തുകളായിരുന്നു ഡാനിഷ് മലേവാറിനേയും ക്വിന്റണ്‍ ഡി കോക്കിനേയും സൂര്യകുമാര്‍ യാദവിനേയും മടക്കിയത്. വിക്കറ്റുകളിലേക്ക് വഴിവെച്ചത് സിറാജിന്റെ കണിശതമൂലമുണ്ടായ സമ്മര്‍ദവും. പവര്‍പ്ലേ അവസാനിക്കും മുൻപ് തന്നെ ബാക്ക് ഫൂട്ടിലായ മുംബൈക്കായി തിലക് ക്രീസിലേക്ക് എത്തുമ്പോള്‍ അത്ഭുതങ്ങളൊന്നും ആരും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല.
കാരണമുണ്ട്. സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളില്‍ നിന്ന് കേവലം 43 റണ്‍സ് മാത്രമായിരുന്നു തിലകിന് മുംബൈയുടെ സ്കോര്‍ബോര്‍ഡുകളിലേക്ക് ചേര്‍ക്കാനായത്. ഒരു സിക്സ് പോലും ആ ബാറ്റില്‍ നിന്ന് ഇക്കുറി പിറന്നിട്ടില്ലെന്ന് ഓര്‍ക്കണം. ശരാശരി പത്തിലും താഴെ, സ്ട്രൈക്ക് റേറ്റും എതിരാളികള്‍ക്ക് മുകളില്‍ ഭീതി വിതയ്ക്കാൻ പോന്നതായിരുന്നില്ല.
മുംബൈ ഇന്നിങ്സില്‍ ആറ് ഓവര്‍ മാത്രം അവശേഷിക്കുമ്പോഴും സ്ഥിതി സമാനമായിരുന്നു, 22 പന്തുകള്‍ നേരിട്ടിട്ടും ഈ സീസണിലെ അതുവരെയുള്ള തന്റെ ഉയര്‍ന്ന സ്കോര്‍പോലും മറികടക്കാൻ തിലകിനായിരുന്നില്ല. 86 സ്ട്രൈക്ക് റേറ്റില്‍ 19 റണ്‍സ്. കഴിഞ്ഞ സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കാനാകാത്ത തിലകിനെ നിര്‍ബന്ധിതമായി റിട്ടയര്‍ ചെയ്യിപ്പിച്ചിട്ടുണ്ട് മുംബൈയുടെ പരിശീലകസംഘം. അത്തരമൊരു നിമിഷം ഒരുപാട് അകലെ ആയിരുന്നില്ല അഹമ്മദാബാദിലും.
നേരിട്ട 23-ാം പന്തില്‍ തിലക് വര്‍മയുടെ ഇന്നിങ്സിന്റെ ഹൈലൈറ്റ്സ് ആരംഭിക്കുകയാണ്. അതായത് മത്സരത്തിലെ 15-ാം ഓവറിലെ ആദ്യ പന്ത്. സീസണില്‍ മധ്യഓവറുകളില്‍ ഏറ്റവും എഫക്റ്റീവായ കൂടുതല്‍ വിക്കറ്റുകള്‍ സമ്പാദിച്ച പ്രസിദ്ധ് കൃഷ്ണയെയാണ് തിലകിനെ അവസാനിപ്പിക്കാനുള്ള ദൗത്യം ശുഭ്മാൻ ഗില്‍ ഏല്‍പ്പിച്ചത്.
123 കിലോ മീറ്റര്‍ മാത്രം വേഗത്തിലെത്തിയ ഒരു ഫുള്‍ ലെങ്ത് ഡെലിവെറി. തിലക് അവിടെ അണ്‍ലീഷ് ചെയ്യപ്പെടുകയാണ്. ലോങ് ഓഫിന് മുകളിലൂടെ ഉയര്‍ന്ന പന്ത് നിലം തൊടാതെ റോപ്പിനപ്പുറം പതിച്ചു. അതൊരു സൂചനയായിരുന്നോയെന്ന് ചോദിച്ചാല്‍ അപ്പോഴും പറയാറായിട്ടില്ല. തൊട്ടടുത്ത പന്ത് ഫൈൻ ലെഗിലേക്ക് ഒരു സ്കൂപ്പ്, ബൗണ്ടറി. മുംബൈ ബാറ്റര്‍മാരെല്ലാം പേസിന് കീഴ്പ്പെടുന്നതായിരുന്നു അതുവരെ കണ്ടത്, അതുകൊണ്ട് പ്രസിദ്ധും ആ വഴി തിരഞ്ഞെടുത്തു. 146 കിലോ മീറ്റര്‍ വേഗത്തിലെത്തിയ പന്ത് കവറിലൂടെ മൂളിപ്പറക്കുക മാത്രമാണ് ചെയ്തത്.
റബാഡയോട് കരുതല്‍, അടുത്ത ഊഴം റാഷിദ് ഖാന്റെ ആയിരുന്നു. അതുവരെ മൂന്ന് ഓവറുകളില്‍ 16 റണ്‍സ് മാത്രം വഴങ്ങിയ റാഷിദിന്റെ ആദ്യ രണ്ട് പന്തില്‍ തന്നെ തിലക് സിക്സും ഫോറും നേടുമ്പോള്‍ മുംബൈ ആരാധകരുടെ മുഖത്തെ നിരാശം ഗില്ലിന്റെ മുഖത്തേക്ക് പടര്‍ന്നു.
അശോക് ശര്‍മ, മത്സരത്തിലുടനീളം സ്ഥിരതയോടെ 150 പ്ലസ് ക്ലോക്ക് ചെയ്ത താരം. സിക്സിലൂടെ വരവേല്‍ക്കുമ്പോള്‍ തിലക് 33-ാം പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികച്ചു. ശേഷം തുടരെ രണ്ട് വീതം ഫോറും സിക്സും ഉള്‍പ്പെടെ 26 റണ്‍സ്. അശോകിന്റെ പന്തുകളിലെ തീ പൊടുന്നനെ അണയുകയായിരുന്നു. 26 റണ്‍സാണ് ഓവറില്‍ നിന്ന് തിലക് നേടിയത്. ബ്രൂട്ടല്‍.
സിറാജിന് മുന്നില്‍ ഹാര്‍ദിക്ക് കീഴടങ്ങുമ്പോള്‍ ഒരു ഓവര്‍ ഇനിയും ബാക്കിയുണ്ട്, മുംബൈയുടെ സ്കോര്‍ 177ല്‍ എത്തി നില്‍ക്കുന്നു. സെഞ്ചുറിയിലേക്കുള്ള ദൂരം 20 റണ്‍സ്. വീണ്ടും പ്രസിദ്ധ്, മിസ് ടൈം ഷോട്ടില്‍ ബൗണ്ടറിയോടെ തുടക്കം, ശേഷം ഷോര്‍ട്ട് ബോളിലൊരു പുള്‍, സിക്സ്. അഞ്ചാം പന്തിന് മുന്നോടിയായി ഗില്‍ തിലകിന്റെ സ്ട്രോങ് സോണിലെല്ലാം ഫീല്‍ഡര്‍മാരെ അണിനിരത്തി, പക്ഷേ ക്രീസില്‍ മുട്ടുകുത്തി ഫൈൻ ലെഗിന് മുകളിലൂടെ സിക്സായിരുന്നു മറുപടി. 97ല്‍ നില്‍ക്കെ വീണ്ടുമോരു ഷോർട്ട് ബോള്‍, സ്ക്വയര്‍ ലെഗിലൂടെ ആ പന്ത് നിമിഷമാത്രയില്‍ റോപ്പ് കടന്നു.
ഐപിഎല്‍ കരിയറിലെ ആദ്യ സെഞ്ചുറി. ഹെല്‍മെറ്റ് ഊരി വിമര്‍ശകരുടെ ശബ്ദത്തില്‍ നിന്ന് കാതുകളെ അടച്ച് ആകാശത്തേക്ക് വിരല്‍ചൂണ്ടി തിലക് അഹമ്മദാബാദിന്റെ മുറ്റത്ത് നിന്നു. 22 പന്തില്‍ 19 റണ്‍സില്‍ നിന്ന് 45 പന്തില്‍ 101. അവസാനം നേരിട്ട 23 പന്തില്‍ 82 റണ്‍സ്, 15-ാം ഓവറിന് ശേഷം എട്ട് ഫോറും ഏഴ് സിക്‌സും. ഇൻസെയിൻ. 18-ാം ഓവറില്‍ അര്‍ദ്ധ സെഞ്ചുറി തികച്ചവൻ 20-ാം ഓവറിനൊടുവില്‍ മൂന്നക്കം തൊട്ടിരിക്കുന്നു. തന്നെ വേട്ടയാടിയ എല്ലാ ഭൂതങ്ങളേയും ഒറ്റരാത്രികൊണ്ട് നിശബ്ദമാക്കി. അവിശ്വസനീയമായൊരു വീണ്ടെടുപ്പ്.