ഐപിഎല്‍ 2026: ഓൻ സച്ചിന്റെ ചരിത്രം ആവർത്തിക്കുമോ? വൈഭവ് സൂര്യവംശി തൂക്കിയ സീസണ്‍

Published : Jun 01, 2026, 01:09 PM IST
Vaibhav Sooryavanshi

Synopsis

2026 ഐപിഎല്‍ അവസാനിക്കുമ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കിരീടധാരണത്തേക്കാള്‍ പകിട്ടുള്ള ഒന്നേ ബാക്കിയുള്ളു. വൈഭവ് സൂര്യവംശിയെന്ന ബാലൻ

1990-കളുടെ തുടക്കത്തില്‍ തന്നെക്കുറിച്ച് കേട്ട വാചകങ്ങള്‍ അയാള്‍ ആവര്‍ത്തിക്കുന്നതുപോലെയാണ് തോന്നിച്ചത്.

വളരെ പ്രത്യേകതയുള്ള ഒരാളാണ് അവൻ. എന്നെ കൂടുതല്‍ അത്ഭുതപ്പെടുത്തിയത് പന്തിനെ നേരിടാനുള്ള അവന്റെ സിദ്ധിയല്ല, മറിച്ച് റിസ്റ്റ് വര്‍ക്കാണ്. മൈതാനത്തിന്റെ എല്ലാ ദിശകളിലേക്കും കളിക്കാൻ സാധിക്കണമെങ്കില്‍ അസാധ്യമായ റിസ്റ്റ് വ‍ര്‍ക്ക് ആവശ്യമാണ്. അവൻ വെറുതെ സ്ലോഗ് ചെയ്യുകയല്ല, മറ്റെല്ലാവരേക്കാള്‍ മുൻപ് ലൈനും ലെങ്തും മനസിലാക്കാൻ അവന് കഴിയുന്നുണ്ട്, പന്തിനെ വളരെ അനായാസമായി ബൗണ്ടറി വര കടത്താനും പറ്റുന്നു...

130 കോടി ജനങ്ങളുടെ പ്രതീക്ഷ രണ്ടരപതിറ്റാണ്ടോളം ഒറ്റയ്ക്ക് ചുമന്ന മനുഷ്യൻ, ഇന്ത്യയില്‍ സമയത്തെപ്പോലും പിടിച്ചുനിര്‍ത്താൻ കഴിഞ്ഞയാള്‍....സച്ചിൻ തെൻഡുല്‍ക്കര്‍. ഇതിഹാസത്തിന്റെ കാലം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നതുപോലെ. അന്നത്തെ 16 വയസുകാരൻ ഇന്നൊരു 15 വയസുകാരന്റെ പ്രതിഭകണ്ട് അത്ഭുതപ്പെടുകയാണ്. ആ കുട്ടിയെക്കുറിച്ചുള്ള സച്ചിന്റെ വാക്കുകളാണ് മേല്‍പ്പറഞ്ഞത്.

2011ല്‍ ചെന്നൈ സൂപ്പര്‍ കിങ്സ് കിരീടമുയര്‍ത്തിയ രാവിന്റെ തലേന്ന് മാത്രം ജനിച്ചൊരാള്‍. 19 വര്‍ഷം പ്രായമുള്ള താരങ്ങളുടെ പങ്കാളിത്തം കൊണ്ടും, വിസിബിലിറ്റി കൊണ്ടും, സ്റ്റാൻഡാര്‍ഡ് ഓഫ് ക്രിക്കറ്റുകൊണ്ടും ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസ് ലീഗ്. അവിടെ ടൂര്‍ണമെന്റിലെ താരമാകുക, ലോകോത്തര ബൗളര്‍മാരെ അവരുടെ പരമാവധിയിലേക്ക് എത്താൻ പ്രേരിപ്പിച്ച് കീഴടക്കുക.

2026 ഐപിഎല്‍ അവസാനിക്കുമ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കിരീടധാരണത്തേക്കാള്‍ പകിട്ടുള്ള ഒന്നേ ബാക്കിയുള്ളു. വൈഭവ് സൂര്യവംശിയെന്ന ബാലൻ. അത്ഭുതത്തിനേക്കാള്‍ മുകളിലെന്തോ ആണ് ആ കുട്ടി.

സീസണില്‍ 16 മത്സരങ്ങള്‍, 776 റണ്‍സുമായി ഓറഞ്ച് ക്യാപ്. ശരാശരി 48.50 ആണ്. എല്ലാത്തിലും ഉപരിയായി ആ ഭീമമായ സ്ട്രൈക്ക് റേറ്റ്, 237.30. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ ആര്‍ക്കും എത്തിപ്പിടിക്കാൻ പോലും കഴിയാത്ത ഒന്ന്. ഒരു സെഞ്ചുറിയും അഞ്ച് അര്‍ദ്ധ ശതകങ്ങളും, 63 ഫോറും 72 സിക്സറുകളും. ഇത്രയും തവണ മൈതാനം തൊടാതെ പന്ത് ഒരാളുടെ ബാറ്റില്‍ നിന്ന് റോപ്പ് കടന്നിട്ടില്ല. അഞ്ച് ബോളുകള്‍ക്കിടയില്‍ ഒരു സിക്സ്, അതായിരുന്നു സീസണില്‍ വൈഭവ് നല്‍കിയ ഉറപ്പ്. അങ്ങനെ മൈതാനത്തേക്ക് ഇടം കാല്‍വെച്ചിറങ്ങിയപ്പോഴെല്ലാം റെക്കോര്‍ഡുകള്‍ വീണുകൊണ്ടേയിരുന്നു.

പവര്‍പ്ലേയില്‍ മാത്രമാണ് 521 റണ്‍സ്, 46 സിക്സറും. പേസിനെതിരായ സ്ട്രൈക്ക് റേറ്റ് 239 ആണ്, സ്പിന്നിനെതിരെ 229. കുഞ്ഞുകരങ്ങളുടെ പ്രഹരമേറ്റ് വാങ്ങിയവരില്‍ പാറ്റ് കമ്മിൻസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജസ്പ്രിത് ബുമ്ര, കഗിസൊ റബാഡ, ജോഷ് ഹേസല്‍വുഡ്, സുനില്‍ നരെയ്ൻ തുടങ്ങി ലോകം കീഴടക്കിയ പ്രതിഭകള്‍. ഇടം കയ്യൻ ബാറ്ററില്‍ നിന്ന് സിക്സറുകള്‍ വഴങ്ങുമ്പോഴെല്ലാവരും ചിരിച്ചുമടങ്ങുക മാത്രമാണ് ചെയ്തത്. കാരണം, അവരുടെ പരിധികള്‍ ഇന്ത്യയിലെ വിക്കറ്റുകളില്‍ പൂര്‍ണമായിരുന്നു.

യോര്‍ക്കറുകളും ഫുള്‍ ടോസുകളും മാത്രമാണ് ആ ബാറ്റിലെ തീയെ അല്‍പ്പമെങ്കിലും തണുപ്പിച്ചത്. 12 യോര്‍ക്കറില്‍ നിന്ന് രണ്ട് റണ്‍സ് മാത്രം, 17 ഫുള്‍ ടോസുകളില്‍ നിന്ന് 16 റണ്‍സും. സീസണില്‍ നേരിട്ട 46 ബൗളര്‍മാരില്‍ 34 പേര്‍ക്കെതിരെയും സിക്സറുകള്‍. അവശേഷിച്ച 12 പേരില്‍ എട്ട് പേരും മൂന്ന് പന്തില്‍ കുറവാണ് വൈഭവിനെതിരെ എറിഞ്ഞിട്ടുള്ളതെന്നും ഓര്‍ക്കണം. അസാധരണമായ ഹിറ്റിങ് എബിലിറ്റിയെ വര്‍ണിക്കുന്ന മാറ്റിവെച്ച് രണ്ട് ഇന്നിങ്സുകള്‍ പരിശോധിക്കാം.

ഒന്ന് എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 29 പന്തില്‍ നേടിയ 97 റണ്‍സ്. തന്റെ ഐപിഎല്‍ കരിയറിലെ ആദ്യ നോക്കൗട്ട്. അഞ്ച് ഫോറും 12 സിക്സും, കമ്മിൻസൊക്കെ നരകം കണ്ട ദിവസമായിരുന്നു അത്. അന്ന് ദ്രുവ് ജൂറലിന്റെ പിന്തുണകൂടിയുണ്ടായിരുന്നു. പക്ഷേ, വൈഭവ് കേവലമൊരു ബിഗ് ഹിറ്റര്‍ അല്ലായെന്ന് ഒരുവിഭാഗം വിശ്വസിക്കാൻ തയാറായത് ക്വാളിഫയര്‍ രണ്ടിലാണ്, ഗുജറാത്ത് ടൈറ്റൻസിനെതിരെ.

മുലൻപൂരില്‍ ഒരുവശത്ത് ബാറ്റിങ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ വൈഭവ് തന്റെ സ്വഭാവിക ശൈലിയെ മാറ്റിവെച്ച് പക്വതയുടെ വഴിയാണ് തിരഞ്ഞെടുത്തത്. 31-ാം പന്തിലാണ് അര്‍ദ്ധ സെഞ്ചുറി, ഐപിഎല്‍ കരിയറിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റി. പക്ഷേ, അതിന് ശേഷം നടത്തിയ ഗിയര്‍ ഷിഫ്റ്റ്, പിന്നീട് നേരിട്ട 16 പന്തില്‍ 46 റണ്‍സായിരുന്നു വൈഭവ് കണ്ടെത്തിയത്. സാഹചര്യം മനസിലാക്കി തന്റെ ഗെയിമിനെ പാകപ്പെടുത്തുകയായിരുന്നു ആ പയ്യൻ.

നോക്കൗട്ടിലെ സ്കോറുകള്‍ 97ഉം, 96ഉം. 15-ാം വയസില്‍ ഇതിഹാസങ്ങള്‍ക്ക് പോലും സാധിക്കാത്തത് വൈഭവിനായി. കഠിനമായ ഘട്ടം തന്നെയാകും മുന്നോട്ട്, ബോഡിലൈൻ ഷോര്‍ട്ട് ബോളുകള്‍ തീയുണ്ടപോലെ പാഞ്ഞെത്തും, ബൗളിങ്ങ് പറുദീസകളില്‍ കാലിടറാതെ നോക്കേണ്ടതുണ്ട്. സച്ചിന്റെ കളികാണാൻ ടെലിവിഷൻ സ്ക്രീനിനുമുന്നില്‍ കാത്തിരുന്ന തലമുറയുണ്ടായിരുന്നു ഇവിടെ, എന്നോ നഷ്ടപ്പെട്ടുമായ അത്തരം ദിനങ്ങള്‍ തിരിച്ചുവരുന്നു..പ്രായഭേദമന്യേ വൈഭവിന്റെ പ്രകടനം കാണാൻ സമയം മാറ്റിക്കാൻ തയാറെടുക്കുകയാണ് ഈ ജനത..

സച്ചിൻ പറഞ്ഞുതുപോലെ അധിക നിര്‍ദേശങ്ങള്‍ വൈഭവിന്റെ ബാറ്റിങ് സൗന്ദര്യത്തെ ബാധിച്ചേക്കാം, കളിച്ചുവളരട്ടെ...

PREV
Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: ഗുജറാത്തിന് കിരീടം നിഷേധിച്ച കൈകള്‍, പവര്‍പ്ലേയിലെ ഡബിള്‍ ചീറ്റ് കോഡ്
ഐപിഎല്‍ 2026: നിങ്ങള്‍ക്ക് അയാളെ കീഴ്‌പ്പെടുത്താനാകില്ല! ഒരിക്കല്‍ക്കൂടി, വിരാട് കിങ് കോലി