ഐപിഎല്‍ 2026: നിങ്ങള്‍ക്ക് അയാളെ കീഴ്‌പ്പെടുത്താനാകില്ല! ഒരിക്കല്‍ക്കൂടി, വിരാട് കിങ് കോലി

Published : Jun 01, 2026, 12:49 PM IST
Virat Kohli

Synopsis

കാലിലെ പേശിവലിവിനെപ്പോലും അതിജീവിച്ചായിരുന്നു കോലി കിരീടനിമിഷം ഒരുക്കാൻ തയാറായത്. കീഴടങ്ങാൻ ഒരുക്കമായിരുന്നില്ല, അവസാനം വരെ മൈതാനത്തുണ്ടാകണമെന്ന ഉറച്ച തീരുമാനമുണ്ടായിരുന്നു

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് നിശബ്ദത പെയ്തിറങ്ങിയ ഒരു രാത്രി ഓര്‍മയില്ലെ. ഒരുപതിറ്റാണ്ട് മുൻപാണ്, അന്ന് ചുവപ്പ് പരവതാനിയായി പരിണമിച്ച ഗ്യാലറിയെ സാക്ഷിയാക്കി, ആ മനുഷ്യന്റെ അമാനുഷികതയെപ്പോലും മറികടന്ന് അര്‍ദ്ധരാത്രിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉദിച്ചുയർന്നു. അവിടെ നിന്ന് മാത്രമെ പറഞ്ഞുതുടങ്ങാനാകു....

2016! ആര്‍ത്തലച്ചെത്തുന്ന തിരമാലകളെപ്പോലെ, അങ്ങനെയായിരുന്നു അയാള്‍. തന്റെ ശരീരത്തിന്റെ പരിമിധികളെപ്പോലും സാധ്യതകളാക്കി 22 വാരയ്ക്കിടയില്‍ അയാള്‍ ഒരു നിയർ പെർഫെക്റ്റ് സീസണ്‍ സൃഷ്ടിച്ചു. വേദപുസ്തകങ്ങളിലും പുരാണങ്ങളിലും കേട്ട് പരിചരിച്ച വിഖ്യാത കഥകളിലെ ചിലരെപ്പോലെ അയാള്‍ ആ കിരീടം നേടിത്തരുമെന്ന് ആ ജനത അന്ന് ഉറച്ച് വിശ്വസിച്ചു. വിധി മറ്റൊന്നായിരുന്നു...കാത്തിരുന്ന കണ്ണുകളെ നിരാശയുടെ തിരകള്‍ക്ക് വിട്ടുകൊടുക്കേണ്ടി വന്നു...തലകുനിച്ച് മടങ്ങേണ്ടി വന്നു...

പിന്നീട് ഒൻപത് വർഷത്തിന്റെ ദൂരം, ഇടയില്‍ സമകാലീനരും പിൻഗാമികളുമെല്ലാം ആ നിമിഷം ആസ്വദിക്കുമ്പോള്‍ എന്തൊ ഒന്ന് അയാളെ മാറ്റി നിർത്തി. ഒടുവില്‍ 2025ല്‍ പൂർണതകൈവരിച്ചു, ചിലതപ്പോഴും ബാക്കിയുണ്ടായിരുന്നു. ആ ജനത ആഗ്രഹിച്ചത് കിരീടത്തിലേക്ക് അയാള്‍ നയിക്കുന്ന ഒരുനിമിഷമായിരുന്നു...അതിനായി കാലം ഒരു അവസരം ഒരുക്കി, മറ്റൊരു ഞായറാഴ്ച, അഹമ്മദാഹബാദ്...

അർഷദ് ഖാന്റെ ഫുള്‍ ലെങ്ത് ഡെലിവെറി വിക്കറ്റില്‍ പതിച്ചുയരുകയാണ്, അതായിരുന്നു മൊമന്റ്. അയാളാ പന്തിനെ വളരെ അനായാസം ലോങ് ഓണിന് മുകളിലൂടെ ബൗണ്ടറി റോപ്പുകള്‍ക്കപ്പുറം എത്തിച്ചു, ആ പന്തിന്റെ ദിശയേപ്പോലും നോക്കാൻ തയാറായില്ല, മനുഷ്യാരവത്തിന്റെ നടുക്ക് നിന്ന് കൈകള്‍ വിടര്‍ത്തി അയാള്‍ ആ നിമിഷത്തെ ആസ്വദിക്കാനൊരുങ്ങുയാണ്...

With the same hunger, passion, madness, and obsession: The King, the successor to the great Sachin Ramesh Tendulkar, the Man of Big Occasions — Virat Kohli. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് രണ്ടാം കിരീടം...

156 റണ്‍സ്, അതായിരുന്നു വിജയലക്ഷ്യം. അന്താരാഷ്ട്ര വേദികളിലും ഐപിഎല്ലിലും തന്നെ പലകുറി മടക്കി അയച്ച കഗിസൊ റബാഡ കോലിക്ക് മുന്നിലെത്തി. ഈ ബാറ്റിലായിരുന്നു ആദ്യം ജയിക്കേണ്ടിയിരുന്നത്. ഡീപ് ബാക്ക്‌വേഡ് സ്ക്വയറിലേക്ക് തുടരെ രണ്ട് ബൗണ്ടറി നേടിയതിന് ശേഷം ഒരു നിമിഷമുണ്ടായി. ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ റബാഡയുടെ ഒരു ഗുഡ് ലെങ്ത് ഡെലിവെറി. പന്തിന്റെ വേഗത മണിക്കൂറില്‍ 155 കിലോ മീറ്റര്‍.

രണ്ട് പതിറ്റാണ്ടോളമാകുന്ന കരിയര്‍, 37 പിന്നിട്ടിരിക്കുന്നു, കോലിയുടെ റിസ്റ്റ് വര്‍ക്ക് അതിന്റെ ഉന്നതി തൊട്ട നിമിഷം, പന്ത് റിലീസ് ചെയ്ത് റബാഡ തലയുയര്‍ത്തുമ്പോഴേക്കും കോലിയുടെ ബാറ്റില്‍ നിന്ന് പന്ത് മിഡ് വിക്കറ്റിലേക്ക് നിലം തൊടാതെ സഞ്ചരിച്ചു, മനോഹരമായ ഒരു ഫ്ലിക്ക്, പന്ത് താണ്ടിയത് 77 മീറ്റര്‍, ഷോട്ട് ഓഫ് ദ മാച്ചായിരുന്നു അവിടെ പിറന്നത്, ഓള്‍ ക്ലാസ്. റബാഡയുടെ മുഖത്ത് ഒരു ചിരിമാത്രം. ശേഷം ഒരു ഫോറുകൂടി സ്കോര്‍ ചെയ്താണ് റബാഡയെ കോലി തിരിച്ചയച്ചത്.

വെങ്കടേഷ് അയ്യറിനെ സിറാജും ദേവദത്ത് പടിക്കലിനെ റബാഡയും മടക്കുമ്പോഴാണ് കോലിക്കായി കളം യഥാര്‍ത്ഥത്തില്‍ ഒരുങ്ങിയത്. എത്ര തവണ, എത്രയെത്ര സാഹചര്യങ്ങളില്‍ ഇങ്ങനെ, വിരാട് കോലിയല്ലാതെ മറ്റാര്.

ടൂര്‍ണമെന്റിലുടനീളം സ്ട്രൈക്ക് റേറ്റിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ട കോലി അഹമ്മദാബാദില്‍ മറ്റൊരു വേര്‍ഷനെയാണ് പുറത്തുകാണിച്ചത്. മറ്റൊരു സമീപം.

പടിക്കലിന്റെ മടക്കത്തിന് ശേഷം നേരിട്ട ആദ്യ പന്തില്‍ കോലി നേടിയത് സിക്സ്, പിന്നീട് സംഭവിച്ച ഡബിള്‍ ബ്ലോ നായകൻ രജത് പാട്ടിദാറിന്റേയും കൃണാല്‍ പാണ്ഡ്യയുടേയും വിക്കറ്റുകളായിരുന്നു, ഇരുവരുടേയും പുറത്താകലിന് ശേഷം ഫേസ് ചെയ്ത പന്തില്‍ ബൗണ്ടറിയും നേടി. എതിരാളികളുടെ സാധ്യതകളെയെല്ലാം കോലി ഇല്ലാതാക്കുകയായിരുന്നു. വെല്‍ കാല്‍ക്കുലേറ്റഡായൊരു ചെയ്സ്. 12-ാം ഓവറില്‍ 25 പന്തില്‍ അര്‍ദ്ധ സെഞ്ചുറി, ഐപിഎല്‍ കരിയറിലെ തന്നെ ഏറ്റവും വേഗമേറിയത്, അത് നേടാൻ തിരഞ്ഞെടുത്തതാകട്ടെ ഫൈനല്‍ രാവും.

കാലിലെ പേശിവലിവിനെപ്പോലും അതിജീവിച്ചായിരുന്നു കോലി കിരീടനിമിഷം ഒരുക്കാൻ തയാറായത്. കീഴടങ്ങാൻ ഒരുക്കമായിരുന്നില്ല, അവസാനം വരെ മൈതാനത്തുണ്ടാകണമെന്ന ഉറച്ച തീരുമാനമുണ്ടായിരുന്നു.

2016ന്റെ ഒരുവീണ്ടെടുപ്പ് മാത്രമായിരുന്നില്ല, അവിടെ നിന്നുള്ള കോലിയുടെ വളര്‍ച്ചയുടെ ആഴം എത്രത്തോളമാണെന്നുകൂടി മൈതാനത്ത് ദൃശ്യമായി. ടിം ഡേവിഡിനെതിരെ നല്ല പന്തുകളെറിഞ്ഞ റാഷിദ് ഖാനെയും അര്‍ഷദ് ഖാനെയും കോലി അഭിനന്ദിച്ചു, സ്വന്തം ക്യാച്ചില്‍ ഒരു ടെൻഷൻ രൂപപ്പെടാതിരിക്കാൻ ഗില്ലുമായി നടത്തിയ ആശയവിനിമയങ്ങള്‍...അങ്ങനെ വിരാട് കോലിയെന്ന ഇതിഹാസത്തിന്റെ സാന്നിധ്യം കൂടി അഹമ്മദാബാദില്‍ കണ്ടു.

അര്‍ഷദിന്റെ പന്തിന് ലോങ് ഓണില്‍ വിശ്രമിക്കാൻ അവസരം കൊടുത്ത് തന്റെ നിയോഗം പൂര്‍ത്തിയാക്കുമ്പോള്‍ കോലിയുടെ സ്കോര്‍ 42 പന്തില്‍ 75 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 178. ഒൻപത് ഫോറും മൂന്ന് സിക്സും. കളിയിലെ താരം. കൃണാല്‍ പാണ്ഡ്യയും ടിം ഡേവിഡും കോലിയെ ആലിംഗനം ചെയ്തു, രജത് പാട്ടിദാറിനൊപ്പം കിരീടമുയര്‍ത്തി. ആ നിമിഷം അവര്‍ ശീലമാക്കിയെടുക്കുന്ന കാഴ്ച,...

സീസണിലാകെ 16 മത്സരങ്ങള്‍. 56 ശരാശരിയില്‍ 675 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 165, 73 ഫോറുകള്‍, 25 സിക്സറുകള്‍. അയാളില്‍ സംശയം ഉയര്‍ത്തിയവര്‍ വീണ്ടും തിരുത്താൻ നിര്‍ബന്ധിതമായിരിക്കുന്നു. തലമുറകള്‍ക്ക് പഠിക്കാൻ ഒരു ഇന്നിങ്സുകൂടി അയാളുടെ ഐതിഹാസികമായ അധ്യായത്തിലേക്ക്. എന്ത് നേടണമെങ്കിലും അയാളെ മറികടന്നെ സാധിക്കു...അതിന് ശുഭ്മാൻ ഗില്ലിന്റെ കുട്ടികള്‍ക്ക് ആയില്ല, അല്ലെങ്കില്‍ അയാള്‍ അനുവദിച്ചില്ല. ഗെയിമിനോടുള്ള അടങ്ങാത്ത ദാഹം...എന്തൊരു മനുഷ്യനാണ്...

PREV
Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: ഗുജറാത്തിന് മുന്നില്‍ മൂന്ന് കടമ്പകള്‍, കിരീടപ്പോരില്‍ മുൻതൂക്കം ആര്‍ക്കാണ്?
ഐപിഎല്‍ 2026: രാജസ്ഥാനെ കീഴടക്കിയ ക്ലാസിക്ക് ഗില്‍, എന്തൊരു ഇന്നിങ്സായിരുന്നു