
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ റണ്‍മല കയറായൻ കിതക്കുകയാണ് അജിങ്ക്യ രഹാനെയുടെ സംഘം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആ വിജയലക്ഷ്യം എങ്ങനെ മറികടക്കും. ബാറ്റിങ് ലൈനപ്പില്‍ ആര് രക്ഷകന്റെ കുപ്പായമണിയും, കൃത്യമായൊരു ഉത്തരമില്ലാത്ത രണ്ട് ചോദ്യങ്ങള്‍. വാംഖഡെയിലും ഈഡൻ ഗാര്‍ഡൻസിലും തോല്‍വിയുടെ ഓരത്ത് ഒരുപോലെ നിന്നു കൊല്‍ക്കത്ത. കൂടുതല്‍ ശക്തമായ നിരകള്‍ കാത്തിരിക്കുന്നു. മുന്നോട്ടുള്ള യാത്രയില്‍ പോരായ്മകളുടെ ഒരു നിരതന്നെയുണ്ട് പരിഹരിക്കാൻ. ഇവ എങ്ങനെ മറികടക്കും അഭിഷേക് നായരും അജിങ്ക്യ രഹാനെയും ചേര്‍ന്ന്.
നായകൻ രഹാനയില്‍ നിന്ന് തന്നെ തുടങ്ങാം. തനിക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്നവര്‍ക്ക് മറുപടി നല്‍കിയാണ് രഹാനെ ഈഡൻ ഗാര്‍ഡൻസില്‍ നിന്ന് മടങ്ങിയത്. തന്റെ സ്ട്രൈക്ക് റേറ്റില്‍ ഉന്നം വെക്കുന്നവര്‍ക്ക് കൃത്യമായ അജൻഡയുണ്ടെന്നും അവര്‍ താൻ കളിക്കുന്നത് കാണാൻ ഇഷ്ടപ്പെടുന്നുമില്ലെന്നായിരുന്നു രഹാനെയുടെ വാദം. യാഥാര്‍ത്ഥ്യം എന്തെന്ന് പരിശോധിക്കാം. 2023 ഐപിഎല്‍ മുതലുള്ള കണക്കുകളെടുത്താല്‍ പവർപ്ലേയില്‍ 250ലധികം പന്തുകള്‍ നേരിട്ട ഇന്ത്യൻ ബാറ്റര്‍മാരില്‍ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റുള്ള രണ്ടാമത്തെ താരമാണ് രഹാനെ.
മുന്നിലുള്ളത് അഭിഷേക് ശര്‍മ മാത്രം. പക്ഷേ, പവര്‍പ്ലേയില്‍ മാത്രം ഒതുങ്ങുന്നതല്ലല്ലോ ടി20. പവര്‍പ്ലേയ്ക്ക് ശേഷമുള്ള രഹാനെയുടെ സ്ട്രൈക്ക് നേര്‍വിപരീതമാണ്. മുംബൈക്കെതിരായ മത്സരം മാത്രമെടുക്കാം. പവര്‍പ്ലേയില്‍ രഹാനെ നേരിട്ടത് 18 പന്തുകളാണ്, നേടിയത് 36 റണ്‍സ്. സ്ട്രൈക്ക് റേറ്റ് 200. ശേഷം 22 പന്തുകള്‍ക്കൂടി, സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തത്, സ്ട്രൈക്ക് റേറ്റ് വീണത് 140ലേക്ക്. അവസാനം നേരിട്ട പത്ത് പന്തില്‍ 10 റണ്‍സും. ഹൈദരാബാദിനെതിരെ പവര്‍പ്ലേയില്‍ രഹാനെയുടെ ഇന്നിങ്സ് പത്ത് പന്തില്‍ അവസാനിച്ചു, എട്ട് റണ്‍സും. സ്ട്രൈക്ക് റേറ്റ് 80.
കൊല്‍ക്കത്ത നിരയില്‍ സ്ഥിരതയുള്ള ഏക ബാറ്റായി രണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ കാണാനാകുന്നത് യുവതാരം അംഗ്രിഷ് രഘുവൻശിയെ മാത്രം. 177 സ്ട്രൈക്ക് റേറ്റില്‍ 103 റണ്‍സ്, രണ്ട് അര്‍ദ്ധ സെഞ്ചുറികള്‍. എന്നാല്‍ വലിയ വിജയലക്ഷ്യം മുന്നിലുയരുമ്പോള്‍ അനിവാര്യമായ വേഗത ഇന്നിങ്സിലേക്ക് കൊണ്ടുവരാൻ വലം കയ്യൻ ബാറ്റര്‍ക്കും ഒരുപരിധിക്കപ്പുറം കഴിയുന്നില്ല. ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ 33 പന്തില്‍ സെഞ്ചുറി നേടി ഈഡനില്‍ ഒറ്റയ്ക്ക് കീഴടക്കിയ ഫിൻ അലനാകട്ടെ ലഭിച്ച രണ്ട് തുടക്കങ്ങളും പാഴാക്കി.
ഈ മൂന്ന് പേരുകളാണ് കൊല്‍ക്കത്തയുടെ ബാറ്റിങ് നിരയിലെ കരുത്ത്. രഹാനെയും ഫിൻ അലനും പവര്‍പ്ലേ ബാറ്റര്‍മാരായി മാറുമ്പോള്‍ മധ്യനിരയില്‍ രഘുവൻശിക്ക് പിന്തുണ നല്‍കാൻ ബാറ്റര്‍മാരില്ലാതെയാകുന്നു. മുംബൈക്കെതിരെ കൊല്‍ക്കത്തയുടെ സ്കോര്‍ 240ലേക്ക് എത്തുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിച്ചിരുന്നു, അത് സംഭവിക്കാത്തതിന്റെ കാരണവും ഇത് തന്നെയാണ്. ഹൈദരാബാദിനെതിരെ അല്‍പ്പം രൂക്ഷമായി എന്ന് മാത്രം.
ഇനി അവശേഷിക്കുന്ന ബാറ്റർമാര്‍ കാമറൂണ്‍ ഗ്രീൻ, റിങ്കു സിങ്, രമണ്‍ദീപ്, അനുകൂല്‍ റോയ്, സുനില്‍ നരെയ്ൻ എന്നിവരാണ്. ഗ്രീൻ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടു, റിങ്കു സിങ്ങിന് ഫിനിഷര്‍ റോള്‍ മാത്രമല്ല, മറിച്ച് മധ്യനിര ബാറ്ററുടെ ഉത്തരവാദിത്തം കൂടി നിറവേറ്റേണ്ടതുണ്ട്. പക്ഷേ, മെല്ലെ തുടങ്ങി ഗിയര്‍ ഷിഫ്റ്റ് ചെയ്യുന്ന റിങ്കു ശൈലി ഔട്ട് ഡേറ്റഡായി തുടങ്ങിയോ എന്ന ചോദ്യമുണ്ട്.
ഹൈദരാബാദിനെതിരെ റിങ്കു ക്രീസിലെത്തുമ്പോള്‍ ആവശ്യമായ റണ്‍റേറ്റ് പതിനൊന്നിന് അടുത്തായിരുന്നു. റിങ്കു മടങ്ങുമ്പോള്‍ അത് 13 കടന്നിരുന്നു. 140 സ്ട്രൈക്ക് റേറ്റിലാണ് റിങ്കുവിന്റെ ഇന്നിങ്സ് ചലിച്ചത്. രമണ്‍ദീപിന്റെ സ്ട്രൈക്ക് റേറ്റ് 111, അനുകൂലിന് അക്കൗണ്ട് തുറക്കാൻ പോലുമായില്ല. രണ്ട് സിക്സില്‍ അവസാനിച്ചു നരെയ്ന്റെ സംഭാവന.
കൊല്‍ക്കത്തയുടെ ബാറ്റിങ് നിരയുടെ പിന്നോട്ടെത്തുമ്പോള്‍ എതിരാളികള്‍ക്ക് ജയം സാധ്യമാകുമെന്നതിന്റെ ഉദാഹരണായി കാണാം ഹൈദരാബാദിനെതിരായ മത്സരം. ഫിൻ അലൻ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടിയിരിക്കുന്നു, രഹാനെ പവര്‍പ്ലേയ്ക്ക് അപ്പുറം തനിക്ക് ടി20 വഴങ്ങുമെന്ന് തെളിയിക്കണം, പൊന്നുവിലയ്ക്ക് എത്തിയ ഗ്രീൻ മൂല്യം തെളിയിച്ചെ മതിയാകു.