ശ്രേയസ് അയ്യർ എന്ന നായകൻ പോരെ? ഇത്രയധികം വിമർശനങ്ങള്‍ അർഹിക്കുന്നുണ്ടോ?

Published : Nov 02, 2026, 02:46 PM IST
Shreyas Iyer

Synopsis

മൂന്ന് തവണ ഐപിഎല്‍ ഫൈനലില്‍ എത്തുകയും ഒരു പ്രാവശ്യം കിരീടവും നേടി തെളിയിച്ച ശ്രേയസ് അയ്യറിനെ ഈ തോല്‍വികളുടെ അടിസ്ഥാനത്തില്‍ അളക്കേണ്ടതുണ്ടോ?

സൂര്യകുമാര്‍ യാദവ് തന്റെ ടി20 ക്യാപ്റ്റൻസി കരിയറിലൂടനീളം വഴങ്ങിയത് എട്ട് തോല്‍വികളാണ്, രോഹിത് ശര്‍മ 12. സൂര്യ 52 മത്സരങ്ങളിലാണ് ഇന്ത്യയെ നയിച്ചത്, രോഹിത് 62ഉം. എന്നാല്‍, ശ്രേയസ് അയ്യറിന് കീഴില്‍ ഇതിനോടകം തന്നെ 10 പരാജയങ്ങള്‍ സംഭവിച്ചു, 26 മത്സരങ്ങളില്‍ നിന്ന്. അഡ്രസ് ചെയ്യാതെ പോകാൻ കഴിയുന്നൊരു വ്യത്യാസമല്ല ഇത്. മൂന്ന് തവണ ഐപിഎല്‍ ഫൈനലില്‍ എത്തുകയും ഒരു പ്രാവശ്യം കിരീടവും നേടി തെളിയിച്ച ശ്രേയസിനെ ഈ തോല്‍വികളുടെ അടിസ്ഥാനത്തില്‍ അളക്കേണ്ടതുണ്ടോ? അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രേയസ് എന്ന നായകൻ നേരിടുന്ന പ്രതിസന്ധികളെന്തൊക്കെയാണ്? പരിശോധിക്കാം.

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനോട് സ്വാഭാവികമായും ശ്രേയിസിന്റെ ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട ചോദ്യം ഉയര്‍ന്നു. എന്നാല്‍ തന്റെ നായകന് പൂ‍ര്‍ണ പിന്തുണ കൊടുക്കുക എന്ന ഉത്തരവാദിത്തം മാത്രമല്ല ഗംഭീര്‍ നിര്‍വഹിച്ചത്, മറിച്ച് ശ്രേയസിനെ അഭിനന്ദിക്കുകയും ചെയ്തു.

പരിചയസമ്പന്നത കുറഞ്ഞ ബൗളിങ് നിരയുള്ള ഒരു സംഘത്തെ മികച്ച രീതിയില്‍ നയിക്കാൻ ശ്രേയസിന് സാധിച്ചു. ഒരു നായകന്റെ വിജയം, ബൗളര്‍മാരും ബാറ്റര്‍മാരും എങ്ങനെ കളിക്കുന്നുവെന്നതിനെ കൂടി ആശ്രയിച്ചാണിരിക്കുന്നത്, നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ ശ്രേയസ് അസാധാരണമായാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്, ഇതായിരുന്നു ഗംഭീറിന്റെ വാക്കുകള്‍.

നായക ചുമതല ഏറ്റെടുക്കുമ്പോള്‍ തന്നെ ശ്രേയസ് വ്യക്തമാക്കിയൊരു കാര്യമുണ്ട്. ഇന്ത്യയുടെ ടി20 ടീം ഒരു പരിവര്‍ത്തന ഘട്ടത്തിലാണ് എന്നത്. ബിസിസിഐയുടെ അടുത്ത ലക്ഷ്യം തീര്‍ച്ചയായും 2028 ടി20 ലോകകപ്പാണ്, ഹാട്രിക്ക് കിരീടമെന്ന അപൂര്‍വതയിലേക്കുള്ള യാത്ര. അതിനായൊരു സ്ക്വാഡിനെ തയാറാക്കുകയാണ് നിലവില്‍. പക്ഷേ, ഇവിടെ ശ്രേയസ് നേരിടുന്ന പ്രധാന വെല്ലുവിളി സുപ്രധാന താരങ്ങളുടെ അഭാവം പരിക്ക് എന്നിവയാണ്, ഇതിനൊപ്പം കൃത്യമായൊരു ബൗളിങ് കോമ്പിനേഷൻ കണ്ടെത്താനുള്ള പരീക്ഷണങ്ങളും.

ന്യൂസിലൻഡില്‍ ഇന്ത്യക്ക് അവസാന ടി20 വരെയും കൃത്യമായൊരു ബൗളിങ് ലൈനപ്പ് ഒരുക്കാൻ കഴിഞ്ഞിരുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മതിയായ എക്‌സ്‌പീരിയൻസില്ലാത്ത മായങ്ക് യാദവ്, പ്രിൻസ് യാദവ് എന്നീവരായിരുന്നു അര്‍ഷദീപ് സിങ്ങിന് പിന്തുണ ആയി ടീമിലുണ്ടായിരുന്നത്, ഒപ്പം നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ഭുവനേശ്വര്‍ കുമാര്‍. ഈ പേസ് ബൗളിങ് ലൈനപ്പില്‍ സ്ഥിര സാന്നിധ്യമായി തുടര്‍ന്നത് അര്‍ഷദീപ് സിങ്ങ് മാത്രമാണ്. എക്‌സപ്റ്റ് അര്‍ഷദീപ്, ഇന്ത്യയുടെ പേസ് നിരയിലെ എല്ലാവരുടേയും എക്കോണമി 10ന് മുകളിലുമായിരുന്നു.

ഇനി സ്പിൻ നിരയിലേക്ക് വരാം. ഇന്ത്യയുടെ വിക്കറ്റ് ടേക്കിങ് ബൗളര്‍മാരായ കുല്‍ദീപ് യാദവിനേയും വരുണ്‍ ചക്രവര്‍ത്തിയേയും ടീമില്‍ പുറത്തിരുത്തിയായിരുന്നു പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളിലും ഇന്ത്യ മൈതാനത്തിറങ്ങിയത്. ഹാമില്‍ട്ടണ്‍ ടി20യില്‍ മാത്രമാണ് വരുണിനെ ഉള്‍പ്പെടുത്തിയത്, അപ്പോഴും കുല്‍ദീപ് ഡഗൗട്ടില്‍ തുടര്‍ന്നു. ഏക സ്പിന്നറായി അക്സര്‍ പട്ടേലും. പരമ്പരയില്‍ ഇന്ത്യ ഓള്‍ റൗണ്ടര്‍മാര്‍ക്ക് പ്രധാന്യം കൊടുത്ത് ബൗളിങ് ഡെപ്ത് കുറച്ചുമായിരുന്നു ഇലവനൊരുക്കിയത്. നിതീഷ് കുമാ‍ര്‍ റെഡ്ഡി, നമൻ ധീര്‍, അക്സര്‍ എന്നിവരായിരുന്നു ഓള്‍ റൗണ്ടര്‍മാര്‍.

ഇതുകൊണ്ട് തന്നെ ഇംപാക്റ്റ്ഫുള്ളായ, അല്ലെങ്കില്‍ വിക്കറ്റ് ടേക്കിങ് ബൗളര്‍മാരെ ഉപയോഗിക്കുന്നതില്‍ ശ്രേയസിന് പരിമിധികളുണ്ടായിരുന്നു. ഭുവിയുടെ തിരിച്ചുവരവ് നിരാശപ്പെടുത്തിയതും ഒരു കാരണമായി ചൂണ്ടിക്കാണിക്കാൻ കഴിയും. ഈ സാഹചര്യത്തിലും ഇന്ത്യ പരമ്പര സ്വന്തമാക്കിയെന്ന വസ്തുത വിസ്മരിച്ചുകൂട. ഹൈ റിസ്ക്ക്, ഹൈ റിവാര്‍ഡ് ഫിലോസഫിയിലാണ് ഇന്ത്യ ഏറെക്കാലമായി ടി20 കളിക്കുന്നത്. അതുകൊണ്ട് തന്നെ അപ്സ് ആൻഡ് ഡൗണ്‍സ് പ്രതീക്ഷിക്കുന്നതാണ് ഗംഭീര്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

ബൗളിങ് ലൈനപ്പിലെ പരീക്ഷണങ്ങള്‍ക്കൊപ്പം ചേര്‍ത്തുവെക്കേണ്ടത് മാര്‍ക്യു താരങ്ങളുടെ അസാന്നിധ്യമാണ്. ജസ്പ്രിത് ബുമ്രയും ഹാര്‍ദിക്ക് പാണ്ഡ്യയും. ഇരുവരേയും റീപ്ലേസ് ചെയ്യുകയെന്നാണ് പ്രയാസമാണ്. പ്രത്യേകിച്ചും ബുമ്രയെ, ബുമ്രയുടെ ലെവലില്‍ പ്രിൻസോ മായങ്കോ അര്‍ഷദീപോ എറിയണമെന്ന് പ്രതീക്ഷവെക്കാനാകില്ല. ജനറേഷണലായുള്ള ടാലിന്റിനെ മറ്റ് താരങ്ങളുമായി താരതമ്യം ചെയ്യുന്നതില്‍ തന്നെ ലോജിക്കില്ലായ്മ നിലനില്‍ക്കുന്നു. ബുമ്രയുടെ സാന്നിധ്യം ബൗളിങ്ങില്‍ ഇന്ത്യക്ക് നല്‍കുന്ന ഡെപ്ത് ചെറുതല്ലയെന്നതിന്റെ ഉദാഹരണമാണ് രണ്ട് ടി20 ലോകകിരീടങ്ങള്‍, ഹാര്‍ദിക്ക് നല്‍കുന്ന ബാലൻസ് മറ്റൊരു താരത്തിന് നല്‍കാൻ കഴിയുന്നതുമല്ല.

സൂര്യയുടെ വിജയങ്ങള്‍ക്ക് പിന്നില്‍ ബുമ്രയുടെ സംഭാവന നിര്‍ണായകമായിരുന്നു, പ്രത്യേകിച്ചും 2026 ലോകകപ്പില്‍. ഹൈ സ്കോറിങ് ഗെയിമുകള്‍ ഇന്ത്യ പലപ്പോഴും തിരിച്ചുപിടിച്ചത് ബുമ്രയുടെ നാല് ഓവറിലായിരുന്നു. മറുവശത്ത് രോഹിതിന്റെ ടാക്റ്റിക്കല്‍ സുപ്പീരിയോരിറ്റി ബുമ്രയില്ലാതെയും വിജയം നേടിയെടുക്കാൻ അയാളെ പ്രാപ്തനാക്കിയിട്ടുണ്ട്.

ശ്രേയസിന്റെ കീഴില്‍ എതിരാളികള്‍ ഹൈ സ്കോറുകള്‍ പടുത്തുയര്‍ത്തുന്നുണ്ടാകാം. ബാറ്റിങ്ങിനെ പൂര്‍ണമായും പിന്തുണയ്ക്കുന്ന വിക്കറ്റുകളില്‍ അത് ഇനിയും സംഭവിച്ചേക്കാം. എക്സ് ഫാക്ടറുകളുടെ അഭാവം അത്തരം മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയും നല്‍കിയേക്കാം, ഇന്ത്യക്ക് അനുകൂലവുമായേക്കാം. പാര്‍ട്ട് ഓഫ് മോഡേണ്‍ ടി20.

ശ്രേയസിനെ വിമര്‍ശിക്കുമ്പോള്‍, അല്ലെങ്കില്‍ ഈ തോല്‍വികളില്‍ അയാളെ അളക്കുമ്പോള്‍ ഇത്തരം വസ്തുതകള്‍ക്കൂടി പരിഗണിക്കേണ്ടതുണ്ട്. കൂടുതല്‍ യുവതാരങ്ങളെ ഉപയോഗിച്ചാണ് ഇന്ത്യ ഇന്ന് കളിക്കുന്നത്, 2028 ലോകകപ്പിലേക്ക് ഒരു ഇലവനെ ഷേപ്പ് ചെയ്യുക എന്നതാണ് ലക്ഷ്യം. ബുമ്രയുടേയും ഹാര്‍ദിക്കിന്റേയും അഭാവത്തില്‍പ്പോലും ജയിക്കാൻ കഴിയുന്ന ഒരു സംഘത്തെ. അത് എത്രത്തോളം സാധ്യമാകുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

PREV
Read more Articles on
click me!

Recommended Stories

ഇനി ആഞ്ചലോട്ടി വന്നാലും കാര്യമുണ്ടാകില്ല; യുണൈറ്റഡിന്റെ പ്രശ്നം മെന്റാലിറ്റി
ആർക്കാണ് കണ്‍സിസ്റ്റൻസിയുള്ളത്? സഞ്ജുവിനെ മാത്രം വിമർശിച്ചാല്‍ മതിയോ?