മുസ്തഫിസൂർ റഹ്‌മാനില്‍ തുടങ്ങി, ബംഗ്ലാദേശ്-ബിസിസിഐ പോര് മുറുകുന്നു; കാരണമെന്ത്?

Published : Jan 06, 2026, 12:46 PM IST
 Mustafizur Rahman

Synopsis

ക്രിക്കറ്റില്‍ ഒരിക്കല്‍ക്കൂടി കളത്തിന് പുറത്തെ കാര്യങ്ങള്‍ കളിയെ ബാധിക്കുകയാണ്. ഒരു വശത്ത് ഇന്ത്യയാണ്, മറുവശത്ത് ബംഗ്ലാദേശും. ഇതിനിടയില്‍ സ്റ്റാര്‍ പേസര്‍ മുസ്തഫിസൂര്‍ റഹ്മാനും

രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നതകൾ രാഷ്ട്രീയപരമായി മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല എന്ന് ചരിത്രം പറയുന്നു. അത് സമസ്ഥമേഖലകളിലേക്കും പടരും. ക്രിക്കറ്റില്‍ ഒരിക്കല്‍ക്കൂടി കളത്തിന് പുറത്തെ കാര്യങ്ങള്‍ കളിയെ ബാധിക്കുകയാണ്. ഇക്കുറിയും ഒരു വശത്ത് ഇന്ത്യയാണ്, മറുവശത്ത് ബംഗ്ലാദേശും. ഇതിനിടയില്‍ ബംഗ്ലാദേശിന്റെ സ്റ്റാര്‍ പേസര്‍ മുസ്തഫിസൂര്‍ റഹ്മാനും ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും. മുസ്തഫിസൂറിനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമെന്താണ്, അത് ശരിയായ നിലപാട് ആണോ?

മുസ്തഫിസൂര്‍ റഹ്മാൻ, ഇടം കയ്യൻ പേസര്‍. രണ്ട് കോടി രൂപയായിരുന്നു ഐപിഎല്‍ മിനി താരലേലത്തിലെ മുസ്തഫിസൂറിന്റെ അടിസ്ഥാന വില. പക്ഷേ, താരത്തെ കോല്‍ക്കത്ത സ്വന്തമാക്കിയത് 9.2 കോടി രൂപയ്ക്കാണ്. അതും ചെന്നൈ സൂപ്പര്‍ കിങ്സ് ഉള്‍പ്പെടെയുള്ള ടീമുകളുമായുള്ള കടുത്ത പോരിനൊടുവില്‍. പല പ്രമുഖ ബംഗ്ലാദേശ് താരങ്ങളും ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും മുസ്തഫിസൂറിന് മാത്രമായിരുന്നു ഫ്രാഞ്ചൈസികളില്‍ നിന്ന് പരിഗണനയുണ്ടായത്. 2026 ഐപിഎല്‍ സീസണ്‍ കളിക്കാനൊരുങ്ങുന്ന ഒരേയൊരു ബംഗ്ലാദേശ് താരം. അതായിരുന്നു മുസ്തഫിസൂറിന്റെ തലക്കെട്ട്.

പക്ഷേ, ഐപിഎല്ലിന്റെ പുതുസീസണ്‍ ആരംഭിക്കാൻ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുസ്തഫിസൂറിനെ കൊല്‍ക്കത്തയുടെ പർപ്പിളില്‍ കാണാമെന്നുള്ള പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുന്നു. ബംഗ്ലാദേശില്‍ തുടരുന്ന ആഭ്യന്തര പ്രശ്നങ്ങളാണ് എല്ലാത്തിന്റെയും ആധാരം, പ്രത്യേകിച്ചും ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍. ഇത് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കുകയും ചെയ്തു. ധാക്കയിലെ ഇന്ത്യൻ ഹൈ കമ്മിഷനിലേക്ക് പ്രതിഷേധമുണ്ടാകുകയും ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈ കമ്മിഷൻ ഓഫീസിന് മുന്നിലും സമാനസംഭവങ്ങള്‍ അരങ്ങേറി.

ബംഗ്ലാദേശിലെ സംഘർഷങ്ങള്‍ അവസാനിക്കാതെ തുടർന്നതോടെയാണ് മുസ്തഫിസൂറിലേക്കും പ്രതിഷേധമെത്തിയത്. ശിവസേന നേതാവ് ആനന്ദ് ദുബെ മുസ്തഫിസൂറിനെ ഒരു കാരണവശാലും ഇന്ത്യയില്‍ കളിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു, പാക്കിസ്ഥാൻ താരങ്ങള്‍ക്കുള്ള അതേ വിലക്കുകള്‍ ബംഗ്ലാദേശിനും ബാധകമാക്കണമെന്നും നിർദേശിച്ചു. മുസ്തഫിസൂറിന് മാത്രമായിരുന്നില്ല, താരം ഭാഗമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയും ബോളിവുഡ് നടനുമായ ഷാരൂഖ് ഖാനുമെതിരെ അധിക്ഷേപങ്ങള്‍ ഉയർന്നു. ആത്മീയ നേതാവായ ജഗദ്‌ഗുരു രാമഭദ്രാചാര്യ ഷാരൂഖിനെ ദേശദ്രോഹിയെന്നായിരുന്നു വിളിച്ചത്.

മുസ്തഫിസൂറിന്റെ ഐപിഎല്‍ പങ്കാളിത്തത്തില്‍ പ്രതിഷേധം വർധിച്ചതോടെയായിരുന്നു ബിസിസിഐ കൊല്‍ക്കത്തയോട് താരത്തെ റിലീസ് ചെയ്യാൻ നിർദേശിച്ചത്. ഇത് കൊല്‍ക്കത്ത പിന്തുടരുകയും ചെയ്തു. പക്ഷേ ബിസിസിഐയുടെ നടപടിയില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വിമർശനം ഉന്നയിച്ചു. കൃത്യമായ ഒരു കാരണം വിശദീകരിക്കാതെയാണ് മുസ്തഫിസൂറിനെ ഒഴിവാക്കിയതെന്നും ഇതുവരെ സംഭവിക്കാത്തതാണ് ഇത്തരമൊന്നെന്നും ക്രിക്കറ്റ് ബോർഡ് ചൂണ്ടിക്കാണിച്ചു. പക്ഷേ, ഇവിടം കൊണ്ട് ഒന്നും അവസാനിക്കുന്നതായിരുന്നില്ല ബംഗ്ലാദേശിന്റെ നീക്കങ്ങള്‍.

മുസ്തഫിസൂറിനെ റിലീസ് ചെയ്തതോടെ ഐപിഎല്‍ സംപ്രേഷണം രാജ്യത്ത് വിലക്കണമെന്ന പൊതുവികാരം ബംഗ്ലാദേശില്‍ ഉടലെടുത്തു. ഐപിഎല്‍ ആരംഭിച്ചതിന് ശേഷം ആദ്യമായി സംപ്രേഷണം ഒഴിവാക്കാം എന്ന തീരുമാനത്തിലേക്ക് സർക്കാരും എത്തി. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ട്വന്റി 20 ലോകകപ്പ് വേദി സംബന്ധിച്ച് നിലവില്‍ ആശങ്ക ഉയർത്തിയിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. പുതിയ സാഹചര്യത്തില്‍ ടീമിനെ ഇന്ത്യയിലേക്ക് അയക്കുന്നത് സുരക്ഷിതമാണെന്ന് കരുതുന്നില്ലെന്ന് ബോർഡ് പ്രസിഡന്റ് അനിമുള്‍ ഇസ്ലാം വ്യക്തമാക്കി.

വേദിമാറ്റം ആവശ്യപ്പെട്ട് ബോര്‍ഡ് ഐസിസിയെ സമീപിച്ചിട്ടുണ്ട്. ഐസിസിയുടെ തീരുമാനങ്ങള്‍ക്ക് അനുസരിച്ചായിരിക്കും തുടർനടപടികളെന്നാണ് ബോര്‍ഡിന്റെ നിലപാട്. ഇതോടെ ഇന്ത്യ - പാക്കിസ്ഥാൻ ക്രിക്കറ്റ് ബന്ധങ്ങളില്‍ വീണ വിള്ളല്‍ ഇവിടെയും ആവർത്തിക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. വനിത ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനം അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കുകയാണ്. ഓഗസ്റ്റിലാണ് പുരുഷ ടീമിന്റെ പര്യടനം നിശ്ചയിച്ചിരിക്കുന്നത്, ഇക്കാര്യത്തിലും വ്യക്തതയില്ല.

PREV
Read more Articles on
click me!

Recommended Stories

മുഹമ്മദ് ഷമിയുടെ അന്താരാഷ്ട്ര കരിയർ അവസാനിച്ചോ? ബിസിസിഐ നല്‍കുന്ന സൂചനയെന്ത്?
5 മത്സരങ്ങളില്‍ 4 സെഞ്ചുറി, വിജയ് ഹസാരെയിലും റണ്‍വേട്ട തുടര്‍ന്ന് മലയാളി താരം ദേവ്ദത്ത് പടിക്കല്‍