'പീപ്പിള്‍സ് ചാമ്പ്യൻ', ക്രിക്കറ്റിനപ്പുറമായിരുന്നു ഖവാജ; വംശീയ ആക്രമണങ്ങളോട് പൊരുതിയ കരിയർ

Published : Jan 02, 2026, 01:56 PM IST
Usman Khawaja

Synopsis

നിറത്തിന്റേയും ജനിച്ച മണ്ണിന്റേയും പേരില്‍, ആത് കാരണമാക്കി എന്നും വേട്ടയാടപ്പെട്ടുകൊണ്ടേയിരുന്നു ഉസ്മാൻ ഖവാജ . ഒന്നരപതിറ്റാണ്ട് താണ്ടുന്ന ക്രിക്കറ്റ് ജീവിതത്തില്‍ അത് ഇന്നും തുടരുകയാണ്

ഞാൻ പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു മുസ്‍‌ലിമാണ്, അതില്‍ അഭിമാനിക്കുന്നു, ഞാൻ ഒരിക്കലും ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ ഭാഗമാകില്ലെന്ന് പലരും പറഞ്ഞു, ഇപ്പോള്‍ എന്നെ നോക്കു...

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ഓസ്ട്രേലിയൻ ബാറ്റര്‍ ഉസ്‌മാൻ ഖവാജയുടെ വാര്‍ത്തസമ്മേളനത്തില്‍ നിന്നുള്ള വാക്കുളാണിത്..കേവലം മൂന്ന് വാചകങ്ങളിലുണ്ടായിരുന്നു അയാള്‍ കടന്നുവന്ന വഴി എത്രത്തോളം അരക്ഷിതാവസ്ഥ നിറഞ്ഞതായിരുന്നുവെന്ന്...നിറത്തിന്റേയും ജനിച്ച മണ്ണിന്റേയും പേരില്‍, ആത് കാരണമാക്കി എന്നും വേട്ടയാടപ്പെട്ടുകൊണ്ടേയിരുന്നു...

ഖവാജയെ ക്രിക്കറ്റിലേക്ക് നയിച്ചതിന് കാരണമെന്തായിരുന്നെന്നോ...താരിഖ് ഖവാജയുടേയും ഫൗസിയ താരിഖിന്റേയും മകനായി ഇസ്‌ളാമാബാദില്‍ ജനിച്ച ഖവാജ, അഞ്ചാം വയസിലാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നത്. സമ്പന്നരായിരുന്നില്ല താരിഖും ഫൗസിയയും. ഒരുനേരത്തെ അന്നത്തിനായി വിയര്‍പ്പൊഴുക്കുന്ന സാധാരണക്കാര്‍...

കുട്ടിയായിരുന്നപ്പോള്‍ ഖവാജയ്ക്ക് മുന്നിലുടെ ഒരു ചുവന്ന ഫെറാറി കാര്‍ കടന്നുപോയി. ആ വാഹനത്തില്‍ ഓസ്ട്രേലിയയുടെ മുൻ ക്രിക്കറ്റ് താരം മൈക്കല്‍ സ്ലേറ്ററായിരുന്നു. അന്നായിരുന്നു ആദ്യമായൊരു ടെസ്റ്റ് ക്രിക്കറ്ററെ ഖാവാജ കാണുന്നത്. ആ നിമിഷം ഖവാജ ചിന്തിച്ചത് മറ്റൊന്നുമായിരുന്നില്ല, ഒരു നാള്‍ ഞാനുമൊരു ടെസ്റ്റ് ക്രിക്കറ്ററാകും, അപ്പോള്‍ എനിക്കും ഇഷ്ടമുള്ള വാഹനങ്ങത്തില്‍ സഞ്ചരിക്കാമല്ലോ എന്നായിരുന്നു...

ആ ചിന്ത ഖവാജയെക്കൊണ്ട് ഓസ്ട്രേലിയൻ ക്രിക്കറ്റില്‍ പുതുചരിത്രം എഴുതിപ്പിച്ചു, പല സമവാക്യങ്ങളേയും തിരുത്തിപ്പിച്ചു...അവരുടെ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുന്ന ആദ്യ മുസ്‌ലിം. മുന്നോട്ടുള്ള യാത്രയില്‍ അയാളെ തേടിയെത്തിയത് അന്നോളം നേരിട്ടതില്‍ നിന്ന് വിഭിന്നമായ ഒന്നുമായിരുന്നില്ല...പക്ഷേ, ഖവാജ എന്നും മനുഷ്യര്‍ക്കൊപ്പം നിലകൊണ്ടു, ക്രിക്കറ്റിനപ്പുറമുള്ള വിഷയങ്ങളില്‍ നിലപാടെടുത്തു...

2023ലാണ്, എല്ലാ ജീവനും തുല്യമാണെന്നും സ്വാതന്ത്യം മനുഷ്യാവകാശമാണെന്നുമെഴുതിയ ഷൂ ധരിച്ചുകൊണ്ട് ഖവാജ കളത്തിലെത്തിയത്. പാക്കിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിന് മുൻപുള്ള പരിശീലനത്തിലായിരുന്നു ഇത്. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഷൂവിലെ എഴുത്ത്. എന്നാല്‍, ഐസിസി ഖവാജയ്ക്ക് മുന്നറിയിപ്പ് നല്‍കി, ഇനി അത്തരം ഷൂ ധരിച്ച് എത്തിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്നായിരുന്നു ശാസന. ഷൂവിലെ എഴുത്ത് മറിച്ചെങ്കിലും കൈയില്‍ കറുത്ത ആം ബാൻഡ് ധരിച്ചായിരുന്നു ഖവാജയുടെ പ്രതിക്ഷേധം.

എന്നാല്‍, ഐസിസിയുടെ ഇരട്ടത്താപ്പിനെതിരെ പല പ്രമുഖതാരങ്ങളും രംഗത്തെത്തി. ബ്ലാക്ക് ലീവ്സ് മാറ്റര്‍ ക്യാമ്പയിനും എല്‍ജിബിടിക്യു വിഭാഗങ്ങള്‍ക്കും പിന്തുണ നല്‍കുന്ന ഐസിസി എന്തുകൊണ്ട് ഖവാജയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നുവെന്ന ചോദ്യം ഉയര്‍ന്നി. ഓസീസ് നായകൻ പാറ്റ് കമ്മിൻസ് അന്ന് ഖവാജയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. വംശീയ അധിക്ഷേപങ്ങളുടെ കാലം കടന്നുപോയെന്ന് പറഞ്ഞു പഠിപ്പിക്കുമ്പോഴും... ഓസ്ട്രേലിയക്കായി പല മൈതാനങ്ങളും കീഴക്കുമ്പോഴും, നിലവില്‍ പുരോഗമിക്കുന്ന ആഷസ് പരമ്പരയ്ക്ക് തൊട്ടുമുൻപും അയാള്‍ അതിന്റെ ചൂടറിഞ്ഞു...

ആഷസിലെ ആദ്യ മത്സരത്തിന് തലേന്ന് ഗോള്‍ഫ് കളിക്കുന്നതിനിടെ പുറത്തിന് പരുക്കേറ്റ ഖവാജയോട് മാധ്യമങ്ങളും മുൻതാരങ്ങളും പുറത്തെടുത്ത സമീപനം ക്രൂരമായിരുന്നു. ടീമിനോട് പ്രതിബദ്ധതയില്ലെന്നും സ്വാര്‍ത്ഥനാണെന്നും വേണ്ടത്ര പരിശീലനം പോലും എടുക്കുന്നില്ലെന്നും മടിയനാണെന്ന് പോലുമുള്ള വിമര്‍ശനങ്ങള്‍ ഖവാജയെ തേടിയെത്തി. ഓര്‍മവെച്ചകാലം മുതല്‍ ഓസ്ട്രേലിയൻ മണ്ണില്‍ നിന്ന് കേട്ടുപഴകിയതെല്ലാം അവിടെ ആവര്‍ത്തിക്കുകയായിരുന്നു.

മത്സരത്തിന്റെ തലേദിവസം മദ്യപിച്ച് പരുക്ക് വരുത്തിവെച്ചവര്‍ക്ക് പോലും ഈ വിമര്‍ശനങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും ഖവാജ പറയുന്നു. ജോഷ് ഹേസല്‍വുഡിനും നാഥാൻ ലയണിനും പരുക്കേറ്റപ്പോള്‍ സഹതപിച്ചവര്‍ തനിക്ക് പരുക്കേറ്റപ്പോള്‍ കാര്യങ്ങള്‍ വ്യക്തികേന്ദ്രീകൃതമാക്കിയെന്നും വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ഖവാജ ചൂണ്ടിക്കാണിച്ചു. വംശീയമായ വേര്‍തിരിവുകളില്ലെന്ന് പറഞ്ഞാലും ഇന്നും അത് നിലനില്‍ക്കുന്നുണ്ടെന്നും ഇനിയും വരാനിക്കുന്ന ഖവാജമാര്‍ക്കായാണ് സംസാരിക്കുന്നതെന്നും അയാള്‍ പറഞ്ഞുവെച്ചു.

എതിരാളികളുടെ വേഗപ്പന്തുകളെ മാത്രമായിരുന്നില്ല കളത്തില്‍ അതിജീവിക്കാൻ കഴിഞ്ഞ 14 വര്‍ഷം ഖവാജ നേരിട്ടിരുന്നത്. ഓസ്ട്രേലിയക്കായി 136 മത്സരങ്ങളില്‍ നിന്ന് 8001 റണ്‍സ്, 18 സെഞ്ചുറികളും 41 അര്‍ദ്ധ ശതകങ്ങളും. സിഡ്നി ടെസ്റ്റിന് മുൻപ് ഖവാജയെ കാത്തിരിക്കുന്നത് മറ്റൊരു നേട്ടമാണ്. ഓസ്ട്രേലിയക്കായി ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ 14-ാമനാകാൻ. മൈക്ക് ഹസിയെ മറികടക്കാൻ കേവലം 30 റണ്‍സ് മാത്രം മതിയാകും. അത് സാധിച്ചാല്‍, സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന് തൊട്ടുപിന്നിലായി ചരിത്രത്താളുകളില്‍ പേരെഴുതിച്ചേര്‍ക്കാനാകും.

PREV
Read more Articles on
click me!

Recommended Stories

തൊട്ടതെല്ലാം പൊന്ന്, സർഫറാസ് ഖാന്റെ ബാറ്റിനോട് ഇനി എങ്ങനെ മുഖം തിരിക്കാനാകും?
രോ-കോയുടെ ഭാവി നിര്‍ണയിക്കുന്ന 2026; ഏകദിന ലോകകപ്പിനുണ്ടാകുമോ ഇതിഹാസങ്ങള്‍?