രവീന്ദ്ര ജഡേജ: ഔട്ടാകാൻ പ്രാർത്ഥിച്ചവരെക്കൊണ്ട് കയ്യടിപ്പിച്ചവൻ, 'ക്രൂശിക്കപ്പെട്ട ഹിറോ'

Published : Nov 12, 2025, 11:57 AM IST
Ravindra Jadeja

Synopsis

തിരിഞ്ഞുനോക്കിയാല്‍ അറിഞ്ഞൊ അറിയാതെയോ രവീന്ദ്ര ജഡേജയോളം ആരാധകരാല്‍ വേദനിക്കപ്പെട്ട മറ്റൊരു ചെന്നൈ താരമുണ്ടാകില്ല. അതിന്റെയെല്ലാം തുടക്കം 2022ലാണ്, ക്യാപ്റ്റൻസി സ്ഥാനം കയ്യിലെത്തിയപ്പോള്‍

അഹമ്മദാബാദിലെ ആ രാത്രി, വിജയങ്ങളില്‍ മതിമറക്കാത്ത മഹേന്ദ്ര സിങ് ധോണി അന്ന് രവീന്ദ്ര ജഡേജയെ എടുത്തുയര്‍ത്തി. ക്രിക്കറ്റ് മൈതാനങ്ങള്‍ക്ക് പരിചിതമല്ലാത്തൊരു കാഴ്ചയായിരുന്നില്ലെ അത്. ചെന്നൈ സൂപ്പര്‍ കിങ്സ് നേടിയ കിരീടത്തേക്കാള്‍ തിളക്കമുണ്ടായിരുന്നു ആ നിമിഷത്തിന്. An Iconic moment. It was loyalty acknowledging loyalty. ആ ഫ്രെയിം പറയും ജഡേജ സമ്മാനിച്ച ആ നിമിഷം ധോണിക്കും ചെന്നൈക്കും എന്തായിരുന്നെന്ന്. ക്രൂരമായ തമാശകളാല്‍ ജഡേജയെ ചെന്നൈ ആരാധകർ വേട്ടയാടിയ സീസണായിരുന്നു 2023. അതേ ആരാധകരെക്കൊണ്ട് അയാള്‍ നന്ദി പറയിച്ചു, വാഴ്ത്തുപാട്ടുകള്‍ എഴുതിച്ചു, അവർ ഒരിക്കലും മറക്കാത്ത ഒരു രാവ് നല്‍കി.

താൻ ഐപിഎല്ലില്‍ ആദ്യമണിഞ്ഞ കുപ്പായം ഒരിക്കല്‍ക്കൂടി ജഡേജയെ തേടിയെത്തുകയാണ്, തങ്ങളുടെ തളപതിയെ കൈവിടാൻ ഒരുക്കമല്ല ആരാധകർ. തിരിഞ്ഞുനോക്കിയാല്‍ അറിഞ്ഞൊ അറിയാതെയോ ജഡേജയോളം ആരാധകരാല്‍ വേദനിക്കപ്പെട്ട മറ്റൊരു ചെന്നൈ താരമുണ്ടാകില്ല. അതിന്റെയെല്ലാം തുടക്കം 2022ലാണ്, 2021ല്‍ ചെന്നൈക്ക് നാലാം കിരീടം സമ്മാനിച്ച് നായകസ്ഥാനം ധോണി ഒഴിയുന്നു, തിരഞ്ഞെടുക്കപ്പെട്ടത് ജഡേജയായിരുന്നു. എളുപ്പമായിരുന്നില്ല ഒന്നും, കിരീടം പ്രതിരോധിക്കാൻ ജഡേജയ്ക്ക് കീഴില്‍ ഇറങ്ങിയ ചെന്നൈക്ക് അഞ്ചാം മത്സരം വരെ കാത്തിരിക്കേണ്ടി വന്നും ആദ്യ ജയത്തിനായി.

തലമുറമാറ്റത്തിന് ധോണിയൊരുങ്ങിയപ്പോഴും ആരാധകർ തയാറായിരുന്നില്ല. ധോണിയിലേക്ക് നായകസ്ഥാനം കൈമാറണമെന്ന ആവശ്യം ഗ്യാലറികളില്‍ ഉയർന്നു. വൈകിയില്ല, എട്ട് മത്സരത്തിന് നായകകസേര ഒഴിഞ്ഞു ജഡേജ, ധോണിയിലേക്ക് തന്നെ ഉത്തരവാദിത്തം മടക്കി നല്‍കി. എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയം മാത്രമായിരുന്നു ജഡേജയ്ക്ക് കീഴില്‍ നേടാൻ കഴിഞ്ഞത്. ക്യാപ്റ്റൻസി തന്റെ പ്രകടനത്തെ ബാധിക്കുന്നുവെന്നായിരുന്നു തീരുമാനത്തിന് പിന്നിലെ കാരണമായി ചൂണ്ടിക്കാണിച്ചത്. ഇതിന്റെ തുടർച്ചയായിരുന്നു 2023. ധോണിയുടെ അവസാന ഐപിഎല്‍ എന്ന ഖ്യാതിയുണ്ടായിരുന്നു സീസണിന്.

കാല്‍മുട്ടിനേറ്റ പരുക്കുമൂലം ലോവർ ഓർഡറിലായിരുന്നു ധോണി ക്രീസിലേക്ക് എത്തിയിരുന്നത്. തൊട്ടുമുന്നില്‍ ജഡേജ. ധോണി എഴിലും ജഡേജ ആറിലും, വിരളമായി മാത്രമായിരുന്നു മാറ്റം. ധോണിയുടെ ബാറ്റിങ് കാണാൻ കൊതിച്ച ആരാധകർ ജഡേജയുടെ വിക്കറ്റിനായി കൊതിച്ചു, ചെന്നൈ ആരാധകരില്‍ നിന്ന് പോലും വ്യത്യസ്തമായ സമീപനമുണ്ടായില്ല. ജഡേജ ക്രീസിലേക്ക് എത്തുമ്പോള്‍ സ്റ്റേഡിയം നിശബ്ദം, പുറത്താകുമ്പോള്‍ ആർത്തുല്ലസിക്കുന്ന ഗ്യാലറി. ആരാധകരുടെ ഈ ശൈലിയിലെ വേദന തുറന്ന് പറയാൻ പോലും ജഡേജ മടിച്ചില്ല. ചെന്നൈ സിഇഒ കാശി വിശ്വനാഥനും അത് ശരിവെച്ചു.

ഇവിടെ നിന്നാണ് 2023 ഫൈനലില്‍ അസാധാരണമായൊരു വിജയം ജഡേജ ചെന്നൈക്ക് സമ്മാനിക്കുന്നത്. പക്ഷേ, ധോണിക്കായി ജഡേജയുടെ വിക്കറ്റിനായി ദാഹിക്കുന്ന ആരാധകരെ സ്റ്റേഡിയങ്ങളില്‍ വീണ്ടും കണ്ടിട്ടുണ്ട്. പക്ഷേ, പരിഭവങ്ങളൊന്നും ജഡേജയില്‍ നിന്നുണ്ടായിട്ടില്ല. ക്യാപ്റ്റൻസി നഷ്ടമായപ്പോഴും അപമാനിക്കപ്പെട്ടപ്പോഴുമൊന്നും അയാള്‍ തളർന്നിട്ടില്ല. ലോയലായി നിലകൊണ്ടു, ധോണിക്കും റെയ്നക്കും ശേഷം ചെന്നൈയുടെ ഐഡന്റിറ്റിയായി മാറി, എ കംപ്ലീറ്റ് ടീം മാൻ. ചെന്നൈക്കായി 186 മത്സരങ്ങള്‍, ധോണി മാത്രമാണ് കൂടുതല്‍ മത്സരങ്ങള്‍ ചെന്നൈക്കായി കളത്തിലെത്തിയത്.

ടീമിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് അയാള്‍ പന്തും ബാറ്റുമെടുത്തു. ചെന്നൈയുടെ ചെറുത്തുനില്‍പ്പുകളിലും പോരാട്ടങ്ങളിലും പ്രതിരോധങ്ങളിലും വിജയയാത്രകളിലുമുണ്ടായിരുന്നു. വലിയ കണക്കുകള്‍ കണ്ണിലുടക്കില്ല, സാഹചര്യങ്ങളിലായിരുന്നു ജഡേജയുടെ വിജയം. കഴിഞ്ഞ സീസണില്‍ ബാറ്റിങ് നിര ദുര്‍ബലമായപ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുത്തു, നാല്, അഞ്ച്, ആറ്, ഏഴ് നമ്പറുകളില്‍ ക്രീസിലെത്തി. സീസണില്‍ ചെന്നൈയുടെ സെക്കൻഡ് ടോപ് സ്കോററായി മാറി. 301 റണ്‍സ്, രണ്ട് അ‍ര്‍ദ്ധ സെഞ്ച്വറി. ഐപിഎല്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനം.

മറുവശത്ത് ബൗളിങ്ങില്‍ ശരാശരിയില്‍ ഒതുങ്ങി ജഡേജ. കഴിഞ്ഞ രണ്ട് സീസണില്‍ ആകെ നേടിയത് എട്ട് വിക്കറ്റുകളാണ്, ചെപ്പോക്കിലെ സ്പിന്നിന് അനുകൂലമായ വിക്കറ്റില്‍പ്പോലും തിളങ്ങാനായില്ല. നൂ‍ര്‍ അഹമ്മദിന്റെ നിഴലായി മാത്രമാണ് ജഡേജ നിലകൊണ്ടത്. പക്ഷേ, മധ്യ ഓവറുകളില്‍ ബാറ്റ‍ര്‍മാര്‍ക്ക് സമ്മര്‍ദം നല്‍കാനും ഇന്നിങ്സ് നിയന്ത്രണത്തിലാക്കാനും ജഡേജയുടെ സാന്നിധ്യം ചെന്നൈയെ സഹായിച്ചിരുന്നു. ചെന്നൈക്കായി 2198 റണ്‍സ്, ടീമിന്റെ ചരിത്രത്തിലെ അഞ്ചാമത്തെ ടോപ് സ്കോറര്‍. 152 വിക്കറ്റുകള്‍, ഡ്വയൻ ബ്രാവോ മാത്രം മുന്നില്‍, ഐതിഹാസികം.

എന്നിരുന്നാലും, കരിയറിന്റെ ഉന്നതിയിലേക്കല്ല ജഡേജയുടെ യാത്ര, 36 പിന്നിട്ട ജഡേജയുടെ ക്രിക്കറ്റ് കാലം അവസാനിക്കാൻ അധികദൂരം ബാക്കിയില്ലെന്ന് തീര്‍ച്ചയാണ്. ഭാവി മുന്നില്‍ക്കണ്ടായിരിക്കണം സഞ്ജു സാംസണിനെ ടീമില്‍ എത്തിക്കാനുള്ള തീരുമാനത്തിലേക്ക് മാനേജ്മെന്റ് എത്തിയത്. ജഡേജ, ബെൻ സ്റ്റോക്ക്സ്, റുതുരാജ് ഗെയ്ക്വാദ് എന്നിവരിലൂടെയൊന്നും പരിവര്‍ത്തനം ഇതുവരെ സാധ്യമാക്കാൻ കഴിയാത്ത ചെന്നൈക്ക് സഞ്ജുവിലൂടെ അത് ഒരുപക്ഷേ സാധിക്കാനായേക്കും. വിക്കറ്റ് കീപ്പ‍ര്‍, ബാറ്റ‍ര്‍, നായകൻ എന്നിങ്ങനെ ചെന്നൈ വരക്കുന്ന ബോക്സുകളിലെല്ലാം ടിക്കിടാനാകും സഞ്ജുവിലൂടെ.

ആദ്യ സീസണില്‍ ഷെയിൻ വോണിന് കീഴില്‍ കിരീടമുയര്‍ത്തിയ രാജസ്ഥാൻ സംഘത്തിലെ റോക്ക്സ്റ്റാറായിരുന്നു ജഡേജ. ജഡേജ മടങ്ങിയെത്തുമ്പോള്‍ രാജസ്ഥാന് പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനാകും. പ്രത്യേകിച്ചും ഫിനിഷിങ് ഉത്തരവാദിത്തത്തില്‍ ഷിമ്രോണ്‍ ഹെറ്റ്മെയറിന്റെ സമ്മര്‍ദം കുറയ്ക്കാനാകും. വനിന്ദു ഹസരങ്കയും ജഡേജയും ചേരുമ്പോള്‍ സ്പിൻ നിരയ്ക്ക് മൂര്‍ച്ചയേറും. യുവ താരങ്ങളാല്‍ സമ്പന്നമായ രാജസ്ഥാന് പരിചയസമ്പത്തിന്റെ സാന്നിധ്യം അനിവാര്യമാണ്. ജഡേജയിലൂടെ അതും മറികടക്കാൻ കഴിയും. ഒരു ഫെയറി ടെയില്‍ എൻഡ് പോലും തുടങ്ങിയിടത്ത് തന്നെ അവസാനിപ്പിക്കാൻ ജഡേജക്ക് അവസരവും.

PREV
Read more Articles on
click me!

Recommended Stories

100 സെഞ്ചുറിയിലേക്ക് ദൂരം ഇനി 16; കോഹ്ലി മറികടക്കുമോ സച്ചിനെ? സാധ്യതകള്‍
എറിഞ്ഞുതോല്‍ക്കുന്ന പുതിയ ഇന്ത്യ; സിറാജ്-ഷമി-ബുമ്ര പേസ് ത്രയം എവിടെ? എന്തുകൊണ്ട് പുറത്ത്?