ഒന്നും അവസാനിച്ചിട്ടില്ല, ഒ‍ര്‍മ്മപ്പെടുത്തലാണിത്! രോഹിത്-കോഹ്ലി സഖ്യം തുടരും

Published : Oct 26, 2025, 12:08 PM IST
Rohit Sharma and Virat Kohli

Synopsis

ഇന്നും ഓസീസിനെ മറികടക്കണമെങ്കില്‍ അവരുടെ ബാറ്റ് ഉയരണം, പതിറ്റാണ്ട് പിന്നിട്ടിട്ടും മാറ്റമില്ലാത്ത ഒന്നായി അത് തുടരുന്നു, അവരും, രോഹിത് ശര്‍മയും വിരാട് കോഹ്ലിയും

രാജാവിന്റെ തിരിച്ചുവരവിനായി രാജ്യം കാത്തിരുന്ന രാവ്, ഹിറ്റ്മാൻ തന്റെ വിധിയെഴുതാൻ തീരുമാനിച്ച ദിനം...അവിടേക്ക് എത്തു മുൻപ്...

2013 ഒക്ടോബര്‍ 16. ഓസ്ട്രേലിയ ഉയര്‍ത്തിയ റണ്‍മലയിലേക്ക് അനായാസം നീന്തിക്കയറുന്ന രണ്ട് യുവതാരങ്ങള്‍. മിച്ചല്‍ ജോണ്‍സണും ഷെയ്ൻ വാട്ട്സണുമടങ്ങിയ ജോര്‍ജ് ബെയ്‌ലിയുടെ ബൗളിങ് നിര ഉത്തരമില്ലാതെ നില്‍ക്കുകയാണ് ജയ്പൂരില്‍ . വിജയറണ്‍ ഉറപ്പിച്ച് ആകാശത്തേക്ക് ഉയര്‍ന്ന് ചാടി ആഘോഷിക്കുകയാണ് അവര്‍. കാലം ഒരുപാട് പിന്നിട്ടിരിക്കുന്നു. ഈ നിമിഷം ബാല്യത്തില്‍ കണ്ടവര്‍ കൗമാരം കടന്നിരിക്കുന്നു, കൗമാരത്തിലായിരുന്നവര്‍ യവ്വനം താണ്ടുന്നു, യവ്വനത്തിലുണ്ടായിരുന്നവര്‍ ജീവിതത്തിന്റെ പാതി വഴിയിലേക്ക് അടുക്കുകയാണ്...

ഒരു വ്യാഴവട്ടക്കാലത്തിനിപ്പുറം. നാഥാൻ എല്ലിസിന്റെ ഷോര്‍ട്ട് ബോള്‍ ഡീപ് തേ‍ഡിലേക്ക് ഗൈഡ് ചെയ്തയക്കുകയാണ് 18-ാം നമ്പര്‍ ജഴ്സിക്കാരൻ, മറുവശത്ത് അന്നത്തെ അതേ 45-ാം നമ്പ‍ര്‍ കുപ്പായം. ചരിത്രമുറങ്ങുന്ന സിഡ്നിയില്‍ ആ നൊസ്റ്റാള്‍‍ജിക്ക് ഫ്രെയിം ഒരിക്കല്‍ക്കൂടി ഒരുങ്ങുന്നു. ഓസ്ട്രേലിയൻ ക്രിക്കറ്റിന് മുകളില്‍ എന്നത്തേയും പോലെ തലയെടുപ്പോടെ അവര്‍, കൈകള്‍ക്കൊടുത്ത്, പരസ്പരം ആസ്ലേഷിക്കുകയാണ്. ജയ്പൂരിലെ ആവേശം ഇന്നില്ല, ഏകദിനക്രിക്കറ്റിന്റെ ഉന്നതികള്‍ കീഴടക്കിയ അനായസത അവരുടെ ശരീരഭാഷയിലുണ്ട്...

ഇന്നും ഓസീസിനെ ജയിക്കാൻ അവര്‍ വേണം, പതിറ്റാണ്ട് പിന്നിട്ടിട്ടും മാറ്റമില്ലാത്ത ഒന്ന്, രോഹിത് ശര്‍മയും വിരാട് കോഹ്ലിയും.

തകർത്തത് സമ്മർദകോട്ട

പെര്‍ത്തും അഡ്‌ലെയ്‌ഡും കഴിഞ്ഞെത്തുമ്പോൾ ഒരുപാട് ചോദ്യങ്ങള്‍ രോഹിതിനും കോഹ്ലിക്കും മുന്നിലുണ്ടായിരുന്നു. വിറച്ചു കടന്ന അഡ്‌ലയ്‌ഡിന് ശേഷമാണ് രോഹിത് ബാറ്റേന്തുന്നത്. തന്റെ ഏകദിന കരിയറിലെ തുടര്‍ച്ചയായ രണ്ട് ഡക്കിന് മറുപടി പറയേണ്ടതുണ്ട് കോഹ്ലിക്ക്. ഹേസല്‍വുഡിന്റെ പന്തില്‍ അലക്‌സ് ക്യാരിയുടെ കൈകളില്‍ ഇന്ത്യൻ നായകൻ മടങ്ങുകയാണ്. സിഡ്നിയുടെ ഗ്യാലറിയുടെ ഇടനാഴികളിലൂടെ കോഹ്ലി. സ്റ്റാൻഡിങ് ഓവേഷൻ, കാരണം അയാള്‍ തന്റെ കരിയര്‍ കെട്ടിപ്പടുത്ത മണ്ണായിരുന്നു അത്, മൈതാനത്ത് രോഹിത് കാത്തിരുന്നു...

ഒരുപക്ഷേ, ഓസ്ട്രേലിയയിലെ ഇരുവരുടേയും അവസാന ഇന്നിങ്സിനായിരുന്നിരിക്കണം കളം ഒരുങ്ങിയത്. കോഹ്ലി സ്ട്രൈക്കില്‍, ഓഫ് സ്റ്റമ്പ് ലക്ഷ്യമാക്കി ഹേസല്‍വുഡിന്റെ ഫുള്‍ ലെങ്ത് ഇൻസ്വിങ്ങ‍ര്‍, മിഡ് ഓണിലേക്ക് പഞ്ച് ചെയ്ത് കോഹ്ലി റണ്ണിനായി വിളിച്ചു. പരസ്പരം എത്ര റണ്ണൗട്ടുകളുടെ ഭാഗമായവരാണ്, കോഹ്ലിയുടെ ശബ്ദമുയര്‍ന്ന നിമിഷം രോഹിത് നോണ്‍ സ്ട്രൈക്കര്‍ എൻഡിലേക്ക് പാഞ്ഞു, ആ റണ്‍ കോഹ്ലിക്ക് എത്രത്തോളം പ്രധാനപ്പെട്ടതായിരുന്നുവെന്ന് രോഹിതിനോളം മറ്റാര്‍ക്കാണ് അറിയുക. റണ്‍ നേടിയ കോഹ്ലിക്ക് കയ്യടി, ഒരു പുഞ്ചിരി മറുപടി.

രോഹിതിന്റെ എലഗൻസിനും കോഹ്ലിയുടെ ക്ലാസിനും സാക്ഷിയാകാൻ സിഡ്നി ഒരുങ്ങി. 14-ാം ഓവറില്‍ സാമ്പയുടെ പന്തില്‍ രോഹിതിന്റെ ഇൻസൈഡ് ഔട്ട് ലോഫ്റ്റഡ് ഡ്രൈവ്, സിക്സ്. 15-ാം ഓവറില്‍ സ്റ്റാര്‍ക്കിന്റെ ഹാഫ് വോളിയിലൊരു സ്ട്രെയ്റ്റ് ഡ്രൈവുമായി കോഹ്ലി. പ്യൂവര്‍ നൊസ്റ്റാള്‍ജിയ. സബ്ലൈം ടച്ചിലേക്ക് ചുവടുവെക്കുന്ന രോഹിതും കോഹ്ലിയും. ഇറ്റ് വാസ് എ ട്രീറ്റ് ടു വാച്ച്. 2020 വരെയൊക്കെ എത്ര മത്സരങ്ങള്‍ ഒരുമിച്ച് നങ്കൂരമിട്ട് ജയം പിടിച്ചെടുത്തവരാണ്, രോഹിത് തന്റെ ശൈലി മാറ്റിയതിന് ശേഷം അത്തരമൊന്നിന് സാക്ഷ്യം വഹിക്കാൻ ക്രിക്കറ്റ് ലോകത്തിനായിട്ടില്ല.

പക്ഷേ, സിഡ്നിയില്‍ വ‍ര്‍ഷങ്ങള്‍ പിന്നോട്ടടിക്കുകയായിരുന്നു. ലോഫ്റ്റഡ് ഡ്രൈവുകളും പുള്‍ ഷോട്ടും സ്വീപ്പുമായി രോഹിത് തന്റെ പീക്കില്‍. സ്ട്രെയ്റ്റ് ഡ്രൈവും ഫ്ലിക്കും കട്ട് ഷോട്ടുകളും സ്ട്രൈക്ക് റൊട്ടേഷനുമൊക്കെയായി മറുവശത്ത് വിരുന്നൊരുക്കുന്ന കോഹ്ലി. രോഹിത് 63 പന്തില്‍ അര്‍ദ്ധ ശതകം, കോഹ്ലി 56ലും. അര്‍ദ്ധ ശതകത്തിന് ശേഷം ബാറ്റുയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്യാൻ മടിച്ച കോഹ്ലിയെ അതിനായി നിര്‍ബന്ധിക്കുന്ന രോഹിത്, അതൊരു കാഴ്ചയായിരുന്നെങ്കിലും അതിലും മനോഹരമായ മറ്റൊന്ന് പിന്നാലെ പിറന്നു.

സാമ്പയുടെ പന്ത് ലോങ് ഓഫിലേക്ക് പുഷ് ചെയ്ത് സ്ട്രൈക്ക് എൻഡിലേക്ക് രോഹിത്. നോണ്‍ സ്ട്രേക്ക് എൻഡില്‍ നിന്ന് കോഹ്ലി സ്ട്രൈക്ക് എൻഡിലേക്ക് നടക്കുകയാണ്. രോഹിതിന്റെ ശതക നിമിഷം. അത് രോഹിതിന് മുന്നേ ആഘോഷിച്ചത് കോഹ്ലിയായിരുന്നു. ഒരു രാജ്യത്തിന്റെ പ്രതീക്ഷകള്‍ ഒന്നരപതിറ്റാണ്ട് ചുമലിലേറ്റിയവരുടെ പരസ്പരം പങ്കുവെക്കുന്ന ബഹുമാനത്തിന്റെ വിശ്വാസത്തിന്റെ മറ്റൊരു പര്യായമായിരുന്നു ആ സന്ദര്‍ഭം. പലകുറി കണ്ടുപഴകിയ ആ നിമിഷത്തിനപ്പോള്‍ വല്ലാത്തൊരു പുതുമയുണ്ടായിരുന്നു.

ഒന്നൊന്നര കൂട്ടുകെട്ട്

കൂട്ടുകെട്ടില്‍ പതിവുപോലെ ഡൊമിനേറ്റ് ചെയ്യുന്ന രോഹിത്, ഒപ്പം നില്‍ക്കുന്ന കോഹ്ലി. രോഹിത് 121 നോട്ടൗട്ട്, കോഹ്ലി 74ല്‍ പുറത്താകാതെ. 168 റണ്‍സിന്റെ പിരിയാത്ത കൂട്ടുകെട്ട്. 2020ന് ശേഷം ആദ്യമായി ഒരു സെഞ്ച്വറി കൂട്ടുകെട്ട്, അന്നും ഓസ്ട്രേലിയ ആയിരുന്നു എതിരാളികള്‍. സിഡ്നിയില്‍ ഇന്ത്യയ്ക്ക് ഒൻപത് വിക്കറ്റ് ജയം. രോ-കോയ്ക്ക് പിന്നിലായി, ഇരുവര്‍ക്കും വഴിയൊരുക്കുന്ന ഓസ്ട്രേലിയൻ ടീം. ഓസീസ് മണ്ണിലെ അവസാന ഇന്നിങ്സ് കാലമെന്നും ഓര്‍ത്തുവെക്കുന്ന ഒന്നാക്കി മാറ്റിയുള്ള മടക്കം. വൈകാരികമായിരുന്നു. ചരിത്രം പിറന്ന, റെക്കോര്‍ഡുകള്‍ നിലംപതിച്ച സായാഹ്നം. 150 റണ്‍സിലധികം നീണ്ട കൂട്ടുകെട്ട് 12-ാം തവണ, ഗാംഗുലി-സച്ചിൻ കൂട്ടുകെട്ടിനൊപ്പം. ഓസ്ട്രേലിയക്കെതിരെ മാത്രം സഖ്യം നേടിയത് 1454 റണ്‍സ്, ലെജൻഡറി.

മത്സരശേഷം കോഹ്ലി പറഞ്ഞുവെച്ചു. ഞങ്ങള്‍ രണ്ട് പേരും 20 ഓവറിലധികം ഒരുമിച്ച് ബാറ്റ് ചെയ്താല്‍ ഏത് ലക്ഷ്യവും മറികടക്കാനാകും, അത് എതിരാളികള്‍ക്കും അറിയാം. കോഹ്ലിയുടെ വാക്കുകള്‍ പ്രാവര്‍ത്തികമാകുകയായിരുന്നു മൂന്നാം ഏകദിനത്തില്‍. സമ്മര്‍ദത്തിന്റെ കൊടുമുടികളേക്കാള്‍ ഉയരത്തില്‍, മുകളില്‍ രോഹിതും കോഹ്ലിയും. എ പെര്‍ഫെക്റ്റ് എൻഡ്.

PREV
Read more Articles on
click me!

Recommended Stories

ബിസിസിഐ തഴഞ്ഞു, ബാറ്റുകൊണ്ട് ഒന്നൊന്നര മറുപടി; ഇഷാൻ കിഷൻ വരുന്നു
അഹമ്മദാബാദ് അവസാന അവസരം! സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പ് ടീമിലുണ്ടാകുമോ?