
ഇന്ത്യയുടെ കിരീടധാരണത്തിനും വൈകാരിക നിമിഷങ്ങള്‍ക്കും അപ്പുറം മനോഹരമായ ഒരു കാഴ്ചയുണ്ടായി ഞായറാഴ്ച നവി മുംബൈയില്‍. ഡി വൈ പാട്ടീലിന്റെ ഗ്യാലറികളില്‍ നിന്ന് കയ്യടികള്‍ക്കൊപ്പം ഒരേ താളത്തിലൊരു ചാന്റ് ഉയരുകയാണ്, വെല്‍ പ്ലെയ്‌ഡ് ലോറ, വെല്‍ പ്ലെയ്‌ഡ് ലോറ.. ഇതായിരുന്നു ചാന്റിലെ വാചകം.
ചില സമയങ്ങളില്‍ നിങ്ങളുടെ ഏറ്റവും മികച്ച ശ്രമങ്ങള്‍പ്പോലും മതിയാകാതെ വരും. വിജയനിമിഷത്തിലുയര്‍ന്ന കാതടപ്പിക്കുന്ന ശബ്ദത്തിനിടയിലും അചഞ്ചലയായിരുന്നു ദക്ഷിണാഫ്രിക്കൻ ഡഗൗട്ടിലിരുന്ന ലോറ വോള്‍വാര്‍ട്ട്. കേപ് ടൗണിലും ദുബായിലും ഒടുവില്‍ മുംബൈയിലും. കിരീടത്തിനരികിലൂടെ നടന്നുനീങ്ങാൻ മാത്രം ലോറ വിധിക്കപ്പെട്ട മൂന്ന് സന്ദര്‍ഭങ്ങള്‍...
ഒരു വനിത ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രം കണ്ട ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം. ഒൻപത് മത്സരങ്ങള്‍. 571 റണ്‍സ്. രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ദ്ധ സെഞ്ച്വറിയും. ഓസീസ് ഇതിഹാസം അലീസെ ഹീലിക്ക് ശേഷം ഒരു ലോകകപ്പിന്റെ സെമിയിലും ഫൈനലിലും മൂന്നക്കം തൊടുന്ന ആദ്യ താരം. തലമുറകള്‍ക്കൊണ്ടാടാൻ ഒരുങ്ങുന്ന, കടന്നുപോയ ലോകകപ്പ് ഓര്‍മിക്കപ്പെടുക ലോറയുടെ പോരാട്ടത്തിന്റെ പേരില്‍ക്കൂടിയായിരിക്കുമെന്നത് തീര്‍ച്ചയാണ്. അത് ബാറ്റിങ് മികവിന്റെ പേരില്‍ മാത്രമല്ല, ഒരു ക്യാപ്റ്റനെന്ന നിലയില്‍ക്കൂടിയാണ്.
ഈ ഒറ്റയ്ക്ക് മൈതാനത്ത് നില്‍ക്കുന്ന ഒരു ഫ്രെയിമുണ്ട്, അതില്‍ ചുരുക്കാം ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ഫൈനല്‍. നാല് ഓവറുകള്‍ വേണ്ടി വന്നു താളം കണ്ടെത്താൻ, പിന്നീടൊരു തിരിച്ചുപോക്കുണ്ടായിരുന്നില്ല. രേണുക സിങ്, ക്രാന്തി ഗൗഡ്, അമൻജോത് കൗര്‍, ദീപ്തി ശര്‍മ, രാധാ യാധവ്, ശ്രീ ചരണി, ഷഫാലി വര്‍മ. ഹര്‍മൻ പന്തേല്‍പ്പിച്ച എല്ലാ ഇന്ത്യൻ ബൗളര്‍മാരും ലോറയുടെ ബാറ്റില്‍ നിന്ന് ബൗണ്ടറികള്‍ വഴങ്ങി. മറുവശത്ത്, കാലുറപ്പിക്കാനാകാതെ പ്രോട്ടിയാസ് ബാറ്റര്‍മാര്‍ ഡഗൗട്ടിലേക്ക് ഇടവേളകളില്‍ മടങ്ങിയപ്പോഴും നവി മുംബൈയില്‍ വേരുറപ്പിച്ച് ഇന്ത്യയുടെ വിജയത്തിന് മുകളിലേക്ക് പടര്‍ന്ന് പന്തലിക്കാൻ ഒരുങ്ങുകയായിരുന്നു 14-ാം നമ്പറുകാരി.
പക്ഷേ, കാലം കരുതി വെച്ചത് മറ്റൊന്നായിരുന്നു. ആ രാത്രി ലോറയുടെ ബാറ്റില്‍ നിന്ന് ഒരേയൊരു പിഴവ് മാത്രമെ സംഭവിച്ചിരുന്നുള്ളു. അത് 42-ാം ഓവറില്‍ ദീപ്തി ശര്‍മയുടെ പന്ത് മിസ് ടൈം ചെയ്തതാണ്. അമൻജോത് നിരവധി ശ്രങ്ങള്‍ക്കൊടുവില്‍ അത് കൈക്കലാക്കുമ്പോള്‍ ഗ്യാലറിയിലും മൈതാനത്തുമുണ്ടായ ആവേശമാണ് ലോറയുടെ വിക്കറ്റിന്റെ വില. അവിടെ നഷ്ടപ്പെടുകയായിരുന്നു പ്രോട്ടിയാസിന്റെ സ്വപ്നങ്ങളും. 98 പന്തില്‍ 101 റണ്‍സ്, 11 ഫോറും ഒരു സിക്സും.
ഇംഗ്ലണ്ടിനോട് കേവലം 69 റണ്‍സിന് പുറത്തായ് തുടങ്ങിയ ലോകകപ്പാണ്. ആ ദിനം മറന്നായിരുന്നു പിന്നീടുള്ള യാത്ര. ഓസ്ട്രേലിയക്ക് മുന്നിലെത്തുന്നതുവരെ പിന്നീട് തോല്‍വി അറിഞ്ഞില്ല. ഹീലിയുടെ സംഘം ഒരിക്കല്‍ക്കൂടി രണ്ടക്കത്തില്‍ ചുരുട്ടിക്കെട്ടി. അവിടെ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് അനിവാര്യമായ തീ നല്‍കിയതും ലോറയായിരുന്നു. സെമി ഫൈനില്‍, ഗ്രൂപ്പ് ഘട്ടത്തില്‍ നാണം കെടുത്തിയ ഇംഗ്ലണ്ടിനെതിരെ ഒറ്റയ്ക്ക് നേടിയത് 169 റണ്‍സ്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ നോക്കൗട്ട് സ്കോര്‍.
115 പന്തിലായിരുന്നു സെഞ്ച്വറി. ശേഷം നേരിട്ട 28 പന്തില്‍ 69 റണ്‍സ്. പ്രോട്ടിയാസ് നേടിയത് 125 റണ്‍സിന്റെ പടുകൂറ്റൻ ജയം. ഇന്ത്യക്കെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ 70 റണ്‍സ്, ശ്രീലങ്കയ്ക്കെതിരെ 60 നോട്ടൗട്ട്, പാക്കിസ്ഥാനെതിരെ 90. ഫൈനലില്‍ മറുവശത്ത് ഒരാള്‍ നിലയുറപ്പിച്ചിരുന്നെങ്കില്‍ ലോറയുടെ കഥ തന്നെ മാറുമായിരുന്നു.
17-ാം വയസിലാണ് അരങ്ങേറ്റം. ദക്ഷിണാഫ്രിക്കയ്ക്കായ് സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. ഡോക്ടറാകാനുള്ള മോഹവും സംഗീതവും കൊണ്ടുനടന്ന മനസിലേക്ക് ക്രിക്കറ്റ് ബാറ്റ് എത്തിയത് വെറുതെയായിരുന്നില്ല. വനിത ക്രിക്കറ്റില്‍ ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ ആറാമതാണ്, 11 തവണ മൂന്നക്കം. ദക്ഷിണാഫ്രിക്കയുടെ ലീഡിങ് റണ്‍സ് സ്കോറര്‍. ഒരു കിരീടം മാത്രം അകന്നുനില്‍ക്കുകയാണ് ലോറയില്‍ നിന്ന്.
നവി മുംബൈയില്‍ ലോറയുടെ മുഖത്ത് ചിരി മടങ്ങിയെത്തിയ സ്മൃതി മന്ദന അവരെ ആശ്ലേഷിച്ച നിമിഷം മാത്രമായിരുന്നു. ഇനിയും ഫൈനലുകളിലെത്താൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്, ഒരുദിവസം ആ ഫൈനല്‍ ജയിക്കാനും, ലോറ പറഞ്ഞു നിര്‍ത്തി.
ജോഹന്നാസ്ബര്‍ഗില്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ലോകകപ്പ് പ്രകടനം പുറത്തെടുത്തിട്ടും ക്രിക്കറ്റ് ദൈവത്തിന് പോലും ആ കിരീടം നിഷേധിക്കപ്പെട്ടിരുന്നു. പക്ഷേ, കാലം സച്ചിൻ തെൻഡുല്‍ക്കറെന്ന ഇതിഹാസത്തിനോട് കരുണ കാണിച്ചാണ് കടന്നുപോയത്. അതുപോലൊരു നാള്‍ ലോറയേയും തേടിയത്തട്ടെ.
ഈ കിരീടം ഇന്ത്യക്ക് വേണമായിരുന്നു, നിങ്ങളുടെ പോരാട്ടങ്ങളോട് ആദരം മാത്രം. സോറി ലോറ, വെല്‍ പ്ലെയ്‌ഡ്.