ഇന്ത്യയുടെ ദൗർബല്യം സൂര്യകുമാർ യാദവോ? നായകസമ്മർദം മറികടക്കാനാകാതെ താരം

Published : Nov 07, 2025, 10:10 AM IST
Suryakumar Yadav

Synopsis

പേരിനും പേരുമയ്ക്കും വെറും നിഴലായ് മാത്രമാണ് നിലവില്‍ സൂര്യകുമാർ യാദവ്. താരത്തെ പിന്നോട്ട് വലിക്കുന്നത് നായകനെന്ന നിലയിലെ സമ്മർദമാണെന്ന് സമീപകാല പ്രകടനങ്ങള്‍ തെളിയിക്കുന്നു

യോര്‍ക്കര്‍ ലെങ്തിലെത്തുന്ന പന്ത്, ഒരു ചുവടുമുന്നോട്ട് വെച്ച് ഡീപ് ബാക്ക്‌വേഡ് സ്ക്വയര്‍ ലെഗിന് മുകളിലൂടെ അനായാസം സ്കൂപ്പ് ചെയ്ത് ഗ്യാലറിയിലേക്ക് കോരിയിടുന്ന കാഴ്ച. ഏത് ലോകോത്തര ബൗളറുടേയും ആത്മവിര്യം കെടുത്താൻ അതുപോലൊരു നിമിഷം മതിയാകും. അത്തരം ക്രിക്കറ്റിങ് ബ്രില്യൻസുകള്‍ക്ക് ഇന്ന് ലോകക്രിക്കറ്റില്‍ ഒരു അപ്പോസ്തലനെയുള്ളു, സൂര്യകുമാര്‍ യാദവ്. പക്ഷേ, ആ സൂര്യകുമാര്‍ യാദവിന് എന്ത് പറ്റിയെന്ന് ചിന്തിക്കാത്തവര്‍ സമീപകാലത്തുണ്ടാകില്ല. മുൻ ലോക ഒന്നാം നമ്പര്‍ ടി 20 ബാറ്റര്‍, 360 ഡിഗ്രി പ്ലെയര്‍, ഇന്ത്യയുടെ നായകൻ. ഇന്നും ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍ എന്ന് നിസംശയം പറയാനാകും. പക്ഷേ, പേരിനും പേരുമയ്ക്കും വെറും നിഴലായ് മാത്രമാണ് നിലവില്‍ സൂര്യ. താരത്തെ പിന്നോട്ട് വലിക്കുന്നത് നായകസമ്മര്‍ദമാണോ.

സൂര്യയുടെ ബാറ്റ് നിശബ്ദം

ട്വന്റി 20യില്‍ സൂര്യകുമാര്‍ യാദവ് അവസാനമായി ഒരു അര്‍ദ്ധ സെഞ്ച്വറി നേടിയതെന്നാണെന്ന് ഓര്‍മയുണ്ടോ? 18 ഇന്നിങ്സുകളുടെ ദൂരമുണ്ട് ആ നിമിഷത്തിലേക്ക്. 2024 ഒക്ടോബറില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു അത്, ഒരു വര്‍ഷം താണ്ടിയിരിക്കുന്നു. ശേഷം ഓസ്ട്രേലിയ മുതല്‍ യുഎഇ വരെ ചെറുതും വലുതുമായ ഏഴ് ടീമുകള്‍ക്കെതിരെ സൂര്യ ക്രീസിലേക്ക് എത്തിയിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന സ്കോര്‍ പാക്കിസ്ഥാനെതിരെ ഏഷ്യ കപ്പില്‍ ദുബായില്‍ പുറത്താകാതെ നേടിയ 47 റണ്‍സാണ്, രണ്ടാമത് ഓസ്ട്രേലിയക്കെതിരെ കാൻബറയില്‍ കുറിച്ച 39 റണ്‍സ്. അര്‍ദ്ധ സെഞ്ച്വറികള്‍ക്കൊന്നും സ്ഥാനമില്ലാത്ത കാലമാണിന്ന്, ഇംപാക്റ്റിനാണ് ഫോര്‍മാറ്റില്‍ മൂല്യം.

ഇതെല്ലാം പറയുമ്പോഴും അത്ഭുതപ്പെടുത്തുന്ന മറ്റൊരു യാഥാര്‍ത്ഥ്യം മുന്നിലുണ്ട്. കഴിഞ്ഞ 18 ഇന്നങ്സുകളില്‍ പത്തിലും സൂര്യകുമാറിന്റെ ഇന്നിങ്സ് അവസാനിച്ചത് ഒറ്റയക്കത്തിലാണ്, ഇതില്‍ ഒൻപത് തവണയും പുറത്തായ്. പൂജ്യത്തില്‍ മടങ്ങേണ്ടി വന്നത് മൂന്ന് തവണ, ഒരു റണ്‍സിലും കളം വിടേണ്ടി വന്നു മൂന്ന് വട്ടം. 2024 ജൂണ്‍ 26 വരെ ലോക ഒന്നാം നമ്പര്‍ ട്വന്റി 20 ബാറ്ററായിരുന്ന താരത്തിന്റെ പ്രകടനങ്ങളാണ് മേല്‍പ്പറഞ്ഞതെന്നത് അവിശ്വസനീയമായി തോന്നിയേക്കാം. അത്രത്തോളം ഇടിവ് വന്നിട്ടുണ്ട് സൂര്യയുടെ സമീപകാല പ്രകടനങ്ങളില്‍.

കഴിഞ്ഞ ജനുവരിയിലെ ഇംഗ്ലണ്ട് പരമ്പരയിലായിരുന്നു സൂര്യയെ ഏറ്റവും മോശം ഫോമില്‍ കണ്ടത്. അഞ്ച് ട്വന്റി 20യില്‍ നിന്ന് 28 റണ്‍സ് മാത്രം, അഞ്ച് മത്സരങ്ങളുള്ള ട്വന്റി 20 പരമ്പരയിലെ ഒരു ബാറ്ററുടെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്ന്. പക്ഷേ, ഐപിഎല്ലില്‍ 16 മത്സരങ്ങളില്‍ നിന്ന് 717 റണ്‍സുമായി സ്ഥിരതയുടെ പര്യായമായി മാറി സൂര്യ. 16 ഇന്നിങ്സുകളിലും 25 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തു. ലോക റെക്കോര്‍ഡ്, മറ്റാര്‍ക്കും ഇതുവരെ സാധിക്കാത്ത ഒന്ന്. പക്ഷേ, പിന്നീട് വന്ന ഏഷ്യ കപ്പില്‍ നേര്‍വിപരീതമായിരുന്നു കാര്യങ്ങള്‍. ഏഴ് മത്സരങ്ങളില്‍ നിന്ന് കേവലം 72 റണ്‍സ് മാത്രം. സ്ട്രൈക്ക് റേറ്റാകട്ടെ 101. രണ്ട് സിക്സറുകളാണ് ആകെ ടൂര്‍ണമെന്റില്‍ നേടിയത്.

നിലവില്‍ പുരോഗമിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിലും വ്യത്യസ്തമല്ല കാര്യങ്ങള്‍. നാല് ഇന്നിങ്സുകളില്‍ 84 റണ്‍സാണ് ഇന്ത്യൻ നായകന്റെ ഓസീസ് മണ്ണിലെ സമ്പാദ്യം. മെച്ചപ്പെട്ട സ്ട്രൈക്ക് റേറ്റുണ്ട് എന്നത് മാത്രമാണ് ഒരു വ്യത്യാസമായി എടുത്തുകാണിക്കാനുള്ളത്. നായകനായതിന് ശേഷമാണ് സൂര്യയുടെ ബാറ്റിങ്ങിലെ ഇടിവ് സംഭവിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അഗ്രസീവായ് സ്വയം ഉദാഹരണമാകാൻ ശ്രമിക്കുന്ന സൂര്യക്ക് രോഹിതിനെ പോലെ അത് സ്ഥിരതയോടെ ചെയ്യാനാകുന്നില്ല എന്നതാണ് മൈതാനങ്ങളില്‍ തെളിയുന്നത്.

നായകസമ്മർദം തന്നെ!

33 മത്സരങ്ങളിലാണ് സൂര്യ ഇതുവരെ ഇന്ത്യയെ ഫോര്‍മാറ്റില്‍ നയിച്ചത്. 31 ഇന്നിങ്സുകളിലായി 714 റണ്‍സ്, ശരാശരി 25 മാത്രമാണ്, സ്ട്രൈക്ക് റേറ്റ് 154. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ദ്ധ സെഞ്ച്വറിയും മാത്രമാണ് 31 അവസരങ്ങളിലെ നേട്ടം. ക്യാപ്റ്റനായതിന് ശേഷം സ്ട്രൈക്ക് റേറ്റിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. വിരാട് കോഹ്ലി, ഹാര്‍ദിക്ക് പാണ്ഡ്യ, രോഹിത് തുടങ്ങി വിവിധ ക്യാപ്റ്റന്മാര്‍ക്ക് കീഴില്‍ അസാധ്യ പ്രകടനമാണ് സൂര്യ പുറത്തെടുത്തിട്ടുള്ളത്. 58 ഇന്നിങ്സുകളില്‍ നിന്ന് 2040 റണ്‍സ്, ശരാശരി 43, സ്ട്രൈക്ക് റേറ്റ് 170നടുത്താണ്, അണ്‍റിയല്‍. മൂന്ന് സെഞ്ച്വറിയും 17 അര്‍ദ്ധ സെഞ്ച്വറിയുമുണ്ട്. സമ്മ‍‍ര്‍ദമെന്നത് കേവലം വാചകത്തിലൊതുങ്ങുന്ന ഒന്നല്ലെന്ന് തെളിയിക്കാൻ ഇതില്‍പരം ഉദാഹരണമെന്താണ് വേണ്ടത്.

2026 ട്വന്റി 20 ലോകകപ്പിന് ഇനി മൂന്ന് മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഒരുപക്ഷേ, സൂര്യ അവസാനമായി ഇന്ത്യക്കായി കളിക്കുന്ന ഒരു ടി20 ലോകകപ്പുകൂടിയായേക്കും ഇത്. മധ്യനിരയുടെ ഉത്തരവാദിത്തം പേറേണ്ടത് സൂര്യയാണെന്നതില്‍ സംശയമില്ല. താരം ഫോം വീണ്ടെടുത്തില്ലെങ്കില്‍ പിന്നാലെ എത്തുന്നവര്‍ക്ക് സമ്മര്‍ദമേറുമെന്നും ടീം തിരിച്ചടികള്‍ നേരിടേണ്ടി വരാനും സാധ്യതകളുണ്ട്.

PREV
Read more Articles on
click me!

Recommended Stories

100 സെഞ്ചുറിയിലേക്ക് ദൂരം ഇനി 16; കോഹ്ലി മറികടക്കുമോ സച്ചിനെ? സാധ്യതകള്‍
എറിഞ്ഞുതോല്‍ക്കുന്ന പുതിയ ഇന്ത്യ; സിറാജ്-ഷമി-ബുമ്ര പേസ് ത്രയം എവിടെ? എന്തുകൊണ്ട് പുറത്ത്?