പ്രതികരിച്ചാല്‍ ടീമിന് പുറത്തോ?; രഞ്ജിയില്‍ തിളങ്ങിയിട്ടും ഷമിക്കും കരുണിനും അവസരമില്ല

Published : Nov 06, 2025, 11:59 AM IST
Mohammed Shami and Karun Nair

Synopsis

വാക്കുകള്‍ക്കൊണ്ടുള്ള ഉറപ്പുകള്‍ ടീം പ്രഖ്യാപനത്തില്‍ ആവര്‍ത്തിക്കാൻ  കഴിയുന്നില്ല എന്നാണ് അജിത് അഗാർക്കറിന്റെ സമീപകാല ടീം തിരഞ്ഞെടുപ്പുകള്‍ വ്യക്തമാക്കുന്നത്

അജിത് അഗാര്‍ക്കര്‍ - ഗൗതം ഗംഭീര്‍ യുഗം. ടീമിലേക്കുള്ള വാതില്‍ തുറക്കാൻ മൂന്ന് കടമ്പ താണ്ടണം. കായിക ക്ഷമത, ലഭിക്കുന്ന അവസരങ്ങളില്‍ സ്ഥിരത പുലര്‍ത്തുക, ആഭ്യന്തര ക്രിക്കറ്റിലെ മികവ്. വാക്കുകള്‍ക്കൊണ്ടുള്ള ഉറപ്പുകള്‍ ടീം പ്രഖ്യാപനത്തില്‍ ആവര്‍ത്തിക്കാൻ അഗാര്‍ക്കറിന് കഴിയുന്നുണ്ടോ. മൂന്ന് ഉദാഹരണങ്ങളാണ് മുന്നോട്ട് വെക്കുന്നത്. മുഹമ്മദ് ഷമി, കരുണ്‍ നായര്‍, രജത് പാട്ടിദാര്‍.

ആദ്യം ഷമിയിലേക്ക്. വെസ്റ്റ് ഇൻഡീസിനെതിരായുള്ള ടെസ്റ്റ് പരമ്പര, ശേഷം നടന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പര്യടനം. ഈ രണ്ട് സംഘത്തിലും മുഹമ്മദ് ഷമിയുടെ പേരുണ്ടായിരുന്നില്ല. കായികലേഖകരുടെ ചോദ്യത്തിന് ഷമിയുടെ ശാരീരിക ക്ഷമതയിലെ ആശങ്കകളാണ് കാരണമെന്നായിരുന്നു മുഖ്യസെലക്ടറുടെ ഉത്തരം. ഷമി ആഭ്യന്തരതലത്തില്‍ തെളിയിക്കേണ്ടതുണ്ടെന്നും അഗാര്‍ക്കര്‍ പറഞ്ഞുവെച്ചു. രഞ്ജി ട്രോഫിയില്‍ ബംഗാളിന്റെ ജഴ്‌സിയണിഞ്ഞ് കളത്തിലെത്തി, ശാരീരിക ക്ഷമതയുടെ പ്രശ്നമായിരുന്നെങ്കില്‍ താൻ ബംഗാളിനായി കളിക്കില്ലായിരുന്നല്ലോയെന്നാണ് ഷമി അഗാര്‍ക്കറിന് മറുപടി നല്‍കിയത്.

ഉത്തരാഖണ്ഡിനെതിരായ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റുമായി കളിയിലെ താരമായി. രണ്ടാം മത്സരത്തില്‍ ഗുജറാത്തിനെതിരെ എട്ട് വിക്കറ്റുകള്‍. അഗാര്‍ക്കര്‍ പറഞ്ഞതുപോലെ ക്ഷമി ആഭ്യന്തര ക്രിക്കറ്റ് കളിച്ചു, വിക്കറ്റ് കോളം നിറച്ചു, കായികക്ഷമതയുണ്ടെന്ന് തെളിയിച്ചു. പക്ഷേ, ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കെതിരായ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ജസ്പ്രിത് ബുമ്രയ്ക്കും മുഹമ്മദ് സിറാജിനും ശേഷം മൂന്നാം പേസറായി എത്തിയത് ആകാശ് ദീപാണ്. രഞ്ജിയില്‍ ഷമിയുടെ സഹതാരമായ ആകാശ് നേടിയത് കേവലം നാല് വിക്കറ്റുകള്‍ മാത്രമായിരുന്നു.

മൂന്ന് മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകള്‍. ഒരഞ്ച് വിക്കറ്റ് പ്രകടനം. ഇതാണ് ഷമിയുടെ സീസണ്‍. ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളില്‍ പോലും ഒരു സാധ്യത ഷമിക്ക് തുറന്നുകൊടുക്കാൻ ബിസിസിഐ തയാറായില്ല. ഒരുപക്ഷേ, ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവ് പോലും ഷമിക്ക് ദുര്‍ഘടമാണിനി, കാരണം താരത്തിനായി വാദിക്കാൻ വിരാട് കോഹ്ലിയോ രോഹിത് ശര്‍മയോ ഇന്ന് ടെസ്റ്റ് ടീമിലില്ല, ഏകദിന ടീമിലും കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു.

ശരിയാണ്, ഇംഗ്ലണ്ട് പര്യടനത്തില്‍ പ്രതീക്ഷക്കൊത്ത് ഉയരാൻ കരുണ്‍ നായരിന് കഴിഞ്ഞിരുന്നില്ല. മികച്ച തുടക്കങ്ങള്‍ വലിയ സ്കോറിലേക്ക് എത്തിക്കുന്നതിലും പരാജയപ്പെട്ടു. പക്ഷേ, ഒരൊറ്റ പര്യടനം കൊണ്ട് വര്‍ഷങ്ങളുടെ കാത്തിരിപ്പിനും അഭ്യന്തര ക്രിക്കറ്റിലെ അസാധാരണ പ്രകടനങ്ങള്‍ക്കൊണ്ടും ടീമിലെത്തിയ കരുണിനെ തഴഞ്ഞതില്‍ നീതികേടില്ലേയെന്ന് സംശയമുയര്‍ന്നാല്‍ തെറ്റുപറയാനാകുമോ. ഓവലിലെ അവസാന ടെസ്റ്റില്‍, ഇന്ത്യ വിജയിച്ച ടെസ്റ്റില്‍, ആദ്യ ഇന്നിങ്സില്‍ മറ്റെല്ലാ ബാറ്റര്‍മാരും പരാജയപ്പെട്ടിടത്ത് കരുണ്‍ നേടിയത് നിര്‍ണായക അര്‍ദ്ധ സെഞ്ച്വറിയായിരുന്നു. ആ ഇന്നിങ്സിന്റെ ബലമാണ് ഇന്ത്യയുടെ ജയത്തിന് തറക്കല്ലിട്ടതും.

ശേഷമായിരുന്നു വിൻഡീസ് പരമ്പര എത്തിയത്. പ്രതീക്ഷിച്ച പ്രകടനം നല്‍കാൻ കരുണിനായില്ല എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് കരുണിന്റെ പുറത്താകലിനെ അഗാര്‍ക്കാര്‍ ന്യായീകരിച്ചത്. പരമ്പരയില്‍ നിന്ന് തഴയപ്പെട്ടതില്‍ നിരാശ മറച്ചുവെക്കാതെ പ്രതികരിച്ചിരുന്നു കരുണ്‍. സെലക്ട‍ര്‍മാര്‍ എന്താണ് ചിന്തിക്കുന്നതെന്ന് അവരോട് ചോദിക്കുക എന്നതായിരുന്നു കരുണിന്റെ നിലപാട്.

പക്ഷേ, അഗാര്‍ക്കറിന്റെ കണക്കുകൂട്ടലുകള്‍ തെറ്റാണെന്ന് രഞ്ജിയിലെ പ്രകടനങ്ങള്‍ക്കൊണ്ട് തെളിയിക്കുകയാണ് കരുണ്‍. കര്‍ണാടകയ്ക്കായി നാല് ഇന്നിങ്സുകളില്‍ നിന്ന് 488 റണ്‍സ്, രണ്ട് സെഞ്ച്വറി, ഒരു അര്‍ദ്ധ സെഞ്ച്വറി. കേരളത്തിനെതിരെ നേടിയ ഇരട്ട ശതകവും ഇതില്‍ ഉള്‍പ്പെടുന്നു, 233 റണ്‍സ്. വിൻഡീസ് പരമ്പരയില്‍ കരുണ്‍ ഒരു അവസരം കൂടി അര്‍ഹിച്ചിരുന്നുവെന്ന് ഈ കണക്കുകള്‍ തെളിയിക്കുകയാണ്. എന്നിട്ടും, ദക്ഷിണാഫ്രിക്കൻ പരമ്പരയില്‍ സ്ഥാനമുണ്ടായില്ല കരുണിന്. പകരം ചേര്‍ത്തുവെച്ച പേരുകളേക്കാള്‍ പലമടങ്ങ് ഉയരത്തിലാണ് ആഭ്യന്തര ക്രിക്കറ്റിലെ കരുണിന്റെ പ്രകടനം.

ഇനി രജത് പാട്ടിദാറാണ്. ഷമിയേയും കരുണിനേയും പോലെ അവസരങ്ങള്‍പ്പോലും അങ്ങനെ തേടിയെത്താത്ത താരമാണ് പാട്ടിദാര്‍. സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലാണ് താരം. അവസാനം കളിച്ച അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളെടുത്താല്‍ രണ്ട് സെഞ്ച്വറികളും രണ്ട് അര്‍ദ്ധ ശതകങ്ങളും കാണം. സെഞ്ച്വറികളില്‍ ഒന്ന് ഇരട്ടശതകമാണ്. മധ്യപ്രദേശിനായി പഞ്ചാബിനെതിരെ. കളിയിലെ താരമായതും പാട്ടിദാറായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ സ്ഥാനം ലഭിച്ചെങ്കിലും പാട്ടിദാറിന്റെ മികവ് ലിമിറ്റഡ് ഓവറിലാണെന്നത് പ്രകടനങ്ങള്‍ വ്യക്തമാക്കുന്നു. പക്ഷേ, ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ പരമ്പരയിലേക്ക് പാട്ടിദാറിനൊരു എൻട്രി ലഭിച്ചില്ല.

PREV
Read more Articles on
click me!

Recommended Stories

100 സെഞ്ചുറിയിലേക്ക് ദൂരം ഇനി 16; കോഹ്ലി മറികടക്കുമോ സച്ചിനെ? സാധ്യതകള്‍
എറിഞ്ഞുതോല്‍ക്കുന്ന പുതിയ ഇന്ത്യ; സിറാജ്-ഷമി-ബുമ്ര പേസ് ത്രയം എവിടെ? എന്തുകൊണ്ട് പുറത്ത്?