
2026 ട്വന്റി 20 ലോകകപ്പിലേക്ക് ഇനി മൂന്ന് മാസത്തെ ദൂരം മാത്രം. കിരീടം പ്രതിരോധിക്കുക എന്ന വലിയ ഉത്തരവാദിത്തമുണ്ട് സൂര്യകുമാര്‍ യാദവിന്റെ സംഘത്തിന്. പക്ഷേ, അടിമുടി പരീക്ഷണങ്ങളിലൂടെയാണ് ടീം ഒരുങ്ങുന്നത്, അവിടെ ഏറ്റവും വലിയ ചോദ്യമുയരുന്നത് ഉപനായകൻ ശുഭ്മാൻ ഗില്ലിനെ ചുറ്റിപ്പറ്റിയാണ്. ഇന്ത്യ ദീര്‍ഘകാലമായി പിന്തുടരുന്ന അഗ്രസീവ് ശൈലിയില്‍, സ്ഥിരതയോടെ മികച്ച തുടക്കം നല്‍കാൻ ഗില്ലിന് കഴിയുമോയെന്ന്. ഫോര്‍മാറ്റിലേക്കുള്ള തിരിച്ചുവരവിന് ശേഷമുള്ള വലം കയ്യൻ ബാറ്ററുടെ യാത്ര അത്ര സുഖകരമല്ല എന്ന് മൈതാനത്തെ പ്രകടനങ്ങളും കണക്കുകളും തെളിയിക്കുന്നു. സഞ്ജു സാംസണെ മറികടന്നുള്ള വരവ് നീതികരിക്കാൻ ഗില്ലിന് കഴിയുമോ?
കഴിഞ്ഞ ഏഷ്യ കപ്പിലൂടെയായിരുന്നു ഫോർമാറ്റിലേക്ക് ഉപനായകനായി, ഓപ്പണറായി ഗില്‍ എത്തുന്നത്. ഇതുവരെ അഭിഷേക് ശർമയ്ക്കൊപ്പം ക്രീസിലേക്ക് എത്തിയത് 10 തവണയാണ്. സ്കോർ ചെയ്തത് കേവലം 184 റണ്‍സ്, ശരാശരി 23. സ്ട്രൈക്ക് റേറ്റ് 140ന് മുകളിലാണെങ്കിലും ഇതുവരെ ഒരു തവണ പോലും അർദ്ധ സെഞ്ച്വറി നേടാൻ സാധിച്ചിട്ടില്ല താരത്തിന്. പാക്കിസ്ഥാനെതിരെ ഏഷ്യ കപ്പ് സൂപ്പർ ഫോറില്‍ 28 പന്തില്‍ നേടിയ 47 റണ്‍സാണ് ഉയർന്ന സ്കോർ. ഓസ്ട്രേലിയൻ പര്യടനത്തില്‍ ട്വന്റി 20യില്‍ മാത്രമല്ല ഏകദിനത്തിലും പവർപ്ലേ ഓവറുകളില്‍ പേസർമാരെ നേരിടാൻ ബുദ്ധിമുട്ടുന്ന ഗില്ലിനെയാണ് കാണുന്നത്. ഏഷ്യ കപ്പായിരുന്നു ട്വന്റി 20യിലെ താരത്തിന്റെ മികവ് ആദ്യം ചോദ്യം ചെയ്യപ്പെട്ടത്.
സഞ്ജു-അഭിഷേക് കൂട്ടുകെട്ട് ഇന്ത്യയ്ക്ക് ട്വന്റി 20 നിർഭയമായ തുടക്കങ്ങള്‍ നല്‍കുമ്പോഴാണ് ഗില്ലിലൂടെ ഏഷ്യ കപ്പിലെ മാറ്റം. 21 ശരാശരിയില്‍ 127 റണ്‍സാണ്, ഏഴ് മത്സരങ്ങളില്‍ നിന്ന് ഗില്‍ നേടിയത്. പാക്കിസ്ഥാനെതിരായ സൂപ്പർ ഫോറിലെ ഇന്നിങ്സിലായിരുന്നു അല്‍പ്പമെങ്കിലും ഇന്റന്റ് പുറത്തെടുത്തത്. ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്റി 20യിലും അത് ആവർത്തിച്ചു. പക്ഷേ, മെല്‍ബണിലും ഹോബാർട്ടിലും പവര്‍പ്ലേയില്‍ 22 പന്തുകളാണ് ഗില്‍ നേരിട്ടത്. നേടിയത് 20 റണ്‍സ്, ഒരു ബൗണ്ടറിയാണ് രണ്ട് മത്സരങ്ങളില്‍ നിന്നുള്ള നേട്ടം. ഹേസല്‍വുഡ് നയിച്ച പേസ് നിരയ്ക്ക് മുന്നില്‍ കരുതലോടെയായിരുന്നു ഓരോ പന്തും ഗില്‍ നേരിട്ടത്, സമീപകാലത്ത് ഇന്ത്യ പിന്തുടരാൻ വിസമ്മതിക്കുന്ന ശൈലി.
ഗില്ലിന്റെ ബാറ്റിങ് മികവില്‍ തര്‍ക്കങ്ങളൊ സംശയങ്ങളോ മുന്നോട്ട് വെക്കുകയല്ലിവിടെ. പക്ഷേ, ട്വന്റി 20ക്ക് അനുയോജ്യമായ തലത്തിലേക്ക് സ്ഥിരതയോടെ ഉയരാൻ താരത്തിന് കഴിയാതെ പോകുന്നുവെന്നത് യാഥാര്‍ത്ഥ്യമായി മുന്നില്‍ നില്‍ക്കുകയാണ്. ഗില്ലിന്റെ ട്വന്റി 20 കരിയര്‍ സ്ട്രൈക്ക് റേറ്റ് 140 തൊട്ടുനില്‍ക്കുകയാണെങ്കിലും പുതുകാലത്ത് ഫോര്‍മാറ്റിന് അതുമതിയാകില്ല എന്ന് ബിഗ് ത്രീയിലെ അഭിഷേക് ശര്‍മ, മിച്ചല്‍ മാര്‍ഷ്, ട്രാവിസ് ഹെഡ്, ഫില്‍ സാള്‍ട്ട്, ജോസ് ബട്ട്ലര്‍ പോലുള്ളവരുടെ പ്രകടനങ്ങള്‍ നോക്കിയാല്‍ വ്യക്തമാകും. ഇവിടെയാണ് സഞ്ജു സാംസണിന്റെ പ്രസക്തിയേറുന്നതും.
മൂന്നിലും അഞ്ചിലും ഏഴിന് താഴെയും പുറത്തുമൊക്കെയിരുത്തി സഞ്ജുവിനെ പരീക്ഷിക്കുന്ന തിരക്കിലാണ് ഗംഭീറും മാനേജ്മെന്റും. ഗില്‍ ഈ വര്‍ഷം 10 മത്സരങ്ങളില്‍ ഓപ്പണറായി ഇറങ്ങിയ കണക്കുകള്‍ നേരത്തെ സൂചിപ്പിച്ചല്ലോ. സഞ്ജുവിന്റെ ഓപ്പണറായുള്ള കണക്കുകള്‍ നോക്കാം. മൂന്ന് സെഞ്ച്വറി, ഒരു അര്‍ദ്ധ സെഞ്ച്വറി, 522 റണ്‍സ്. ഇതിനെല്ലാം മുകളിലുള്ളത് മലയാളി താരത്തിന്റെ സ്ട്രൈക്ക് റേറ്റാണ്. അത് 180നടുത്താണ്. ഗില്ലിന്റേത് 140ഉം. ഓരോ പത്ത് പന്തിലും ഒരു ബൗണ്ടറിയുടെ വ്യത്യാസം സൃഷ്ടിക്കാൻ സഞ്ജുവിന് സാധിക്കുന്നുണ്ടിവിടെ. സാങ്കേതികമികവില്‍ ഗില്‍ മുന്നിലായിരിക്കാം.
പക്ഷേ, സഞ്ജുവിന്റെ ക്ലീൻ ബോള്‍ സ്ട്രൈക്കിങ്, ഫ്രണ്ട് പൂട്ടിലെ ഡൊമിനൻസ്, പവര്‍പ്ലെയിലെ അള്‍ട്ര അഗ്രസീവ് ശൈലി. ഇവയാണ് ട്വന്റി 20യില്‍ കിരീടത്തിലേക്കുള്ള യാത്ര എളുപ്പമാക്കാൻ സഹായിക്കുന്നത്. 2024 ട്വന്റി 20 ലോകകപ്പില്‍ രോഹിത് ശര്‍മ പുറത്തെടുത്ത അതേ ശൈലി. ബൗളര്‍മാര്‍ക്ക് മുകളില്‍ ആധിപത്യം സ്ഥാപിച്ച് അവര്‍ക്ക് സമ്മര്‍ദം തിരികെ നല്‍കുന്ന ഗെയിം പ്ലാൻ. ഇതായിരുന്നു രോഹിത് നടപ്പാക്കിയത്. ഗില്‍ ആ ബൗളര്‍മാര്‍ നല്‍കുന്ന സമ്മര്‍ദത്തെ അതിജീവിക്കാനുള്ള ശ്രമം നടത്തുന്നത് അഗ്രസീവായല്ല, മറിച്ച് ഡിഫൻസീവായാണ്. സഞ്ജുവിന്റെ വരവ് വിക്കറ്റ് കീപ്പറുടെ റോളിലെ തലവേദനയില്‍ നിന്നും ഇന്ത്യയെ അകറ്റും.
ഭാവി മുൻനിര്‍ത്തിയുള്ള കാഴ്ചയില്‍ വിവിധ ഫോര്‍മാറ്റുകളിലെ ഗില്ലിന്റെ സാന്നിധ്യം അനിവാര്യമാണ്, അതില്‍ ചോദ്യമില്ല. പക്ഷേ, ട്വന്റി 20 ഡിമാൻഡ് ചെയ്യുന്നത് ഹൈലി എക്സ്പ്ലോസീവായുള്ള സമീപനമാണ്. നിലയുറപ്പിച്ച് കളിക്കാൻ നേരമില്ല ഫോര്‍മാറ്റില്‍. നേരിടുന്ന ആദ്യ പന്ത് മുതല്‍ അറ്റാക്കിങ്ങ് സമീപനമാണ് ആവശ്യം. അടുത്തൊരുങ്ങുന്ന ലോകകപ്പിന് മുൻതൂക്കം നല്‍കിയുള്ള തീരുമാനത്തിലേക്ക് എത്താൻ ബിസിസിഐക്ക് കഴിയുമോയെന്നതാണ് ആകാംഷ.