ടി20 ലോകകപ്പ്: ഇന്ത്യയെ പൂട്ടാൻ എതിരാളികളുടെ ഓഫ് സ്പിൻ തന്ത്രം; ദൗർബല്യം തിരിച്ചടിയാകുമോ?

Published : Feb 20, 2026, 02:59 PM IST
Tilak Varma

Synopsis

ടി20 ലോകകപ്പില്‍ ഇന്ത്യയോളം ഓഫ് സ്പിന്നര്‍മാരെ നേരിട്ട ഒരു ടീം ഇല്ല. അത് എത്രത്തോളം ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തി എന്നത് നേടിയ റണ്‍സ് തെളിയിക്കുന്നു

300 അലര്‍ട്ട്, ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിന് മുൻപ് ടെലിവിഷൻ സ്ക്രീനുകളില്‍ ഇങ്ങനെയൊന്ന് തെളിഞ്ഞു. ആ മാന്ത്രിക സംഖ്യയിലേക്ക് എത്താൻ പോന്നവര്‍ ഇന്ത്യ തന്നെയെന്നായിരുന്നു എല്ലാവരുടേയും കണക്കുകൂട്ടല്‍. അതിലാര്‍ക്കും തര്‍ക്കങ്ങളോ എതിര്‍ അഭിപ്രായങ്ങളൊ ഉണ്ടായിരുന്നില്ല. പക്ഷേ, മൈതാനങ്ങള്‍ ബൗളര്‍മാരുടെ ശവപ്പറമ്പാക്കുന്ന ഇന്ത്യൻ ബാറ്റിങ് നിര എതിരാളികളാല്‍ തളയ്ക്കപ്പെട്ടു. അവരെല്ലാം പ്രയോഗിച്ചത് ഒരേയൊരു തന്ത്രം മാത്രം, തങ്ങളുടെ സ്പിൻ ടാങ്ക്. ഫോര്‍മാറ്റിലേയും ലോകകപ്പിലേയും ഇന്ത്യയുടെ അധിപത്യം തടയാനുള്ള മരുന്ന് സ്പിന്നര്‍മാരാണോ.

അഭിഷേക് ശർമയില്‍ തുടങ്ങി അക്സര്‍ പട്ടേലില്‍ അവസാനിക്കുന്ന ഇന്ത്യയുടെ ബാറ്റിങ് നിര. ഹൈലി എക്‌സ്‌പ്ലോസീവ് എന്ന് നിസംശയം പറയാനാകും. പക്ഷേ, ഇത് എതിരാളികള്‍ക്ക് തുറന്നുകൊടുക്കുന്ന വാതില്‍ ചെറുതല്ല എന്നത് ഗ്രൂപ്പ് ഘട്ടം തെളിയിച്ചു. എട്ടില്‍ ആറ് പേരും ഇടം കയ്യൻ ബാറ്റർമാര്‍. അഭിഷേക്, ഇഷാൻ കിഷൻ, തിലക് വ‍ര്‍മ, ശിവം ദുബെ, റിങ്കു സിങ്, അക്സര്‍ പട്ടേല്‍. ഓഫ് സ്പിന്നര്‍മാരെ പ്രയോഗിക്കാൻ ഇതിലും വലിയൊരു ക്ഷണക്കത്ത് ആവശ്യമില്ലല്ലൊ എന്ന് പറയുന്നതുപോലെയായി കാര്യങ്ങള്‍.

ടൂര്‍ണമെന്റില്‍ ഇന്ത്യയോളം ഓഫ് സ്പിന്നര്‍മാരെ നേരിട്ട ഒരു ടീം ഇല്ല. 17 ഓവറുകളാണ് ഇന്ത്യ ഓഫ് സ്പിന്നിനെ നേരിട്ടത്. അത് എത്രത്തോളം ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തി എന്നത് നേടിയ റണ്‍സും മറ്റ് ടീമുകളുമായുള്ള താരതമ്യവും തെളിയിക്കുന്നു. 6.23 റണ്‍ റേറ്റില്‍ 106 റണ്‍സ് മാത്രമാണ് ഓഫ് സ്പിന്നര്‍മാര്‍ക്കെതിരെ ഇന്ത്യ നേടിയത്. ഇന്ത്യയേക്കാള്‍ മോശം റണ്‍ റേറ്റില്‍ ബാറ്റ് ചെയ്തിട്ടുള്ള ടീമുകള്‍ നേപ്പാളും ഒമാനും മാത്രം. നമീബിയ ഒഴികെയുള്ള എല്ലാ ടീമുകളുടേയും ഓഫ് സ്പിന്നര്‍മാര്‍ക്കെതിരെയുള്ള റണ്‍ റേറ്റ് എട്ടിന് മുകളിലുമാണ്.

പവര്‍പ്ലേയ്ക്ക് ശേഷമുള്ള ഓവറുകളില്‍ ഇന്ത്യയുടെ സ്കോറിങ്ങ് റേറ്റ് കുറയുന്നതിന്റെ പ്രധാന കാരണവും ഇത് തന്നെയാണ്. പവര്‍പ്ലേ പിന്നിട്ടതിന് ശേഷമുള്ള നാല് ഓവറുകളിലെ ഇന്ത്യയുടെ സ്പിന്നിനെതിരായ ബാറ്റിങ് പ്രകടനം ടൂര്‍ണമെന്റിലെ ശരാശരികളേക്കാള്‍ എത്രയോ താഴയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഏഴ് മുതല്‍ പത്ത് ഓവറുകള്‍ വരെയുള്ള ഫേസിലെ ഇന്ത്യയുടെ സ്ട്രൈക്ക് റേറ്റ് 106 മാത്രമാണ്, ഡോട്ട് ബോള്‍ ശതമാനം 41ഉം, പത്ത് ഓവറില്‍ നേടിയത് 64 റണ്‍സ്. ഈ ഘട്ടത്തിലെ ടൂര്‍ണമെന്റ് ശരാശരി സ്ട്രൈക്ക് റേറ്റ് 126 ആണ്, ‍ഡോട്ട് ബോള്‍ ശതമാനം 31ഉം.

തിലക് വര്‍മയും നായകൻ സൂര്യകുമാര്‍ യാദവുമാണ് ഈ സാഹചര്യങ്ങളില്‍ കൂടുതലായും ക്രീസിലുള്ളത്. ഇരുവരുടേയും ഈ ഫേസിലെ വ്യക്തിഗത സ്ട്രൈക്ക് റേറ്റ് എടുക്കുമ്പോഴാണ് ഇന്ത്യ എത്രത്തോളം സട്രഗിള്‍ ചെയ്യുന്നുവെന്ന് തെളിയുന്നതും. സൂര്യയുടെ സ്ട്രൈക്ക് റേറ്റ് 81 ആണ്, തിലകിന്റേത് അറുപതിലും എത്തിനില്‍ക്കുന്നു. കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ഈ ഘട്ടത്തില്‍ ബാറ്റ് ചെയ്തിരുന്നത് 124 സ്ട്രൈക്ക് റേറ്റിലായിരുന്നു. മധ്യഓവറുകളിലെ മികവായിരുന്നു ഇന്ത്യയുടെ കുതിപ്പിനെ അന്ന് സഹായിച്ചതും.

തിലക് ഈ ലോകകപ്പില്‍ 31 പന്തുകളാണ് ഓഫ് സ്പിന്നര്‍മാരില്‍ നിന്ന് നേരിട്ടത്, സ്കോര്‍ ചെയ്തത് 26 റണ്‍സ് മാത്രവും. വലം കയ്യൻ ബാറ്ററായ സൂര്യയും ഓഫ് സ്പിന്നിനെതിരെ റണ്‍സ് കണ്ടെത്താൻ ബുദ്ധിമുട്ടുന്നത് കണ്ടു. 28 പന്തില്‍ 27 റണ്‍സാണ് ഇന്ത്യൻ നായകന്റെ സമ്പാദ്യം. നമീബിയൻ നായകൻ ജെറാഡ് ഇറാസ്മസ്, പാക്കിസ്ഥാന്റെ സയിം ആയുബ്, നെതര്‍ലൻഡ്‌സിന്റെ ആര്യൻ ദത്ത് എന്നിവരാണ് ഇന്ത്യയെ ലോകകപ്പില്‍ ഏറ്റവുമധികം പരീക്ഷിച്ച സ്പിന്നര്‍മാരും. ലോകകപ്പില്‍ നാല് മത്സരങ്ങളില്‍ നിന്ന് ഇന്ത്യയുടെ 15 വിക്കറ്റുകളും വീഴ്ത്തിയത് സ്പിന്നര്‍മാരാണ്.

സൂപ്പര്‍ എട്ടിലേക്ക് വരുമ്പോള്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ഗ്രൂപ്പ് ഘട്ടത്തിലേക്കാള്‍ മികവ് പുലര്‍ത്തുന്ന സ്പിൻ നിരകളാണ്. ദക്ഷിണാഫ്രിക്കൻ നിരയില്‍ നായകൻ എയ്‌ഡൻ മാര്‍ക്രം, ഡെനൊവൻ ഫെരയ്‌റയും ഓഫികളായി. കേശവ് മഹരാജും ജോര്‍ജ് ലിൻഡേയും ലെഗികള്‍. വിൻഡീസിനായി അക്കീല്‍ ഹൊസൈനും ഗുഡാകേഷ് മോട്ടിയും റോസ്റ്റൻ ചേസും. സിംബാബ്‌വെയ്ക്ക് സിക്കന്ദര്‍ റാസ, ബ്രയാൻ ബെന്നറ്റ്, ടോണി മുൻയോംഗ, വെല്ലിങ്‌ടണ്‍ മസാകഡ്‌സ എന്നിവരും. ഇന്ത്യക്ക് സൂപ്പര്‍ എട്ട് അത്ര എളുപ്പമായേക്കില്ല.

ഇന്ത്യക്ക് അന്തിമ ഇലവനില്‍ അഴിച്ചുപണി നടത്താനുള്ള ഏക ഓപ്ഷൻ വലം കയ്യൻ ബാറ്ററായ സഞ്ജു സാംസണ്‍ മാത്രമാണ്. അഭിഷേക് ശര്‍മ റണ്‍ വരള്‍ച്ച അവസാനിപ്പിക്കേണ്ടതുണ്ട്. അഭിഷേകും ഇഷാനും പവര്‍പ്ലേയില്‍ നല്‍കുന്ന തുടക്കമായിരിക്കും മധ്യഓവറുകളിലെ മെല്ലെപ്പോക്ക് അതിജീവിക്കാൻ ഇന്ത്യയെ സഹായിക്കുക. പാക്കിസ്ഥാനെതിരെ പുറത്തെടുത്ത ഗെയിം പ്ലാൻ ആവര്‍ത്തിക്കുക എന്നതായിരിക്കും ലക്ഷ്യം.

PREV
Read more Articles on
click me!

Recommended Stories

ട്വന്റി 20 ലോകകപ്പ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സഞ്ജു ഇറങ്ങണം; സെഞ്ചുറികള്‍ മാത്രമല്ല കാരണം
ടി20 ലോകകപ്പ്: ഒരു സ്പിൻ ബാഷർ മാത്രമല്ല ശിവം ദുബെ, ലോകകപ്പിലെ ഇന്ത്യയുടെ 'രക്ഷകൻ'