
ഒന്നുകില്‍ നിങ്ങള്‍ക്ക് ഇന്ത്യയില്‍ ട്വന്റി 20 ലോകകപ്പ് കളിക്കാം, അല്ലെങ്കില്‍ പോയിന്റുകള്‍ നഷ്ടമാകും. സുരാക്ഷാ പ്രശ്നങ്ങള്‍ ഉന്നയിച്ച് തങ്ങളുടെ ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യക്കൊപ്പം സഹ ആതിഥേയത്വം വഹിക്കുന്ന ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യത്തിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നല്‍കിയ മറുപടിയാണിത്. വേദിമാറ്റം സാധ്യമല്ലെന്ന് വ്യക്തം. പാക്കിസ്ഥാൻ ആതിഥേയത്വം വഹിച്ച 2025 ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് വേദിമാറ്റി നല്‍കാൻ തയാറായ ഐസിസി ബംഗ്ലാദേശിന്റെ കാര്യത്തില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചതിന് പിന്നിലെന്ത്. ബംഗ്ലാദേശ് ലോകകപ്പിനായി ഇന്ത്യയിലെത്തുമോ, അങ്ങനെ ചോദ്യങ്ങള്‍ നിരവധിയാണ്.
ബംഗ്ലാദേശില്‍ തുടരുന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍, ഇതായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കിയത്. ശേഷമാണ് ഐപിഎല്ലില്‍ ഭാഗമായ ഏക ബംഗ്ലാദേശ് താരവും ഇടം കയ്യൻ പേസറുമായി മുസ്തഫിസൂര്‍ റഹ്മാനെതിരെ ഹിന്ദുത്വ സംഘടനങ്ങളും ആത്മീയ നേതാക്കളും തിരിഞ്ഞത്. ഇത് അവസാനിച്ചത് മുസ്തഫിസൂറിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റിലീസ് ചെയ്യുന്നതിലായിരുന്നു. പിന്നാലെ കടുത്ത വിമര്‍ശനവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തി. ചരിത്രത്തിലാദ്യമായി ഐപിഎല്‍ സംപ്രേഷണം വിലക്കാൻ ബംഗ്ലാദേശ് സര്‍ക്കാര്‍ തീരുമാനിച്ചു.
മുസ്തഫിസൂറിന് സുരക്ഷ നല്‍കാൻ കഴിയാത്ത ഒരു രാജ്യത്ത് തങ്ങളുടെ താരങ്ങള്‍ക്കും ആരാധകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമൊക്കെ എങ്ങനെ അതിജീവിക്കാൻ കഴിയുമെന്ന ചോദ്യമാണ് ബംഗ്ലാദേശ് ഉയര്‍ത്തുന്നത്. എന്നാല്‍, വേദിമാറ്റണമെന്ന് ബംഗ്ലാദേശിന്റെ ആവശ്യം നടപ്പിലാകാനുള്ള സാധ്യത വിരളമാണ്. ലോകകപ്പില്‍ ഗ്രൂപ്പ് സിയില്‍ ഭാഗമായ ബംഗ്ലാദേശിന് കൊല്‍ക്കത്തയില്‍ മൂന്ന് മത്സരങ്ങളും മുംബൈയില്‍ ഒരു മത്സരവുമാണുള്ളത്. വെസ്റ്റ് ഇൻഡിസ്, ഇംഗ്ലണ്ട്, ഇറ്റലി എന്നിവര്‍ക്കെതിരെയാണ് കൊല്‍ക്കത്തയിലെ മത്സരങ്ങള്‍, നേപ്പാളിനെതിരെ മുംബൈയിലും. ഇതേ കൊല്‍ക്കത്തയിലാണ് മുസ്തഫിസൂറിനെ കളിപ്പിക്കില്ലെന്ന് ഒരു വിഭാഗം പ്രഖ്യാപിച്ചതും.
ഒന്നാമതായി, ഇതിനോടകം മത്സരക്രമം ഉള്‍പ്പെടെ നിശ്ചയിച്ച ടൂര്‍ണമെന്റ് പൊളിച്ചെഴുതുക എന്നത് എളുപ്പമല്ല. മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റുമ്പോള്‍ പലകാര്യങ്ങൾ പരിഗണിക്കേണ്ടതായും വരും. ബംഗ്ലാദേശ് ടീം മാത്രമല്ല, ഇംഗ്ലണ്ട്, ഇറ്റലി, നേപ്പാള്‍ എന്നീ ടീമുകള്‍, ബ്രോഡ്‌കാസ്റ്റിങ് സംവിധാനങ്ങള്‍, ഐസിസിയുടെ ഔദ്യോഗിക സംഘങ്ങള്‍...അങ്ങനെ നീളുന്നു പട്ടിക. ഉദാഹരണമായി ഇംഗ്ലണ്ട് ടീമിനെ എടുക്കാം. ഇംഗ്ലണ്ടിന്റെ രണ്ടാം ഗ്രൂപ്പ് മത്സരം ഫെബ്രുവരി 11ന് മുംബൈയിലാണ്, ശേഷം 14ന് ബംഗ്ലാദേശുമായി. 16ന് അവസാന മത്സരം ഇറ്റലിയുമായി കൊല്‍ക്കത്തയില്‍. ബംഗ്ലാദേശ് - ഇറ്റലി മത്സരങ്ങള്‍ക്കിടയില്‍ ഒരു ദിവസം മാത്രമാണ് ഇടവേള.
ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി അംഗീകരിച്ചാല്‍ ലങ്കയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് ഇംഗ്ലണ്ട് മത്സരദിവസം തന്നെ മടങ്ങേണ്ടി വരും. ഇടവേളകളില്ലാത്ത യാത്ര താരങ്ങളെ മടുപ്പിക്കുകയും അത് പ്രകടനത്തെ ബാധിക്കുകയും ചെയ്യും. ഇക്കാരണത്താല്‍ മറ്റ് ബോര്‍ഡുകള്‍ ബംഗ്ലാദേശിന്റെ ആവശ്യത്തിനൊപ്പം നില്‍ക്കാനുള്ള സാധ്യത വിരളമാണ്. ടൂര്‍ണമെന്റ് ആരംഭിക്കാൻ ഒരുമാസം മാത്രം ബാക്കി നില്‍ക്കെ ഇതെല്ലാം സാധ്യമാകുമോയെന്നതാണ് ചോദ്യം, അഭിമാനപ്രശ്നം ചൂണ്ടിക്കാണിച്ച് ബംഗ്ലാദേശ് ഐസിസിക്ക് വഴങ്ങില്ലെന്ന് പ്രഖ്യാപിക്കുമ്പോള്‍ എത്രത്തോളം ഇത് പ്രായോഗികമാകുമെന്നും ചിന്തിക്കേണ്ടതുണ്ട്. ഗ്രൂപ്പ് മത്സരങ്ങള്‍ മാത്രമല്ല, സൂപ്പര്‍ എട്ട്, സെമി ഫൈനല്‍, ഫൈനല്‍ എന്നിങ്ങനെ പലഘട്ടങ്ങളുമുണ്ട്.
ഇനി ചാമ്പ്യൻസ് ട്രോഫിയിലേക്ക് വരാം. പാക്കിസ്ഥാൻ ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റില്‍ സുരക്ഷാ ആശങ്കകള്‍ വളരെ നേരത്തെ ഐസിസിയെ അറിയിക്കാൻ ബിസിസിഐക്ക് സാധിച്ചിരുന്നു. ന്യൂട്രലായുള്ള വേദിയിലേക്ക് ഇന്ത്യയുടെ മത്സരങ്ങള്‍ മാറ്റുന്നതില്‍ തീരുമാനവുമുണ്ടായി. അതും മത്സരക്രമം പുറത്ത് വരുന്നതിന് മുൻപ് തന്നെ. അതിനാല്‍, ടൂര്‍ണമെന്റ് കൃത്യമായി ആസൂത്രണം ചെയ്യാൻ ഐസിസിക്ക് സാധിക്കുകയും ചെയ്തു. ഇവിടെ, മുസ്തഫിസൂര്‍ വിഷയം ഉയര്‍ന്ന് വന്നത് തന്നെ അടുത്താണ്, അതുകൊണ്ട് ഇനിയൊരു പൊളിച്ചെഴുത്ത് അനായാസം സാധ്യമാകുന്ന ഒന്നല്ലെന്ന് വേണം കരുതാൻ.
സമാനമായുള്ള അനുഭവങ്ങള്‍ ചരിത്രത്തിലുണ്ടായിട്ടുണ്ട്. 1996 ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയുമായിരുന്നു. ശ്രീലങ്കയില്‍ ആഭ്യന്തരസംഘര്‍ഷം രൂക്ഷമായിരുന്ന കാലഘട്ടമായിരുന്നു അത്. അന്ന്, ഓസ്ട്രേലിയയും വെസ്റ്റ് ഇൻഡീസും തങ്ങളുടെ ഗ്രൂപ്പ് മത്സരങ്ങള്‍ക്കായി ശ്രീലങ്കയിലേക്ക് യാത്ര ചെയ്യാൻ വിസമ്മതിച്ചു. ഇരുടീമുകള്‍ക്കും പോയിന്റ് നഷ്ടമാകുകയും ചെയ്തു. എങ്കിലും ഗ്രൂപ്പ് ഘട്ടം താണ്ടാൻ ഓസ്ട്രേലിയക്കും വിൻഡീസിനുമായി, അന്ന് ഇതേ ഓസ്ട്രേലിയയെ തോല്‍പ്പിച്ചാണ് ലങ്ക ലോകചാമ്പ്യന്മാരായതും.
2003 ലോകകപ്പില്‍ സിംബാബ്‌വെക്കിതിരായ മത്സരം ഇംഗ്ലണ്ട് ബഹിഷ്കരിച്ചിരുന്നു. ഇരുസര്‍ക്കാരുകളും തമ്മിലുള്ള ഭിന്നതകളായിരുന്നു കാരണം. ഈ ലോകകപ്പില്‍ തന്നെ സുരക്ഷാ കാരണങ്ങള്‍ മുൻനിര്‍ത്തി കെനിയക്കെതിരായ മത്സരത്തില്‍ നിന്ന് ന്യൂസിലൻഡും പിൻമാറി. ന്യൂസിലൻഡും ഇംഗ്ലണ്ടും അന്ന് വേദിമാറ്റം ആവശ്യപ്പെട്ടെങ്കിലും ഐസിസി വഴങ്ങിയിരുന്നില്ല. സിബാംബ്‌വെക്കും കെനിയക്കും വാക്ക് ഓവര്‍ ലഭിക്കുകയും ചെയ്തു. ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച 2009 ട്വന്റി 20 ലോകകപ്പില്‍ നിന്ന് സിംബാബ്‌വെ ഭാഗമായില്ല.