
റയല്‍ മാഡ്രിഡില്‍ നിന്ന് വേര്‍പ്പെട്ടൊരെന്നെ എനിക്ക് ഒരിക്കലും സങ്കല്‍പ്പിക്കാനാകില്ല, വിനീഷ്യസ് ജൂനിയര്‍ പറഞ്ഞ വാക്കുകളാണിത്. എന്നാല്‍, വിനീഷ്യസിനെക്കുറിച്ച് ട്രാൻസ്‌ഫര്‍ ലോകത്ത് മുഴങ്ങിക്കേള്‍ക്കുന്നതൊന്നും ലോസ് ബ്ലാങ്കോസ് ആരാധകരെ ആനന്ദിപ്പിക്കുന്നതല്ല. അയാള്‍ സാന്റിയാഗോ ബെര്‍ണബ്യൂവിന്റെ പടികളിറങ്ങാൻ ഒരുങ്ങുന്നുവത്രെ, കാരണമായി കിലിയൻ എംബാപെയുടെ പേരും ചേര്‍ത്തുവെക്കപ്പെടുന്നുണ്ട്. എന്താണ് യഥാര്‍ത്ഥത്തില്‍ വിനീഷ്യസും റയലും തമ്മിലുള്ള ഭിന്നതകളുടെ കാരണം, ആഴ്‌സണലിന്റെ ജഴ്‌സി വിനീഷ്യസ് സ്വീകരിക്കാനുള്ള സാധ്യതകള്‍ എത്രത്തോളമാണ്.
സിനദിൻ സിദാനും ഡേവിഡ് ബെക്കാമും റൊണാള്‍ഡോ നസാരിയോയും ഒരുമിച്ച് പന്തുതട്ടിയതാണ് ലോസ് ബ്ലാങ്കോസിനായി. അവിടെ കിലിയൻ എംബാപെയുടെ സാന്നിധ്യമോ അയാള്‍ക്ക് ലഭിക്കുന്ന മുൻഗണനയോ പൂര്‍ണമായൊരു പടിയിറക്കത്തിലേക്ക് നയിക്കാൻ പോന്നതല്ല. റയലുമായുള്ള വിനീഷ്യസിന്റെ കരാര്‍ കലാവധി 2027 സമ്മറിലാണ് അവസാനിക്കുന്നത്. ഈ കരാര്‍ പുതുക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ട് ഏകദേശം ഒന്നരവര്‍ഷത്തോളമായി. ഇതുവരെ ഒരു കോമണ്‍ പോയിന്റിലേക്ക് എത്താൻ ഇരുകക്ഷികള്‍ക്കും സാധിച്ചിട്ടില്ല.
ബ്രസീലിയൻ ക്ലബ്ബായി ഫ്ലമംഗോയില്‍ നിന്ന് വിനീഷ്യസ് റയലിലേക്ക് എത്തുന്നത് 45 മില്യണ്‍ യൂറോയ്ക്കാണ്, 2018ല്‍. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2022ല്‍ കരാര്‍ പുതുക്കുന്നു. 2022 ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെതിരെ വിജയഗോള്‍ നേടിയതോടെ ക്ലബ്ബിലെ എലൈറ്റ് പ്ലെയര്‍ കാറ്റഗറിയിലേക്ക് വിനിയുടെ കരിയര്‍ ഷിഫ്റ്റ് ചെയ്യപ്പെട്ടു. 2024ല്‍ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്ക്കരമായ ദ ബെസ്റ്റ് കൂടി ലഭിച്ചതോടെ വിനിയുടെ റയലിലെ വരുമാനം പ്രതിവര്‍ഷം 18 മില്യണ്‍ യൂറോയായി ഉയരുകയും ചെയ്തിരുന്നു. 2025ലാണ് ജനുവരിയിലാണ് വിനിയുടെ കരാര്‍ പുതുക്കുന്നത് സംബന്ധിച്ചുള്ള ആദ്യ ഘട്ട ചര്‍ച്ചകള്‍ ആരംഭിക്കുന്നത്.
അപ്പോഴേക്കും കിലിയൻ എംബാപെ റയലിലെത്തിയിരുന്നു. പ്രതിവര്‍ഷം 20 മില്യണ്‍ യൂറോ ആയിരുന്നു വിനിക്ക് മുൻപില്‍ റയല്‍ വെച്ച ആദ്യ ഓഫര്‍. എന്നാല്‍, വിനി ഇത് നിരസിച്ചു, ശേഷം കൗണ്ടര്‍ ഓഫര്‍ മുന്നോട്ട് വെച്ചു, ഇത് റയലിനും അംഗീകരിക്കാനാകില്ല. അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഏകദേശം 30 മില്യണ്‍ യൂറോയ്ക്ക് അടുത്ത് പ്രതിവര്‍ഷം ലഭിക്കുന്ന തരത്തിലായിരുന്നു വിനിയും കൗണ്ടര്‍ ഓഫറെന്നാണ്. റിന്യൂവല്‍ ബോണസ് ഉള്‍പ്പെടെയാണ് വിനി ആവശ്യപ്പെട്ടത്, റയലിന്റെ ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്ത ഒന്ന്.
ഇത് റയല്‍ സ്വീകരിക്കാനുള്ള സാധ്യത വിരളമാണ്, കാരണം വിനിയുടെ ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ ഭാവിയില്‍ മറ്റ് താരങ്ങളും സമാനമായ ഡിമാൻഡുകള്‍ മുന്നോട്ട് വെച്ചേക്കാം. അത് റയലിന്റെ രീതികള്‍ക്ക് വിരുദ്ധമാകും. ഇതിനോടൊപ്പം തന്നെ റയല്‍ വളരെ ക്ലെവറായുള്ള ഒരു നീക്കവും നടത്തിയിട്ടുണ്ട്. വിങ്ങറായ യുവതാരം യാൻ ഡിയോമൻഡെയെ സൈൻ ചെയ്യാനുള്ള തീരുമാനം. ലെഫ്റ്റ് വിങ്ങറായ വിനിയുടെ സമാന സവിശേഷതകളുള്ള താരമാണ് ഡിയോമൻഡെ. വിനിയെ നഷ്ടപ്പെട്ടാലും അത് നികത്താൻ കഴിയുമെന്ന ആത്മവിശ്വാസം റയലിലുണ്ട്.
വിനിയുമായുള്ള കരാര്‍ തര്‍ക്കം തുടരുന്നതിനാല്‍ തന്നെ ഡിയോമൻഡെയുടെ സൈനിങ് പൂര്‍ത്തികരിച്ചിട്ടുമില്ല റയല്‍. ഒരുതരം മൈൻഡ് ഗെയിം എന്നപോലെ. വിനിയുമായി സമവായത്തില്‍ എത്തുകയും ഡിയോമൻഡെയുമായുള്ള കരാര്‍ പൂര്‍ത്തിയാക്കുകയും ചെയ്താല്‍ റയലിന് അത് വലിയ വിജയമാകുകയും ചെയ്യു. ശരിക്കും വിനിക്ക് മുന്നില്‍ മൂന്ന് ഓപ്ഷനുകളാണുള്ളത്. ഒന്ന് മാഡ്രിനൊപ്പം കരാര്‍ പുതുക്കുക, രണ്ട് നിലവിലെ കരാര്‍ തുടര്‍ന്ന് അടുത്ത സമ്മറില്‍ ഫ്രീ ഏജന്റാകുക, മൂന്ന് ആഴ്സണിലിലേക്ക് ചേക്കേറുക.
രണ്ടാമത്തെ ഓപ്ഷൻ റയലിനെ സംബന്ധിച്ച് തിരിച്ചടിയാണ്. വിനി ക്ലബ്ബ് വിടാൻ തയാറാകുകയാണെങ്കില്‍ അടുത്ത സമ്മര്‍വരെ കാത്തിരിക്കാൻ റയല്‍ തയാറാകില്ല. ഈ വിൻഡോയില്‍ തന്നെ താരത്തെ കൈമാറാൻ ഒരുങ്ങുകയും ചെയ്യും. റിന്യുവല്‍ ബോണസ് അംഗീകരിക്കാതെ കരാര്‍ പുതുക്കില്ല എന്ന നിലപാടിലാണ് വിനീഷ്യസ്. എംബാപെയ്ക്കും സമാനമായ സാലറിയാണെങ്കിലും, സൈനിങ് ബോണസില്‍ നിന്ന് എംബാപെയ്ക്ക് കൂടുതല്‍ സമ്പാദിക്കാൻ കഴിയുന്നുണ്ടെന്നാണ് വിനിയുടെ ടീമിന്റെ വിലയിരുത്തല്‍. ഈ സാഹചര്യം ആഴ്സണല്‍ പൂര്‍ണമായും ഉപയോഗിക്കുകയാണ് നിലവിലെന്നാണ് സൂചന.
വിനിക്കായി ട്രാൻസ്ഫര്‍ ഘടന തന്നെ തിരുത്താൻ ആഴ്സണല്‍ ഒരുക്കമാണ്. സൈനിങ് ബോണസും ഇമേജ് റൈറ്റ്സും ഉള്‍പ്പെടെ നല്‍കിയേക്കും. വിനീഷ്യസ് ജൂനിയര്‍ നിലവില്‍ ലോകകഫുട്ബോളിലെ തന്നെ ഏറ്റവും വാണിജ്യമൂല്യമുള്ള താരങ്ങളില്‍ ഒരാളാണ്. വിനിയുടെ ബ്രാൻഡ് വാല്യു ലോകകപ്പിന് ശേഷം വീണ്ടും ഉയര്‍ന്നിരുന്നു. വിനിയെത്തിയാല്‍ ആഴ്സണലിനുണ്ടാകാൻ പോക്കുന്ന ഉയര്‍ച്ച ചെറുതായിരിക്കില്ല, അത് കളത്തില്‍ മാത്രമല്ല പുറത്തും. ക്ലബ്ബിന്റെ മുഖമായി വിനീഷ്യസിനെ മാറ്റാനും ആഴ്സണല്‍ ഒരുക്കമായിരിക്കും. ഈ ട്രാൻസ്ഫര്‍ സംഭവിച്ചാല്‍, പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രാൻസ്ഫറായിരിക്കും.
എംബാപെയുടെ സാന്നിധ്യം തുടരുന്നിടത്തോളം ക്ലബ്ബിലെ രണ്ടാമനായിരിക്കും വിനിയെന്നത് ഏറെക്കുറെ വ്യക്തമാണ്. ക്ലബ്ബിന്റെ ലെഗസിയുടെ ഭാഗമാകണോ അതോ തന്റേതായൊരു ലെഗസി സൃഷ്ടിക്കണോ എന്ന ചോദ്യമാണ് വിനിക്ക് മുന്നിലുള്ളത്. റയലില്‍ തുടര്‍ന്നാല്‍ വ്യക്തിഗത നേട്ടങ്ങളുടെ എണ്ണം കുറഞ്ഞേക്കാം, ആഴ്സണല്‍ പോലെ പ്രീമിയര്‍ ലീഗിലെ ടോപ് ക്ലബ്ബുകളിലൊന്നിലേക്ക് എത്തിയാല്‍, കാര്യങ്ങള്‍ തിരിച്ച് സംഭവിക്കാം. ബാലൻ ദി ഓര്‍ എന്ന വലിയ സ്വപ്നത്തിലേക്ക് വിനിക്ക് ചുവടുവെക്കാനുള്ള അവസരം കൂടിയായിരിക്കും ട്രാൻസഫര്‍.