
പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിനോട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് എന്താണിത്ര വിവേചനം? 2026 ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാനുള്ള പാക്കിസ്ഥാന്റെ തീരുമാനത്തിന് ഐസിസിയുടെ മറുപടി ദീർഘകാല പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നായിരുന്നു. പിന്നോട്ട് നോക്കിയാല്‍ ഓസ്ട്രേലിയ മുതല്‍ വെസ്റ്റ് ഇൻഡീസ് വരെയുള്ള ടീമുകള്‍ സമാനമായ നിലപാടുകള്‍ ലോകകപ്പുകളില്‍ സ്വീകരിച്ചിട്ടുള്ളതായി കാണാം. ഇവർക്കെല്ലാം ലഭിച്ച അനൂകൂല്യം ഇവിടെ പാക്കിസ്ഥാന് നിഷേധിക്കപ്പെടുന്നു. ഒപ്പം പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ ഭാവിതന്നെ തുലാസിലാക്കാൻ കെല്‍പ്പുള്ള തരത്തിലുള്ള ഉപരോധനടപടികള്‍ ഭീഷണിയായും.
ആദ്യം പാക്കിസ്ഥാന്റെ നിലപാടിലേക്കും ഐസിസിയുടെ മറുപടിയിലേക്കും വരാം. ബംഗ്ലാദേശ് - ഇന്ത്യ നയതന്ത്രബന്ധത്തിലെ വിള്ളലും തുടർന്നുണ്ടായ സംഭവവികാസങ്ങളുമാണ് അടിസ്ഥാനം. ഇത് ലോകകപ്പില്‍ നിന്നുള്ള ബംഗ്ലാദേശിന്റെ പുറത്താകലിലാണ് അവസാനിച്ചത്. ജയ് ഷാ നയിക്കുന്ന ഐസിസിയുടെ ഈ നടപടിയില്‍ പ്രതിഷേധിച്ച ഏക രാജ്യം പാക്കിസ്ഥാനായിരുന്നു. ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകകപ്പിലെ പങ്കാളിത്തം ഉപേക്ഷിക്കാൻ വരെ പാക്കിസ്ഥാൻ തയാറായിരുന്നു. പിസിബി തലവൻ മൊഹ്‌സിൻ നഖ്‌വി സൂചനയും നല്‍കി. ഇവിടെയാണ് ആദ്യ ഘട്ട മുന്നറിയിപ്പ് ഐസിസി നല്‍കുന്നതും.
ബഹിഷ്കരിച്ചാല്‍ ബിലാറ്ററല്‍ സീരിസുകള്‍ക്ക് വിലക്ക്, പാക്കിസ്ഥാൻ സൂപ്പര്‍ ലീഗില്‍ വിദേശ് താരങ്ങള്‍ക്ക് അനുമതി നിഷേധം, ഏഷ്യ കപ്പില്‍ നിന്നും ഒഴിവാക്കല്‍, ഐസിസിയില്‍ ലഭിക്കേണ്ട വാര്‍ഷിക വരുമാന വിഹിതം തടഞ്ഞുവെക്കല്‍ തുടങ്ങിയ കടുത്ത നടപടികളായിരുന്നു പാക്കിസ്ഥാനെ കാത്തിരുന്നത്. അങ്ങനെ, പാക്കിസ്ഥാൻ ക്രിക്കറ്റിനെ അടിമുടി തകര്‍ച്ചയിലേക്ക് നയിക്കപ്പെടാൻ സാധ്യതയുള്ളതായിരുന്നു ഐസിസിയുടെ മുന്നറിയിപ്പ്. ഇതുമൂലമായിരിക്കാം ലോകകപ്പില്‍ പങ്കെടുക്കാമെന്ന തീരുമാനത്തിലേക്ക് പാക്കിസ്ഥാൻ എത്തിയതും.
എന്നിരുന്നാലും ബിസിസിഐ-ഐസിസി സഖ്യമാണെന്ന നിലപാടില്‍ നിന്ന് പാക്കിസ്ഥാൻ പിന്നോട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് പുതിയ തീരുമാനം. ഇന്ത്യയുമായുള്ള ഗ്രൂപ്പ് മത്സരത്തില്‍ നിന്ന് വിട്ടുനിന്നാലും മേല്‍പ്പറഞ്ഞതിന് സമാനമായ നടപടികള്‍ പാക് ക്രിക്കറ്റ് നേരിടേണ്ടി വന്നേക്കാം. പക്ഷേ, സർക്കാരുകളുടെ നിർദേശങ്ങള്‍ അനുസരിച്ച് ലോകകപ്പ് മത്സരങ്ങള്‍ ബഹിഷ്കരിച്ച ടീമുകള്‍ക്കെതിരെ ഐസിസി എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്ന ചോദ്യം ഉയരുന്നു. ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം.
1996 ഏകദിന ലോകകപ്പ്. അന്ന് ആതിഥേയ രാജ്യങ്ങളിലൊന്നായിരുന്നു ശ്രീലങ്ക. ലങ്കയില്‍ ആഭ്യന്തര സംഘർഷം രൂക്ഷമായിരുന്ന കാലം. സുരക്ഷാ കാരണങ്ങളെ തുടർന്ന് ഓസ്ട്രേലിയയും വെസ്റ്റ് ഇൻഡീസും ലങ്കയിലേക്ക് യാത്ര ചെയ്യാൻ വിസമ്മതിച്ചു. ഓസീസിനും വിൻഡീസിനും പോയിന്റ് നഷ്ടമായെന്ന് മാത്രം. 2003 ലോകകപ്പില്‍ സിംബാബ്‌വെക്കെതിരായ മത്സരം ഇംഗ്ലണ്ട് ബഹിഷ്കരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മോശമായതിനെ തുടർന്നായിരുന്നു തീരുമാനം. ഇതേ ലോകകപ്പില്‍ കെനിയെക്കെതിരെ കളത്തിലെത്താൻ ന്യൂസിലൻഡും തയാറായില്ല. 2009 ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിലേക്ക് യാത്ര സിംബാബ്‌വെയും ഒരുക്കമായില്ല.
മേല്‍പ്പറഞ്ഞ ഒരു സാഹചര്യത്തിലും ഒരു ക്രിക്കറ്റ് ബോർഡിനും ഐസിസിയുടെ ഭാഗത്തുനിന്ന് ഉപരോധങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. ഇവിടെയാണ് പാക്കിസ്ഥാൻ കേട്ടുകേള്‍വിയില്ലാത്ത വിധം ഉപരോധഭീഷണി അഭിമുഖീകരിക്കുന്നതും. ഗ്രൂപ്പ് എയില്‍ ഇന്ത്യ, നമീബിയ, നെതര്‍ലൻഡ്‌സ്, യുഎസ്എ എന്നീ ടീമുകള്‍ക്കൊപ്പമാണ് പാക്കിസ്ഥാൻ. ഇന്ത്യയുമായുള്ള മത്സരത്തില്‍ നിന്ന് വിട്ടുനിന്നാല്‍ അവശേഷിക്കുന്ന എല്ലാം മത്സരങ്ങളിലും പാക്കിസ്ഥാന് ജയം ഉറപ്പാക്കേണ്ടി വരും അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ. നെറ്റ് റണ്‍റേറ്റും നിര്‍ണായ ഘടകമാകും.
ഇന്ത്യ-പാക്കിസ്ഥാൻ മത്സരം നടക്കാതിരുന്നാല്‍ കളത്തിനകത്തും പുറത്തുമുണ്ടാകുന്ന നഷ്ടം ചെറുതായിരിക്കില്ല. കാരണം ലോകകപ്പിലെ തന്നെ ഏറ്റവും വാണിജ്യമൂല്യമുള്ള മത്സരമാണ് ഇന്ത്യ-പാക് പോര്. ഒരു ലോകകപ്പ് മത്സരത്തിന് പ്രക്ഷേപകർ നല്‍കുന്ന തുക 138.7 കോടി രൂപയാണ്. പരസ്യവരുമാനം ഉയർത്താൻ കഴിയുന്ന സുവർണാവസരം ഇതിലൂടെ നഷ്ടമാകുകയും ചെയ്യും.
നിലവില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിനായി ഇന്ത്യൻ ടീം കൊളംബോയിലേക്ക് തിരിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഐസിസിയുടെ തീരുമാനം ഔദ്യോഗികമായി വരുന്നതുവരെ ലങ്കയിലേക്കുള്ള യാത്ര നിശ്ചയിച്ച പ്രകാരം തന്നെ നടന്നേക്കും. കഴിഞ്ഞ ഏഷ്യ കപ്പ് മുതലാണ് ഐസിസി-പിസിബി-ബിസിസിഐ സംഘർഷം രൂക്ഷമായത്. ശേഷം, ഇതുവരെ സമവായത്തിലെത്താൻ ബോർഡുകള്‍ക്ക് കഴിഞ്ഞിട്ടുമില്ല. പലനാടകീയ മുഹൂർത്തങ്ങള്‍ക്കും വേദിയായിരുന്നു കളത്തിനുപുറത്തെ ഘടകങ്ങള്‍ സ്വാധീനിച്ച ഏഷ്യ കപ്പ്.