റയല്‍ റെഡിയല്ലേ, ചാമ്പ്യൻസ് ലീഗും തൂക്കും? യൂറോപ്പ് കത്തിക്കാൻ ഫ്ലിക്കിന്റെ ബാഴ്സ

Published : Sep 19, 2026, 12:50 PM IST
Hansi Flick

Synopsis

ഒറ്റ ഹാൻഡ് ബാഗുമായി എത്തിയ അയാളെ അന്ന് ബാഴ്‌സലോണക്കാര്‍പ്പോലും അത്ര പ്രതീക്ഷയോടെയായിരുന്നില്ല വരവേറ്റത്. എന്നാല്‍ ഇന്ന് ഹൻസി ഫ്ലിക്കിന്റെ കീഴില്‍ ബാഴ്‌സലോണ നടത്തുന്നത് അവരുടെ ക്ലബ്ബ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുതിപ്പാണ്

രണ്ട് വര്‍ഷം മുൻപ് ഒരു ബാഗും തൂക്കി ബാഴ്സലോണയിലേക്ക് ജര്‍മനിയില്‍ നിന്ന് വന്നൊരു മനുഷ്യൻ. ക്യാമ്പ് നൗവിലെ സൈഡ് ലൈനപ്പുറം നില്‍ക്കുകയാണ്.

ബാഴ്‌സലോണയും റേസിങ് സാന്റാൻഡറും തമ്മിലുള്ള മത്സരം 89-ാം മിനുറ്റിലേക്ക് കടക്കുന്നു. ഇടതുഫ്ലാങ്കിലൂടെ രണ്ട് പ്രതിരോധതാരങ്ങളെ മറികടന്ന് കരിം അഡയ്‌മീയുടെ മുന്നേറ്റമാണ്. ബോക്സിനുള്ളിലെക്കുള്ള കുതിപ്പിനൊപ്പം സമാന്തരമായി ലമീൻ യമാലും നീങ്ങുന്നുണ്ട്. ഷോട്ടുതിര്‍ക്കുമെന്ന തോന്നല്‍ ജനിപ്പിച്ചതിന് ശേഷം യമാലിലേക്കൊരു അഡയ്‌മിയുടെ പാസ്, യൂലെൻ അഗിറെസബാലയുടെ ചുവടിന്റെ വേഗതയെ മറികടന്ന് യമാലിന്റെ ഫിനിഷ്, ഗോള്‍.

ശേഷം ഇരുകൈകളും വിടര്‍ത്തി ബോക്സിനുള്ളില്‍ ആശ്വാസത്തോടെ അഡയ്‌മീ വീണു, തൊട്ടപ്പുറത്ത് യമാലും സമാനമായ രീതിയില്‍ ആശ്വാസം കണ്ടെത്തുന്നുണ്ടായിരുന്നു. രണ്ട് വര്‍ഷത്തോളമായി താൻ മൂര്‍ച്ച വര്‍ധിപ്പിച്ചുകൊണ്ടിരുന്ന ആ ഫ്രണ്ട് ലൈന്‍ അത് ഉന്നതിതൊടുന്നത് അയാള്‍ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു അപ്പോള്‍, ഹൻസി ഫ്ലിക്ക്.

ഒറ്റ ഹാൻഡ് ബാഗുമായി എത്തിയ അയാളെ അന്ന് ബാഴ്‌സലോണക്കാര്‍പ്പോലും അത്ര പ്രതീക്ഷയോടെയായിരുന്നില്ല വരവേറ്റത്. എന്നാല്‍ ഇന്ന് ഹൻസി ഫ്ലിക്കിന്റെ കീഴില്‍ ബാഴ്‌സലോണ നടത്തുന്നത് അവരുടെ ക്ലബ്ബ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുതിപ്പാണ്. ചാമ്പ്യൻസ് ലീഗിലും ലാ ലിഗയിലുമായി ഏഴ് മത്സരങ്ങള്‍. എതിര്‍ ഗോള്‍വലയില്‍ പന്തെത്തിയത് 33 തവണയാണ്. ഏഴ് തുടര്‍ ജയങ്ങളോടെ ബാഴ്സ ഒരു സീസണ്‍ തുടങ്ങുന്നത് തന്നെ ആദ്യമായാണെന്നോ‍ര്‍ക്കണം.

റേസിങ് സാന്റാൻഡര്‍ മധ്യനിര താരം സെര്‍ഹിയൊ കനാലസ് പറഞ്ഞതുപോലെ, ഇറ്റ് ഈസ് മാഡ്‌നസ്. ഫ്ലിക്കിന് കീഴിലെ ഏറ്റവും ശക്തമായ ബാഴ്‌സലോണ ഇക്കുറിയാണോയെന്നൊരു ചോദ്യമുയര്‍ന്നാല്‍ അതേയെന്നായിരിക്കും ഉത്തരം നല്‍കേണ്ടിവരിക. റേസിങ് സാന്റാൻഡറിനെതിരെ 60-ാം മിനുറ്റില്‍ മിഡ് ഫീല്‍ മാസ്ട്രേകളായ പെഡ്രിയേയും റോഡ്രിയേയും തിരിച്ചുവിളിച്ചത് തന്നെ ഒരുതരം മുന്നറിയിപ്പ് പോലെയായിരുന്നു. ഏറ്റവും മികച്ച താരങ്ങള്‍ കളത്തിലില്ലെങ്കില്‍പ്പോലും അനായാസം ജയിക്കാൻ തങ്ങള്‍ക്ക് കഴിയുമെന്ന് ഫ്ലിക്ക് നല്‍കുന്ന സന്ദേശം.

ഹൂലിയൻ ആല്‍വാരസ് എന്ന ലക്ഷ്യം സാധ്യമായില്ലെങ്കിലും അഡ‌യ്‌മീയേയും അന്തണി ഗോര്‍ഡനേയും എത്തിച്ചും, റഫീഞ്ഞ്യയെ സെൻട്രല്‍ സ്ട്രൈക്കറാക്കിയും ഫ്ലിക്കൊരുക്കിയ ഫ്രണ്ട് ലൈൻ. ഏഴ് മത്സരങ്ങളില്‍ നിന്ന് 11 ഗോളുകളാണ് റഫീഞ്ഞ്യ ഇതിനോടകം സ്കോര്‍ ചെയ്തിട്ടുള്ളത്. റഫീഞ്ഞ്യയുടെ അഡാപ്റ്റബിലിറ്റി തന്നെയാണ് ഫ്ലിക്കിന്റെ സിസ്റ്റത്തിലെ ഏറ്റവും പോസിറ്റീവായ ഘടകം. സ്ട്രൈക്കറില്ലാതെ സീസണ്‍ തുടങ്ങിയ ബാഴ്സയെങ്ങനെ 33 ഗോളടിച്ചതില്‍ റഫീഞ്ഞ്യയുടെ ബൂട്ടുകളാണ് പ്രധാനി. അത് ഗോളടിയില്‍ മാത്രമല്ല. ബോക്സിനകത്തും പുറത്തും നടത്തുന്ന റണ്ണുകള്‍, എതിര്‍ ഡിഫൻസിനെ സ്ട്രെച്ച് ചെയ്യിക്കാനുള്ള മികവ്, പ്രെസിങ്ങ്...ഇതിലൂടെ മറ്റ് താരങ്ങള്‍ക്ക് കളിമെനയാനുള്ള മൈതാനം റഫീഞ്ഞ്യ ഒരുക്കിക്കൊടുക്കുന്നുണ്ട്.

ഗോര്‍ഡനാകട്ടെ നാല് അസിസ്റ്റുകള്‍ ലാ ലിഗയില്‍ സ്വന്തം പേരില്‍ ചേര്‍ത്തിട്ടുണ്ട്. അഡെയ്മി മൂന്ന് വീതം ഗോളും അസിസ്റ്റും. റേസിങ് സാന്റാൻഡറിനെതിരെ യമാലിന്റെ അസിസ്റ്റ് മാത്രമായിരുന്നില്ല, രണ്ട് പെനാലിറ്റികളും നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. 22 മില്യണ്‍ യൂറോ മൂല്യം അഡയ്‌മീക്ക് അല്‍പ്പം കുറവല്ലെയെന്ന ചര്‍ച്ചകള്‍ ഫുട്ബോള്‍ സര്‍ക്കിളുകളില്‍ ഇപ്പോള്‍ തന്നെയുണ്ട്. ഓല്‍മൊ, ഗാവി, ഗബ്രിയേല്‍ ജീസ്യൂസ്, ഫെര്‍മിൻ ലോപസ്...എന്നിങ്ങനെ ഒരുനിര വേറെയും.

ഇതിനെല്ലാം ഒപ്പം ചേര്‍ത്തുവെക്കേണ്ടത് ലമീൻ യമാലിന്റെ ഫോമാണ്. ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലുമായി എട്ട് ഗോളുകളും നാല് അസിസ്റ്റുകളും യമാലിന്റെ പേരിലുണ്ട്. ഈ സീസണിലെ ബലോണ്‍ ഡി ഓര്‍ പുരസ്കാരം ക്യാമ്പ് നൗവിലേക്ക് എത്തിയേക്കുമെന്ന സൂചനകളാണ് റഫീഞ്ഞ്യയും യമാലും നല്‍കുന്നത്. ചാമ്പ്യൻസ് ലീഗ് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ഒരുപാട് അകലത്തിലല്ല ബാഴ്സ പന്തുതട്ടുന്നതെന്നാണ് സീസണിന്റെ തുടക്കം നല്‍കുന്ന സൂചനയും. റോഡ്രിയുടെ വരവ് ആ ലക്ഷ്യത്തിന് ഇന്ധനം പകരുന്നതുമാണ്.

പൂര്‍ണമായും ബാഴ്സയുടെ സിസ്റ്റത്തിലേക്ക് റോഡ്രി അഡാപ്റ്റായിട്ടില്ല. എന്നിട്ടും അസാധാരണമായാണ് ബാഴ്സയുടെ മുന്നേറ്റം. അതിപ്പോള്‍ മുന്നേറ്റത്തിലാകട്ടെ, മധ്യനിരയിലാകട്ടെ, പ്രതിരോധത്തിലാകട്ടം. സഹതാരങ്ങളുടെ എബിലിറ്റികള്‍ പൂര്‍ണമായും റോഡ്രിയെന്ന ജീനിയസ് മനസിലാക്കിത്തുടങ്ങുന്ന ഘട്ടത്തില്‍ ബാഴ്സയുടെ ഗെയിം ഇനിയും ലിഫ്റ്റ് ചെയ്യപ്പെടാനാണ് സാധ്യത. പ്രതിരോധത്തിലെ അല്‍പ്പമുള്ള പാളിച്ചകളെല്ലാം നികത്താൻ റോഡ്രിക്ക് കഴിയും. പിന്നീട് ബാഴ്സയുടെ അള്‍ട്ടിമേറ്റ് ഡൊമിനേഷനായിരിക്കും യൂറോപ്പിനെ കാത്തിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

രണ്ട് ഫിഫ്റ്റി, ഗംഭീറിന്റെ കുറ്റസമ്മതം! സഞ്ജുവിനെ പുറത്താക്കാൻ വന്നവർ വിശ്രമിച്ചോളൂ
ഏഷ്യാഡില്‍ മെഡല്‍ നീന്തിയെടുക്കാന്‍ നടന്‍ മാധവന്റെ മകന്‍ വേദാന്ത്‌