അഫ്ഗാനിസ്ഥാനെതിരായ രണ്ട് ഇന്നിങ്സുകള്‍, അവ മാത്രം പരിശോധിച്ചാല്‍ മതിയാകും സഞ്ജു തുടരേണ്ടതിന്റെ അനിവാര്യത അറിയാൻ
കണ്‍സിസ്റ്റൻസിയില്‍ വിമര്‍ശനവുമായി എത്തിയവര്‍ക്ക് രണ്ട് അര്‍ദ്ധ സെഞ്ചുറികള്‍. ഒടുവില്‍ ഗൗതം ഗംഭീറിന്റെ കുറ്റസമ്മതവും. സഞ്ജു സാംസണ്‍ എന്ന പേര് മായ്ക്കാനൊരുങ്ങിയവര്‍ക്കൊക്കെ ഇനി അല്‍പ്പം വിശ്രമിക്കാം. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര അവസാനിക്കുമ്പോള്‍ പറയാൻ ഇത്രമാത്രമാണുള്ളത്. ചെയ്തുവെച്ചതും ചെയ്യുന്നതുമൊക്കെ അങ്ങനെ മറന്നുകളയാൻ എളുപ്പമുള്ളതല്ല.
തന്റെ പരിശീലക കരിയറിലെ ഏറ്റവും ബുദ്ധിമുട്ടുളവാക്കിയ തീരുമാനമായിട്ടാണ് സഞ്ജുവിനെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ബെഞ്ചില്‍ ഇരുത്തിയതിനെക്കുറിച്ച് ഗംഭീര്‍ പറഞ്ഞത്. പിന്നിട്ട രണ്ട് വര്‍ഷങ്ങളിലെ പ്രകടനം പരിഗണിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് വേണ്ടി സഞ്ജുവിനെ രണ്ടാമനാക്കാൻ ഒരിക്കലും സാധിക്കില്ലെന്നും അയാള്‍ എടുത്ത് പറയുന്നുണ്ട്. അഫ്ഗാനിസ്ഥാനെതിരായ രണ്ട് ഇന്നിങ്സുകള്‍, അവ മാത്രം പരിശോധിച്ചാല്‍ മതിയാകും സഞ്ജു തുടരേണ്ടതിന്റെ അനിവാര്യത അറിയാൻ.
സമ്മര്‍ദത്തെ സഞ്ജുവിനോളം അബ്സോര്‍ബ് ചെയ്യാൻ കഴിയുന്ന താരങ്ങള്‍ ഇന്ന് ഇന്ത്യൻ ക്രിക്കറ്റില്‍ തന്നെ ചുരുക്കമാണ്. കാരണം, എന്നും സമ്മര്‍ദത്തിന്റെ തീച്ചൂളയ്ക്ക് നടുവിലായിരുന്നു സഞ്ജു കരിയര്‍ പടുത്തുയര്‍ത്തിയത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അഫ്ഗാനെതിരായ ആദ്യ അര്‍ദ്ധ സെഞ്ചുറി. ടീമിലെ സ്ഥാനത്തില്‍ ചോദ്യമുയരവെയാണ് ക്രീസിലേക്ക് എത്തുന്നത്. വൈഭവ് സൂര്യവംശി ഡഗൗട്ടില്‍ കാത്തിരിക്കുന്നുണ്ട്. നേരിട്ട ആദ്യ എട്ട് പന്തില്‍ സ്കോര്‍ ചെയ്തത് കേവലം നാല് റണ്‍സാണ്.
ടി20 ക്രിക്കറ്റിലെ ഏറ്റവും നിര്‍ണായകമായ ഘട്ടമാണ് പവര്‍പ്ലേ, ഇവിടെയാണ് സഞ്ജു എട്ട് പന്തുകള്‍ നേരിട്ടിട്ടും ഒരു ബൗണ്ടറി പോലും നേടാതെ തുടര്‍ന്നത്. പുറത്തായാല്‍ ഇന്ത്യൻ ടീമിന്റെ ടി20 സ്ക്വാഡിലേക്ക് അടുത്തെങ്ങും ഒരു എൻട്രി പോലും പ്രതീക്ഷിക്കേണ്ടതില്ല. പിന്നീട് സംഭവിക്കുന്ന ഷിഫ്റ്റ്, അവിടെയാണ് സഞ്ജു വൈറ്റല്‍ ആകുന്നത്. ആ എട്ട് പന്തുകള്‍ക്ക് ശേഷം പവര്‍പ്ലേയില്‍ 11 ഡെലിവെറികളാണ് സഞ്ജു നേരിട്ടത്, അതില്‍ ഒൻപതും ബൗണ്ടറികളായിരുന്നു, ആറ് ഫോറും മൂന്ന് സിക്സും.
പവര്‍പ്ലേയ്ക്ക് പിന്നാലെ മൂന്ന് പന്തുകളാണ് ഫേസ് ചെയ്തത്, അതില്‍ രണ്ടിലും ബൗണ്ടറി, മൂന്നാം പന്തില്‍ പുറത്താകുന്നുത്. അവസാന നേരിട്ട എട്ട് പന്തില്‍ തുടരെ ഏഴ് ബൗണ്ടറികളുണ്ടെന്നോര്‍ക്കണം. റാഷിദ് ഖാനും മുഹമ്മദ് നബിക്കുമെതിരായ സ്ട്രൈക്ക് റേറ്റ് 300ന് മുകളിലായിരുന്നു. അസ്മത്തുള്ള ഒമര്‍സായിക്കെതിരെ 230. ആദ്യ എട്ട് പന്തിലെ സ്ട്രൈക്ക് റേറ്റ് അൻപതിലായിരുന്നെങ്കില്‍ ഇന്നിങ്സ അവസാനിക്കുമ്പോള്‍ 259 ആയിരുന്നു.
ഇനി മൂന്നാം ടി20യിലെ അര്‍ദ്ധ ശതകത്തിലേക്ക് വരാം. ആദ്യ ഫിഫ്റ്റിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഇന്നിങ്സ്. അഭിഷേക് ശര്‍മ ഫുള്‍ ഫ്ലോയില്‍ ബാറ്റ് ചെയ്യുമ്പോള്‍ അതിന്റെ തുടര്‍ച്ചയ്ക്ക് പ്രധാന്യം കൊടുക്കുന്ന സമീപനമായിരുന്നു സഞ്ജു സ്വീകരിച്ചത്. അഭിഷേകിന് പരമാവധി സ്ട്രൈക്ക് കൈമാറുക എന്നതായിരുന്നു ലക്ഷ്യം. ഇടവേളകളില്‍ മാത്രം ബൗണ്ടറികളും കണ്ടെത്തിയിരുന്നു. ഒരു ബാറ്റിങ് പാര്‍ട്ട്ണര്‍ എങ്ങനെയായിരിക്കണമെന്നതിന്റെ ക്ലാസിക്ക് ഉദാഹരണങ്ങളിലൊന്ന്.
തന്റെ ഹിറ്റിങ് ആര്‍ക്കില്‍ വരുന്ന പന്തുകള്‍, അല്ലെങ്കില്‍ സ്കോര്‍ ചെയ്യാൻ കഴിയമായിരുന്നു ഡെലിവെറികളില്‍പ്പോലും സഞ്ജു അഭിഷേകിന് സ്ട്രൈക്ക് കൈമാറുന്നതായി കണ്ടു. അഭിഷേകിന്റെ സ്ട്രൈക്ക് റേറ്റിനേയും സഞ്ജുവിന്റെയും വെച്ച് വലിയ താരതമ്യങ്ങളും പരിഹാസങ്ങളും മത്സരശേഷമുണ്ടായി. പക്ഷേ, സഞ്ജു സെക്കൻ ഫിഡിലായി തുടരാൻ തീരുമാനിച്ചതാണ് അഭിഷേകിന്റെ ചരിത്രനേട്ടതിന് വഴിയൊരുങ്ങിയത്.
രോഹിത് ശര്‍മ ഏകദിന കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്കോറായ 264ലേക്ക് എത്തിയ ഇന്നിങ്സ് ഓര്‍മയില്ലെ. അന്ന്, രോഹിതിനായി നിരന്തരം സ്ട്രൈക്ക് കൈമാറിയ ഒരാളുണ്ടായിരുന്നു, റോബിൻ ഉത്തപ്പ. രോഹിതിന്റെ ഇന്നിങ്സിനൊപ്പം ഓര്‍ത്തുവെക്കേണ്ടതുതന്നെയാണ് ഉത്തപ്പയുടെ പിന്തുണയും. ഉത്തപ്പ അന്ന് ക്രീസിലെത്തുമ്പോള്‍ രോഹിതിന്റെ സ്കോര്‍ 129 പന്തില്‍ 154 ആയിരുന്നു. രോഹിത് അടുത്ത 110 റണ്‍സെടുക്കുന്നതിനിടെ ഉത്തപ്പയുടെ നേട്ടം 16 പന്തുകളില്‍ 16 ആണ്. സെല്‍ഫ്‌ലെസ്.
അഭിഷേക് അസാധാരണമായ ബാറ്റിങ് പുറത്തെടുത്തിട്ടും സഞ്ജു 141 സ്ട്രൈക്ക് റേറ്റില്‍ അര്‍ദ്ധ സെഞ്ചുറി കുറിച്ചു. നാല് സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ. അഫ്ഗാൻ പരമ്പരയിലെ സഞ്ജുവിന്റെ നേട്ടമാകട്ടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 117 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 180 ആണ്. സീരീസിലെ ടോപ് സ്കോറര്‍മാരില്‍ രണ്ടാമൻ, അഭിഷേകിന് പിന്നില്‍.
ഇനി വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയാണ്. അഞ്ച് ടി20 മത്സരങ്ങള്‍. ടീമിലെ സഞ്ജുവിന്റെ സാന്നിധ്യം ഉറപ്പിക്കുന്നുണ്ട് ഗംഭീര്‍, പക്ഷേ മറ്റൊന്നുകൂടി ഒപ്പം ചേര്‍ക്കുന്നുമുണ്ട്. അത് ബാറ്റിങ് ഫോം ആണ്. ഫോം നിലനിര്‍ത്തുക തന്നെയാണ് പ്രധാനം, കാരണം അത്രയും ഡൊമിനേറ്റിങ് ക്രിക്കറ്റാണ് ഇന്ത്യയിപ്പോള്‍ പുറത്തെടുക്കുന്നത്. കണ്‍സിസ്റ്റന്റാകണം, റണ്‍സ് സ്കോര്‍ ചെയ്യുന്നത് ഉയര്‍ന്ന സ്ട്രൈക്ക് റേറ്റിലുമാകണം. എങ്കിലെ അന്തിമ ഇലവനില്‍ സ്ഥാനം നിലനിര്‍ത്താൻ കഴിയൂ.


