ഏഷ്യാഡിനുള്ള ഇന്ത്യയുടെ നീന്തല്‍ സ്‌ക്വാഡിലെ അംഗമാണ് 21 കാരനായ വേദാന്ത്.ഏഷ്യന്‍ ഗെയിംസ് നീന്തലില്‍ മൂന്ന് ഇനങ്ങളിലാണ് വേദാന്ത് മത്സരിക്കുന്നത്. 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 200 മീറ്റര്‍ ബാക്‌സ്‌ട്രോക്ക്, 4-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ എന്നിവയാണ് വേദാന്തിന്റെ മത്സര ഇനങ്ങള്‍.
ജപ്പാനിലെ ഐചി നഗോയ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സ്‌ക്വാഡില്‍ സിനിമാ ലോകവുമായി ബന്ധമുള്ള ഒരു കായിക താരമുണ്ട്. സിനിമാ ലോകത്ത് മാഡി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന പത്മശ്രീ ജേതാവ് ആര്‍ മാധവന്റെ മകന്‍ വേദാന്ത് മാധവനാണ് ആ താരം. ഏഷ്യാഡിനുള്ള ഇന്ത്യയുടെ നീന്തല്‍ സ്‌ക്വാഡിലെ അംഗമാണ് 21 കാരനായ വേദാന്ത്.ഏഷ്യന്‍ ഗെയിംസ് നീന്തലില്‍ മൂന്ന് ഇനങ്ങളിലാണ് വേദാന്ത് മത്സരിക്കുന്നത്. 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 200 മീറ്റര്‍ ബാക്‌സ്‌ട്രോക്ക്, 4-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ എന്നിവയാണ് വേദാന്തിന്റെ മത്സര ഇനങ്ങള്‍. കരിയറിന്റെ തുടക്കം മുതലേ വേദാന്ത് ശ്രദ്ധ നല്‍കിയിരുന്നത് ദീര്‍ഘദൂര മത്സരങ്ങള്‍ക്കായിരുന്നു. എന്നാല്‍, പതിവിന് വിപരീതമായി കൂടുതല്‍ വേഗത ആവശ്യമുള്ള ഷോര്‍ട്ട് റേസുകളില്‍ മത്സരിക്കേണ്ടി വരുന്നതാണ് വേദാന്ത് നേരിടുന്ന വെല്ലുവിളി.
ഒളിമ്പ്യന്‍ താരങ്ങളായ ശ്രീഹരി നടരാജ്, സജന്‍ പ്രകാശ് എന്നിവരുള്‍പ്പെടുന്ന നീന്തല്‍ സ്‌ക്വാഡില്‍ അംഗമായ വേദാന്ത് ഏത് വെല്ലുവിളിയും ഏറ്റെടുക്കാനുള്ള മാനസികാവസ്ഥയിലാണ്. അതിനൊരു കാരണം, നീന്തല്‍ താരമായി മാറാനുള്ള തീരുമാനം മാതാപിതാക്കളുടേതോ മറ്റാരുടേതുമല്ലായിരുന്നു. അത് വേദാന്തിന്റെ പാഷനേറ്റ് ഡിസിഷനായിരുന്നു - രാജ്യത്തിന് വേണ്ടി അന്താരാഷ്ട്ര സര്‍ക്യൂട്ടില്‍ മെഡല്‍ നേടുന്ന ഒരു നീന്തല്‍ താരമായി മാറുക എന്നത്. അഅതുകൊണ്ടു തന്നെ ലോംഗ് റേസില്‍ നിന്ന് ഷോര്‍ട് റേസിലേക്കുള്ള മാറ്റം പോലും വലിയ അവസരമായിട്ടാണ് വേദാന്ത് കാണുന്നത്.
സിനിമയിലെ മുന്‍നിര താരത്തിന്റെ മകനായിട്ടും ആ പശ്ചാത്തലത്തിലൊന്നും അഭിരമിക്കാതെ വേദാന്ത് തന്റേതായ ഒരു ലോകം തിരഞ്ഞെടുക്കുകയായിരുന്നു. അതാണ്, സ്‌പോര്‍ട്‌സ് കരിയര്‍. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ വേദാന്ത് നീന്തല്‍ മത്സരങ്ങളില്‍ പങ്കെടുക്കുമായിരുന്നു. തന്നെക്കാള്‍ പ്രായം കൂടിയവരോട് മത്സരിച്ച് ജയിക്കാന്‍ കഴിഞ്ഞതോടെ വേദാന്തിന്റെ ആത്മവിശ്വാസം വര്‍ധിച്ചു. നീന്തല്‍ ഒരു കരിയറായി തിരഞ്ഞെടുത്ത വേദാന്തിന് മാധവനും ഭാര്യ സരിതയും പൂര്‍ണ പിന്തുണ നല്‍കുകയായിരുന്നു.

സിനിമകളില്‍ നിന്ന് അവധിയെടുത്ത് മാധവന്‍
കഠിനമായ അച്ചടക്കമാണ് തന്റെ മകനില്‍ നടന്‍ മാധവന്‍ ദര്‍ശിച്ച ഏറ്റവും വലിയ ഗുണം. പുലര്‍ച്ചെ നാല് മണിക്ക് ആരംഭിക്കുന്ന കഠിനമായ പരിശീലനം, ചിട്ടയോടെയുള്ള ഭക്ഷണക്രമം, അനാവശ്യ കൂട്ടുകെട്ടുകളില്ലാത്തത്, രാത്രി വൈകിയുള്ള വിനോദങ്ങളില്‍ നിന്നുള്ള വിട്ടുനില്‍ക്കല്‍ എന്നിവയെല്ലാം വേദാന്ത് സ്വയം തെരഞ്ഞെടുത്ത വഴികളാണ്. ഒരു സന്യാസിയെ പോലെയുള്ള മകന്റെ അച്ചടക്കമാണ് അവനെ ഒരു അന്താരാഷ്ട്ര താരമാക്കി മാറ്റിയതെന്ന് മാധവന്‍ തെല്ലൊരു അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്.മകന്‍ ഇഷ്ടപ്പെട്ട് തെരഞ്ഞെടുത്ത കരിയറിന് എല്ലാ വിധ പിന്തുണയും നല്‍കാന്‍ മാധവന്‍ ഒരുക്കമായിരുന്നു. അതിന് വേണ്ടി തന്റെ സിനിമാ തിരക്കുകള്‍ പോലും മാധവന്‍ ക്രമീകരിച്ചു. കോവിഡ് കാലത്തായിരുന്നു വേദാന്തിന്റെ കരിയറിലെ ഏറെ നിര്‍ണായകമായ തീരുമാനം മാതാപിതാക്കള്‍ സ്വീകരിച്ചത്. മഹാമാരിയുടെ സമയത്ത് ഇന്ത്യയിലെ നീന്തല്‍ കുളങ്ങളെല്ലാം അടച്ചിട്ടത് വേദാന്തിന്റെ പരിശീലനം മുടക്കി.
മകന്‍ സ്വപ്‌നം കാണുന്ന അന്താരാഷ്ട്ര കരിയറിനെ ബാധിക്കുമെന്ന് മനസിലാക്കിയ മാധവന്‍ മുംബൈയില്‍ നിന്ന് ദുബൈയിലേക്ക് താമസം മാറാന്‍ തീരുമാനിച്ചു. ഇത് വേദാന്തിന്റെ കരിയറിന് ഏറെ ഗുണം ചെയ്‌തു. ജൂണില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ചാണ് വേദാന്ത് ഇന്ത്യന്‍ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. ദീര്‍ഘദൂര മത്സരങ്ങളില്‍ നിന്ന് സ്‌പ്രിന്റ് ഇനങ്ങളിലേക്കുള്ള മാറ്റം ഉള്‍ക്കൊള്ളാന്‍ വെയ്‌റ്റി ട്രെയ്‌നിംഗ്, കാലുകളുടെ മസില്‍ സ്‌ട്രെംക്തനിംഗ്, കര്‍ശനമായ ഡയറ്റ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് വേദാന്ത്.
ഇന്ത്യക്കാരുടെ ജനിതകം അത്രമോശമല്ല..
ഒരു കായിക താരത്തിന് വേണ്ട ആത്മവിശ്വാസവും അറിവും ഗുരുക്കന്‍മാരില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും വായനയിലൂടെയുമെല്ലാം വേദാന്ത് സ്വായത്തമാക്കിയിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തില്‍ വേദാന്ത് ഇന്ത്യക്കാരുടെ ജനിതക ഘടനയെ കുറിച്ച് സംസാരിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.ജനിതകപരമായി വളരെ മികച്ചവരാണ് ഇന്ത്യക്കാര്‍, അതുകൊണ്ടു തന്നെ മികച്ച കഴിവുകള്‍ പുറത്തെടുക്കാന്‍ ചില കാര്യങ്ങളില്‍ ഒന്ന് ജാഗ്രത കാണിച്ചാല്‍ മതി. ഭക്ഷണക്രമം, അച്ചടക്കം, പ്രചോദനം എന്നിവയുണ്ടെങ്കില്‍ ഇന്ത്യയില്‍ നിന്ന് മികച്ച കായിക താരങ്ങളുണ്ടാകുമെന്നാണ് വേദാന്തിന്റെ നിരീക്ഷണം. കായിക മേഖലയില്‍ എന്നല്ല മറ്റേത് മേഖലയിലും ഇന്ത്യക്കാരെ പിറകോട്ട് വലിക്കുന്നത് തെറ്റായ ഭക്ഷണ രീതിയാണെന്ന് വേദാന്ത് സമര്‍ഥിക്കുന്നത് ഇന്ത്യന്‍ ഫുഡ് സയന്‍സ് വിദഗ്‌ധനും എഴുത്തുകാരനുമായ അശോക് കൃഷിനെ ഫോളെ ചെയ്‌തുള്ള അറിവുകളോടെയാണ്.
പരിണാമപ്രക്രിയയുടെ ഫലമായി ഇന്ത്യക്കാരുടെ ശരീരത്തില്‍ കൊഴുപ്പ് കൂടുതല്‍ സംഭരിക്കപ്പെടുന്നുണ്ട്. ഏഷ്യന്‍ ഇന്ത്യന്‍ ഫിനോടൈപ്പ്, അഥവാ തിന്‍ ഫാറ്റ് ബോഡി ടൈപ്പ് എന്നാണ് ഈ പ്രവണത അറിയപ്പെടുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വേട്ടയാടി ഭക്ഷണം കണ്ടെത്തുന്ന രീതിയില്‍ നിന്ന് കൃഷിയിലേക്കുള്ള മാറ്റത്തിന് ശേഷമാണ് നമ്മുടെ ശരീരം ഇത്തരത്തില്‍ പരിണമിച്ചതെന്ന് അശോക് കൃഷിനെ ഉദ്ധരിച്ച് വേദാന്ത് പറയുന്നു. കഴിഞ്ഞ കുറച്ച് നൂറ്റാണ്ടുകളായി എല്‍ നിനോ സതേണ്‍ ഒസിലേഷന്‍ എന്ന കാലാവസ്ഥ പ്രതിഭാസം കാരണം മണ്‍സൂണ്‍ മഴ അപ്രവചനീയമായി മാറി. ഇത് കൃഷിയെ ബാധിച്ചു.
ഇതോടെ, കാര്യമായ പേശീബലം വളര്‍ത്തുന്നതിന് പകരം ആന്തരികാവയവങ്ങള്‍ക്ക് ചുറ്റിലും ശരീരം കൊഴുപ്പിനെ ശേഖരിച്ചു വെക്കാന്‍ തുടങ്ങി. ഇത് തലമുറകളായി ആവര്‍ത്തിച്ചുണ്ടായ ക്ഷാമങ്ങളെ അതിജീവിക്കാന്‍ മനുഷ്യരെ സഹായിച്ചു. അതുകൊണ്ടു തന്നെ, കഠിനമായി അധ്വാനിക്കുകയും കൃത്യമായ ഭക്ഷണക്രമീകരണം കൊണ്ടുവരികയും ചെയ്‌താല്‍ ഇന്ത്യക്കാര്‍ക്ക് അവരുടെ ജനിതക ഗുണങ്ങളെ കുറച്ചെങ്കിലും ഉപയോഗപ്പെടുത്താന്‍ സാധിച്ചേക്കുമെന്ന് വേദാന്ത് വിലയിരുത്തുന്നു.
വിദേശ താരങ്ങള്‍ സ്വര്‍ണമെഡല്‍ നേടുമ്പോള്‍, ഇന്ത്യന്‍ താരങ്ങള്‍ക്ക് ജനിതകമായി കായിക കരുത്തില്ലെന്ന് പറഞ്ഞ് മാറിയിരിക്കുന്ന ജനറേഷനെയല്ല വേദാന്ത് പ്രതിനിധാനം ചെയ്യുന്നത്. അയാള്‍ കഠിനമായി അധ്വാനിക്കുന്നു, പുലര്‍ച്ചെ നാല് മണിക്കെഴുന്നേറ്റ് പരിശീലനം ആരംഭിക്കുന്നു...രാജ്യത്തിന്റെ അഭിമാനമാകാന്‍ ജീവിതം മാറ്റിവെച്ചിരിക്കുന്നു...ഏഷ്യന്‍ ഗെയിംസ് നീന്തലില്‍ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വേദാന്തിലൂടെ ഇന്ത്യ മെഡല്‍ പോഡിയത്തില്‍ തിരിച്ചെത്തുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
