ഐപിഎൽ താരലേലത്തിന് മുമ്പ് സഞ്ജുവിനെ കൈവിടുമോ രാജസ്ഥാൻ റോയൽസ്, സാധ്യതകൾ ഇങ്ങനെ

Published : Oct 11, 2025, 11:00 AM IST
Sanju Samson

Synopsis

ടീമിനകത്ത് റിയാൻ പരാഗിൻറെ വർധിച്ചുവരുന്ന സ്വാധീനമാണ് സഞ്ജു രാജസ്ഥാൻ വിടാൻ തീരുമാനിച്ചതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ സഞ്ജുവിന് പരിക്കേറ്റപ്പോൾ റിയാൻ പരാഗ് ആണ് രാജസ്ഥാനെ നയിച്ചത്.

ജയ്പൂർ: ഈ വർഷത്തെ ഐപിഎൽ മിനി താരലേലം ഡിസംബറിൽ നടക്കാനിരിക്കെ എല്ലാ കണ്ണുകളും ഇപ്പോൾ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിലാണ്. രാജസ്ഥാൻ വിടാനുള്ള താൽപര്യം അറിയിച്ച സഞ്ജുവിൻറെ കാര്യത്തിൽ ടീം മാനേജ്മെൻറ് ഇതുവരെ എന്ത് തീരുമാനമെടുക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ട്രേഡിലൂടെ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് കൂടുമാറനുള്ള സഞ്ജുവിൻറെ ശ്രമം രാജസ്ഥാൻറെ കടുത്ത നിലപാട് മൂലം നടക്കാതെ പോയിരുന്നു. അടുത്ത സീസണിൽ നിലനിർത്തുന്ന താരങ്ങളാരൊക്കെ എന്ന് അറിയിക്കാനുള്ള അവസാന തീയതി നവംബർ 15 ആണ്. ഇതിനുള്ളിൽ സഞ്ജുവിൻറെ കാര്യത്തിൽ രാജസ്ഥാൻ റോയൽസിന് അന്തിമ തീരുമാനമെടുക്കേണ്ടവരുമെന്നാണ് കരുതുന്നത്. നിലവിലെ സാഹചര്യത്തിൽ രാജസ്ഥാൻ റോയൽസിൽ സഞ്ജു തുടരാനുള്ള സാധ്യതകൾ വിരളമാണെന്നാണ് വിലയിരുത്തൽ.

സഞ്ജു ലേലത്തിനെത്തിയാൽ

ട്രേഡിനുള്ള സാധ്യതകൾ ഇല്ലാതായതോടെ സഞ്ജുവിനെ നിലനിർത്തുകയോ റിലീസ് ചെയ്ത് ലേലത്തിൽ വിടുകയോ ചെയ്യുക എന്നതാണ് രാജസ്ഥാന് മുന്നിലുള്ള അടുത്ത വഴി. സഞ്ജുവിനെ ലേലത്തിൽ വിട്ടാൽ റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കാൻ ടീമുകൾ രം​ഗത്തെത്തുമെന്നാണ്സൂ ചന. ചെന്നൈ സൂപ്പർ കിംഗ്സ് തന്നെയാവും സഞ്ജുവിനെ സ്വന്തമാക്കാൻ മുന്നിലെത്തുന്ന ആദ്യ ടീമുകളിലൊന്ന്. ആർ അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചതിനാൽ 9.75 കോടി രൂപ ചെന്നൈയുടെ പേഴ്സിൽ അധികമായി ഉണ്ടാകും. ഇതിന് പുറമെ ദീപക് ഹൂഡ, വിജയ് ശങ്കർ, രാഹുൽ ത്രിപാഠി, സാം കറൻ, ഡെവോൺ കോൺവെ തുടങ്ങിയ താരങ്ങളെയും ലേലത്തിന് മുമ്പ് ചെന്നൈ കൈവിടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. എം എസ് ധോണിക്ക് പകരമൊരു വിക്കറ്റ് കീപ്പറെ തേടുന്ന ചെന്നൈക്ക് സഞ്ജുവിനെ സ്വന്തമാക്കിയാൽ അത് വലിയ നേട്ടമാകും.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് സഞ്ജുവിൽ കണ്ണുവെച്ചിട്ടുള്ള മറ്റൊരു ടീം. അടുത്ത സീസണിലക്ക് പുതിയൊരു നായകനെ തേടുന്ന കൊൽക്കത്ത സഞ്ജുവിനായി ലേലത്തിൽ വാശിയോടെ രംഗത്തുവരുമെന്നാണ് കരുതുന്നത്. 23.75 കോടി മുടക്കി സ്വന്തമാക്കിയ വെങ്കടേഷ് അയ്യരെ കൈയൊഴിഞ്ഞാൽ മാത്രം സഞ്ജുവിനെ സ്വന്തമാക്കാനുള്ള തുക കണ്ടെത്താനാകുമെന്നതും കൊൽക്കത്തക്ക് നേട്ടമാണ്. കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ നയിച്ചത് അജിങ്ക്യാ രഹാനെയായിരുന്നു. താരലേലത്തിൽ സഞ്ജുവിനെ സ്വന്തമാക്കിയാൽ കൊൽക്കത്തക്കും അത് വലിയ മുതൽക്കൂട്ടാകും.

രാജസ്ഥാൻറെ പ്രതിസന്ധി

ടീമിനകത്ത് റിയാൻ പരാഗിൻറെ വർധിച്ചുവരുന്ന സ്വാധീനമാണ് സഞ്ജു രാജസ്ഥാൻ വിടാൻ തീരുമാനിച്ചതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ സഞ്ജുവിന് പരിക്കേറ്റപ്പോൾ റിയാൻ പരാഗ് ആണ് രാജസ്ഥാനെ നയിച്ചത്. എന്നാൽ ക്യാപ്റ്റനെന്ന നിലയിൽ മികവ് കാട്ടാൻ റിയാൻ പരാഗിന് ഇതുവരെ ആയിട്ടില്ല. പക്ഷെ റിയാൻ പരാഗിനെ രാജസ്ഥാൻ ടീം മാനേജ്മെൻറ് ഭാവി നായകനായി ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നത് ടീമിനകത്ത് പുതിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. റിയാൻ പരാഗിന് പുറമെ ക്യാപ്റ്റൻസിയിൽ കണ്ണുള്ള മറ്റൊരു താരമാണ് ഓപ്പണർ യശസ്വി ജയ്സ്വാൾ. ഐപിഎല്ലിൽ അല്ലെങ്കിൽ പോലും തൻറെ ക്യാപ്റ്റൻസി മോഹങ്ങൾ ജയ്സ്വാൾ പലവട്ടം പരസ്യമാക്കിയിട്ടുമുണ്ട്.

കഴിഞ്ഞ ആഭ്യന്തര സീസണൊടുവിൽ ഗോവ ടീം ക്യാപ്റ്റൻ സ്ഥാനം വാഗ്ദാനം ചെയ്തപ്പോൾ മുംബൈ വിട്ട് ഗോവക്കായി കളിക്കാൻ ജയ്സ്വാൾ സന്നദ്ധനാവുകയും ചെയ്തിരുന്നു. പിന്നീട് തീരുമാനം മാറ്റിയെങ്കിലും ജയ്സ്വാളും രാജസ്ഥാൻ റോയൽസിൻറെ ക്യാപ്റ്റൻ സ്ഥാനം ആഗ്രഹിക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. മുഖ്യ പരിശീലകനായിരുന്ന രാഹുൽ ദ്രാവിഡും സഹരപരിശീലകൻ സായ്‌രാജ് ബഹുതുലെയുമെല്ലാം നേരത്തെ തന്നെ രാജസ്ഥാൻ ടീം വിട്ടിരുന്നു. അടുത്ത സീസണിൽ കുമാർ സംഗക്കാരയായിരിക്കും ടീമിൻറെ മുഖ്യപരിശീലകനെന്നാണ് റിപ്പോർട്ട്. അടുത്ത ഐപിഎല്ലിൽ സം​ഗക്കാരക്ക് കീഴിൽ പുതിയ മുഖവുമായിട്ടായിരിക്കും രാജസ്ഥാൻ ഇറങ്ങുക എന്നാണ് കരുതുന്നത്. എന്തായാലും നിലനിർത്തുന്ന താരങ്ങളെ തീരുമാനിക്കാനുള്ള അവസാന തീയതിയായ നവംബർ 15ന് മുമ്പ് കഴിഞ്ഞ ഐപിഎൽ മെഗാതാരലേലത്തിന് മുമ്പ് 18 കോടി മുടക്കി നിലനിർത്തിയ സഞ്ജുവിൻറെ കാര്യത്തിൽ രാജസ്ഥാൻ റോയൽസിന് അന്തിമ തീരുമാനം എടുക്കേണ്ടിവരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

100 സെഞ്ചുറിയിലേക്ക് ദൂരം ഇനി 16; കോഹ്ലി മറികടക്കുമോ സച്ചിനെ? സാധ്യതകള്‍
എറിഞ്ഞുതോല്‍ക്കുന്ന പുതിയ ഇന്ത്യ; സിറാജ്-ഷമി-ബുമ്ര പേസ് ത്രയം എവിടെ? എന്തുകൊണ്ട് പുറത്ത്?