മൂന്നാം നമ്പറില്‍ സായ്‌ സുദർശന് അവസാന അവസരമോ? ദേവ്ദത്ത് പടിക്കല്‍ കാത്തിരിക്കുന്നു

Published : Oct 08, 2025, 04:05 PM IST
 Sai Sudharsan

Synopsis

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന് ഡല്‍ഹിയില്‍ കളമൊരുങ്ങുമ്പോള്‍ ഈ മത്സരം ഇന്ത്യൻ നിരയില്‍ മറ്റാരേക്കളും നിർണായകമായിട്ടുള്ള താരം സായ് സുദർശൻ തന്നെയാണ്

സായ് സുദർശൻ. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും അസാധാരണ സ്ഥിരതയോടെ അത്ഭുതപ്പെടുത്തിയ ബാറ്റർ. പക്ഷേ, ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ചുവടുകള്‍ അപ്പാടെ പിഴച്ചിരിക്കുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന് ഡല്‍ഹിയില്‍ കളമൊരുങ്ങുമ്പോള്‍ ഈ മത്സരം ഇന്ത്യൻ നിരയില്‍ മറ്റാരേക്കളും നിർണായകമായിട്ടുള്ള താരം സായ് തന്നെയാണ്. മൂന്നാം നമ്പറിലെ പ്രതീക്ഷ കാക്കാനുള്ള അവസാന അവസരമാണോ സായിക്ക് മുന്നിലൊരുങ്ങുന്നത്.

മൂന്നാം നമ്പർ കാക്കുമോ?

ഇന്ത്യൻ ടെസ്റ്റ് ടീമിലെ മൂന്നാം നമ്പർ. രാഹുല്‍ ദ്രാവിഡിനെ ഐതിഹാസിക പടവുകള്‍ കയറ്റിയ ചേതേശ്വര്‍ പൂജാരയുടെ ചെറുത്തുനില്‍പ്പുകള്‍ നിരവധി കണ്ട ബാറ്റിങ് പൊസിഷൻ. ന്യൂസിലൻഡിനെതിരായ ഹോം സീരീസും ബോര്‍ഡർ ഗവാസ്ക്കർ ട്രോഫിയിലെ തിരിച്ചടിയും മറന്ന് ഇംഗ്ലണ്ടില്‍ പുതിയ അധ്യായം കുറിക്കാൻ ഇന്ത്യ ഒരുങ്ങിയപ്പോള്‍ ആകാംഷയോടെ നോക്കിക്കണ്ടതും ഇതേ പൊസിഷൻ. അതിന് കാരണം സായ് സുദര്‍ശൻ എന്ന പേരുതന്നെയായിരുന്നു.

എന്നാല്‍, മൂന്നാം നമ്പറിലെ വിശ്വാസം കാക്കാൻ സായ്ക്ക് സാധിക്കാതെ പോകുന്നതായിരുന്നു ഇംഗ്ലണ്ടില്‍ കണ്ടത്. ഏഴ് ഇന്നിങ്സുകളില്‍ മൂന്നാം നമ്പറിലെത്തിയ സായ് 21 ശരാശരിയില്‍ 147 റണ്‍സ് മാത്രമാണ് നേടാനായത്. പൂജ്യത്തില്‍ തുടങ്ങിയ കരിയറില്‍ മാഞ്ചസ്റ്ററില്‍ നേടിയ അര്‍ദ്ധ സെഞ്ച്വറി മാത്രമായിരുന്നു ഇടം കയ്യൻ ബാറ്റർക്ക് ഓർത്തുവെക്കാനുണ്ടായിരുന്നത്. ഏഴ് ഇന്നിങ്സില്‍ രണ്ട് തവണയും റണ്ണൊന്നുമെടുക്കാതെയായിരുന്നു സായ് മടങ്ങിയതും.

എന്നാല്‍, ഭാവി മുൻനിർത്തിയുള്ള തീരുമാനമായിരുന്നു സായിയെ മൂന്നാം നമ്പറില്‍ പരീക്ഷിക്കുക എന്നത്. കരുണ്‍ നായരിന്റെ പരിചയസമ്പത്തിന് മുകളില്‍ സായിക്ക് അവസരം നല്‍കിയതിന് പിന്നിലെ കാരണവും ഇതുതന്നെയായിരുന്നു. വിൻഡീസ് പരമ്പരയ്ക്ക് മുൻപ് നടന്ന ഓസ്ട്രേലിയ എയ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ മൂന്ന് ഇന്നിങ്സുകളില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ദ്ധ ശതകവും നേടിയാണ് വിൻഡീസ് പരമ്പരയ്ക്കുള്ള ടിക്കറ്റ് സായ് നേടിയെടുത്തതും. 73, 75, 100 എന്നിങ്ങനെയായിരുന്നു സായിയുടെ സ്കോറുകള്‍.

പക്ഷേ, വിൻഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ സായ് പരാജയപ്പെട്ടു. 19 പന്തില്‍ ഏഴ് റണ്‍സ് മാത്രമെടുത്ത സായ് റോസ്റ്റണ്‍ ചേസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. രണ്ടര ദിവസത്തില്‍ അവസാനിച്ച ടെസ്റ്റില്‍ ഇന്നിങ്സ് വിജയം ഇന്ത്യ നേടിയതോടെ മറ്റൊരു അവസരമെന്ന സാധ്യതയും അടയുകയായിരുന്നു. ഡല്‍ഹി ആതിഥേയത്വം വഹിക്കുന്ന രണ്ടാം ടെസ്റ്റ് സായിക്കുള്ള മറ്റൊരു അവസരമാകുമോയെന്നതില്‍ വ്യക്തതയില്ല. കാരണം ദേവ്ദത്ത് പടിക്കലിന്റെ സാന്നിധ്യമാണ്.

പടിക്കല്‍ തയാർ

ദുലീപ് ട്രോഫിയില്‍ സൗത്ത് സോണിനായി മൂന്നാം നമ്പറില്‍ ക്രീസിലെത്തി അര്‍ദ്ധ സെഞ്ച്വറിയും പുറത്താകാതെ 16 റണ്‍സും പടിക്കല്‍ നേടിയിരുന്നു. പിന്നാലെ ഓസ്ട്രേലിയ എയ്ക്കെതിരെ നടന്ന അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 150 റണ്‍സാണ് പടിക്കല്‍ സ്കോര്‍ ചെയ്തത്. രണ്ടാം ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും പടിക്കല്‍ തുടരുന്ന മികച്ച ഫോം കണ്ടില്ലെന്ന് നടിക്കാനും മാനേജ്മെന്റിന് കഴിഞ്ഞേക്കില്ല. ഹോം കണ്ടീഷനുകളില്‍ ഏത് സാഹചര്യത്തിലും ബാറ്റ് ചെയ്യാനുള്ള വൈഭവുമുള്ള താരം കൂടിയാണ് പടിക്കല്‍.

ആദ്യത്തെ വിദേശപര്യടനമെന്ന ആനുകൂല്യവും ഫസ്റ്റ് ക്ലാസിലെ ഫോമുമായിരിക്കാം സായിയില്‍ തന്നെ വിശ്വാസം അര്‍പ്പിക്കാൻ ടീം മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്. എന്നാല്‍, ഹോം മത്സരങ്ങളിലും സായ് അവസരത്തിനൊത്ത് ഉയരാതിരിക്കുകയും പടിക്കല്‍ പുറത്തിരിക്കുകയും ചെയ്യുന്ന സാഹചര്യവും മുന്നിലുണ്ട്. ഡല്‍ഹിയിലൊരുങ്ങുന്ന വിക്കറ്റ് ബാറ്റിങ്ങിന് അനുകൂലമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. സായ് തന്നെയാണ് മൂന്നാം നമ്പറിലെത്തുന്നതെങ്കില്‍ ഒരു വലിയ ഇന്നിങ്സ് ടീമിലെ സ്ഥാനം ഉറപ്പിക്കാൻ സഹായിക്കും.

മറിച്ച്, ദേവ്ദത്ത് പടിക്കലിന് അവസരം ഒരുങ്ങുകയും താരം തിളങ്ങുകയും ചെയ്താല്‍ ടെസ്റ്റ് ടീമിലെ സായിയുടെ സാന്നിധ്യത്തിന് വെല്ലുവിളിയാകും. ഇരുവരും ഇടം കയ്യൻ ബാറ്റര്‍മാരുകൂടിയാണ്. ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം മാത്രമാണ് പടിക്കല്‍ കളിച്ചിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടാൻ കഴിഞ്ഞിരുന്നു. എന്നാല്‍ ബോര്‍ഡര്‍ - ഗവാസ്ക്കര്‍ ട്രോഫിയില്‍ ലഭിച്ച അവസരം ഉപയോഗിക്കാൻ കഴിയാതെയും പോയി. ശേഷമാണ്, വിൻഡീസ് പരമ്പരയിലേക്ക് വിളിയെത്തിയിരിക്കുന്നതും.

PREV
Read more Articles on
click me!

Recommended Stories

100 സെഞ്ചുറിയിലേക്ക് ദൂരം ഇനി 16; കോഹ്ലി മറികടക്കുമോ സച്ചിനെ? സാധ്യതകള്‍
എറിഞ്ഞുതോല്‍ക്കുന്ന പുതിയ ഇന്ത്യ; സിറാജ്-ഷമി-ബുമ്ര പേസ് ത്രയം എവിടെ? എന്തുകൊണ്ട് പുറത്ത്?