ഡബ്ല്യുപിഎല്‍ 2026: രണ്ട് സ്ഥാനം, നാല് ടീമുകള്‍; പ്ലേ ഓഫിലേക്ക് ആരൊക്കെ? സാധ്യതകള്‍

Published : Jan 27, 2026, 01:56 PM IST
WPL 2026

Synopsis

ഡബ്ല്യുപിഎല്‍ 2026 സീസണിലെ അവസാന മൂന്നില്‍ ഉറപ്പിച്ചിരിക്കുന്നത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മാത്രമാണ്. അവശേഷിക്കുന്നത് രണ്ട് സ്ഥാനങ്ങള്‍, മത്സരങ്ങള്‍ നാലും

അവശേഷിക്കുന്നത് കേവലം നാല് മത്സരങ്ങള്‍. പ്ലേ ഓഫ് ചിത്രം ഇനിയും തെളിഞ്ഞിട്ടില്ല. അവസാന മൂന്നില്‍ ഉറപ്പിച്ചിരിക്കുന്നത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മാത്രം. അവശേഷിക്കുന്ന രണ്ട് സ്ഥാനങ്ങള്‍ക്കായി നാല് ടീമുകള്‍. മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ജയന്റ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, യുപി വാരിയേഴ്‌സ്. വനിത പ്രീമിയര്‍ ലീഗിന്റെ പ്ലേ ഓഫിലേക്ക് ആരൊക്കെ കടക്കും, സാധ്യതകള്‍ പരിശോധിക്കാം.

നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. ഏഴ് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും നാല് തോല്‍വിയും. പോയിന്റ് പട്ടികയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് പിന്നിലായി രണ്ടാം സ്ഥാനത്ത്. പ്ലേ ഓഫ് റേസിനുള്ള മറ്റ് ടീമുകളെ അപേക്ഷിച്ച് മുംബൈക്കുള്ള മുൻതൂക്കം പോസിറ്റീവ് നെറ്റ് റണ്‍റേറ്റാണ്. അവശേഷിക്കുന്ന ഏക മത്സരം ഗുജറാത്ത് ജയന്റ്‌സുമായി. ജയിക്കാനായാല്‍ ഹര്‍മൻപ്രീത് കൗറിനും സംഘത്തിനും പ്ലേ ഓഫിലേക്ക് കടക്കാനാകും. ഇനി ഗുജറാത്തിനോട് പരാജയപ്പെട്ടാല്‍ ആറ് പോയിന്റ് മാത്രമായി ചുരുങ്ങും, ഈ സാഹചര്യത്തില്‍ മറ്റ് മത്സരങ്ങളെ ആശ്രയിച്ചായിരിക്കും സാധ്യതകള്‍.

മോശം തുടക്കത്തില്‍ നിന്ന് ടൂര്‍ണമെന്റില്‍ തിരിച്ചുവരവ് നടത്തിയ സംഘമാണ് ജമീമ റോഡ്രഗ‌്‌സ് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ്. ആറ് കളികളില്‍ നിന്ന് മൂന്ന് വീതം ജയവും തോല്‍വിയുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. അവശേഷിക്കുന്ന മത്സരങ്ങള്‍ ഗുജറാത്തും യുപിയുമായി. രണ്ടും ജയിച്ചാല്‍ അനായാസം പ്ലേ ഓഫിലേക്ക് കടക്കാനാകും. ഒന്നില്‍ മാത്രമാണ് ജയിക്കുന്നതെങ്കില്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും സാധ്യതകള്‍. രണ്ടിലും പരാജയപ്പെട്ടാല്‍ ഇതിനോടകം തന്നെ നെഗറ്റീവ് നെറ്റ് റണ്‍റേറ്റുള്ള ഡല്‍ഹിയുടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ അവസാനിച്ചേക്കും.

ഡല്‍ഹിയുടേതിന് സമാനമാണ് ഗുജറാത്തിന്റെ സ്ഥിതിയും. ആറ് കളികളില്‍ നിന്ന് മൂന്ന് വീതം ജയവും തോല്‍വിയും. പക്ഷേ, നെറ്റ് റണ്‍റേറ്റ് ഡല്‍ഹിക്കും താഴെയാണ്, -0.341. അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ഡല്‍ഹിയും മുംബൈയുമായും. മൂന്ന് ടീമുകള്‍ക്കും നിര്‍ണായകമാണ് ഈ മത്സരങ്ങള്‍. ഇവ രണ്ടും ജയിക്കാനായാല്‍ പത്ത് പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനം ഉറപ്പിക്കാനാകും. ഒന്നില്‍ ജയിച്ചാല്‍ എട്ട് പോയിന്റായിരിക്കും ഗുജറാത്തിന്, പ്ലേ ഓഫ് സാധ്യത സജീവമാക്കാനും കഴിയും. രണ്ടിലും പരാജയപ്പെട്ടാല്‍ ഗുജറാത്തിനും കിരീട പ്രതീക്ഷ അവസാനിപ്പിക്കാം.

പ്ലേ ഓഫ് പോരിലുള്ളവരില്‍ ഏറ്റവും മോശം സ്ഥിതിയിലുള്ള സംഘമാണ് മെഗ് ലാനിങ് നയിക്കുന്ന യുപി വാരിയേഴ്‌സ്. ആറ് കളികളില്‍ നിന്ന് രണ്ട് ജയം മാത്രമുള്ള യുപി പട്ടികയുടെ അടിത്തട്ടിലാണ്. -0.769 ആണ് യുപിയുടെ നെറ്റ് റണ്‍റേറ്റ്. രണ്ട് മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്, എതിരാളികള്‍ ബെംഗളൂരുവും ഡല്‍ഹിയുമാണ്. ബെംഗളൂരുവിന് ജയം അനിവാര്യമല്ലെങ്കിലും ഡല്‍ഹിക്ക് നിര്‍ണായകമാണ് മത്സരം. ഡല്‍ഹിക്കും ബെംഗളൂരുവിനുമെതിരെ കൂറ്റൻ ജയങ്ങള്‍ ആവശ്യമുണ്ട് യുപിക്ക് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താൻ. ഒന്നില്‍ മാത്രമാണ് ജയിക്കുന്നതെങ്കില്‍ സാധ്യതകള്‍ വളരെ വിരളമാണ്. രണ്ടിലും പരാജയപ്പെട്ടാല്‍ പുറത്തും.

രണ്ടാം കിരീടം തേടിയിറങ്ങുന്ന ബെംഗളൂരുവിന് ഫൈനല്‍ നേരിട്ട് ഉറപ്പിക്കാനുള്ള അവസരമുണ്ട് യുപിക്കെതിരായ അവസാന മത്സരത്തില്‍. നിലവില്‍ 10 പോയിന്റുള്ള ബെംഗളൂരു യുപിയെ കീഴടക്കുകയാണെങ്കില്‍ 12 പോയിന്റാകും, മറ്റ് ടീമുകള്‍ക്കൊന്നും 12 പോയിന്റിലേക്ക് എത്താനുള്ള സാധ്യതയില്ല. അതുകൊണ്ട് നേരിട്ട് ഫൈനലെന്ന സ്വപ്നം സാധ്യമാകും. മറിച്ച് യുപിയോട് പരാജയപ്പെടുകയാണെങ്കില്‍ കാര്യങ്ങള്‍ കുറച്ച് കടുപ്പമാകും. കാരണം, 10 പോയിന്റില്‍ ബെംഗളൂരുവിന് ഗ്രൂപ്പ് ഘട്ടം അവസാനിപ്പിക്കേണ്ടതായി വരും.

ഗുജറാത്തും ഡല്‍ഹിയുമാണ് ഇനി പത്ത് പോയിന്റിലേക്ക് എത്താൻ സാധ്യതയുള്ള രണ്ട് ടീമുകള്‍. ഗുജറാത്തും ഡല്‍ഹിയും തമ്മിലൊരു മത്സരം ബാക്കിയുണ്ട്. ഇരുടീമുകളും അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ വലിയ മാര്‍ജിനില്‍ ജയിക്കുകയാണെങ്കിലാണ് ബെംഗളൂരുവിന് ഭീഷണിയുണ്ടാകുക. അല്ലെങ്കില്‍ മികച്ച റണ്‍ റേറ്റുള്ള ബെംഗളൂരുവിന് അനായാസം നേരിട്ട് കലാശപ്പോരിലേക്ക് കടക്കാൻ കഴിയും.

 

PREV
Read more Articles on
click me!

Recommended Stories

ട്വന്റി 20 ലോകകപ്പ് ബഹിഷ്കരിച്ചാല്‍ പാക്കിസ്ഥാൻ ക്രിക്കറ്റിന് എന്ത് സംഭവിക്കും?
സഞ്ജു, എന്താണ് നിങ്ങള്‍ ചെയ്തത്! ഇന്നലെ തെറിച്ചത് ലോകകപ്പ് ടീമിലെ സ്ഥാനമോ?