ആശ്വാസ വാര്‍ത്ത: അഭിലാഷ് ടോമിയെ രക്ഷപെടുത്താനുള്ള ശ്രമം അവസാനഘട്ടത്തിലേക്ക്

By Web TeamFirst Published Sep 23, 2018, 7:50 PM IST
Highlights

അപകടത്തിൽപ്പെട്ട മലയാളി നാവികൻ അഭിലാഷ് ടോമിയെ രക്ഷപെടുത്താനുള്ള ശ്രമം അവസാനഘട്ടത്തിലേക്ക്. നാളെ ഉച്ചയോടെ  രക്ഷിക്കാനാകുമെന്ന് നാവികസേന. അഭിലാഷുമായി നാവികസേന ആശയവിനിമയം നടത്തി.

പെര്‍ത്ത്: ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുക്കുന്നതിനിടെ അപകടത്തിൽപ്പെട്ട മലയാളി നാവികൻ അഭിലാഷ് ടോമിയെ രക്ഷപെടുത്താനുള്ള ശ്രമം അവസാനഘട്ടത്തിലേക്ക്. നാളെ ഉച്ചയോടെ ഫ്രഞ്ച് കപ്പൽ അപകടസ്ഥലത്തെത്തും. അഭിലാഷിനെ നാളെ ഉച്ചയോടെ തന്നെ രക്ഷിക്കാനാകുമെന്ന് നാവികസേന പറയുന്നു. പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ നിന്ന് ഏതാണ് 1900 നോട്ടിക്കൽ മൈൽ അകലെയാണ് അഭിലാഷിന്‍റെ പായ്ക്കപ്പൽ ഉള്ളത്.

ഇന്ന് രാവിലെ ഇന്ത്യൻ നാവികസേനയുടെ പി8 ഐ എന്ന വിമാനം അഭിലാഷിന്‍റെ പായ്‍വഞ്ചി കണ്ടെത്തിയിരുന്നു. അഭിലാഷ് ടോമിയുമായി നാവികസേന ആശയവിനിമയം നടത്തി. റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിക്കുന്നുണ്ട്. എന്നാല്‍ മേഖലയിൽ കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയാണ്. മഴമേഘങ്ങളുള്ളത് കാഴ്ചയെ മറയ്ക്കുന്നു. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റാണ് മറ്റൊരു വെല്ലുവിളി. പായ്‍വഞ്ചിയുടെ പായ് കെട്ടിയ തൂണ് തകർന്ന അവസ്ഥയിലാണിപ്പോൾ. ഉയർന്ന തിരകളുള്ളതിനാൽ ബോട്ട് നിയന്ത്രിക്കാൻ കഴിയുന്നില്ല.

അടിയന്തര സന്ദേശ സംവിധാനമായ ഇപിഐര്‍ബി എന്ന എമർജൻസി ബീക്കൺ വഴി മാത്രമാണിപ്പോൾ അഭിലാഷുമായി സംസാരിക്കാനാകുന്നത്. ഓസ്ട്രേലിയൻ നാവികസേനയുടെ പോർക്കപ്പലായ ബല്ലാരറ്റും രക്ഷാപ്രവർത്തനത്തിനായി മേഖലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ കപ്പലിന് നാളെയോടെ മാത്രമേ ഇവിടേയ്ക്ക് എത്താനാകൂ. അതിനാല്‍ ചെറുവിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ നാവികസേന തെരച്ചില്‍ തുടരുകയാണ്. 

ജൂലൈ ഒന്നിന് ഫ്രാൻസിലെ 'ലെ സാബ്‍ലെ ദെലോൻ' എന്ന ചെറു തുറമുഖത്തിൽ നിന്ന് തുടങ്ങിയ ലോക സമുദ്ര സഞ്ചാര മത്സരത്തിൽ പങ്കെടുക്കവെ രണ്ട് ദിവസം മുൻപാണ് ടോമിയുടെ പായ്‍വഞ്ചി അപകടത്തിൽപ്പെട്ടത്. അപകടത്തില്‍പെടുമ്പോള്‍ മത്സരത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു ടോമി. 
 

click me!