
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന സുശീല്‍ കുമാര്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി. 74 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ മത്സരിച്ച സുശീല്‍ കുമാര്‍ ബഹ്റിന്റെ ആദം ബാറ്റിരോവിനോട് 5-3നാണ് തോറ്റത്. തുടക്കത്തില്‍ ലീഡെടുത്തെങ്കിലും മുന്‍തൂക്കം നിലനിര്‍ത്താന്‍ രണ്ടുതവണ ഒളിംപിക്സ് മെഡല്‍ നേടിയിട്ടുള്ള സുശീലിനായില്ല.
ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഒരു മെഡല്‍ എന്ന സ്വപ്നം സുശീലിന് അന്യമായി. എന്നാല്‍ തോല്‍വിയില്‍ നിരാശയുണ്ടെങ്കിലും വിരമിക്കില്ലെന്ന് 35കാരനായ സുശീല്‍ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 2020ലെ ടോക്കിയോ ഒളിംപിക്സില്‍ മെഡല്‍ നേടുകയാണ് ലക്ഷ്യമെന്നും സുശീല്‍കുമാര്‍ മത്സരശേഷം വ്യക്തമാക്കി."
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ സുശീല്‍കുമാര്‍ ഏഷ്യന്‍ ഗെയിംസിനുള്ള ട്രയല്‍സില്‍ പങ്കെടുത്തിരുന്നില്ല. പകരം അദ്ദേഹം ജോര്‍ജിയയിലെ പരിശീലനമാണ് തെരഞ്ഞെടുത്തത്.