ആഷസ്: ബ്രിസ്‌ബേന്‍ ടെസ്റ്റിലും തോറ്റമ്പി ഇംഗ്ലണ്ട്; ഓസ്‌ട്രേലിയക്ക് എട്ട് വിക്കറ്റ് ജയം

Published : Dec 07, 2025, 03:14 PM IST
micheal neser

Synopsis

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓസ്‌ട്രേലിയ 2-0ത്തിന് മുന്നിലെത്തി. 

ബ്രിസ്‌ബേന്‍: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് ജയം. ബ്രിസ്‌ബേനില്‍ എട്ട് വിക്കറ്റിന്റെ ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. നാലാം ദിനം 65 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0ത്തിന് മുന്നിലെത്തി. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 241 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ മൈക്കല്‍ നെസറാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 50 റണ്‍സ് നേടിയ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 177 റണ്‍സിന്റെ ലീഡാണ് നേടിയത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 334നെതിരെ ഓസീസ് 511 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. സ്‌കോര്‍: ഇംഗ്ലണ്ട് 334, 241 & ഓസ്‌ട്രേലിയ 511, 69.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് ട്രാവിസ് ഹെഡ് (22), മര്‍നസ് ലബുഷെയ്‌നെ (3) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഗുസ് ആറ്റ്കിന്‍സണാണ് രണ്ട് വിക്കറ്റുകളും. ജേക്ക് വെതറാള്‍ഡ് (17), സ്റ്റീവന്‍ സ്മിത്ത് (23) പുറത്താവാതെ നിന്നു. സിക്‌സടിച്ചാണ് സ്മിത്ത് വിജയം ആഘോഷിച്ചത്. നേരത്തെ, ആറിന് 134 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ഇന്ന് ബാറ്റിംഗിനെത്തിയത്. വില്‍ ജാക്‌സ് (41) - സ്റ്റാക്‌സ് സഖ്യം 96 റണ്‍സ് കൂട്ടിചേര്‍ത്തതോടെയാണ് ഇംഗ്ലണ്ടിന് ലീഡ് ലഭിച്ചത്. ജാക്‌സിനെ സ്ലിപ്പില്‍ സ്റ്റീവ്ന്‍ സ്മിത്തിന്റെ കൈകളിലെത്തിച്ച് നെസറാണ് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ സ്റ്റോക്‌സിനെ കൂടി നെസര്‍ മടക്കി. വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച്. ഗുസ് ആറ്റ്കിന്‍സണ് (3) മൂന്ന് തിളങ്ങാനുമായില്ല. പിന്നാലെ ബ്രൈഡണ്‍ കാര്‍സെയെ (7) പുറത്താക്കി നെസര്‍ അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കി. ജോഫ്ര ആര്‍ച്ചര്‍ (5) പുറത്താവാതെ നിന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ തുടക്കത്തിലെ ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ (15) നഷ്ടമായിരുന്നു ഇംഗ്ലണ്ടിന്. ഓപ്പണിംഗ് വിക്കറ്റില്‍ ഡക്കറ്റ്-ക്രോളി (44) സഖ്യം 48 റണ്‍സടിച്ച് ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം നല്‍കിയിരുന്നു. ഡക്കറ്റിനെ ബോളണ്ട് മടക്കിയശേഷം ക്രോളിയും ഒല്ലി പോപ്പും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 42 റണ്‍സടിച്ച് ഇംഗ്ലണ്ടിനെ 90 റണ്‍സിലെത്തിച്ചെങ്കിലും പോപ്പിനെ(26) മൈക്കല്‍ നെസര്‍ പുറത്താക്കിയതിന് പിന്നാലെ ഇംഗ്ലണ്ട് കൂട്ടത്തകര്‍ച്ചയിലായി.

ക്രോളിയെ വീഴ്ത്തിയ നെസര്‍ ഇംഗ്ലണ്ടിന് ഇരട്ടപ്രഹരമേല്‍പ്പിച്ചപ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ ജോ റൂട്ടിനെ(15)യും ജാമി സ്മിത്തിനെയും(4) മിച്ചല്‍ സ്റ്റാര്‍ക്ക് മടക്കി. ഹാരി ബ്രൂക്കിനെ(15) പുറത്താക്കിയ ബോളണ്ട് ഇംഗ്ലണ്ടിനെ 90-1ല്‍ നിന്ന് 128-6ലേക്ക് തള്ളിയിട്ടു. 38 റണ്‍സെടുക്കന്നതിനിടെയാണ് ഇംഗ്ലണ്ടിന് 5 വിക്കറ്റുകള്‍ നഷ്ടമായത്.

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ഒരു ബാറ്റര്‍ പോലും സെഞ്ചുറി നേടിയില്ലെങ്കിലും ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോര്‍ കുറിച്ചു. ജേക്ക് വെതറാള്‍ഡ്(72), മാര്‍നസ് ലാബഷെയ്ന്‍(65), നായകന്‍ സ്റ്റീവ് സ്മിത്ത്(61), അലക്‌സ് ക്യാരി(63), മിച്ചല്‍ സ്റ്റാര്‍ക്ക്(77) എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ഓസീസിനെ 511 റണ്‍സിലെത്തിച്ച് മികച്ച ലീഡുറപ്പാക്കിയത്. ഇംഗ്ലണ്ടിനായി ബ്രെയ്ഡന്‍ കാര്‍സ് നാലും ബെന്‍ സ്റ്റോക്‌സ് മൂന്നും വിക്കറ്റെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Latest Sports News, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ആഷസ് ടെസ്റ്റ്: മൈക്കല്‍ നെസറിന് അഞ്ച് വിക്കറ്റ്, ഓസീസിന് 65 റണ്‍സ് വിജയലക്ഷ്യം
'ആ അധ്യായം ഇവിടെ അവസാനിക്കുന്നു'; പലാഷ് മുച്ചാലുമായുള്ള വിവാഹം, മൗനം വെടിഞ്ഞ് സ്മൃതി മന്ദാന