മെസിയും സലായുമില്ല; ബാലണ്‍ ഡി ഓര്‍ നേടാന്‍ സാധ്യത ഇവര്‍ക്കെന്ന് എംബാപ്പെ

First Published Jul 24, 2018, 2:26 PM IST
Highlights

നെയ്മര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലൂക്ക മോഡ്രിച്ച്, റാഫേല്‍ വരാന്‍ പിന്നെ ഞാന്‍, എന്നായിരുന്നു ബാലണ്‍ ഡി ഓര്‍ സാധ്യതാപട്ടികയെക്കുറിച്ചുള്ള ചോദ്യത്തിന് കൗമാരതാരത്തിന്റെ മറുപടി.

പാരീസ്: ലോകത്തിലെ മികച്ച താരത്തിനുള്ള ഇത്തവണത്തെ ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടാന്‍ സാധ്യതയുള്ളവരുടെ പേരുകള്‍ പ്രവചിച്ച് ഫ്രാന്‍സിന്റെ കൗമാരതാരം കൈലിയന്‍ എംബാപ്പെ. ഫ്രാന്‍സ് ഫുട്ബോളിന് നല്‍കിയ അഭിമുഖത്തിലാണ് ബാലണ്‍ ഡി ഓര്‍ നേടാന്‍ സാധ്യതയുളള അഞ്ചുപേരുടെ പേരുകള്‍ എംബാപ്പെ പറഞ്ഞത്. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയും മുഹമ്മദ് സലായും ഇല്ലാത്ത പട്ടികയില്‍ നെയ്മറും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമുണ്ടെന്നതും ശ്രദ്ധേയമാണ്.

നെയ്മര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലൂക്ക മോഡ്രിച്ച്, റാഫേല്‍ വരാന്‍ പിന്നെ ഞാന്‍, എന്നായിരുന്നു ബാലണ്‍ ഡി ഓര്‍ സാധ്യതാപട്ടികയെക്കുറിച്ചുള്ള ചോദ്യത്തിന് കൗമാരതാരത്തിന്റെ മറുപടി. ലോകകപ്പില്‍ ഫ്രാന്‍സിന്റെ പ്ലേ മേക്കറായിരുന്ന അന്റോയ്ന്‍ ഗ്രീസ്മാന്റെ പേര് ഒഴിവാക്കിയപ്പോള്‍ പ്രതിരോധകോട്ട കാത്ത റാഫേല്‍ വരാന്റെ പേര് എംബാപ്പെയുടെ പട്ടികയിലുണ്ടെന്നതും ശ്രദ്ധേയമാണ്. ലോകകപ്പില്‍ കാര്യമായി തിളങ്ങിയില്ലെങ്കിലും പിഎസ്‌ജിയില്‍ തന്റെ സഹതാരമായ നെയ്മറെയും എംബാപ്പെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്പാനിഷ് ലീഗില്‍ ബാഴ്സയ്ക്ക് കിരീടം നേടിക്കൊടുത്തെങ്കിലും മെസിക്ക് ലോകകപ്പില്‍ തിളങ്ങാനായിരുന്നില്ല. ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെ ഫൈനലില്‍ എത്തിച്ചെങ്കിലും പരിക്കുമൂലം സലാക്കും ലോകകപ്പില്‍ കാര്യമായ മികവ് പുറത്തെടുക്കാനായിരുന്നില്ല. റഷ്യ ലോകകപ്പില്‍ ഏറ്റവും മികച്ച യുവതാരമായ തിരഞ്ഞെടുക്കപ്പെട്ട എംബാപ്പെ പെലക്കുശേഷം ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ഗോള്‍ നേടുന്ന കൗമാര താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. ഗ്രൂപ്പ് മത്സരങ്ങളില്‍ നിറം മങ്ങിയ എംബാപ്പെ അര്‍ജന്റീനയ്‌ക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ രണ്ട് ഗോള്‍ നേടി ഫ്രാന്‍സിന്റെ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

click me!