ഐസിസി ഏകദിന റാങ്കിംഗ്:നേട്ടം കൊയ്ത റോസ് ടെയ്‌ലര്‍; ഇളകാതെ കോലിയും ബൂമ്രയും

By Web TeamFirst Published Nov 13, 2018, 1:32 PM IST
Highlights

ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ നേട്ടം കൊയ്ത് ന്യൂസിലന്‍ഡിന്റെ റോസ് ടെയ്‌ലര്‍. പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ട് അര്‍ധസെഞ്ചുറി പ്രകടനങ്ങളോടെ ടെയ്‌ലര്‍ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.

ദുബായ്: ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ നേട്ടം കൊയ്ത് ന്യൂസിലന്‍ഡിന്റെ റോസ് ടെയ്‌ലര്‍. പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ട് അര്‍ധസെഞ്ചുറി പ്രകടനങ്ങളോടെ ടെയ്‌ലര്‍ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.899 റേറ്റിംഗ് പോയന്റുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും 871 റേറ്റിംഗ് പോയന്റുമായി വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തോടെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലെസി ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇന്ത്യയുടെ ശീഖര്‍ ധവാനാണ് എട്ടാം സ്ഥാനത്ത്. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് നാലാം സ്ഥാനത്തും പാക്കിസ്ഥാന്റെ ബാബര്‍ അസം അഞ്ചാമതുമാണ്. മുന്‍ നായകന്‍ എംഎസ് ധോണി ഇരുപതാം സ്ഥാനത്താണ്.

ബൗളിംഗ് റാങ്കിംഗില്‍ 841 റേറ്റിംഗ് പോയന്റുമായി ഇന്ത്യയുടെ ജസ്പ്രീത് ബൂമ്ര തന്നെയാണ് ഒന്നാമത്. 788 റേറ്റിംഗ് പോയന്റുള്ള അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാന്‍ രണ്ടാമതും 723 റേറ്റിംഗ് പോയന്റുള്ള ഇന്ത്യയുടെ കുല്‍ദീപ് യാദവ് മൂന്നാമതുമാണ്. അഞ്ചാം സ്ഥാനത്തുള്ള യുസ്‌വേന്ദ്ര ചാഹലാണ് ആദ്യ പത്തിലെ മറ്റൊരു ഇന്ത്യന്‍ സാന്നിധ്യം. ബൂമ്രയുടെ ബൗളിംഗ് പങ്കാളിയായ ഭുവനേശ്വര്‍കുമാര്‍ 23-ാം സ്ഥാനത്താണ്.

ടീം റാങ്കിംഗില്‍ 126 റേറ്റിംഗ് പോയന്റുള്ള ഇംഗ്ലണ്ട് തന്നെയാണ് ഒന്നാമത്. 121 റേറ്റിംഗ് പോയന്റുള്ള ഇന്ത്യ രണ്ടാമതും 112 പോയന്റുള്ള ന്യൂസിലന്‍ഡ് മൂന്നാമതുമാണ്.ലോക ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ ആറാം സ്ഥാനത്താണ്.

click me!