ആ പ്ലെയറെ പുറത്താക്കൂ, മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ രക്ഷിക്കൂ! ഹള്‍സിറ്റിക്കെതിരെ ചെയ്‌തത്‌ വന്‍ മണ്ടത്തരം, കാരിക്കിനോട്‌ മുന്‍ ചെല്‍സി താരം

Published : Aug 28, 2026, 07:42 PM IST
MANCHESTER UNITED

Synopsis

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ പ്രതാപം നഷ്ടമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ രക്ഷിച്ചെടുക്കാന്‍ മറ്റൊരു സര്‍ അലക്‌സ്‌ ഫെര്‍ഗൂസന്‍ വരേണ്ടിയിരിക്കുന്നു. ആരാധകര്‍ അതിന്‌ വേണ്ടിയുള്ള കാത്തിരിപ്പിലാണ്‌. മാഞ്ചസ്റ്ററിന്റെ മുന്‍ താരമായ മൈക്കര്‍ കാരിക്ക്‌ പരിശീലകന്റെ റോളില്‍ തിളങ്ങുമെന്ന പ്രതീക്ഷയിലാണ്‌ യുനൈറ്റഡ്‌ ആരാധകര്‍.

ലണ്ടന്‍ : ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ പ്രതാപം നഷ്ടമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ രക്ഷിച്ചെടുക്കാന്‍ മറ്റൊരു സര്‍ അലക്‌സ്‌ ഫെര്‍ഗൂസന്‍ വരേണ്ടിയിരിക്കുന്നു. ആരാധകര്‍ അതിന്‌ വേണ്ടിയുള്ള കാത്തിരിപ്പിലാണ്‌. മാഞ്ചസ്റ്ററിന്റെ മുന്‍ താരമായ മൈക്കര്‍ കാരിക്ക്‌ പരിശീലകന്റെ റോളില്‍ തിളങ്ങുമെന്ന പ്രതീക്ഷയിലാണ്‌ യുനൈറ്റഡ്‌ ആരാധകര്‍. 2026 ജനുവരിയില്‍ റൂബന്‍ അമോറിമിന്‌ പകരക്കാരനായി താത്‌കാലിക പരിശീലകനായി ചുമതലയേറ്റ കാരിക്‌ തുടക്ക മത്സരങ്ങളില്‍ തന്നെ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ കാത്തു.

മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സണല്‍ തുടങ്ങീ മികച്ച ഫോമില്‍ കളിക്കുന്ന ടീമുകളെ പരാജയപ്പെടുത്താന്‍ കാരിക്കിന്റെ യുനൈറ്റഡിന്‌ സാധിച്ചു. പോയിന്റ്‌ ടേബിളില്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനെ മൂന്നാം സ്ഥാനത്ത്‌ ഫിനിഷ്‌ ചെയ്യിച്ച്‌ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ യോഗ്യത ഉറപ്പാക്കുകയും ചെയ്‌തു. തുടര്‍ന്ന്‌, ക്ലബ്ബ്‌ മാനേജ്‌മെന്റ്‌ 2028 വരെയുള്ള സ്ഥിര കരാര്‍ നല്‍കി. പന്ത്‌ ഇപ്പോള്‍ കാരിക്കിന്റെ കോര്‍ട്ടിലാണ്‌. ടീമിന്റെ കുതിപ്പിന്‌ ആരെയൊക്കെ കൊണ്ടുവരണം, ആരെയൊക്കെ ഒഴിവാക്കണം എന്നത്‌ സംബന്ധിച്ച്‌ കാരിക്കിന്‌ തീരുമാനമെടുക്കാം.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‌ തുടര്‍പരാജയങ്ങള്‍ ഒഴിവാക്കണമെങ്കില്‍ സെന്റര്‍ ബാക്ക്‌ പൊസിഷനില്‍ മികച്ച താരത്തെ ആവശ്യമാണെന്ന നിര്‍ദേശമാണ്‌ മുന്‍ ചെല്‍സി മിഡ്‌ഫീല്‍ഡര്‍ ജോണ്‍ ഒബി മിഖേലിനുള്ളത്‌. മൈക്കല്‍ കാരിക്ക്‌ എത്രയും പെട്ടെന്ന്‌ ഹാരി മഗ്വെയറിനെ ടീമില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ ഒബി മിഖേല്‍ പറയുന്നു. മഗ്വെയര്‍ ഒരിക്കലും മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ നിലവാരമുള്ള കളിക്കാരനായിരുന്നില്ല, അയാള്‍ ഇനിയും ടീമില്‍ തുടരുന്നത്‌ ക്ലബ്ബിന്‌ ദോഷം മാത്രമേ ചെയ്യൂ എന്ന്‌ ഒബി മിഖേല്‍ തുറന്നടിച്ചു.

പ്രീമിയര്‍ ലീഗ്‌ സീസണിലെ ആദ്യ മത്സരത്തില്‍ പ്രമോട്ടഡ്‌ ക്ലബ്ബ്‌ ആയ ഹള്‍ സിറ്റിയോട്‌ എതിരില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ തോറ്റിരുന്നു. പ്രതിരോധ നിരയിലെ ലിസാന്‍ഡ്രോ മാര്‍ട്ടിനെസിനും മാത്യസ്‌ ഡെ ലിറ്റിനും പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മുപ്പത്തിമൂന്ന്‌ വയസുള്ള ഹാരി മഗ്വെയറിനെ ഫസ്റ്റ്‌ ഇലവനില്‍ കാരിക്‌ ഉള്‍പ്പെടുത്തി. മാഗ്വെയ്‌റും അയ്‌ഡെന്‍ ഹെവെനും പ്രതിരോധ നിരയിലെ സഖ്യമായി വന്ന കളിയില്‍ മാഞ്ചസ്‌റ്റര്‍ സെറ്റ്‌പീസ്‌ ഗോളുകളില്‍ വീഴുന്നതാണ്‌ കണ്ടത്‌.

മാഞ്ചസ്‌റ്ററിന്റെ പ്രധാന പ്രശ്‌നം അവരുടെ ടോപ്‌ സെന്റര്‍ ബാക്ക്‌ ഹാരി മാഗ്വെയര്‍ ആണെന്നതില്‍ അവര്‍ക്കിപ്പോഴും ഒരു പ്രശ്‌നവും അനുഭവപ്പെടുന്നില്ല എന്നതിലാണ്‌. ആ ക്ലബ്ബിന്റെ സിസ്റ്റവുമായി യാതൊരുവിധത്തിലും ഒത്തുപോകാത്ത ഒരു പ്ലെയറാണ്‌ മാഗ്വെയര്‍. എന്നിട്ടും അദ്ദേഹം ഏഴോ, എട്ടോ സീസണ്‍ അവിടെ കളിച്ചു. എങ്ങനെ സംഭവിച്ചു ഇതൊക്കെ? എനിക്ക്‌ മനസിലാകുന്നില്ല, അയാളിപ്പോഴും അവിടെ നമ്പര്‍ വണ്‍ ഡിഫന്‍ഡറാണ്‌. അത്‌ തന്നെയാണ്‌ അവരുടെ പ്രശ്‌നവും- ജോണ്‍ ഒബി മിഖേല്‍ പറഞ്ഞു.

ഹള്‍ സിറ്റിക്കെതിരെ മാഞ്ചസ്റ്റര്‍ വഴങ്ങിയ ആദ്യ ഗോളില്‍ മാഗ്വെയറിന്റെ വീഴ്‌ച കാണാം. സാഹചര്യം മനസിലാക്കി ടീമിന്റെ പ്രതിരോധ നിരയില്‍ കളിക്കാന്‍ മാഗ്വെയറിന്‌ അറിയില്ല. എതിര്‍ ടീം സ്‌കോര്‍ ചെയ്യുമ്പോള്‍, ആ പ്ലെയറെ മാര്‍ക്ക്‌ ചെയ്യേണ്ട സഹതാരത്തെ മഗ്വെയര്‍ പിടിച്ചുവെച്ചിരിക്കുകയാണ്‌. അയാള്‍ എന്താണ്‌ ചെയ്യുന്നത്‌? എനിക്ക്‌ ഒന്നും മനസിലാകുന്നില്ല - മിഖേല്‍ പറഞ്ഞു.പന്തില്‍ വളരെ പതിയെയാണ്‌ മഗ്വെയര്‍ പെരുമാറുന്നത്‌. ഒരു സെന്റര്‍ ബാക്ക്‌ വളരെ പെട്ടെന്ന്‌ പന്തിന്‍മേല്‍ പ്രതികരിക്കണം. എങ്കില്‍ മാത്രമേ, ആക്രമിച്ചു കളിക്കുന്ന ടീമിന്റെ ടെമ്പോ നഷ്ടമാകാതെ നോക്കുവാന്‍ കഴിയൂവെന്നും മുന്‍ ചെല്‍സി താരം പറഞ്ഞു.

ഹള്‍ സിറ്റിക്കെതിരെ വഴങ്ങിയ ഗോളുകള്‍ തന്നെ അസ്വസ്ഥപ്പെടുത്തുന്നുതാണെന്ന്‌ മത്സരശേഷം കാരിക്‌ പറഞ്ഞിരുന്നു. അതേസമയം, തോല്‍വിയില്‍ ടീമിനെ പഴിക്കാന്‍ കാരിക്‌ തയ്യാറല്ല. ഒരു മത്സരം കൊണ്ട്‌ ഒന്നും മാറുന്നില്ല, പക്ഷേ, പിഴവുകള്‍ ആവര്‍ത്തിക്കപ്പെടാതെ നോക്കേണ്ടതുണ്ട്‌- കാരിക്‌ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇമ്രാന്‍ ഖാന്റെ മോചനത്തിനായി പൊട്ടിക്കരഞ്ഞ് ജാവേദ് മിയാന്‍ദാദ്; അദ്ദേഹം ഒരു സത്യസന്ധനായ മനുഷ്യനെന്ന് മുന്‍ താരം
റിക്കി പോണ്ടിംഗിന്റെ റെക്കോഡ് മറികടന്ന് ജോ റൂട്ട്; സ്വന്തം രാജ്യത്ത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം